ഇതിന് ഇങ്ങനെയൊരു ഗുണവും ഉണ്ടായിരുന്നോ! ദിവസവും 4 രൂപ 15 പൈസയ്ക്ക് 2GB ഡാറ്റ നൽകുന്ന BSNL പ്ലാൻ
നല്ലകാര്യങ്ങൾ ആവർത്തിച്ച് പറയുന്നതിൽ തെറ്റുണ്ടെന്ന് തോന്നുന്നില്ല, അത് കൂടുതൽ ആളുകളിലേക്ക് കൂടുതൽ ശക്തിയോടെ നല്ലകാര്യങ്ങൾ എത്താൻ സഹായിക്കും. ബിഎസ്എൻഎൽ (BSNL) ഇപ്പോൾ തങ്ങളുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെ ഒരു പ്രീപെയ്ഡ് പ്ലാനിനെക്കൂടി പരിചയപ്പെടുത്തിയിരിക്കുന്നു. ഈ മാസത്തിന്റെ തുടക്കത്തിൽ ഒരു തവണ പരിചയപ്പെടുത്തിയ 1515 രൂപയുടെ പ്ലാനിനെയാണ് ഇപ്പോൾ ബിഎസ്എൻഎൽ വീണ്ടും സാമൂഹിക മാധ്യമത്തിലൂടെ ആളുകളിലേക്ക് എത്തിക്കാൻ ശ്രമിച്ചിരിക്കുന്നത്. 365 ദിവസ വാലിഡിറ്റിയിൽ എത്തുന്നുണ്ട് എങ്കിലും ഇത് ഒരു ഡാറ്റ പ്ലാനാണ്. അതായത് അടിസ്ഥാന പ്രീപെയ്ഡ് പ്ലാൻ ഉള്ള ബിഎസ്എൻഎൽ ഉപയോക്താക്കൾക്ക് മാത്രമേ ഈ പ്ലാൻ ഉപയോഗിച്ച് റീച്ചാർജ് ചെയ്യാൻ സാധിക്കൂ.
ബിഎസ്എൻഎല്ലിന്റെ ഡാറ്റ പ്ലാനുകൾ 16 രൂപ മുതൽ വിലയിൽ ആരംഭിക്കുന്നു. 58, 98, 198 എന്നിങ്ങനെ പല വിലകളിൽ ബിഎസ്എൻഎല്ലിന്റെ പ്രീപെയ്ഡ് ഡാറ്റ പ്ലാനുകൾ എത്തുന്നുണ്ട്. ഇതിൽ ഏറ്റവും ഉയർന്ന വിലയുടെ ഡാറ്റ പ്ലാനാണ് 1515 രൂപയുടേത്. വർഷം മുഴുവൻ ഡാറ്റ ലഭിക്കാൻ ഈ ഒരു ഒറ്റ പ്ലാൻ മതിയാകും.

ബിഎസ്എൻഎൽ 1515 രൂപ പ്രീപെയ്ഡ് പ്ലാനിൽ ലഭിക്കുന്ന ആനുകൂല്യങ്ങൾ: ഇത് ഒരു ഡാറ്റ പ്ലാൻ ആണ്. ഡാറ്റ മാത്രമാണ് ഈ പ്ലാനിൽ ലഭ്യമാകുക. പ്രതിദിനം 2ജിബി ഡാറ്റ വീതം ഈ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാൻ ഉപയോക്താക്കൾക്ക് വാഗ്ദാനം ചെയ്യുന്നു. അൺലിമിറ്റഡ് ഡാറ്റ എന്ന് ബിഎസ്എൻഎൽ പറയുന്നുണ്ട് എങ്കിലും 2ജിബി പ്രതിദിന ഡാറ്റ പരിധി പിന്നിട്ട് കഴിഞ്ഞാൽ ഇതിലെ ഡാറ്റ വേഗത 40kbps ആയി കുറയും.
ഇപ്പോൾ ബിഎസ്എൻഎൽ ഈ ഡാറ്റ പ്ലാനിനെ പരിചയപ്പെടുത്തിയിരിക്കുന്നത് ഈ പ്ലാനിനായി ഉപയോക്താക്കൾക്ക് വെറും 4 രൂപ 15 പൈസ മാത്രമേ ഒരു ദിവസം ചെലവാകൂ എന്ന് അറിയിച്ചുകൊണ്ടാണ്. ഒറ്റ റീച്ചാർജിൽ അൺലിമിറ്റഡ് സാധ്യതകളാണ് ഈ പ്ലാനിലൂടെ തുറക്കുന്നത് എന്നും ബിഎസ്എൻഎൽ പറയുന്നു.

ബിഎസ്എൻഎൽ ചൂണ്ടിക്കാട്ടിയിരിക്കുന്നത് പോലെ ഈ പ്ലാനിന്റെ പ്രതിദിന ചെലവ് 4 രൂപ 15 പൈസയാണ്. പ്ലാനിന്റെ യഥാർഥ വില 1515 രൂപയാണെങ്കിലും ബിഎസ്എൻഎൽ ആപ്പ് വഴി റീച്ചാർജ് ചെയ്താൽ 2 ശതമാനം ഡിസ്കൗണ്ട് ലഭ്യമാണ്. അതിനാൽ ഈ പ്ലാനിനായി 1484 രൂപ 70 പൈസ നൽകിയാൽ മതി.
മറ്റൊരു ടെലിക്കോം കമ്പനിയും നിലവിൽ ഇത്തരത്തിൽ ഒരു മികച്ച ഡാറ്റ പ്ലാൻ തങ്ങളുടെ വരിക്കാർക്കായി ലഭ്യമാക്കിയിട്ടില്ല എന്ന് എടുത്തുപറയേണ്ടതുണ്ട്. ജിയോയും എയർടെലും തങ്ങളുടെ വരിക്കാർക്ക് അൺലിമിറ്റഡ് 5ജി ഡാറ്റ വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും 2ജിബി പ്രതിദിന ഡാറ്റയ്ക്ക് മുകളിലുള്ള പ്രീപെയ്ഡ് പ്ലാനുകളിലാണ് ഈ അൺലിമിറ്റഡ് 5ജി ലഭിക്കുക.
ജിയോ, എയർടെൽ എന്നിവയുടെ 2ജിബി പ്രതിദിന പ്ലാൻ തെരഞ്ഞെടുക്കണമെങ്കിൽ ഉയർന്ന ചെലവ് നേരിടേണ്ടിവരും എന്നത് കൂടി ഇതോടൊപ്പം അറിഞ്ഞിരിക്കേണ്ടതുണ്ട്. എന്നാൽ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനുകൾ പൊതുവിൽ വളരെ കുറഞ്ഞ വിലയിൽ ആണ് എത്തുന്നത്. അതിനാൽ വർഷം മുഴുവൻ മികച്ച ഡാറ്റ പിന്തുണ ആഗ്രഹിക്കുന്ന വരിക്കാർക്ക് 1515 രൂപയുടെ ബിഎസ്എൻഎൽ പ്ലാൻ പരിഗണിക്കാവുന്നതാണ്.

ബിഎസ്എൻഎൽ 4ജി വ്യാപനം ഇപ്പോൾ അതിന്റെ അവസാന ഘട്ടങ്ങളിലേക്ക് കടന്നിരിക്കുകയാണ്. ലക്ഷ്യമിട്ട ഒരുലക്ഷം 4ജി സൈറ്റുകൾ ഏപ്രിൽ- മേയ് കാലയളവോടു കൂടി ബിഎസ്എൻഎൽ പൂർത്തിയാക്കും എന്നാണ് അധികൃതർ പറഞ്ഞിട്ടുള്ളത്. തുടർന്ന് അധികം വൈകാതെ 5ജി സേവനങ്ങളും ആരംഭിക്കും എന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. അതിനാൽ ഇപ്പോൾ ഈ മികച്ച ഡാറ്റ പ്ലാൻ തെരഞ്ഞെടുത്താൽ ഭാവിയിലേക്കും അത് നേട്ടമായിരിക്കും.


Click it and Unblock the Notifications








