6 മാസത്തേക്ക് 6000 രൂപ ഡിസ്കൗണ്ട്; ബ്രോഡ്ബാൻഡ് വരിക്കാർക്കായി സ്വാതന്ത്ര്യദിന ഓഫറുമായി BSNL
ഇന്ത്യയിലെ പ്രമുഖ ഇന്റർനെറ്റ് സേവന ദാതാക്കളിലൊരാളായ ബിഎസ്എൻഎൽ (BSNL) തങ്ങളുടെ ബ്രോഡ്ബാൻഡ് വരിക്കാർക്കായി ഒരു പുതിയ ഓഫർ പ്രഖ്യാപിച്ചിരിക്കുന്നു. ഹൈസ്പീഡ് ഇന്റർനെറ്റ് ഉപയോഗിക്കാൻ ഇഷ്ടപ്പെടുന്ന ആളുകളെ സംബന്ധിച്ചിടത്തോളം അതിന് ഉയർന്ന വില നൽകേണ്ടിവരും. എന്നാൽ പുതിയ ബിഎസ്എൻഎൽ ഓഫർ ഇത്തരം വരിക്കാർക്ക് ചെറിയ ആശ്വാസം പകരുന്ന വിധത്തിലുള്ളതാണ്. അതായത് 1 Gbps വേഗതയുള്ള ബ്രോഡ്ബാൻഡ് പ്ലാനിനൊപ്പമാണ് ബിഎസ്എൻഎല്ലിന്റെ പുതിയ ഓഫർ ലഭ്യമാകുക. 6 മാസം കൊണ്ട് 6000 രൂപ ഡിസ്കൗണ്ട് നേടാം എന്നതാണ് പുതിയ ഓഫറിന്റെ പ്രത്യേകത.
എന്താണ് പുതിയ ബിഎസ്എൻഎൽ ഓഫർ
ബിഎസ്എൻഎൽ ചില സർക്കിളുകളിൽ പ്രതിമാസം 4799 രൂപ വിലയിൽ ലഭ്യമാകുന്ന ഒരു 1 Gbps ബ്രോഡ്ബാൻഡ് പ്ലാൻ വാഗ്ദാനം ചെയ്യുന്നുണ്ട്. ഫൈബർ റൂബി ഒടിടി പ്ലാൻ എന്നാണ് ഈ പ്ലാനിന്റെ പേര്. ഇപ്പോൾ സ്വാതന്ത്ര്യദിന ഓഫർ എന്ന നിലയിൽ ബിഎസ്എൻഎൽ ഈ പ്ലാനിനൊപ്പം ചെറിയ അളവിൽ ഡിസ്കൗണ്ട് വാഗ്ദാനം ചെയ്ത് രംഗത്തെത്തിയിരിക്കുന്നു.

അതായത് ഇപ്പോൾ 4799 രൂപയുടെ പ്ലാൻ 6 മാസത്തേക്ക് തെരഞ്ഞെടുക്കുന്നവർക്ക് മാസം 1000 രൂപ വീതം 6 മാസം കൊണ്ട് 6000 രൂപ ലാഭിക്കാം എന്നതാണ് ഓഫർ. അതായത് 4,799 രൂപയ്ക്ക് പകരം പ്രതിമാസം 3,799 രൂപയ്ക്ക് ഈ പ്ലാൻ ലഭിക്കും. എന്നാൽ ആദ്യ 6 മാസത്തേക്ക് മാത്രമേ ഈ ഡിസ്കൗണ്ട് ലഭ്യമാകൂ എന്നകാര്യം ശ്രദ്ധിക്കണം.
ബിഎസ്എൻഎൽ ഫൈബർ റൂബി OTT പ്ലാനിലെ ആനുകൂല്യങ്ങൾ
1Gbps വേഗതയാണ് ഈ പ്ലാനിന്റെ മുഖ്യ ആകർഷണം. ഇതിൽ പ്രതിമാസം 9500GB ഡാറ്റയാണ് ലഭ്യമാകുക. തങ്ങളുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെ ഈ പ്ലാനിലെ സ്വാതന്ത്ര്യ ദിന ഓഫർ പരിചയപ്പെടുത്തവേ ഇതിലെ ആനുകൂല്യങ്ങളെപ്പറ്റി ഇങ്ങനെയാണ് ബിഎസ്എൻഎൽ വിവരിച്ചിരിക്കുന്നത്. അൺലിമിറ്റഡ് കോളിങ് ഉൾപ്പെടെയുള്ള ആനുകൂല്യങ്ങളും ഇതിലുണ്ട്.

ഒടിടി സബ്സ്ക്രിപ്ഷനുകൾ
പേര് സൂചിപ്പിക്കുന്നതു പോലെ തന്നെ ബിഎസ്എൻഎൽ ഫൈബർ റൂബി പ്ലാൻ ഒരുപാട് പ്രമുഖ ഒടിടി പ്ലാറ്റ്ഫോമുകളുടെ സബ്സ്ക്രിപ്ഷനും വാഗ്ദാനം ചെയ്യുന്നുണ്ട്. അതിൽ ജിയോഹോട്ട്‌സ്റ്റാർ സൂപ്പർ പ്ലാൻ, ലയൺസ്ഗേറ്റ്, ഷെമറൂമി, ഹംഗാമ മ്യൂസിക്, ഹംഗാമ പ്ലേ എസ്‌വിഒഡി, സോണിലിവ് പ്രീമിയം, സീ5 പ്രീമിയം, വൂട്ട് സെലക്ട്, യപ്പ് ടിവി ലൈവ് തുടങ്ങിയവ ഉൾപ്പെടുന്നു.
ഓഫർ കാലാവധി
2025 ഓഗസ്റ്റ് 15 മുതൽ 2025 സെപ്റ്റംബർ 13 വരെയാണ് ഉപയോക്താക്കൾക്ക് ഈ ഓഫർ ലഭ്യമാകുക എന്നാണ് ബിഎസ്എൻഎൽ അറിയിച്ചിരിക്കുന്നത്. വീടുകളിലും മറ്റും ഇന്റർനെറ്റ് ആവശ്യമുള്ള സാധാരണക്കാരായ ബ്രോഡ്ബാൻഡ് ഉപയോക്താക്കളെ സംബന്ധിച്ചിടത്തോളം ഈ പ്ലാൻ അത്ര അനുയോജ്യമല്ല. ഇത് പ്രധാനമായും പിജികൾ, ഓഫീസുകൾ തുടങ്ങിയ ഇടങ്ങളിലെ കണക്ഷനുകൾക്കാണ് അനുയോജ്യം.
പ്രതിമാസം ഇന്റർനെറ്റിനായി ഓഫർ വിലയിൽ ആണെങ്കിൽപ്പോലും 3799 രൂപ മുടക്കുക എന്നത് സാധാരണക്കാരായ ഇന്റർനെറ്റ് ഉപയോക്താക്കൾക്ക് അത്ര പ്രായോഗികമായ കാര്യമല്ല. വീടുകളെ സംബന്ധിച്ചിടത്തോളം 100Mbps വേഗത തന്നെ ധാരാളമാണ്. വീടുകൾക്കായി സാധാരണയായി പരമാവധി 300Mbps വരെ വേഗതയുള്ള പ്ലാനുകളാണ് ബിഎസ്എൻഎൽ നൽകിവരുന്നത്. വേഗത കൂടും തോറും പ്ലാനുകളുടെ നിരക്ക് വർധിക്കുന്നു.

എങ്ങനെ സ്വന്തമാക്കാം
ബിഎസ്എൻഎൽ തങ്ങളുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെ സ്വാതന്ത്ര്യദിനത്തിൽ 'ബിഎസ്എൻഎൽ ആസാദി ഓഫർ' എന്ന പേരിൽ ഈ ഓഫർ പ്രഖ്യാപിച്ചു എങ്കിലും ഏതൊക്കെ ടെലിക്കോം സർക്കിളുകളിലാണ് ഇത് ലഭ്യമാകുക എന്ന് വെളിപ്പെടുത്തിയിട്ടില്ല. എല്ലാ സർക്കിളുകളിലും ഈ പ്ലാൻ ലഭ്യമായേക്കില്ല. അതിനാൽ, ഈ ഓഫർ സ്വന്തമാക്കാൻ താൽപര്യം ഉണ്ടെങ്കിൽ കൂടുതൽ വിവരങ്ങൾക്ക് ബിഎസ്‌എൻഎല്ലിന്റെ കസ്റ്റമർ കെയർ ടീമിനെ ബന്ധപ്പെടുകയോ തൊട്ടടുത്തുള്ള ഓഫർ സന്ദർശിച്ച് വിവരങ്ങൾ തേടുകയോ ചെയ്യേണ്ടതുണ്ട്.


Click it and Unblock the Notifications








