ശിശുദിനം: 251 രൂപയുടെ സ്റ്റുഡന്റ് പ്ലാൻ പുറത്തിറക്കി BSNL; ഓഫർ ഡിസംബർ 13 വരെ മാത്രം
സർക്കാർ ഉടമസ്ഥതയിലുള്ള ടെലിക്കോം കമ്പനിയായ ബിഎസ്എൻഎൽ ശിശുദിനത്തിൽ വിദ്യാർഥികൾക്കായി സ്പെഷൽ റീച്ചാർജ് പ്ലാൻ പ്രഖ്യാപിച്ചു (BSNL Launches Student Plan for Children's Day 2025). 251 രൂപയാണ് ഈ പ്ലാനിന്റെ വില. നവംബർ 14 മുതൽ ഡിസംബർ 13 വരെയുള്ള ഒരു മാസം മാത്രമാണ് ഈ സ്പെഷൽ റീച്ചാർജ് ഓഫർ ലഭ്യമാകുക. താൽപര്യമുള്ള അർഹരായ ഉപയോക്താക്കൾക്ക് ഈ കാലയളവിനുള്ളിൽ ഈ റീച്ചാർജ് പ്ലാൻ പ്രയോജനപ്പെടുത്താം. താങ്ങാനാവുന്ന വിലയിൽ ഉയർന്ന മൂല്യമുള്ള മൊബൈൽ ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നു എന്നതാണ് ഈ സ്റ്റുഡന്റ് പ്ലാനിന്റെ പ്രത്യേകത.
251 രൂപയുടെ ബിഎസ്എൻഎൽ സ്റ്റുഡന്റ് പ്ലാൻ
ശിശുദിന സ്പെഷലായി ബിഎസ്എൻഎൽ അവതരിപ്പിച്ചിരിക്കുന്ന 251 രൂപയുടെ പ്ലാനിൽ 100ജിബി ഹൈ-സ്പീഡ് ഡാറ്റ, അൺലിമിറ്റഡ് വോയ്‌സ് കോളുകൾ, പ്രതിദിനം 100 എസ്എംഎസ്, 28 ദിവസത്തെ വാലിഡിറ്റി എന്നീ ആനുകൂല്യങ്ങളാണ് ലഭ്യമാകുക. വിദ്യാർഥികൾക്ക് കുറഞ്ഞ വിലയിൽ ധാരാളം ഡാറ്റ പിന്തുണ ഉറപ്പാക്കാനാണ് ഈ പ്ലാനിലൂടെ ലക്ഷ്യമിടുന്നത് എന്നാണ് ബിഎസ്എൻഎൽ പറയുന്നത്.

"100 ജിബി വരെ ഡാറ്റയോടെ 28 ദിവസത്തേക്ക് തദ്ദേശീയമായി വികസിപ്പിച്ച 4G മൊബൈൽ നെറ്റ്‌വർക്ക് അനുഭവിക്കുന്നതിൽ അഭിമാനിക്കാൻ ഈ വലിയ ഡാറ്റ പായ്ക്ക് ചെയ്ത പ്ലാൻ വിദ്യാർത്ഥികൾക്ക് മികച്ച അവസരം നൽകുന്നു" എന്ന് ബിഎസ്‌എൻഎൽ സിഎംഡി എ റോബർട്ട് ജെ രവി പറഞ്ഞു.
''അക്കാദമിക് പ്രവർത്തനങ്ങൾക്കായി വലിയ അളവിലുള്ള ഡാറ്റ ആവശ്യമുള്ള വിദ്യാർത്ഥികൾക്ക് ഈ പ്ലാൻ വളരെ പ്രയോജനകരവും പോക്കറ്റ് ഫ്രണ്ട്‌ലിയുമായ ഓഫറാണ്. പുതിയ ബിഎസ്‌എൻഎൽ 4G ഡാറ്റ സേവനങ്ങൾ ആസ്വദിച്ചുകഴിഞ്ഞാൽ, ബിഎസ്‌എൻഎല്ലിന് മികച്ച സേവന നിലവാരവും കവറേജും ഉറപ്പാക്കാൻ കഴിയുമെന്നതിനാൽ, അവർ ഞങ്ങളുമായുള്ള ബന്ധം വളരെക്കാലം തുടരുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു." എന്നും അദ്ദേഹം പറഞ്ഞു.

യോഗ്യരായ ഉപഭോക്താക്കൾക്ക് അടുത്തുള്ള BSNL കസ്റ്റമർ സർവീസ് സെന്റർ സന്ദർശിച്ചോ, 1800-180-1503 എന്ന നമ്പറിൽ വിളിച്ചോ, bsnl.co.in സന്ദർശിച്ചോ സ്റ്റുഡന്റ് പ്ലാൻ ലഭിക്കും. എന്നാൽ ശ്രദ്ധേയമായ മറ്റൊരുകാര്യം എന്തെന്നാൽ സ്റ്റുഡന്റിനായി അവതരിപ്പിച്ചു എന്ന് പറയുമ്പോഴും ഈ പ്ലാൻ എല്ലാവർക്കും ഉപയോഗിക്കാൻ കഴിയും വിധം ബിഎസ്എൻഎൽ സെൽഫ് കെയർ ആപ്പിൽ ലഭ്യമാണ് എന്നതാണ്.
അതിനാൽത്തന്നെ സ്റ്റുഡന്റ് പ്ലാൻ എന്നാണ് പേരെങ്കിലും എല്ലാ ബിഎസ്എൻഎൽ വരിക്കാർക്കും 251 രൂപയുടെ പ്ലാൻ ഉപയോഗിച്ച് റീച്ചാർജ് ചെയ്യാനും ഒരു മാസ കാലയളവിൽ ഉയർന്ന അളവിൽ ഡാറ്റ പിന്തുണ ഉറപ്പാക്കാനും കഴിയും. ബിഎസ്എൻഎല്ലിന്റെ 3ജിബി പ്രതിദിന ഡാറ്റയുള്ള പ്ലാനിന് 299 രൂപയാണ് വില.
299 രൂപയുടെ പ്ലാനിൽ ഉപയോക്താക്കൾക്ക് 30 ദിവസത്തേക്ക് ആകെ 90ജിബി ഡാറ്റയാണ് ലഭിക്കുക. (അൺലിമിറ്റഡ് കോളിങ്, ദിവസം 100 എസ്എംഎസ് ആനുകൂല്യങ്ങളും ഇതിലുണ്ട്). ഇവിടെ 251 രൂപയ്ക്ക് 100 ജിബി ഡാറ്റ ബിഎസ്എൻഎൽ നൽകുന്നതിനാൽ 299 രൂപയുടെ പ്ലാനിനെക്കാൾ ലാഭം സ്റ്റുഡന്റ് പ്ലാൻ നൽകുന്നുണ്ട് എന്ന് വ്യക്തം.

പ്രതിദിനം 8.96 രൂപയാണ് 251 രൂപയുടെ സ്റ്റുഡന്റ് പ്ലാനിനായി ഉപയോക്താവിന് ചെലവാകുക. താൽപര്യമുള്ള ബിഎസ്എൻഎൽ വരിക്കാർ ഓഫർ കാലയളവ് അവസാനിക്കും മുമ്പ് ഈ പ്ലാൻ ഉപയോഗിക്കാൻ ശ്രദ്ധിക്കുക. പുതിയ ഓഫറുകൾ അവതരിപ്പിച്ച് കൂടുതൽ വരിക്കാരെ ആകർഷിക്കാൻ ലഭ്യമാകുന്ന എല്ല അവസരവും ബിഎസ്എൻഎൽ ഇപ്പോൾ പ്രയോജനപ്പെടുത്തുന്നു എന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണം കൂടിയാണ് 251 രൂപ പ്ലാൻ.


Click it and Unblock the Notifications








