ബിഎസ്എൻഎല്ലിൽ ശുദ്ധികലശം; റീച്ചാർജ് പ്ലാനുകളുടെ എണ്ണവും ആനുകൂല്യങ്ങളും കുറയുന്നു
ബിഎസ്എൻഎല്ലിനോട് ആളുകൾക്ക് താൽപര്യം തോന്നുന്നതിന്റെ പ്രധാന കാരണങ്ങളിലൊന്ന് അതിന്റെ കുറഞ്ഞ വിലയിൽ ലഭ്യമാകുന്ന മികച്ച റീച്ചാർജ് പ്ലാനുകൾ ആയിരുന്നു. ഈ റീച്ചാർജ് പ്ലാനുകളിൽ പലതും വർഷങ്ങളായി ലഭ്യമാകുന്നവയായിരുന്നു. അതായത് കാര്യമായ മാറ്റങ്ങൾ ഒന്നും ഇല്ലാതെ പഴയ നിരക്കിൽ ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്ത് വന്നിരുന്നവ ആയിരുന്നു. എന്നാൽ അടുത്തകാലത്തായി ബിഎസ്എൻഎൽ തങ്ങളുടെ പ്ലാനുകൾ കാര്യമായി പരിഷ്കരിക്കുകയും ചില പ്ലാനുകൾ പിൻവലിക്കുകയും മറ്റ് ചിലതിലെ ആനുകൂല്യങ്ങൾ വെട്ടിക്കുറയ്ക്കുകയും ചെയ്തുകൊണ്ടിരിക്കുകയാണ്. നിരക്ക് വർധന നേരിട്ട് നടപ്പാക്കാതെ തന്നെ പ്ലാൻ പരിഷ്കരണത്തിലൂടെ വരുമാനം അൽപ്പം വർധിക്കുന്ന നിലയിലേക്ക് പ്ലാനുകൾ പുതുക്കുകയാണ് ബിഎസ്എൻഎൽ ചെയ്തുകൊണ്ടിരിക്കുന്നത് എന്ന് കരുതേണ്ടിയിരിക്കുന്നു.
അടുത്തിടെ നിരവധി മാറ്റങ്ങൾ ബിഎസ്എൻഎൽ പ്ലാനുകൾക്ക് ഉണ്ടാകുന്നുണ്ട്. കുറഞ്ഞ ചിലവിൽ മികച്ച വാലിഡിറ്റി വാഗ്ദാനം ചെയ്തുകൊണ്ടിരുന്ന പ്ലാനുകൾ പലതും ഇപ്പോൾ ലഭ്യമാകാതാകുകയോ വാലിഡിറ്റി വെട്ടിക്കുറയ്ക്കപ്പെടുകയോ ചെയ്തിട്ടുണ്ട്. അതിന്റെ ഏറ്റവും ഒടുവിലെ ഉദാഹരണമാണ് 197 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ. ചീപ് റേറ്റിൽ 70 ദിവസ വാലിഡിറ്റി വാഗ്ദാനം ചെയ്തിരുന്ന ഈ പ്ലാൻ ഇപ്പോൾ വെറും 54 ദിവസ വാലിഡിറ്റിയിലാണ് ആനുകൂല്യങ്ങൾ ലഭ്യമാക്കുന്നത്.

അതേപോലെ അടുത്തിടെ പരിഷ്കരിക്കപ്പെട്ട മറ്റൊരു പ്രമുഖ ബിഎസ്എൻഎൽ പ്ലാൻ 107 രൂപയുടെ പ്രീപെയ്ഡ് പ്ലാനാണ്. കുറച്ച് നാൾ മുൻപ് വരെ 45 ദിവസ വാലിഡിറ്റിയിൽ ആനുകൂല്യങ്ങൾ നൽകിയിരുന്ന 107 രൂപ പ്ലാൻ വാലിഡിറ്റി 35 ആയി ഇടയ്ക്ക് കുറയ്ക്കപ്പെട്ടിരുന്നു. അടുത്തിടെ നടത്തിയ പ്ലാൻ പരിഷ്കരണത്തിന് ശേഷം ഈ വാലിഡിറ്റി വെറും 28 ദിവസമായി കുറച്ചിരിക്കുന്നു.
ഈ പ്ലാനുകളുടെ കാര്യത്തിൽ വാലിഡിറ്റി കുറയ്ക്കപ്പെട്ടെങ്കിലും പ്ലാനുകൾ നിലനിർത്തി എന്നുപറയാം. എന്നാൽ പൂർണമായി പിൻവലിക്കപ്പെട്ട റീച്ചാർജ് പ്ലാനുകളും ഉണ്ട്. അതിന്റെ ഉദാഹരണമാണ് 1198 രൂപയുടെ പ്ലാൻ. 365 ദിവസ വാലിഡിറ്റിയിൽ മാസം 300 മിനിറ്റ് കോളിങ്, മാസം ആകെ 3ജിബി ഡാറ്റ, മാസം 30 എസ്എംഎസ് എന്നിവയാണ് ഈ പ്ലാനിൽ ലഭ്യമായിരുന്നത്.

ബിഎസ്എൻഎൽ സെക്കൻഡറി സിം ആയി ഉപയോഗിച്ചിരുന്ന നിരവധി ഉപയോക്താക്കൾക്കും മറ്റ് സാധാരണക്കാർക്കും തങ്ങളുടെ സിം വാലിഡിറ്റി കുറച്ച ചെലവിൽ ദീർഘകാലം നിലനിർത്താനുള്ള ഒരു മികച്ച റീച്ചാർജ് പ്ലാനായിരുന്നു 1198 രൂപയുടേത്. എന്നാൽ ഈ പ്ലാനും ഇപ്പോൾ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനുകളുടെ പട്ടികയിൽ നിന്ന് അപ്രത്യക്ഷമായിരിക്കുന്നു.
വ്യത്യസ്തങ്ങളായ റീച്ചാർജ് പ്ലാനുകളിലൂടെ സമ്പന്നനായിരുന്ന ബിഎസ്എൻഎൽ അതെല്ലാം ഉപേക്ഷിച്ച് സ്വകാര്യ കമ്പനികളുടെ പാതയിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണോ എന്ന് തോന്നിപ്പിക്കുന്നവയാണ് ഈ മാറ്റങ്ങൾ. നിലവിൽ ഒരു ബിഎസ്എൻഎൽ വരിക്കാരന് കുറഞ്ഞ ചെലവിൽ ദീർഘകാല വാലിഡിറ്റി ലഭ്യമാകണമെങ്കിൽ ഉപയോഗിക്കാവുന്ന പ്രധാന പ്ലാൻ 1499 രൂപയുടെ പ്ലാൻ ആണെന്ന് പറയാം. അതു കഴിഞ്ഞാൽ 1999 രൂപയുടെ പ്ലാൻ.
ഇതിൽ 1499 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാൻ 336 ദിവസ വാലിഡിറ്റിയിലാണ് എത്തുന്നത്. ഇതിൽ ആകെ 24ജിബി ഡാറ്റ, അൺലിമിറ്റഡ് കോളിങ്, ദിവസം 100 എസ്എംഎസ് എന്നിവയാണ് പ്രധാന ആനുകൂല്യങ്ങളായി ലഭ്യമാക്കിയിരിക്കുന്നത്. പ്രതിദിനം 4 രൂപ 46 പൈസയാണ് ഉപയോക്താക്കൾക്ക് ചെലവാകുക.

1999 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാൻ ഏറ്റവും കുറഞ്ഞ ചെലവിൽ സ്വന്തമാക്കാവുന്ന ഒരു വാർഷിക പ്ലാനാണ്. 365 ദിവസ വാലിഡിറ്റിയിൽ അൺലിമിറ്റഡ് കോളിങ്, ആകെ 600ജിബി ബൾക്ക് ഡാറ്റ, ദിവസം 100 എസ്എംഎസ് എന്നിവയാണ് ഈ പ്ലാനിൽ ലഭ്യമാകുന്ന പ്രധാന ആനുകൂല്യങ്ങൾ. ഇതിന്റെ പ്രതിദിന ചെലവ് 5.47 രൂപയാണ്.


Click it and Unblock the Notifications







