1GB ഡാറ്റയ്ക്ക് 1 രൂപ മാത്രം ചെലവ്; 400GB ഡാറ്റ ഓഫർ വീണ്ടും ഒരു മാസത്തേക്ക് കൂടി നീട്ടി BSNL
ജൂലൈ 27ന് അവസാനിക്കും എന്ന് അറിയിച്ച പ്രത്യേക ഡാറ്റ പ്ലാൻ ഓഫർ ബിഎസ്എൻഎൽ (BSNL) വീണ്ടും ഒരു മാസത്തേക്ക് കൂടി നീട്ടി. ഏറ്റവും പുതിയ അറിയിപ്പ് പ്രകാരം 2025 ഓഗസ്റ്റ് 26 വരെ 400 രൂപയുടെ ഡാറ്റ പ്ലാൻ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനുകളുടെ പട്ടികയിൽ ഉണ്ടാകും. ഇത് നാലാം തവണയാണ് ഈ ഓഫറിന്റെ കാലാവധി ബിഎസ്എൻഎൽ നീട്ടുന്നത് എന്നതാണ് ഏറെ ശ്രദ്ധേയം. യഥാർഥത്തിൽ ഈ പ്ലാൻ അവതരിപ്പിച്ചപ്പോൾ ബിഎസ്എൻഎൽ പറഞ്ഞത് ബിഎസ്എൻഎൽ 90000 4ജി ടവറുകൾ എന്ന ലക്ഷ്യം കൈവരിച്ചതിന്റെ ആഘോഷത്തിന്റെ ഭാഗമായി നടത്തുന്ന ഫ്ലാഷ് സെയിൽ ആണ് ഈ പ്ലാൻ എന്നാണ്.
ബിഎസ്എൻഎൽ 400 രൂപ പ്ലാൻ ആദ്യം പ്രഖ്യാപിച്ചത് ജൂൺ 28ന് ആയിരുന്നു. ജൂലൈ 1 വരെ, അതായത് വെറും നാല് ദിവസത്തേക്ക് മാത്രമാണ് ഫ്ലാഷ് സെയിലിന്റെ ഭാഗമായി 400 രൂപ ഡാറ്റ പ്ലാൻ ലഭ്യമാകുക എന്നാണ് ബിഎസ്എൻഎൽ ആദ്യം അറിയിച്ചത്. എന്നാൽ ജൂലൈ 1ന് ഓഫർ കാലാവധി തീർന്നിട്ടും ഫ്ലാഷ് സെയിൽ തുടർന്നു.

ജൂലൈ 1ന് കാലാവധി അവസാനിച്ചിട്ടും 400 രൂപ ഡാറ്റ പ്ലാൻ ബിഎസ്എൻഎൽ പ്ലാനുകളുടെ പട്ടികയിൽ തുടർന്നു, അന്ന് അറിയിച്ചത് ജൂലൈ 7 വരെ ഫ്ലാഷ് സെയിൽ നീട്ടിയിരിക്കുന്നു എന്നാണ്. എന്നാൽ ജൂലൈ 8ന് ബിഎസ്എൻഎല്ലിന്റെ പുതിയ പ്രഖ്യാപനമെത്തി,.ജൂലൈ 27 വരെ ഈ പ്ലാൻ ലഭ്യമാകും എന്നായിരുന്നു അത്.
ഇത്തവണയും പതിവ് തെറ്റിയിട്ടില്ല, ജൂലൈ 27 കഴിഞ്ഞിട്ടും 400 രൂപയുടെ ഡാറ്റ പ്ലാൻ ബിഎസ്എൻഎൽ പ്ലാനുകളുടെ പട്ടികയിലുണ്ട്. പുതിയ അറിയിപ്പ് പ്രകാരം പ്രമോഷണൽ ഓഫറിന്റെ ഭാഗമായി 2025 ഓഗസ്റ്റ് 26 വരെ ഈ പ്ലാൻ ഉപയോക്താക്കൾക്ക് ലഭ്യമാകും. ഉപയോക്താക്കളെ സംബന്ധിച്ചിടത്തോളം ഓഫർ കാലാവധി നീട്ടിയത് സ്വാഗതാർഹമാണ്.

എന്താണ് ബിഎസ്എൻഎൽ പ്രഖ്യാപിച്ച 400 രൂപ പ്ലാൻ: 400 രൂപ വിലയിൽ ബിഎസ്എൻഎൽ അവതരിപ്പിച്ച ഈ ഡാറ്റ പ്ലാൻ ആകെ 400ജിബി ഡാറ്റ 40 ദിവസ വാലിഡിറ്റിയിൽ വാഗ്ദാനം ചെയ്യുന്നു. അതായത് ഇവിടെ ഒരു ജിബി ഡാറ്റയ്ക്ക് വെറും 1 രൂപ മാത്രമേ ചെലവ് വരുന്നുള്ളൂ.
ധാരാളം ഡാറ്റ ഉപയോഗം ഉള്ളവരെ സംബന്ധിച്ചിടത്തോളം ഈ പ്ലാൻ ലാഭകരമാണ്. ഇത്ര വിലക്കുറവിൽ ഇത്ര ഉയർന്ന അളവ് ഡാറ്റാ പിന്തുണ ലഭ്യമാകുന്ന മറ്റ് പ്ലാനുകൾ ബിഎസ്എൻഎല്ലിന്റെ പക്കൽ ഇല്ല. ജിയോയും എയർടെലും അൺലിമിറ്റഡ് 5ജി ഡാറ്റ ഓഫർ നൽകുന്നതു പോലെയും, വിഐ തങ്ങളുടെ വരിക്കാർക്ക് ദിവസം മുഴുവൻ അൺലിമിറ്റഡ് ഡാറ്റ ലഭ്യമാക്കിയിരിക്കുന്ന പോലെയും ബിഎസ്എൻഎൽ വരിക്കാർക്ക് ഡാറ്റ പിന്തുണ ഉറപ്പിക്കാൻ പറ്റിയ പ്ലാനാണ് ഇത്.
ബിഎസ്എൻഎൽ സെൽഫ്കെയർ ആപ്പ്, ബിഎസ്എൻഎൽ ഔദ്യോഗിക വെബ്സൈറ്റ് എന്നിവ വഴി 400 രൂപയുടെ ഈ സ്പെഷൽ ഡാറ്റ പ്ലാൻ ലഭ്യമാകും. ഓഫർ എന്ന നിലയിലാണ് അവതരിപ്പിച്ചത് എങ്കിലും ഈ പ്ലാൻ ആളുകളെ സ്വാധീനിക്കുന്നുണ്ട് എന്ന തിരിച്ചറിവ് ആകാം ബിഎസ്എൻഎൽ ഈ പ്ലാൻ ഓഫർ നീട്ടിക്കൊണ്ട് പോകുന്നത് എന്ന് കരുതേണ്ടിയിരിക്കുന്നു.

ധാരാളം ഡാറ്റ ആവശ്യമുള്ള ബിഎസ്എൻഎൽ വരിക്കാർക്ക് മാത്രമാണ് ഈ 400 രൂപയുടെ ഡാറ്റ പ്ലാനിന്റെ പിന്തുണ അനുയോജ്യമായിട്ടുള്ളത്. പ്രധാന പ്ലാനിനോടൊപ്പമുള്ള ഡാറ്റയുടെ പരിധി തീർന്നതു മൂലമോ, മറ്റ് അടിയന്തര ആവശ്യങ്ങൾക്ക് വേണ്ടിയോ ഉപയോഗിക്കാൻ 16 രൂപ മുതൽ വിലയിൽ ബിഎസ്എൻഎൽ ഡാറ്റ പ്ലാനുകൾ ലഭ്യമാണ്.


Click it and Unblock the Notifications








