ഒടുവിൽ അതും സംഭവിച്ചു; ബിഎസ്എൻഎൽ ഒടിടി സബ്സ്ക്രിപ്ഷൻ സഹിതം 3 പുതിയ പ്ലാനുകൾ അവതരിപ്പിച്ചു
ഏറെ നാളത്തെ കാത്തിരിപ്പിന് ഒടുവിൽ ബിഎസ്എൻഎൽ വരിക്കാർക്ക് ഒടിടി സബ്സ്ക്രിപ്ഷനോട് കൂടിയ പ്രീപെയ്ഡ് റീച്ചാർജ് പ്ലാനുകൾ ലഭ്യമായിരിക്കുന്നു. തങ്ങളുടെ മൊബൈൽ വരിക്കാർക്ക് എന്റർടെയ്ൻമെന്റ് സേവനങ്ങൾ ലഭ്യമാക്കുന്നതിന്റെ ഭാഗമായി മൂന്ന് പുതിയ പ്രീപെയ്ഡ് പ്ലാനുകൾ ബിഎസ്എൻഎൽ പുറത്തിറക്കി. ഈ പ്ലാനുകൾ 28 രൂപ, 29 രൂപ, 151 രൂപ വിലകളിലാണ് ലഭ്യമാകുക. ഇതിൽ 28 രൂപ, 29 രൂപ പ്ലാനുകൾ തമ്മിൽ വളരെ ചെറിയ വ്യത്യാസം മാത്രമാണ് ഉള്ളത്. ഒടിടിപ്ലേയുമായി സഹകരിച്ച് കൊണ്ടാണ് ബിഎസ്എൻഎൽ ഈ മൂന്ന് പുതിയ പ്ലാനുകളും അവതരിപ്പിച്ചിരിക്കുന്നത്.
കരുത്തായത് ബിടിവി സേവനങ്ങളുടെ വിജയം
OTTplay പ്ലാറ്റ്ഫോമുമായി സഹകരിച്ചുകൊണ്ട് ബിഎസ്എൻഎൽ നേരത്തെ ഇന്ത്യയിലെ തങ്ങളുടെ സ്മാർട്ട്ഫോൺ ഉപയോക്താക്കൾക്കായി BiTV സർവീസ് ആരംഭിച്ചിരുന്നു. 450ൽ അധികം ടിവി ചാനലുകൾ ലൈവായി ലഭ്യമാകും എന്നതായിരുന്നു BiTVയുടെ പ്രത്യേകത. ഈ സേവനം വൻ വിജയമായതിന് പിന്നാലെയാണ് ഇപ്പോൾ ഒടിടി സബ്സ്ക്രിപ്ഷനുള്ള മൂന്ന് പ്രീപെയ്ഡ് പ്ലാനുകൾ ബിഎസ്എൻഎൽ അവതരിപ്പിച്ചിരിക്കുന്നത്.

28 രൂപയുടെ പുതിയ ബിഎസ്‌എൻഎൽ പ്ലാൻ
ബിഎസ്‌എൻഎല്ലിൽ നിന്നുള്ള പുതിയ 3 പ്രീപെയ്ഡ് പ്ലാനുകളിൽ ഏറ്റവും കുറഞ്ഞ വിലയിൽ ഒടിടി സബ്സ്ക്രിപ്ഷൻ ലഭ്യമാകുന്ന പ്ലാൻ ഇതാണ്. ലയൺസ്ഗേറ്റ് പ്ലേ, ഇടിവി വിൻ, വിആർഒടിടി, പ്രീമിയംഫ്ലിക്സ്, നമ്മഫ്ലിക്സ്, ഗുജാരി, ഫ്രൈഡേ എന്നിവയുൾപ്പെടെ 7 ഒടിടി പ്ലാറ്റ്‌ഫോമുകൾ 30 ദിവസത്തേക്ക് ആസ്വദിക്കാൻ ഈ പ്ലാൻ സഹായിക്കും.
29 രൂപയുടെ പുതിയ ബിഎസ്‌എൻഎൽ പ്ലാൻ
ബിഎസ്‌എൻഎല്ലിന്റെ 29 രൂപ പ്ലാനും 7 ഒടിടി സബ്സ്ക്രിപ്ഷനുകളുമായാണ് എത്തുന്നത്. ഇതിൽ ഷെമറൂമി, ലയൺസ്‌ഗേറ്റ് പ്ലേ, ദംഗൽ പ്ലേ, വിആർഒടിടി, പ്രീമിയംഫ്ലിക്സ്, ഗുജാരി, 9 കോംപ്ലിമെന്ററി ഒടിടി സബ്സ്ക്രിപ്ഷനുകളുമായി ഫ്രൈഡേ എന്നിവ ലഭിക്കും. 30 ദിവസം തന്നെയാണ് ഈ പ്ലാനിന്റെയും വാലിഡിറ്റി. ഇത് സർവീസ് വാലിഡിറ്റിയല്ല എന്നകാര്യം ശ്രദ്ധിക്കുക.

151 രൂപയുടെ പുതിയ ബിഎസ്‌എൻഎൽ പ്ലാൻ
ഒടിടി സബ്സ്ക്രപ്ഷൻ വാഗ്ദാനം ചെയ്യുന്ന മൂന്ന് പുതിയ ബിഎസ്എൻഎൽ പ്ലാനുകളിൽ ഏറ്റവും വില കൂടിയ പ്ലാൻ ഇതാണ്. സോണിലിവ്, ഷെമറൂമി, ലയൺസ്‌ഗേറ്റ് പ്ലേ, സൺഎൻഎക്സ്‌ടി, ഡോളിവുഡ് പ്ലേ, ഇടിവി വിൻ, ആഹ, ആഹ തമിഴ്, ദംഗൽ പ്ലേ, ചൗപാൽ, ഷോർട്ട്സ്, ചൗപാൽ ഭോജ്പുരി, വിആർഒടിടി, പ്രീമിയംഫ്ലിക്സ്, നമ്മഫ്ലിക്സ്, ഗുജാരി എന്നിവയുൾപ്പെടെ 17 ഒടിടികളുടെ സബ്സ്ക്രിപ്ഷൻ 30 ദിവസ വാലിഡിറ്റിയിൽ ഇതിൽ ലഭിക്കും.
ബിഎസ്എൻഎൽ പ്ലാനുകളുടെ ഒരു പൊതു പ്രത്യേകത കുറഞ്ഞ നിരക്ക് ആണ്. ഇപ്പോൾ ഒടിടി സബ്സ്ക്രിപ്ഷൻ അവതരിപ്പിക്കുമ്പോഴും താങ്ങാനാകുന്ന നിരക്കിലുള്ള ആനുകൂല്യങ്ങൾ അവതരിപ്പിക്കാൻ ബിഎസ്എൻഎൽ ശ്രദ്ധിച്ചിട്ടുണ്ട്. എന്നാൽ ഈ പ്ലാനുകളുടെ ഒരു പോരായ്മ ഏറെ ജനപ്രിയമായ ഒടിടി സബ്സ്ക്രിപ്ഷനുകൾ ഇതിൽ ഉൾപ്പെട്ടിട്ടില്ല എന്നതാണ്.
ജിയോ, എയർടെൽ, വൊഡാഫോൺ ഐഡിയ എന്നീ മൂന്ന് ടെലിക്കോം കമ്പനികളും നെറ്റ്ഫ്ലിക്സ്, ജിയോഹോട്ട്സ്റ്റാർ, ആമസോൺ പ്രൈം എന്നീ ജനപ്രിയ ഒടിടി പ്ലാറ്റ്ഫോമുകളുടെ സബ്സ്ക്രിപ്ഷൻ അടങ്ങുന്ന പ്ലാനുകൾ വരിക്കാർക്കായി ലഭ്യമാക്കിയിട്ടുണ്ട്. ഈ ഒരു നിലവാരത്തിലേക്ക് ബിഎസ്എൻഎൽ എത്തിയിട്ടില്ല എന്നതാണ് ഒരു പോരായ്മയായി ചൂണ്ടിക്കാട്ടാനുള്ളത്.

എന്നാൽ മറ്റൊരു വിധത്തിലും ഈ പുതിയ പ്ലാനുകളെ കാണാനാകും. ഒടിടി പ്ലാറ്റ്ഫോമുകളുടെ സബ്സ്ക്രിപ്ഷൻ അടങ്ങുന്ന പ്ലാനുകൾ ബിഎസ്എൻഎൽ അവതരിപ്പിച്ച് തുടങ്ങിയിരിക്കുന്നു എന്ന പോസിറ്റീവ് മാറ്റം ആണ് അത്. ഇതിനെ ഒരു തുടക്കമായി കാണാം. ഈ പ്ലാനുകൾ വിജയിച്ചാൽ മറ്റ് ജനപ്രിയ ഒടിടി സബ്സ്ക്രിപ്ഷനുകളും ഭാവിയിൽ ബിഎസ്എൻഎൽ റീച്ചാർജ് പ്ലാനുകളിൽ ഇടം പിടിച്ചേക്കും.


Click it and Unblock the Notifications







