1 രൂപ മുടക്കിയാൽ 200 രൂപ ലാഭം! ദീപാവലി ഓഫർ പ്രഖ്യാപിച്ച് BSNL; ഓഗസ്റ്റിലെ വിജയം ഒക്ടോബറിലും ആവർത്തിച്ചേക്കും
പൊതുമേഖലാ ടെലിക്കോം കമ്പനിയായ ബിഎസ്എൻഎൽ ദീപാവലിയോടനുബന്ധിച്ച് പുതിയ വരിക്കാർക്കായി പ്രത്യേക ഓഫർ പ്രഖ്യാപിച്ചിരിക്കുന്നു. വെറും 1 രൂപ മുടക്കിയാൽ സിം ഉൾപ്പെടെ ഒരു മാസത്തേക്ക് മികച്ച ടെലിക്കോം ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നു എന്നതാണ് ബിഎസ്എൻഎൽ ദീപാവലി ഓഫറിന്റെ പ്രത്യേകത. കൂടുതൽ വരിക്കാരെ ആകർഷിക്കുക എന്ന ലക്ഷ്യം മുൻ നിർത്തിയാണ് പുതിയ ഓഫർ പ്രഖ്യാപിച്ചിരിക്കുന്നത്. യഥാർഥത്തിൽ ഇത് ഇതിനകം തന്നെ ബിഎസ്എൻഎൽ പരീക്ഷിച്ച് വിജയിച്ച ഒരു ഓഫറാണ് എന്ന് പറയാം. കാരണം ഓഗസ്റ്റിൽ സ്വാതന്ത്ര്യദിന ആഘോഷങ്ങളോട് അനുബന്ധിച്ച ആസാദി കാ പ്ലാൻ എന്ന പേരിൽ അവതരിപ്പിച്ച ഒരു രൂപയുടെ പ്ലാൻ തന്നെയാണ് പുനരവതരിപ്പിച്ചിരിക്കുന്നത്.
വലിയ പരസ്യങ്ങളൊന്നും ഇല്ലാതെ തന്നെ ആളുകളെ ബിഎസ്എൻഎല്ലിലേക്ക് ആകർഷിക്കാൻ ഒരു രൂപ ഓഫറിലൂടെ കഴിയുമെന്ന് ആസാദി കാ പ്ലാൻ ഓഫർ ബിഎസ്എൻഎല്ലിന് മനസിലാക്കി നൽകിയിരുന്നു. കാരണം ട്രായിയുടെ ഓഗസ്റ്റിലെ പ്രതിമാസ റിപ്പോർട്ട് പറയുന്നത് 13 ലക്ഷത്തിലധികം പുതിയ വരിക്കാർ ഓഗസ്റ്റിൽ മാത്രം ബിഎസ്എൻഎല്ലിലേക്ക് എത്തി എന്നാണ്.

പുതിയ വരിക്കാരെ നേടുന്നതിൽ എയർടെലിനെ അടക്കം പിന്നിലാക്കാൻ ബിഎസ്എൻഎല്ലിന് കഴിഞ്ഞു എന്നും ട്രായിയുടെ ഓഗസ്റ്റിലെ കണക്കുകൾ പറയുന്നുണ്ട്. ഇപ്പോൾ ദീപാവലി ആഘോഷം ഒരു അവസരമായി കണ്ട് തങ്ങളുടെ വിജയിച്ച ഐഡിയ ഒരിക്കൽ കൂടി പുറത്തെടുത്തിരിക്കുകയാണ് ബിഎസ്എൻഎൽ, ഇതിലൂടെ ഓഗസ്റ്റിൽ നേടിയ വിജയം ഒക്ടോബറിലും തുടരാനാകുമെന്ന് കമ്പനി കണക്കുകൂട്ടുന്നു.
ബിഎസ്എൻഎൽ ദീപാവലി ഓഫർ
ബിഎസ്എൻഎൽ പ്രഖ്യാപിച്ച ദീപാവലി ഓഫർ 2025 വെറും 1 രൂപ വിലയിൽ എത്തുന്നു (BSNL Rs 1 Diwali Offer 2025). പുതിയ വരിക്കാർക്കാണ് ഈ ഓഫർ ലഭ്യമാകുക. 1 രൂപ മുടക്കുന്നതിലൂടെ ഒരു പുതിയ സിം ഉപയോക്താവിന് ലഭിക്കും. ഈ കണക്ഷനിൽ 30 ദിവസത്തേക്കുള്ള ആനുകൂല്യങ്ങളും സൗജന്യമായി ലഭ്യമാകും.

അൺലിമിറ്റഡ് കോളിങ്, ദിവസം 2ജിബി ഡാറ്റ, പ്രതിദിനം 100 എസ്എംഎസ് എന്നിവയാണ് 1 രൂപയുടെ ബിഎസ്എൻഎൽ പ്ലാൻ കണക്ഷൻ എടുക്കുന്ന ഉപയോക്താക്കൾക്ക് ലഭിക്കുന്ന ആനുകൂല്യങ്ങൾ. ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനുകളുടെ വില വച്ച് നോക്കിയാൽ ഇത്രയും ആനുകൂല്യങ്ങൾക്ക് ചുരുങ്ങിയത് 200 രൂപയ്ക്ക് മുകളിൽ വില വരും.
അടുത്തിടെ 4ജി വ്യാപനത്തിൽ ഉൾപ്പെടെ ബിഎസ്എൻഎൽ നിർണായക മുന്നേറ്റങ്ങൾ നടത്തിയിരുന്നു. ഏതാണ്ട് ഒരുലക്ഷത്തോളം 4ജി ടവറുകൾ ബിഎസ്എൻഎൽ രാജ്യവ്യാപകമായി സജ്ജീകരിച്ചു. തദ്ദേശീയ 4ജി ടെക്നോളജി ഉപയോഗിച്ച് അവതരിപ്പിച്ച ഈ 4ജി ടവറുകൾ അടുത്തിടെ പ്രധാനമന്ത്രി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യുകയും ചെയ്തു. അടുത്ത 6-8 മാസത്തിനുള്ളിൽ ഈ 4ജി ടവറുകൾ 5ജിയിലേക്ക് അപ്ഗ്രേഡ് ചെയ്യുമെന്നാണ് ടെലിക്കോം മന്ത്രി അറിയിച്ചിട്ടുള്ളത്.
4ജി ടവറുകളുടെ പ്രഖ്യാപനത്തിന് പിന്നാലെ ബിഎസ്എൻഎല്ലിന്റെ ഇമേജ് ഏറെ മെച്ചപ്പെട്ടിരുന്നു. ബിഎസ്എൻഎൽ ഒരുപാട് മാറി എന്ന ഒരു പ്രതീതി ജനങ്ങൾക്കിടയിൽ കൊണ്ടുവരാൻ അടുത്തിടെ അവതരിപ്പിച്ച സേവനങ്ങൾ ബിഎസ്എൻഎല്ലിന് സഹായകമാകുമെന്ന് പ്രതീക്ഷിക്കുന്നു. ഈ സാഹചര്യത്തിൽ വെറും 1 രൂപ മുടക്കിയാൽ കണക്ഷനും ആനുകൂല്യങ്ങളും ലഭ്യമാകും എന്നത് ബിഎസ്എൻഎൽ സേവനങ്ങൾ പരീക്ഷിക്കാൻ ആളുകളെ പ്രേരിപ്പിക്കും എന്ന് കരുതപ്പെടുന്നു.

ബിഎസ്എൻഎല്ലിന്റെ 1 രൂപ ഓഫർ എതിരാളികളായ ജിയോ, എയർടെൽ, വൊഡാഫോൺ ഐഡിയ എന്നിവയ്ക്ക് വെല്ലുവിളിയാകാൻ സാധ്യതയുണ്ട്. ഒക്ടോബറിലെ കാര്യമെടുത്താൽ ഏറ്റവും കൂടുതൽ പുതിയ വരിക്കാർ എത്തിയത് ജിയോയിലേക്ക് ആണെങ്കിലും 13 ലക്ഷത്തിലധികം പുതിയ വരിക്കാരെ നേടിയ ബിഎസ്എൻഎൽ മുന്നേറ്റം എതിരാളികളെ ഞെട്ടിക്കാൻ പോന്നതായിരുന്നു. അന്ന് ഹിറ്റായ ആ ഓഫർ വീണ്ടും എത്തുമ്പോൾ എതിരാളികളുടെ നെഞ്ചിടിപ്പ് കൂടുക സ്വാഭാവികം മാത്രം. എന്തായാലും ബിഎസ്എൻഎൽ സേവനങ്ങൾ പരീക്ഷിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇതൊരു സുവർണാവസരമാണ്.


Click it and Unblock the Notifications







