'ആറ്റം' പ്ലാൻ തന്നെ! പുതിയ പ്ലാനുമായി BSNL; വെറും 750 രൂപയ്ക്കുള്ളിൽ പാതി വർഷത്തെ വാലിഡിറ്റി
ചെറിയ വിലയിൽ വലിയ നേട്ടങ്ങൾ സമ്മാനിക്കുക എന്നത് ബിഎസ്എൻഎല്ലിന് (BSNL)പുതുമയുള്ള കാര്യമല്ല, ഇതിന് മുൻപ് അത്തരത്തിലുള്ള നിരവധി പ്രീപെയ്ഡ് പ്ലാനുകൾ ബിഎസ്എൻഎൽ അവതരിപ്പിച്ചിട്ടുണ്ട്. ഇപ്പോൾ ആ നിരയിലേക്ക് ഒരു പുതിയ പ്ലാൻ കൂടി എത്തിയിരിക്കുന്നു. തങ്ങളുടെ പ്രീപെയ്ഡ് വരിക്കാർക്കായി 750 രൂപ വിലയിൽ ബിഎസ്എൻഎൽ പുതിയ പ്രീപെയ്ഡ് പ്ലാൻ അവതരിപ്പിച്ചു. കാര്യം ഇത് ഒരു കിടിലൻ പ്ലാൻ തന്നെയാണ്, കാരണം ഇത്ര നിസാര വിലയിൽ പാതി വർഷത്തെ വാലിഡിറ്റി സഹിതമാണ് ഈ പ്ലാൻ എത്തുന്നത്. എന്നാൽ ഒരു പ്രശ്നം എന്തെന്നാൽ സാധാരണ ഉപയോക്താക്കൾക്ക് ഈ പ്ലാൻ ലഭ്യമാകില്ല എന്നതാണ്.
ബിഎസ്എൻഎൽ പുതിയതായി അവതരിപ്പിച്ചിരിക്കുന്ന 750 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ GP2 വിഭാഗത്തിലുള്ള ഉപയോക്താക്കൾക്ക് വേണ്ടിയുള്ളതാണ്. അതായത് റീച്ചാർജ് ചെയ്യാതെ കണക്ഷൻ കട്ട് ആകാറായ ആളുകൾക്ക് തിരിച്ച് വരാനുള്ള ഒരു പിടിവള്ളിയും ആകർഷണവുമായാണ് ഈ പ്ലാൻ അവതരിപ്പിച്ചിരിക്കുന്നത്. ട്രായിയുടെ ഏറ്റവുമൊടുവിൽ പുറത്തുവന്ന ഡിസംബറിലെ പ്രതിമാസ റിപ്പോർട്ട് പറയുന്നത് ബിഎസ്എൻഎല്ലിന് വീണ്ടും വലിയതോതിൽ വരിക്കാരെ നഷ്ടപ്പെടാൻ തുടങ്ങിയിട്ടുണ്ട് എന്നാണ്.

കണക്ഷൻ കട്ട് ആകാതെ, വരിക്കാരെ പിടിച്ചുനിർത്താൻ കുറഞ്ഞ വിലയിൽ മികച്ച ആനുകൂല്യം വാഗ്ദാനം ചെയ്യുന്ന പുതിയ ബിഎസ്എൻഎൽ പ്ലാൻ പ്രയോജനപ്പെട്ടേക്കും. മറ്റ് ടെലിക്കോം കമ്പനികളൊന്നും ഇത്തരത്തിൽ ഒരു ഓപ്ഷൻ വരിക്കാർക്ക് നൽകുന്നില്ല. റീച്ചാർജ് ചെയ്യാതെ നമ്പർ നഷ്ടപ്പെടുന്ന നിലയിലേക്ക് എത്തിയ ബിഎസ്എൻഎൽ വരിക്കാർക്ക് നമ്പർ നിലനിർത്താനുള്ള ഒരു മികച്ച പ്രലോഭനമാണ് 750 രൂപയുടെ പുതിയ ബിഎസ്എൻഎൽ പ്ലാൻ.
പുതിയ 750 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനിലെ ആനുകൂല്യങ്ങൾ: പ്രതിദിനം 1ജിബി ഡാറ്റ (ആകെ 180GB), അൺലിമിറ്റഡ് കോളിങ്, ദിവസം 100 എസ്എംഎസ് തുടങ്ങിയവയാണ് ഈ പ്ലാനിലെ പ്രധാന ആനുകൂല്യങ്ങൾ. 180 ദിവസത്തെ വാലിഡിറ്റിയിലാണ് ഈ പ്ലാൻ ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നത്.

ഉപയോക്താക്കളെ സംബന്ധിച്ച് ഇത് കിടിലൻ ഡീൽ ആണ്. ഈ പ്ലാൻ ലഭിക്കാൻ വേണ്ടി റീച്ചാർജ് കാലവധി കഴിഞ്ഞ് ഒരാഴ്ച റീച്ചാർജ് ചെയ്യാതിരുന്നാലും നഷ്ടമില്ല. കാരണം ഈ പ്ലാൻ ഉപയോഗിക്കണമെങ്കിൽ ഉപയോക്താവ് ഗ്രേസ് പിരീഡ് 2ൽ ഉള്ള ആളായിരിക്കണം എന്ന നിബന്ധന നിലനിൽക്കുന്നുണ്ട്.
എന്താണ് GP2: GP എന്നാൽ ഗ്രേസ് പിരീഡ്. GP2 എന്താണ് എന്ന് അറിയും മുൻപ് ആദ്യം GP1 എന്താണ് എന്ന് അറിയണം, എല്ലാ റീച്ചാർജ് പ്ലാനുകൾക്കും നിശ്ചിത വാലിഡിറ്റി ഉണ്ടായിരിക്കും. ആ വാലിഡിറ്റി കാലയളവ് കഴിയുമ്പോൾ തുടർന്ന് ആനുകൂല്യങ്ങൾ ലഭ്യമാകണമെങ്കിൽ റീച്ചാർജ് ചെയ്യണം. എന്നാൽ ഇങ്ങനെ റീച്ചാർജ് ചെയ്തില്ല എങ്കിൽ വാലിഡിറ്റി തീർന്ന ദിവസം മുതലുള്ള ആദ്യ 7 ദിവസ കാലയളവിനെ ഗ്രേസ് പിരീഡ് 1 എന്ന് പറയുന്നു.
ഗ്രേസ് പിരീഡ് 1 കാലയളവിൽ ഔട്ട്ഗോയിങ് കോൾ, എസ്എംഎസ്, ഡാറ്റ സൗകര്യങ്ങൾ ലഭ്യമാകില്ല. പക്ഷേ ഇൻകമിങ് കോളും എസ്എംഎസും ലഭ്യമാകും. GP1ലെ 7 ദിവസം പിന്നിട്ടാൽ ഗ്രേസ് പിരീഡ് 2ലേക്ക് കടക്കും. GP1 അവസാനിച്ച ദിവസം മുതൽ തുടർന്നുള്ള 165 ദിവസ കാലയളവാണ് GP2.

GP2 കാലയളവിൽ ഇൻകമിങ് കോൾ ഉൾപ്പെടെ ഒരു ആനുകൂല്യവും ലഭ്യമാകില്ല. GP2ലെ 165 ദിവസത്തിനുള്ളിൽ അനുയോജ്യമായ പ്ലാൻ ഉപയോഗിച്ച് റീച്ചാർജ് ചെയ്തില്ല എങ്കിൽ സിം കണക്ഷൻ കട്ട് ആകും. ഈ സാഹചര്യത്തിൽ കണക്ഷൻ കട്ട് ആകാതിരിക്കാൻ ആളുകളെ റീച്ചാർജ് ചെയ്യാൻ പ്രലോഭിപ്പിക്കുന്നതിന് വേണ്ടി ബിഎസ്എൻഎൽ പ്രത്യേകം പ്ലാനുകൾ ലഭ്യമാക്കിയിരിക്കുന്നു. അവ കുറഞ്ഞ വിലയിൽ മികച്ച ആനുകൂല്യങ്ങൾ നൽകുന്നു. അത്തരത്തിലുള്ള ഏറ്റവും പുതിയ പ്ലാനാണ് 750 രൂപയുടേത്.


Click it and Unblock the Notifications








