1ജിബി ഡാറ്റയ്ക്ക് 1 രൂപ മാത്രം; 251 രൂപയുടെ പുതിയ പ്രീപെയ്ഡ് പ്ലാനുമായി ബിഎസ്എൻഎൽ
കിടിലൻ റീച്ചാർജ് പ്ലാനുകളെക്കൊണ്ട് വരിക്കാരെ വിസ്മയിപ്പിച്ചിട്ടുള്ള ബിഎസ്എൻഎൽ ഒരു പുതിയ പ്രീപെയ്ഡ് പ്ലാനുമായി വീണ്ടും രംഗത്ത്. ഇന്ത്യയിൽ നടക്കുന്ന ഐപിഎൽ ക്രിക്കറ്റ് ആവേശം കണക്കിലെടുത്ത് ജിയോ, എയർടെൽ, വിഐ എന്നീ സ്വകാര്യ ടെലിക്കോം കമ്പനികൾ വിവിധ ഡാറ്റ പ്ലാനുകൾ അവതരിപ്പിച്ചിരുന്നു. ഡാറ്റയും ഒപ്പം ജിയോഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷനും ഈ പ്ലാനുകൾ വാഗ്ദാനം ചെയ്തു. ഈ ഘട്ടത്തിൽ അസൂയയോടെ നോക്കിയിരിക്കാൻ മാത്രമായിരുന്നു ബിഎസ്എൻഎൽ വരിക്കാരുടെ വിധി. എന്നാലിപ്പോൾ ക്രിക്കറ്റ് ബൊണാൻസ എന്ന വിശേഷണത്തോടെ ബിഎസ്എൻഎൽ ഒരു പുതിയ ഡാറ്റ പ്ലാൻ പരിചയപ്പെടുത്തിയിരിക്കുന്നു. ഇത് ചീപ് റേറ്റിൽ ഡാറ്റ ലഭ്യമാകാൻ ഉപയോക്താക്കളെ സഹായിക്കുന്നു.
251 രൂപയാണ് പുതിയ ബിഎസ്എൻഎൽ ക്രിക്കറ്റ് ബൊണാൻസ പ്ലാനിന്റെ വില. മുൻപ് 251 രൂപ വിലയിൽ ബിഎസ്എൻഎല്ലിന് ഒരു പ്രീപെയ്ഡ് പ്ലാൻ ഉണ്ടായിരുന്നു. 28 ദിവസ വാലിഡിറ്റിയിൽ 70ജിബി ഡാറ്റയും 3ജിബി എക്സ്ട്രാ ഡാറ്റയും ആണ് ആ പഴയ പ്ലാൻ വാഗ്ദാനം ചെയ്തിരുന്നത്.

ബിഎസ്എൻഎല്ലിന്റെ രണ്ട് വർക്ക് ഫ്രം ഹോം പ്ലാനുകളിൽ ഒന്ന് എന്ന പ്രത്യേകതയും പഴയ 251 രൂപയുടെ ബിഎസ്എൻഎൽ ഡാറ്റ പ്ലാനിന് ഉണ്ടായിരുന്നു. എന്നാൽ 2024 ഡിസംബറിൽ ബിഎസ്എൻഎൽ ആ പ്ലാൻ നിർത്തലാക്കി. എന്നാലിപ്പോൾ മാസങ്ങൾക്കിപ്പുറം പഴയതിനെക്കാൾ മികച്ച ആനുകൂല്യങ്ങളുമായിട്ടാണ് 251 രൂപയുടെ പ്ലാൻ കമ്പനി വീണ്ടും അവതരിപ്പിച്ചിരിക്കുന്നത്.
തങ്ങളുടെ ട്വിറ്റർ പേജിലൂടെ പുതിയ 251 രൂപയുടെ പ്ലാൻ ബിഎസ്എൻഎൽ ഉപയോക്താക്കളെ പരിചയപ്പെടുത്തി. നോൺസ്റ്റോപ്പ് ക്രിക്കറ്റ്, നോൺസ്റ്റോപ്പ് ഡാറ്റ എന്നാണ് ഈ പ്ലാനിനെ ബിഎസ്എൻഎൽ പരിചയപ്പെടുത്തുന്നത്. ഈ ക്രിക്കറ്റ് സീസണിൽ മത്സരങ്ങൾ മികച്ച രീതിയിൽ ആസ്വദിക്കാൻ ആവശ്യമായ ഡാറ്റ പിന്തുണ ഈ പ്ലാൻ ചീപ് റേറ്റിൽ വാഗ്ദാനം ചെയ്യുന്നു.

251 രൂപയുടെ പുതിയ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനിൽ ലഭ്യമാകുന്ന ആനുകൂല്യങ്ങൾ: 251ജിബി ഹൈസ്പീഡ് ഡാറ്റ ഈ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാൻ 60 ദിവസ വാലിഡിറ്റിയിൽ വാഗ്ദാനം ചെയ്യുന്നു. ഡാറ്റ ആനുകൂല്യം മാത്രമാണ് ഇതിൽ ലഭ്യമാകുക. അടിസ്ഥാന വാലിഡിറ്റിയുള്ള ഒരു ബിഎസ്എൻഎൽ പ്ലാൻ ഉപയോഗിക്കുന്ന ആർക്കും ഈ പ്ലാൻ തെരഞ്ഞെടുക്കാം.
ഈ ബിഎസ്എൻഎൽ പ്രീപെയ്ഡ് ഡാറ്റ പ്ലാനിൽ ഒരു ജിബി ഡാറ്റയ്ക്ക് വെറും ഒരു രൂപ മാത്രമേ ചെലവ് വരുന്നുള്ളൂ. ക്രിക്കറ്റ് പ്ലാൻ എന്ന് വിശേഷിപ്പിക്കുന്നുണ്ട് എങ്കിലും ക്രിക്കറ്റ് പ്രേമികൾക്ക് മാത്രമല്ല, ഡാറ്റ ആവശ്യമുള്ള എല്ലാ ബിഎസ്എൻഎൽ വരിക്കാർക്കും ഈ പ്ലാൻ അനുഗ്രഹമാണ്. കാരണം ചീപ് റേറ്റിൽ മികച്ച ഡാറ്റ പിന്തുണ ഈ പ്ലാൻ നൽകുന്നുണ്ട്.
ബിഎസ്എൻഎല്ലിന്റെ ഡാറ്റ പ്ലാനുകളിൽ 2ജിബി ഡാറ്റ ഒരു ദിവസം ലഭിക്കാൻ 16 രൂപയാണ് നൽകേണ്ടത്. അതിൽ നിന്ന് തന്നെ ഈ പ്ലാൻ എത്രത്തോളം ലാഭകരമാണ് എന്ന് മനസിലാക്കാം. പ്രതിദിന ഡാറ്റ പരിധി തീർന്ന ശേഷം ഡാറ്റയ്ക്കായി ഡാറ്റ പ്ലാനുകളെ ആശ്രയിക്കുന്ന ബിഎസ്എൻഎൽ വരിക്കാർക്ക് 60 ദിവസത്തേക്ക് ബൾക്ക് ഡാറ്റ പിന്തുണ ഈ പ്ലാൻ നൽകുന്നു.

പ്രമോഷണൽ ഓഫറിന്റെ ഭാഗമായാണ് ഈ ഡാറ്റ പ്ലാൻ പുറത്തിറക്കിയിരിക്കുന്നത് എന്നും 2025 മാർച്ച് 29 മുതൽ 2025 മേയ് 25 വരെയാകും ഈ പ്ലാൻ ലഭ്യമാകുകയെന്നും ബിഎസ്എൻഎൽ അറിയിച്ചിട്ടുണ്ട്. ഈ പ്ലാനിൽ പ്രതിദിനം 4 രൂപ 18 പൈസയാണ് ഉപയോക്താവിന് ചെലവാകുക. ബിഎസ്എൻഎൽ സെൽഫ് കെയർ ആപ്പ് വഴി റീച്ചാർജ് ചെയ്താൽ ഈ പ്ലാനിന് 245 രൂപ 98 പൈസ നൽകിയാൽ മതി.


Click it and Unblock the Notifications








