കിട്ടിയ അവസരം കളയല്ലേ! 1 രൂപയ്ക്ക് 1 ജിബി ഡാറ്റ കിട്ടുന്ന ഈ BSNL പ്ലാൻ ഇന്നുകൂടി മാത്രം
ബിഎസ്എൻഎൽ ഇക്കഴിഞ്ഞ ജൂൺ 28ന് തങ്ങളുടെ വരിക്കാർക്കായി ഒരു ഫ്ലാഷ് സെയിൽ പ്രഖ്യാപിക്കുകയുണ്ടായി. 400 രൂപയുടെ പ്രത്യേക ഡാറ്റ പ്ലാൻ ഉപയോഗിച്ച് റീച്ചാർജ് ചെയ്യുമ്പോൾ 400ജിബി ഡാറ്റ ലഭിക്കും എന്നതായിരുന്നു ആ ഓഫർ. അതായത് ഒരു ജിബി ഡാറ്റയ്ക്ക് വെറും ഒരു രൂപ മാത്രം ചെലവ്. ബിഎസ്എൻഎൽ 4ജി വ്യാപനത്തിന്റെ ഭാഗമായി 90000 4ജി ടവറുകൾ സ്വന്തമാക്കിയതിന്റെ സന്തോഷം വരിക്കാരുമായി പങ്കിടാനാണ് ഇത്തരമൊരു ഫ്ലാഷ് സെയിൽ പ്രഖ്യാപിച്ചത് എന്നാണ് ബിഎസ്എൻഎൽ അറിയിച്ചത്. ധാരാളം ഡാറ്റ ഉപയോഗിക്കാൻ ആഗ്രഹിക്കുന്ന ഉപയോക്താക്കൾക്ക് കുറഞ്ഞ വിലയിൽ അത് നേടാൻ ഈ ഫ്ലാഷ് സെയിൽ ഉപയോഗപ്പെടുത്താവുന്നതാണ്.
ജൂൺ 28ന് ആരംഭിച്ച ബിഎസ്എൻഎൽ ഫ്ലാഷ് സെയിൽ ജൂലൈ 1ന് രാത്രി 11:59ന് അവസാനിക്കും എന്നാണ് ബിഎസ്എൻഎൽ അറിയിച്ചിട്ടുള്ളത്. അതായത് വെറും നാല് ദിവസം മാത്രം നീണ്ട് നിൽക്കുന്ന ബിഎസ്എൻഎൽ ഫ്ലാഷ് സെയിൽ ഇന്ന് (ജൂലൈ 1) അർധരാത്രിയോടെ അവസാനിക്കും. അതിനാൽ ഈ ഓഫർ സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന വരിക്കാർ ഇന്ന് തന്നെ 400 രൂപ ഉപയോഗിച്ച് റീച്ചാർജ് ചെയ്യുക.

400 രൂപയുടെ പ്രത്യേക റീച്ചാർജ് ഓഫറിൽ ലഭ്യമാകുന്ന ആനുകൂല്യങ്ങൾ: 400ജിബി ഹൈസ്പീഡ് ഡാറ്റയാണ് ഈ പ്ലാനിൽ ലഭ്യമാകുക. കുറഞ്ഞ വിലയിൽ ഇത്രയും ഡാറ്റ ലഭിക്കുന്നു എന്നതാണ് ഈ ഫ്ലാഷ് സെയിലിന്റെ പ്രത്യേകത. 40 ദിവസ വാലിഡിറ്റിയിലാണ് ഈ 400ജിബി ഡാറ്റ ലഭിക്കുക. കോളിങ്, എസ്എംഎസ് പോലുള്ള ആനുകൂല്യങ്ങൾ ഈ പ്ലാനിൽ ഉൾപ്പെടുന്നില്ല.
ബിഎസ്എൻഎൽ ആപ്പ്, ബിഎസ്എൻഎൽ വെബ്സൈറ്റ് എന്നിവിടങ്ങളിൽ നിന്ന് ഇന്ന് ഈ 400 രൂപയുടെ പ്ലാൻ ഉപയോഗിച്ച് റീച്ചാർജ് ചെയ്യാനാകും. തങ്ങളുടെ ഡാറ്റ അടങ്ങുന്ന പ്ലാനുകൾ ഉപയോഗിക്കാൻ ആളുകളെ പ്രേരിപ്പിക്കുന്നതിന്റെ ഭാഗമായിക്കൂടിയാകാം ബിഎസ്എൻഎൽ ഇത്തരമൊരു ഓഫർ പ്രഖ്യാപിച്ചിരിക്കുന്നത്. മുൻപ് 4ജി ലഭ്യമല്ലാത്തതിനാൽ പല ഉപയോക്താക്കൾക്കും ഡാറ്റ സേവനങ്ങൾ ലഭിക്കുന്നതിൽ തടസങ്ങൾ നേരിട്ടിരുന്നു.

ഇപ്പോൾ തങ്ങൾക്ക് 90000 4ജി ടവറുകളുടെ പിൻബലമുണ്ടെന്നും ഇതുപയോഗിച്ച് 4ജി ടവർ ലഭ്യമായ പ്രദേശങ്ങളിലെ ഉപയോക്താക്കൾക്ക് മികച്ച രീതിയിൽ ഡാറ്റ സേവനങ്ങൾ ആസ്വദിക്കാൻ കഴിയുമെന്നും ബിഎസ്എൻഎൽ ചൂണ്ടിക്കാട്ടുന്നു. തങ്ങളുടെ ഡാറ്റ സേവനങ്ങളിലേക്ക് ആളുകളെ ആകർഷിക്കാൻ കഴിഞ്ഞാൽ കൂടുതൽ വിശ്വാസ്യത നേടിയെടുക്കാൻ ബിഎസ്എൻഎല്ലിന് കഴിയും.
ഒരുലക്ഷം 4ജി ടവറുകൾ എന്ന ലക്ഷ്യം ഈ ആഴ്ചയോടെ തന്നെ ബിഎസ്എൻഎൽ പൂർത്തിയാക്കും എന്നാണ് കരുതപ്പെടുന്നത്. തുടർന്ന് ഈ ഒരുലക്ഷം 4ജി ടവറുകളുടെ നിലവാരം കൂടി വിലയിരുത്തിയ ശേഷം സെപ്റ്റംബറോടെ 5ജി വ്യാപനം ആരംഭിക്കും എന്നാണ് ഏറ്റവുമൊടുവിൽ ബിഎസ്എൻഎൽ അധികൃതർ അറിയിച്ചിട്ടുള്ളത്. ആദ്യഘട്ടമായി ഡൽഹിയിലാകും 5ജി അവതരിപ്പിക്കുക. തുടർന്ന് വിവിധ സംസ്ഥാനങ്ങളുടെ തലസ്ഥാനങ്ങളിലേക്ക് 5ജി വ്യാപിപ്പിക്കും.
മുൻഗണനാ സർക്കിളുകൾക്ക് 5ജി വ്യാപനത്തിൽ പ്രത്യേക പരിഗണന നൽകാനും ബിഎസ്എൻഎൽ പരിശ്രമിക്കുന്നുണ്ട്. ഇതിനകം തന്നെ വിവിധയിടങ്ങളിൽ 5ജി വ്യാപനത്തിന് ആവശ്യമായ നടപടികൾ ആരംഭിച്ചുകഴിഞ്ഞു. കേരളത്തിൽ കൊല്ലത്ത് ബിഎസ്എൻഎൽ ബേസ് ട്രാൻസ്‌സിവർ സ്റ്റേഷൻ (ബിടിഎസ്) സ്ഥാപിക്കുന്നുണ്ട് എന്ന് കഴിഞ്ഞ ദിവസം ചില ഉദ്യോഗസ്ഥരുടെ പ്രതികരണങ്ങളിലൂടെ പുറത്തുവന്നിരുന്നു.

4G വ്യാപനത്തോടെ, ബിഎസ്എൻഎില്ലിന്റെ നെറ്റ്‌വർക്കുകൾ കവറേജ് ശേഷിയിലും ഡൊമെയ്‌നിലും പതുക്കെ മെച്ചപ്പെടുന്നുണ്ട്. സ്വകാര്യ കമ്പനികൾക്ക് എതിരായുള്ള മത്സരത്തിൽ പിടിച്ചുനിൽക്കാൻ ഈ 4ജി വ്യാപനം ബിഎസ്എൻഎല്ലിനെ സഹായിക്കുമെന്ന് കരുതപ്പെടുന്നു. ആദ്യഘട്ട 4ജി വ്യാപനം പൂർത്തിയായ ശേഷം രണ്ടാം ഘട്ടമായി വീണ്ടും ഒരുലക്ഷം 4ജി ടവറുകൾ സ്ഥാപിക്കാനുള്ള മന്ത്രിസഭാ അനുമതികൂടി ബിഎസ്എൻഎൽ തേടും എന്നാണ് ടെലിക്കോം മന്ത്രി വ്യക്തമാക്കിയിട്ടുള്ളത്.


Click it and Unblock the Notifications








