ഏത് പ്ലാൻ ഉപയോഗിച്ച് റീച്ചാർജ് ചെയ്യണമെന്ന് പറഞ്ഞുതരും; BSNL പുതിയ BReX ചാറ്റ്ബോട്ട് അവതരിപ്പിച്ചു
ബിഎസ്എൻഎൽ തങ്ങളുടെ വരിക്കാരുടെ റീച്ചാർജ് കൂടുതൽ ഈസിയാക്കാൻ റീചാർജ്-ഫോക്കസ്ഡ് ചാറ്റ്‌ബോട്ട് ആയ BReX എന്ന പുതിയ ഡിജിറ്റൽ ടൂൾ അവതരിപ്പിച്ചു. പൊതുമേഖലാ ടെലിക്കോം കമ്പനിയായ ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് (BSNL) തങ്ങളുടെ പഴഞ്ചൻ ഇമേജ് ഉപേക്ഷിച്ച് ന്യൂജൻ ആകാനുള്ള തയാറെടുപ്പുകൾ കഴിഞ്ഞ കുറച്ച് നാളുകളായി നടത്തിവരുന്നുണ്ട്. ടെക്നോളജിയെ കൂട്ടുപിടിച്ച് ഉപയോക്താക്കൾക്ക് കൂടുതൽ സൗകര്യങ്ങൾ ഒരുക്കി നൽകാനും അവരുടെ എക്സ്പീരിയൻസ് മെച്ചപ്പെടുത്താനും ബിഎസ്എൻഎൽ ശ്രമിച്ചുവരുന്നു. അത്തരം ശ്രമങ്ങളുടെ ഏറ്റവും പുതിയ രൂപങ്ങളിലൊന്നാണ് BReX. ബിഎസ്എൻഎൽ റീച്ചാർജ് എക്സ്പേർട്ട് എന്നതിന്റെ ചുരുക്കെഴുത്തായി BReX-നെ കണക്കാക്കാം.
നിലവിൽ ബിഎസ്എൻഎൽ വരിക്കാർ റീച്ചാർജ് പ്ലാനുകളെക്കുറിച്ച് അറിയാനും റീച്ചാർജ് ചെയ്യാനും ഔദ്യോഗിക വെബ്സൈറ്റ് അല്ലെങ്കിൽ സെൽഫ് കെയർ ആപ്പ് ആണ് ഉപയോഗിക്കുന്നത്. എന്നാൽ ഇവിടങ്ങളിൽ നമുക്ക് വേണ്ട പ്ലാൻ ഏതെന്ന് നാം തന്നെ തീരുമാനിച്ച് അത് സെലക്ട് ചെയ്ത് റീച്ചാർജ് ചെയ്യണം.

പുതിയ BReX ചാറ്റ്ബോട്ടിന്റെ കാര്യത്തിലേക്ക് വന്നാൽ, ഇത് ഉപയോക്താവിന്റെ നിലവിലുള്ള പ്ലാൻ ഓട്ടോമാറ്റിക്കായി കണ്ടെത്തുകയും നിലവിലെ വാലിഡിറ്റി കാണിച്ച് നൽകുകയും ഉപയോക്താവിന്റെ ഉപയോഗങ്ങളെയും ടെലിക്കോം ആവശ്യങ്ങളെയും മനസിലാക്കി അനുയോജ്യമായ പ്ലാനുകൾ പ്രദർശിപ്പിക്കുകയും ചെയ്യും. ഉപയോക്താവ് ഈ പ്ലാനുകളിലെ ആനുകൂല്യങ്ങൾ വിലയിരുത്തി അനുയോജ്യമായത് സെലക്ട് ചെയ്ത് നൽകിയാൽ മതി.
നമുക്ക അനുയോജ്യമായ പ്ലാൻ ഏതെന്ന് അറിയിക്കുക മാത്രമല്ല, റീച്ചാർജും ഈ ചാറ്റ്ബോട്ട് വഴി തന്നെ നിർവഹിക്കാനാകും. ബിഎസ്എൻഎൽ നിരവധി പ്രീപെയ്ഡ് അല്ലെങ്കിൽ പോസ്റ്റ്പെയ്ഡ് പ്ലാനുകൾ നൽകുന്നുണ്ട്. ഇതിൽ നമ്മുടെ ആവശ്യങ്ങൾക്ക് അനുയോജ്യമായ പ്ലാൻ ഏത് എന്ന് അറിയാത്തവർ ഉണ്ടാകും. അത്തരം ആളുകൾക്ക് ഈ BReX ചാറ്റ്ബോട്ട് ഒരു സഹായമാകും എന്ന് കരുതപ്പെടുന്നു.

ഈ ചാറ്റ്ബോട്ടിന്റെ സേവനം ഉപയോഗിക്കുന്നതിനായി ലോഗിൻ അല്ലെങ്കിൽ ആപ്പ് ഇൻസ്റ്റാളേഷൻ ആവശ്യമില്ല. BReX റീച്ചാർജ് ചാറ്റ്ബോട്ട് നിലവിൽ chatbot.bsnl.co.in- എന്ന ലിങ്ക് വഴി ആക്‌സസ് ചെയ്യാവുന്നതാണ്. പ്രീപെയ്ഡ്, പോസ്റ്റ്‌പെയ്ഡ് ഉപയോക്താക്കൾക്ക് ഈ ചാറ്റ്ബോട്ട് റീച്ചാർജ്, പ്ലാൻ തെരഞ്ഞെടുക്കൽ സൗകര്യപ്രദമാക്കുന്നു. BReX BSNL എന്ന് സേർച്ച് ചെയ്താലും ഈ ചാറ്റ്ബോട്ടിലേക്ക് എത്താവുന്നതാണ്.
ചാറ്റ്ബോട്ട് ലിങ്കിലേക്ക് പ്രവേശിച്ച് കഴിഞ്ഞാൽ തെളിയുന്ന വിൻഡോയിൽ റീച്ചാർജ് നൗ, വ്യൂ പ്ലാൻസ്, ഹെൽപ് എന്നിങ്ങനെ മൂന്ന് ഓപ്ഷനുകൾ കാണും. ഉപയോക്താവ് ഇതിൽ ഏത് സേവനമാണ് വേണ്ടത് എന്ന് തീരുമാനിച്ച ശേഷം അതിൽ ക്ലിക്ക് ചെയ്യുക. റീച്ചാർജ് നൗ എന്ന ഓപ്ഷനാണ് നൽകുന്നത് എങ്കിൽ അടുത്തതായി ഫോൺ നമ്പർ നൽകണം.
പ്ലാനുകൾ കാണാനാണെങ്കിൽ അതിനുള്ള ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക. വോയിസ് ആൻഡ് ഡാറ്റ, ഡാറ്റ, വോയിസ്, റോമിങ്, BiTV, ടോപ്അപ്, VAS തുടങ്ങി വിവിധ പ്ലാനുകൾക്കുള്ള ഓപ്ഷനുകൾ തുടർന്ന് ലഭ്യമാകും. ഇതിൽ ഇഷ്ടമുള്ള പ്ലാനിൽ സെലക്ട് ചെയ്യുമ്പോൾ ആ പ്ലാനിലെ ആനുകൂല്യങ്ങൾ കാണാനാകും. തുടർന്ന് അത് ഉപയോഗിച്ച് റീച്ചാർജ് ചെയ്യുനുള്ള ഓപ്ഷനും ഇവിടെ കാണാനാകും.

തുടർന്ന് കൺഫോം റീച്ചാർജ് ഓപ്ഷൻ നൽകി മുന്നോട്ട് പോകുക. മറ്റൊരു പ്ലാൻ തെരഞ്ഞെടുക്കണമെങ്കിൽ അതിനുള്ള ഓപ്ഷനും ഇവിടെ ലഭ്യമാണ്. കൂടുതൽ ഡിജിറ്റൽ സേവനങ്ങൾ നൽകുന്നതിലൂടെ ഉപയോക്താക്കളുടെ ബുദ്ധിമുട്ടുകൾ കുറയ്ക്കാനുള്ള ബിഎസ്എൻഎല്ലിന്റെ തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമാണ് ഈ റീച്ചാർജ് എക്സ്പേർട്ട് ചാറ്റ്ബോട്ട്. അനാവശ്യ ബാനറുകളോ പരസ്യങ്ങളോ സങ്കീർണ്ണമായ മെനുകളോ ഇതിൽ ഇല്ല. ഡിജിറ്റൽ സേവനങ്ങളിലേക്കുള്ള ബിഎസ്എൻഎല്ലിന്റെ ഈ മാറ്റം വരിക്കാർക്ക് കാര്യങ്ങൾ കുറച്ചുകൂടി ഈസിയാക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.


Click it and Unblock the Notifications