ദിവസവും കൂടുതൽ ഡാറ്റ വേണമെങ്കിൽ ഇതാണ് ബെസ്റ്റ് ഓപ്ഷൻ; ബിഎസ്എൻഎൽ പരിചയപ്പെടുത്തിയ 'ബെറ്റർ ഡീൽ'
തകർച്ചയിൽ നിന്നും ഉയർച്ചയിലേക്ക് യാത്ര ചെയ്യാൻ തുടങ്ങിയ ബിഎസ്എൻഎൽ, മുന്നോട്ടുള്ള പ്രയാണത്തിൽ അടിപതറാതെ വീഴാതിരിക്കാൻ ബലത്തിനായി മുറുകെ പിടിക്കുന്നത് തങ്ങളുടെ പ്രീപെയ്ഡ് പ്ലാനുകളെയാണ്. 4ജി വ്യാപനം ആണ് മറ്റൊരു പിടിവള്ളി. ഇനി ഏതാണ്ട് 16000 4ജി ടവർ കൂടി സ്ഥാപിച്ചാൽ ഒരുലക്ഷം 4ജി ടവറുകൾ എന്ന കടമ്പ ബിഎസ്എൻഎൽ പിന്നിടും. അടുത്തിടെ വന്ന അപ്ഡേറ്റുകൾ വെളിപ്പെടുത്തിയത് ഇതിനകം 84000+ 4ജി ടവറുകൾ ഇന്ത്യയിലെ വിവിധ ടെലിക്കോം സർക്കിളുകളിലായി ബിഎസ്എൻഎൽ സ്ഥാപിച്ചുകഴിഞ്ഞു എന്നാണ്. ടാറ്റ കൺസൾട്ടൻസി സർവീസ് (TCS) നേതൃത്വത്തിലുള്ള കൺസോർഷ്യമാണ് ബിഎസ്എൻഎല്ലിനായി 4ജി വ്യാപനം നടത്തിവരുന്നത്.
മികച്ച പ്ലാനുകൾ ഉണ്ടെങ്കിലും പലയിടത്തും 4ജി സേവനങ്ങൾ ലഭ്യമാക്കാൻ കഴിയാതിരുന്നത് ബിഎസ്എൻഎല്ലിന് ഏറെ തിരിച്ചടിയായിരുന്നു. കൂടുതൽ 4ജി ടവറുകൾ സ്ഥാപിച്ചുകൊണ്ട് ഈ തിരിച്ചടികളെ മറികടക്കാനാണ് ബിഎസ്എൻഎൽ നീക്കം. അതിന് തങ്ങളുടെ ശക്തിയായ പ്രീപെയ്ഡ് പ്ലാനുകളിൽ ബിഎസ്എൻഎൽ മുറുകെ പിടിക്കുന്നു. ഈ മികച്ച പ്ലാനുകളും അവയിലെ ആനുകൂല്യങ്ങളും ജനങ്ങളിലേക്ക് എത്തിക്കാൻ പല മാർഗങ്ങൾ ബിഎസ്എൻഎൽ പരീക്ഷിച്ചുവരുന്നു.

തങ്ങളുടെ റീച്ചാർജ് പ്ലാനുകൾ കൂടുതൽ ജനകീയമാക്കാനുള്ള നടപടികളുടെ ഭാഗമായി ബിഎസ്എൻഎൽ അവയിലെ ആനുകൂല്യങ്ങൾ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെ (ഇപ്പോൾ X) പങ്കുവയ്ക്കാറുണ്ട്. അത്തരത്തിൽ ഇപ്പോൾ ബെറ്റർ ഡീൽ എന്ന വിശേഷണവുമായി ബിഎസ്എൻഎൽ പരിചയപ്പെടുത്തിയിരിക്കുന്നത് 299 രൂപയുടെ പ്രീപെയ്ഡ് പ്ലാനിനെയാണ്. ഇത് പ്രതിമാസ വാലിഡിറ്റിയിൽ എത്തുന്ന ഒരു പ്ലാനാണ്.
ദിവസവും ധാരാളം ഡാറ്റ ആവശ്യങ്ങൾ ഉള്ള ബിഎസ്എൻഎൽ വരിക്കാർക്ക് അനുയോജ്യമായ പ്രീപെയ്ഡ് പ്ലാനാണ് ഇത്. ബിഎസ്എൻഎൽ നൽകുന്ന പരമാവധി ഉയർന്ന പ്രതിദിന ഡാറ്റ അളവ് 3ജിബി ആണ്. ഈ 3ജിബി പ്രതിദിന ഡാറ്റയുള്ള ആകെ രണ്ട് പ്ലാനുകൾ മാത്രമാണ് ബിഎസ്എൻഎല്ലിന് ഉള്ളത്. അതിൽ പ്രതിമാസ വാലിഡിറ്റിയിൽ, അതായത് 30 ദിവസ വാലിഡിറ്റിയിൽ ലഭ്യമാകുന്ന പ്ലാൻ 299 രൂപയുടേത് ആണ്.
ഇതോടൊപ്പം ബിഎസ്എൻഎൽ വരിക്കാർക്ക് സന്തോഷം പകരുന്ന മറ്റൊരു വിവരം കൂടി കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. 4ജി ടവർ സ്ഥാപിക്കാനായുള്ള ഡിവൈസുകൾക്കായി ബിഎസ്എൻഎൽ ഇപ്പോൾ ടാറ്റ കൺസൾട്ടൻസി സർവീസസിന് (ടിസിഎസ്) ആഡ്-ഓൺ അഡ്വാൻസ് പർച്ചേസ് ഓർഡർ (APO) നൽകിയിട്ടുണ്ട് എന്നും ഇതിന്റെ മൂല്യം 2,903 കോടി രൂപയാണ് എന്നുമാണ് പുതിയ റിപ്പോർട്ടുകൾ പറയുന്നത്.
18,685 ബിഎസ്എൻഎൽ 4ജി സൈറ്റുകളുടെ പ്ലാനിംഗ്, എഞ്ചിനീയറിംഗ്, സപ്ലെ, ഇൻസ്റ്റാളേഷൻ, ടെസ്റ്റിംഗ്, കമ്മീഷൻ ചെയ്യൽ, വാർഷിക അറ്റകുറ്റപ്പണി എന്നിവയുമായി ബന്ധപ്പെട്ടാണ് APO എന്ന് ടിസിഎസ് ഒരു എക്സ്ചേഞ്ച് ഫയലിംഗിൽ പറഞ്ഞിരിക്കുന്നു. ബിഎസ്എൻഎല്ലിൽ നിന്ന് ആഡ്-ഓൺ അഡ്വാൻസ് പർച്ചേസ് ഓർഡർ ലഭിച്ചതിനെ തുടർന്ന് ടിസിഎസ് തേജസ് നെറ്റ്‌വർക്ക്സിന് ഓർഡർ നൽകിയിട്ടുണ്ട്. റേഡിയോ നെറ്റ്‌വർക്ക് ആക്‌സസ് ഡിവൈസുകൾക്കായി തേജസ് നെറ്റ്‌വർക്കിന് ലഭ്യമായ ഈ ഓർഡർ 1,525.53 കോടി രൂപയുടേതാണ്.


Click it and Unblock the Notifications








