7 ദിവസത്തേക്ക് അൺലിമിറ്റഡ് കോളിങ്ങും 1GB പ്രതിദിന ഡാറ്റയും നൽകിയിരുന്ന BSNL പ്ലാൻ പൂട്ടിക്കെട്ടി
'ഇന്ന് കാണുന്നതിനെ നാളെ കണ്ടേക്കില്ല'- ഈ പറഞ്ഞത് മനുഷ്യ ജീവിതത്തെക്കുറിച്ചുള്ള തത്വചിന്തയൊന്നുമല്ല, നമ്മുടെ ടെലിക്കോം കമ്പനികളുടെ റീച്ചാർജ് പ്ലാനുകളുടെ പ്രവചനാതീത സ്വഭാവത്തെക്കുറിച്ചാണ്. എപ്പോഴാണ് ടെലിക്കോം കമ്പനികൾ പുതിയ പ്ലാനുകൾ അവതരിപ്പിക്കുക, എപ്പോഴാണ് അത് പിൻവലിക്കുക എന്നൊന്നും ആർക്കും പ്രവചിക്കാൻ സാധിക്കില്ല. അത്രയധികം സങ്കീർണ്ണമാണ് ടെലിക്കോം പ്ലാനുകളുടെ വരവ് പോക്കുക. ചില പ്ലാനുകൾ കാലങ്ങളോളം ലഭ്യമായി എന്നുവരും ചിലത് പുറത്തിറക്കി രണ്ടാം ദിനം ചിലപ്പോൾ പിൻവലിക്കപ്പെട്ടേക്കാം. ടെലിക്കോം കമ്പനികളുടെ നയങ്ങളും വിപണിയിൽ ആ പ്ലാനിന് ലഭിക്കുന്ന പ്രതികരണവുമൊക്കെ അനുസരിച്ചിരിക്കും ഒരു റീച്ചാർജ് പ്ലാനിന്റെ ഭാവി.
ഇന്ത്യയിൽ ഏറ്റവും ലാഭകരമായ റീച്ചാർജ് പ്ലാനുകൾ- അതായത് കുറഞ്ഞ വിലയിൽ ഏറ്റവും മികച്ച ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്ന പ്ലാനുകൾ- ലഭ്യമാക്കിയിട്ടുള്ളത് ബിഎസ്എൻഎൽ ആണ്. ഇന്ത്യയിൽ ഏറ്റവുമധികം പഴക്കം ചെന്ന റീച്ചാർജ് പ്ലാനുകൾ കാണാൻ കഴിയുന്നതും ബിഎസ്എൻഎല്ലിലാണ്. 2023ൽ അവതരിപ്പിച്ചതും അതിന് മുൻപ് അവതരിപ്പിക്കപ്പെട്ടതുമായ പ്ലാനുകളിൽ ചിലത് പോലും ഇപ്പോഴും ബിഎസ്എൻഎല്ലിന്റെ പക്കലുണ്ട്.

എന്നാൽ പഴയ പ്ലാനുകൾ നിലനിൽക്കെത്തന്നെ അവതരിപ്പിക്കപ്പെട്ട് ദിവസങ്ങൾക്കകം പിൻവലിക്കപ്പെട്ട പ്ലാനുകളും ബിഎസ്എൻഎല്ലിന് ഉണ്ട്. ഇത് കൂടാതെ ഒരു കാലഘട്ടത്തിൽ ആ സാഹചര്യത്തിന് അനുയോജ്യമെന്ന നിലയിൽ അവതരിപ്പിക്കുകയും പിന്നീട് കുറച്ചുനാളുകൾക്ക് ശേഷം സാഹചര്യം മാറുമ്പോൾ അതിനനുസരിച്ച് പിൻവലിക്കപ്പെട്ട പ്ലാനുകളും ഉണ്ട്. അതിന് ഉദാഹരണമാണ് 59 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാൻ.
കഴിഞ്ഞ വർഷം മേയിൽ ആണ് ബിഎസ്എൻഎൽ ഒരു ആഴ്ച വാലിഡിറ്റിയിൽ സേവനങ്ങൾ ലഭ്യമാക്കുന്ന 58 രൂപ, 59 രൂപ പ്രീപെയ്ഡ് പ്ലാനുകൾ അവതരിപ്പിച്ചത്. ഇതിൽ 58 രൂപയുടെ പ്ലാൻ 7 ദിവസ വാലിഡിറ്റിയിൽ പ്രതിദിനം 2ജിബി ഡാറ്റ വാഗ്ദാനം ചെയ്യുന്നു. ഈ 58 രൂപ പ്രീപെയ്ഡ് പ്ലാൻ ഇപ്പോഴും ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനുകളുടെ പട്ടികയിലുണ്ട്.

അതേസമയം 58 രൂപയുടെ പ്ലാനിനോട് ഒപ്പം അവതരിപ്പിച്ച 59 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ ഇപ്പോൾ ബിഎസ്എൻഎൽ റീച്ചാർജ് പ്ലാനുകളുടെ പട്ടികയിൽ കാണാനാകില്ല, ഈ പ്ലാൻ കമ്പനി വിപണിയിൽ നിന്ന് പിൻവലിച്ചിരിക്കുന്നു. കഴിഞ്ഞ കുറച്ച് നാളുകളായി ഈ പ്ലാൻ ലഭ്യമല്ല. 7 ദിവസത്തെ സേവന വാലിഡിറ്റിയിൽ പ്രതിദിനം 1 ജിബി ഡാറ്റയും അൺലിമിറ്റഡ് വോയ്‌സ് കോളിങ്ങും ആണ് 59 രൂപയുടെ പ്ലാൻ വാഗ്ദാനം ചെയ്തിരുന്നത്.
അത്യാവശ്യത്തിന് ചെറിയ തുകയ്ക്ക് റീച്ചാർജ് ചെയ്തിരുന്ന ബിഎസ്എൻഎൽ വരിക്കാർക്ക് ഉപകാരപ്രദമായ പ്ലാൻ ആയിരുന്നു 59 രൂപയുടെ പ്ലാൻ. അത് നഷ്ടപ്പെട്ടതോടുകൂടി ബിഎസ്എൻഎൽ വരിക്കാർക്ക് അത്യാവശ്യത്തിന് കുറഞ്ഞ വിലയിൽ തെരഞ്ഞെടുക്കാവുന്ന ഒരു മികച്ച പ്ലാൻ 99 രൂപയുടെ പ്രീപെയ്ഡ് പ്ലാനാണ് എന്ന് പറയാം.
99 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാൻ അൺലിമിറ്റഡ് കോളിങ്, ആകെ 50ജിബി ബൾക്ക് ഡാറ്റ എന്നീ ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നു. ഈ 99 രൂപ പ്ലാൻ ഉള്ളതിനാൽ 59 രൂപയുടെ പ്ലാനിന്റെ അഭാവം ഒരു പരിധി വരെ നികത്താൻ ബിഎസ്എൻഎല്ലിന് സാധിച്ചിട്ടുണ്ട്. 59 രൂപയുടെ പ്ലാൻ ഉപയോഗിച്ച് രണ്ട് തവണ റീച്ചാർജ് ചെയ്യുന്നതിലും ലാഭം 99 രൂപയുടെ പ്ലാനിൽ ലഭ്യമാകുന്നുണ്ട്.

100 രൂപയിൽ താഴെ വിലയിൽ റീച്ചാർജ് ചെയ്യാൻ ആഗ്രഹിക്കുന്ന ബിഎസ്എൻഎൽ വരിക്കാർക്ക് ലഭ്യമായിരിക്കുന്ന ഒരു മികച്ച റീച്ചാർജ് ഓപ്ഷനാണ് 99 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ. 50ജിബി ബൾക്ക് ഡാറ്റ ഉൾപ്പെടെയാണ് ഈ പ്ലാൻ എത്തുന്നത് എന്നത് ഈ പ്ലാനിന്റെ മധുരം കൂട്ടുന്നു.


Click it and Unblock the Notifications








