ചെലവ് കുറഞ്ഞ റീച്ചാർജ് പ്ലാൻ പരിചയപ്പെടുത്തി കേരള BSNL; ഇതൊക്കെ കണ്ടാൽ മറ്റ് സിമ്മുകൾ എടുത്ത് കളയാൻ തോന്നും
ഇന്ത്യയിലെ മറ്റ് പല ടെലിക്കോം സർക്കികളുകളെയും അപേക്ഷിച്ച് പൊതുമേഖലാ ടെലിക്കോം കമ്പനിയായ ബിഎസ്എൻഎല്ലിന് (BSNL) മികച്ച സ്വാധീനമുള്ള സർക്കിളാണ് കേരളം. മറ്റ് ടെലിക്കോം കമ്പനികൾ ശക്തമായ വെല്ലുവിളി നടത്തുമ്പോൾത്തന്നെ, നിരവധി വരിക്കാർ കേരളത്തിൽ ബിഎസ്എൻഎല്ലിന് ഉണ്ട്. ഈ വരിക്കാർക്കായി കേരള ബിഎസ്എൻഎൽ തങ്ങളുടെ ഔദ്യോഗിക ട്വിറ്റർ പേജിലൂടെ ഒരു ചെലവ് കുറഞ്ഞ പ്രീപെയ്ഡ് റീച്ചാർജ് പ്ലാൻ പരിചയപ്പെടുത്തിയിരിക്കുന്നു. മറ്റ് ടെലിക്കോം കമ്പനികൾക്ക് ലഭിക്കാത്ത ഒരു മികച്ച റീച്ചാർജ് പ്ലാനാണ് ഇത് എന്ന് ഇതിലെ ആനുകൂല്യങ്ങൾ കാണുന്ന ഏതൊരു ഉപയോക്താവിനും തോന്നും.
153 രൂപ വിലയുള്ള റീച്ചാർജ് പ്ലാനാണ് ഏറ്റവും പുതിയതായി ബിഎസ്എൻഎൽ പരിചയപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ കുറച്ചധികം നാളുകളായി ഈ പ്ലാൻ ബിഎസ്എൻഎൽ ഉപയോക്താക്കൾക്ക് ലഭ്യമാണ്. എന്നാൽ ബിഎസ്എൻഎൽ വരിക്കാരിൽ തന്നെ പലർക്കും ഇങ്ങനെയൊരു പ്ലാൻ ഉള്ളതായി അറിവില്ല. അതിനാൽ വരിക്കാരെ കുറഞ്ഞ ചെലവിൽ ടെലിക്കോം ആവശ്യങ്ങൾ നിറവേറ്റാൻ സഹായിക്കുന്ന ഈ പ്ലാൻ പരിചയപ്പെടുത്താൻ ബിഎസ്എൻഎൽ മുന്നിട്ടിറങ്ങുകയായിരുന്നു.

ബിഎസ്എൻഎൽ വരിക്കാർക്ക് പ്ലാൻ പരിചയപ്പെടുത്തലാകും എന്ന പോലെ തന്നെ മറ്റ് കമ്പനികളുടെ ടെലിക്കോം വരിക്കാരെ ആകർഷിക്കാനും ഈ പ്ലാൻ പരിചയപ്പെടുത്തൽ വഴി ബിഎസ്എൻഎൽ ഉദ്ദേശിക്കുന്നുണ്ട്. കാരണം, ഇത്ര കുറഞ്ഞ വിലയിൽ ഇത്രയും ആനുകൂല്യങ്ങൾ ലഭ്യമാകുന്നത് കണ്ടാൽ സാധാരണക്കാരായ വരിക്കാർക്ക് ഒരുപക്ഷേ തങ്ങളുടെ നിലവിലെ സിം ഉപേക്ഷിച്ച് ബിഎസ്എൻഎൽ കണക്ഷനിലേക്ക് മാറാൻ പോലും തോന്നിപ്പോകും.
153 രൂപയുടെ പ്രീപെയ്ഡ് പ്ലാനിൽ ബിഎസ്എൻഎൽ വാഗ്ദാനം ചെയ്യുന്ന ആനുകൂല്യങ്ങൾ: അൺലിമിറ്റഡ് കോളിങ്, 26ജിബി ബൾക്ക് ഡാറ്റ, ദിവസം 100 എസ്എംഎസ് എന്നിവയാണ് ഈ പ്ലാനിലെ പ്രധാന ആനുകൂല്യങ്ങൾ. 26 ദിവസ വാലിഡിറ്റിയിൽ ആണ് ഇവ ലഭ്യമാകുക. മറ്റ് അധിക ആനുകൂല്യങ്ങളൊന്നും ഇതിൽ ഉൾപ്പെടുന്നില്ല.

കുറഞ്ഞ വിലയിൽ ഒരു മാസത്തിനടുത്ത് വാലിഡിറ്റിയിൽ അത്യാവശ്യം ഡാറ്റ ഉപയോഗവും ഇഷ്ടം പോലെ കോളിങ്ങും ആസ്വദിക്കാൻ കഴിയുന്ന വളരെ ചെലവ് കുറഞ്ഞ ഒരു പ്ലാൻ ആണിത്. ബൾക്ക് ഡാറ്റ ആയതിനാൽ ഒരു ദിവസം ഉപയോഗിച്ചില്ലെങ്കിലും ആ ഡാറ്റ നഷ്ടപ്പെടുന്നില്ല. ഉപയോക്താവിന് ഇത് പൂർണ്ണമായും പ്രയോജനപ്പെടുത്താൻ അവസരം ലഭിക്കും.
പ്രതിദിനം വെറും 5 രൂപ 88 പൈസ മാത്രമാണ് 153 രൂപയുടെ ഈ റീച്ചാർജ് പ്ലാനിന് ചെലവാകുക എന്നാണ് ബിഎസ്എൻഎൽ കേരള വിവരിക്കുന്നത്. ബിഎസ്എൻഎൽ സെൽഫ് കെയർ ആപ്പ് വഴിയും ബിഎസ്എൻഎല്ലിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴിയും ഈ പ്ലാൻ ഉപയോഗിച്ച് റീച്ചാർജ് ചെയ്യാൻ കഴിയും.
അതേസമയം ബിഎസ്എൻഎൽ വരിക്കാർക്ക് നിരാശ നൽകുന്ന ഒരു സംഭവം കഴിഞ്ഞ ദിവസം ഉണ്ടായിട്ടുണ്ട്. കുറഞ്ഞ വിലയിൽ ദീർഘകാല വാലിഡിറ്റി ലഭ്യമായിരുന്ന 197 രൂപയുടെ പ്രീപെയ്ഡ് പ്ലാനിന്റെ ആനുകൂല്യങ്ങൾ കഴിഞ്ഞ ദിവസം ബിഎസ്എൻഎൽ വെട്ടിക്കുറച്ചു എന്നതാണ് അത്. സാധാരണക്കാരായ വരിക്കാർക്കും ബിഎസ്എൻഎൽ സെക്കൻഡറി സിം ആയി ഉപയോഗിക്കുന്നവർക്കും അനുയോജ്യമായ ഒരു മികച്ച പ്ലാനായിരുന്നു ഇത്.

ബിഎസ്എൻഎൽ 197 രൂപ പ്രീപെയ്ഡ് പ്ലാൻ 70 ദിവസ വാലിഡിറ്റി നേരത്തെ വാഗ്ദാനം ചെയ്തിരുന്നു. അതോടൊപ്പം ആദ്യ 15 ദിവസത്തേക്ക് 2ജിബി പ്രതിദിന ഡാറ്റ അടക്കമുള്ള ആനുകൂല്യങ്ങളും നൽകിയിരുന്നു. എന്നാലിപ്പോൾ 54 ദിവസ വാലിഡിറ്റിയിൽ 300 മിനിറ്റ് കോളിങ്, 4ജിബി ഡാറ്റ, 100 എസ്എംഎസ് എന്നിവയാണ് ലഭ്യമാക്കിയിരിക്കുന്നത്. ഇത് മുമ്പുണ്ടായിരുന്ന ആനുകൂല്യങ്ങളെ അപേക്ഷിച്ച് വളരെ കുറവാണ്. ഉള്ള ആനുകൂല്യങ്ങൾ മുഴുവൻ ദിവസ വാലിഡിറ്റിയിൽ ലഭ്യമാകും എന്നതാണ് ഏക ഗുണം.


Click it and Unblock the Notifications







