അപ്പോഴേ പറഞ്ഞതാ ഇത് മതീന്ന്... ഇപ്പോൾ വിശ്വാസമായോ! 54 ദിവസ പ്ലാൻ പരിചയപ്പെടുത്തി BSNL
ഇന്ത്യയിലെ ടെലിക്കോം കമ്പനികളിൽ ഏറ്റവും കുറവ് വരിക്കാരുള്ള ടെലിക്കോം കമ്പനി എത് എന്ന് ചോദിച്ചാൽ, ആർക്കും നിസംശയം ഉത്തരം പറയാൻ കഴിഞ്ഞേക്കും, അത് സർക്കാർ ഉടമസ്ഥതയിലുള്ള ബിഎസ്എൻഎൽ (BSNL) ആണെന്ന്. സ്വകാര്യ കമ്പനികളായ ജിയോയ്ക്കും എയർടെലിനും വൊഡാഫോൺ ഐഡിയയ്ക്കും (VI) പിന്നിലായിട്ടാണ് ബിഎസ്എൻഎല്ലിന്റെ സ്ഥാനം. എന്നാൽ ഏറ്റവും മികച്ച റീച്ചാർജ് പ്ലാനുകൾ മാന്യമായ നിരക്കിൽ നൽകുന്നതാര് എന്ന് ചോദിച്ചാൽ, എത്രപേർക്ക് അറിയാമെന്നറിയില്ല, അതും ഇതേ ബിഎസ്എൻഎൽ തന്നെയാണ്. മികച്ച പ്ലാനുകൾ നൽകിയിട്ടും എന്തുകൊണ്ട് ബിഎസ്എൻഎൽ ഏറ്റവും പിന്നിലായിപ്പോയി എന്ന് ചോദിച്ചാൽ, മുൻകാലങ്ങളിൽ അതിനെ നയിച്ചവരുടെ പിടിപ്പുകേട് എന്ന് ഉത്തരം പറയാം.
ടെക്നോളജിയും ലോകവും ആളുകളും വളർന്നതിനൊത്ത് ബിഎസ്എൻഎല്ലിനെ വളർത്താൻ അതിനെ മുൻകാലങ്ങളിൽ നയിച്ചവർക്ക് കഴിഞ്ഞില്ല. അതിന്റെ ഫലമോ? മറ്റ് ടെലിക്കോം കമ്പനികൾ 5ജി അവതരിപ്പിക്കാൻ മത്സരിക്കുകയും, അത് ഏതാണ്ട് പൂർത്തിയാക്കാറാകുകയും ചെയ്തിട്ടും ബിഎസ്എൻഎൽ ഇപ്പോഴും 4ജി അവതരിപ്പിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നു, അതു പൂർത്തിയാക്കാൻ ഇതുവരെ കഴിഞ്ഞിട്ടുമില്ല.

കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും മികച്ച റീച്ചാർജ് പ്ലാനുകൾ നൽകുന്ന കാര്യത്തിൽ ബിഎസ്എൻഎൽ ദയാലുവാണ്. കുറഞ്ഞ നിരക്കിൽ മികച്ച റീച്ചാർജ് ഓപ്ഷനുകൾ ബിഎസ്എൻഎൽ തങ്ങളുടെ വരിക്കാർക്ക് വാഗ്ദാനം ചെയ്യുന്നു. അതിൽ 54 ദിവസ വാലിഡിറ്റിയിൽ എത്തുന്ന ഒരു മികച്ച റീച്ചാർജ് പ്ലാനാണ് 347 രൂപയുടെ പ്ലാൻ എന്ന് ഇതിനകം പലവട്ടം നമ്മൾ പറഞ്ഞിട്ടുണ്ട്.
കഴിഞ്ഞ ജൂലൈ മുതലിങ്ങോട്ട് നിരവധി ആളുകൾ ബിഎസ്എൻഎല്ലിലേക്ക് എത്തിയിട്ടുണ്ട്. ബിഎസ്എൻഎൽ വരിക്കാരായിരിക്കുന്ന പലർക്കും അതിന്റെ മികച്ച പ്ലാനുകളെപ്പറ്റി അറിയില്ല. തങ്ങളുടെ മികച്ച പ്ലാനുകൾ ഉപയോക്താക്കൾക്കും പൊതുജനങ്ങൾക്കൊന്നാകെയുമായി ബിഎസ്എൻഎൽ സാമൂഹിക മാധ്യമങ്ങളിലൂടെ പരിചയപ്പെടുത്താറുണ്ട്. ഇപ്പോൾ അത്തരത്തിൽ 347 രൂപയുടെ പ്ലാനിനെ ബിഎസ്എൻഎൽ തങ്ങളുടെ ട്വിറ്റർ അക്കൗണ്ടിലൂടെ ഉപയോക്താക്കളെ പരിചയപ്പെടുത്തിയിരിക്കുന്നു.

ഏറെനാളായി ബിഎസ്എൻഎൽ ലഭ്യമാക്കിയിട്ടുള്ള ഒരു റീച്ചാർജ് ഓപ്ഷനാണ് 347 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ. ഇതിലെ മികച്ച ആനുകൂല്യങ്ങളെ പൊതുവിൽ അവതരിപ്പിക്കുന്നതിലൂടെ മറ്റ് കമ്പനികൾ നൽകുന്നതിനെക്കാൾ വളരെ കുറഞ്ഞ വിലയിലാണ് തങ്ങളുടെ പ്ലാനുകൾ എത്തുന്നത് എന്ന് സമൂഹത്തോട് വിളിച്ചുപറയാനും ബിഎസ്എൻഎൽ ലക്ഷ്യമിടുന്നുണ്ട്. ഇത് കാണുന്ന മറ്റ് ടെലിക്കോം കമ്പനികളുടെ വരിക്കാർക്ക് തങ്ങൾ എത്ര ഉയർന്ന വിലയിലാണ് ആനുകൂല്യങ്ങൾ വാങ്ങുന്നത് എന്ന ബോധമുദിക്കാനും ഈ പരിചയപ്പെടുത്തൽ വഴിയൊരുക്കുന്നു.
54 ദിവസ വാലിഡിറ്റിയിൽ ലഭ്യമായിട്ടുള്ള നല്ലൊരു റീച്ചാർജ് ഓപ്ഷനാണ് 347 രൂപയുടെ പ്ലാൻ എന്ന് ബിഎസ്എൻഎൽ പറയുന്നു. ദിവസം 2ജിബി ഡാറ്റ, അൺലിമിറ്റഡ് കോളിങ് സൗകര്യം, ദിവസം 100 എസ്എംഎസ് എന്നിവയാണ് ഈ പ്രീപ്ഡെ് പ്ലാനിൽ ബിഎസ്എൻഎൽ ഉൾപ്പെടുത്തിയിരിക്കുന്ന പ്രധാന ആനുകൂല്യങ്ങൾ.
പ്രതിദിനം വെറും 6 രൂപ 42 പൈസയാണ് 347 രൂപ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനിന്റെ പ്രതിദിന ചെലവ്. ബിഎസ്എൻഎൽ സെൽഫ് കെയർ ആപ്പ് വഴിയാണ് റീച്ചാർജ് ചെയ്യുന്നത് എങ്കിൽ 2 ശതമാനം ഡിസ്കൗണ്ട് ലഭ്യമാണ്. അതിനാൽ ഈ പ്ലാൻ വെറും 340 രൂപ 06 പൈസ വിലയിൽ ലഭ്യമാകും.

ഇത്തരം മികച്ച റീച്ചാർജ് പ്ലാനുകളുടെ കൂടി പിൻബലത്തിൽ സന്തോഷകരമായ ഒരു നേട്ടം ബിഎസ്എൻഎൽ കൈവരിച്ച വാർത്തയും കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. 2007ന് ശേഷം ആദ്യമായി ബിഎസ്എൻഎൽ ലാഭം റിപ്പോർട്ട് ചെയ്തിരിക്കുന്നു എന്നതാണ് ആ സന്തോഷവാർത്ത. ഈ സാമ്പത്തിക മൂന്നാം ക്വാർട്ടറിൽ 262 കോടിരൂപയുടെ ലാഭം ബിഎസ്എൻഎൽ സ്വന്തമാക്കി എന്നാണ് കണക്ക്. ചെലവുകൾ വൻതോതിൽ കുറയ്ക്കാൻ കഴിഞ്ഞതും ഇതിൽ നിർണായകമായി.


Click it and Unblock the Notifications








