ഛത്തീസ്ഗഡിലെ സുക്മയും ഇനി നെറ്റ്‌വർക്ക് പരിധിയിൽ: നക്‌സൽ അക്രമ ബാധിത പ്രദേശത്ത് ടവർ സ്ഥാപിച്ച് ബിഎസ്എൻഎൽ
ഒറ്റ കാര്യം മതി, ബിഎസ്എൻഎലിന് എന്നും സൽപ്പേര് നിലനിർത്താൻ കഴിയുന്ന കാര്യം. ഏത് മുക്കിലും മൂലയിലും നെറ്റ്‌വർക്ക് കവറേജ് നൽകാൻ സർക്കാർ ഉടമസ്ഥതയിലുള്ള ഇന്ത്യൻ ടെലികോം ഓപ്പറേറ്ററായ ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് (BSNL)ന് സാധിക്കും. അതാണ് ബിഎസ്എൻഎൽ പലപ്പോഴും മറ്റു ഇതര കമ്പനികളെ പിന്നിലാക്കാൻ കഴിയുന്നതും. 5ജി കവറേജ് ഇല്ലെങ്കിലും 3ജി നൽകാൻ ബിഎസ്എൻഎലിന് കഴിയുന്നുണ്ട്. ഇപ്പോഴിതാ ഛത്തീസ്ഗഡിലെ സുക്മയിൽ ആദ്യത്തെ മൊബൈൽ ടവർ സ്ഥാപിച്ചിരിക്കുകയാണ് ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ്. നക്‌സൽ അക്രമ ബാധിതമായ സുക്മ ജില്ലയുടെ ഉൾപ്രദേശങ്ങളിലെ തെകുലഗുഡം ഗ്രാമത്തിലാണ് ടവർ സ്ഥാപിച്ചത്. അതിനാൽ തന്നെ സെൻട്രൽ റിസർവ് പോലീസ് ഫോഴ്സ് (സിആർപിഎഫ്) ഇവിടെ ക്യാമ്പ് ചെയ്യുന്നുമുണ്ട്.
തെകുലഗുഡം ഗ്രാമത്തിലെ സെൻട്രൽ റിസർവ് പോലീസ് ഫോഴ്സ് (സിആർപിഎഫ്) ക്യാമ്പിനുള്ളിലാണ് ടവർ സ്ഥാപിച്ചിരിക്കുന്നത്.
ഗ്രാമത്തിലെ ആളുകൾക്ക് മൊബൈൽ നെറ്റ്വർക്ക് കണക്റ്റിവിറ്റി ഈ ടവർ വഴി ലഭ്യമാകും. മാർച്ച് 14ന് തന്നെ ബിഎസ്എൻഎൽ ഇൻസ്റ്റാളേഷൻ പൂർത്തിയാക്കിയിട്ടുണ്ട്. സുക്മയ്ക്ക് ചുറ്റുമുള്ള ഗ്രാമങ്ങൾക്കും ഈ ടവർ കാരണം കണക്റ്റിവിറ്റി ലഭിക്കും.

സിആർപിഎഫ് ഉദ്യോഗസ്ഥർക്ക് അവരുടെ സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും ബന്ധം നിലനിർത്താനും ഇത് സഹായിക്കും. 150-ാമത് ബറ്റാലിയൻ പ്രവർത്തിപ്പിക്കുന്ന സിആർപിഎഫിന്റെ തെകുലഗുഡം ഫോർവേഡ് ഓപ്പറേറ്റിംഗ് ബേസിനുള്ളിലാണ് മൊബൈൽ ടവർ സ്ഥാപിച്ചിട്ടുള്ളത്. ഈ പ്രദേശത്ത് ഇത്തരത്തിലുള്ള ആദ്യ സൗകര്യമാണിത്.
നക്‌സൽ അക്രമ ബാധിതമായ സുക്മ ജില്ലയുടെ ഉൾപ്രദേശങ്ങളിലാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്. ബസ്തർ മേഖലയിലെ മറ്റൊരു ഇടതുപക്ഷ തീവ്രവാദ ബാധിത ഗ്രാമമായ ബിജാപൂരുമായി ഈ ഗ്രാമംഅതിർത്തി പങ്കിടുന്നുണ്ട്. മാർച്ച് 13ന് ബിഎസ്എൻഎൽ ഒരു പ്രത്യേക ക്യാമ്പ് സംഘടിപ്പിച്ച് നാട്ടുകാർക്ക് സിം കാർഡുകൾ വിതരണം ചെയ്യുകയും സിം കാർഡ് ആക്ടീവ് ആക്കുകയും ചെയ്തിട്ടുണ്ട്. ഇത് രാജ്യത്ത് ബിഎസ്എൻഎല്ലിന്റെ സാന്നിധ്യം വർധിപ്പിക്കുന്നതിനും വരിക്കാരുടെ എണ്ണം നേരിയ തോതിൽ വർഖിപ്പിക്കുന്നതിനും സഹായിക്കും.
ഇന്ത്യയിൽ 80,000ത്തിലധികം 4G ടവറുകൾ ബിഎസ്എൻഎൽ സ്ഥാപിച്ചിട്ടുണ്ട്. ഇതിൽ ഏകദേശം 75,000 ടവറുകൾ ഇപ്പോൾ സജീവമാണ്. 2025 ജൂണോടെ ഒരു ലക്ഷം 4G സൈറ്റുകൾ എന്ന ലക്ഷ്യം ബിഎസ്എൻഎൽ പൂർത്തിയാക്കും. അതിനുശേഷം, സർക്കാർ ഉടമസ്ഥതയിലുള്ള ടെലികോം ഓപ്പറേറ്റർ 5G വിന്യസിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് നീക്കം.

ഇന്ത്യയിൽ ഏറ്റവും വരിക്കാർ കുറവുള്ള ടെലിക്കോം കമ്പനിയാണ് ബിഎസ്എൻഎൽ. ബിഎസ്എൻഎല്ലിനെക്കാൾ പലമടങ്ങ് വരിക്കാരും വരുമാനവുമുള്ള ജിയോയ്ക്കും എയർടെലിനും പോലും 5ജി അവതരിപ്പിക്കാൻ ഫണ്ട് ഒരു വലിയ വിഷയമാണ്. കേന്ദ്ര സർക്കാർ ഇടയ്ക്ക് നൽകിയ ദുരിതാശ്വാസ പാക്കേജുകളുടെ ബലത്തിലാണ് ബിഎസ്എൻഎൽ 4ജി വ്യാപനം മുഖ്യമായും നടക്കുന്നത്. കേന്ദ്ര സഹായത്തിന് പുറമേ പ്രതാപകാലത്ത് വാങ്ങിക്കൂട്ടിയ ആസ്തികളിൽ ചിലത് വിറ്റ് ഫണ്ട് കണ്ടെത്താൻ ബിഎസ്എൻഎൽ നേരത്തെ തന്നെ തീരുമാനിക്കുകയും അതിന് സർക്കാർ അനുമതി ഉൾപ്പെടെ ലഭ്യമാകുകയും ചെയ്തിരുന്നു.
ബിഎസ്എൻഎൽ, എംടിഎൻഎൽ (മഹാനഗർ ടെലിഫോൺ നിഗം ലിമിറ്റഡ്) എന്നിവയുടെ കൈവശം കോർ, നോൺ-കോർ ആസ്തികൾ ഉണ്ടായിരുന്നു. അവ ഉപയോഗപ്പെടുത്തിയിരുന്നില്ല. 2019 ലെ ദുരിതാശ്വാസ പാക്കേജിന്റെ ഭാഗമായി, ഫണ്ട് സ്വരൂപിക്കാൻ സജീവമായി ഉപയോഗിക്കാത്ത ആസ്തികൾ വിൽക്കാൻ കേന്ദ്ര സർക്കാർ തന്നെ ഈ സ്ഥാപനങ്ങളോട് നിർദേശിക്കുകയായിരുന്നു. പക്ഷേ ട്വിസ്റ്റുണ്ട് 2019 മുതൽ ആരംഭിച്ച ആസ്തി വിൽപ്പനയിലൂടെ ഈ രണ്ട് കമ്പനികളും ഇതിനകം 10,000 കോടിയിലധികം രൂപ സമ്പാദിച്ചു. വളരെ മന്ദഗതിയിലാണ് നടന്നത് എങ്കിലും ഇത്രയും ഫണ്ട് സ്വരൂപിക്കാൻ ആസ്തിവിൽപ്പന ഈ കമ്പനികളെ സഹായിച്ചിട്ടുണ്ട്.

കൃത്യമായി പറഞ്ഞാൽ ബിഎസ്എൻഎല്ലും എംടിഎൻഎല്ലും ആസ്തി ധനസമ്പാദനത്തിലൂടെ 12,984 കോടി രൂപ ഇതുവരെ നേടി. 2025 ജനുവരി വരെ ആസ്തി ധനസമ്പാദനത്തിൽ നിന്ന് ബിഎസ്എൻഎൽ ആകെ 10,592 കോടി രൂപയാണ് നേടിയിരിക്കുന്നത്. ഇതിൽ 2,387.82 കോടി രൂപ നോൺ-കോർ ആസ്തികളിൽ നിന്നും 8,204.18 കോടി രൂപ കോർ ആസ്തികളിൽ നിന്നുമാണ് ബിഎസ്എൻഎൽ നേടിയിരിക്കുന്നത്. ഇതേകാലയളവിൽ എംടിഎൻഎൽ ആകെ 2,392.86 കോടി രൂപയാണ് ആസ്തിവിൽപ്പനയിലൂടെ നേടിയത്.


Click it and Unblock the Notifications








