ഒരു ദിവസത്തേക്ക് മുതൽ 60 ദിവസത്തേക്ക് വരെ ഡാറ്റ കിട്ടും; BSNL നൽകുന്ന 5 ഡാറ്റ പ്ലാനുകൾ
പൊതുമേഖലാ ടെലിക്കോം കമ്പനിയായ ബിഎസ്എൻഎൽ കൂടുതൽ 4ജി ടവറുകൾ സ്ഥാപിച്ചതോടെ പല പ്രദേശങ്ങളിലും ഇപ്പോൾ മുൻപത്തെക്കാൾ മികച്ച നിലയിൽ ഡാറ്റ സേവനങ്ങൾ ലഭ്യമാകുന്നുണ്ട്. ബിഎസ്എൻഎൽ പ്ലാനുകൾ പലതും മികച്ച അളവിൽ ഡാറ്റയുമായിട്ടാണ് എത്തുന്നത്. എന്നാൽ ഡാറ്റ കുറവുള്ള പ്ലാനുകളുമുണ്ട്. കൂടുതൽ ഡാറ്റ, അല്ലെങ്കിൽ അടിയന്തര ഘട്ടങ്ങളിൽ ഡാറ്റ വേണ്ടപ്പോൾ ഉപയോക്താക്കൾക്ക് തെരഞ്ഞെടുക്കാനായി ഒരു ദിവസം മുതൽ 60 ദിവസം വരെ വാലിഡിറ്റിയുള്ള അഞ്ച് ഡാറ്റ പ്ലാനുകൾ ബിഎസ്എൻഎല്ലിന് ഉണ്ട്. മറ്റ് ടെലിക്കോം കമ്പനികളുടെ പ്ലാനുകളുമായി താരതമ്യം ചെയ്താൽ ബിഎസ്എൻഎല്ലിന്റെ ഡാറ്റ പ്ലാനുകളും ലാഭകരമാണ്.
ഇപ്പോൾ പ്രധാനമായും അഞ്ച് ഡാറ്റ പ്ലാനുകളാണ് ബിഎസ്എൻഎല്ലിന് ഉള്ളത്. അത് 16 രൂപ മുതൽ വിലയിൽ ആരംഭിക്കുന്നു. 58 രൂപ, 105 രൂപ, 198 രൂപ, 411 രൂപ എന്നിവയാണ് മറ്റ് ബിഎസ്എൻഎൽ ഡാറ്റ പ്ലാനുകൾ. അടിസ്ഥാന വാലിഡിറ്റിയുള്ള ഒരു റീച്ചാർജ് പ്ലാൻ ഉപയോഗിക്കുന്ന ഏത് വരിക്കാരനും ഈ ഡാറ്റ പ്ലാനുകൾ ലഭ്യമാണ്.

16 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാൻ
ബിഎസ്എൻഎല്ലിന്റെ ഏറ്റവും വില കുറഞ്ഞ പ്രീപെയ്ഡ് ഡാറ്റ പ്ലാൻ ആണ് ഇത്. ഒരു ദിവസ വാലിഡിറ്റിയിലാണ് ഈ പ്ലാൻ എത്തുന്നത്. ആകെ 2ജിബി ഡാറ്റ ഈ പ്ലാനിൽ ലഭ്യമാകുന്നു. ഒരു ജിബി ഡാറ്റയ്ക്ക് ഇതിൽ 8 രൂപ ചെലവ് വരുന്നതായി കണക്കാക്കാം.
58 രൂപയുടെ ബിഎസ്എൻഎൽ ഡാറ്റ പ്ലാൻ
ബിഎസ്എൻഎൽ ഏറെനാളായി ലഭ്യമാക്കിയിരിക്കുന്ന ഒരു ഡാറ്റ പ്ലാൻ ആണ് ഇത്. ഒരാഴ്ചത്തെ വാലിഡിറ്റിയിൽ ഡാറ്റ പിന്തുണ ഉറപ്പിക്കാൻ ഈ പ്ലാൻ തെരഞ്ഞെടുക്കാവുന്നതാണ്. 7 ദിവസ വാലിഡിറ്റിയിൽ ആകെ 8ജിബി ഡാറ്റയാണ് ഈ പ്ലാനിൽ ലഭ്യമാകുക. 7 രൂപ 25 പൈസയാണ് ഇവിടെ ഒരു ജിബി ഡാറ്റയ്ക്ക് ചെലവാകുക.

105 രൂപയുടെ ബിഎസ്എൻഎൽ ഡാറ്റ പ്ലാൻ
ഒരാഴ്ച വാലിഡിറ്റിയിൽ കൂടുതൽ ഡാറ്റ വേണമെന്നുള്ളവർക്ക് തെരഞ്ഞടുക്കാനുള്ള ഓപ്ഷനാണ് 105 രൂപയുടെ ബിഎസ്എൻഎൽ ഡാറ്റ പ്ലാൻ. ഇതിൽ 7 ദിവസ വാലിഡിറ്റിയിൽ ആകെ 20ജിബി ഡാറ്റയാണ് ലഭ്യമാകുക. ഒരു ജിബി ഡാറ്റയ്ക്ക് 5.25 രൂപയാണ് ഈ പ്ലാനിൽ ഉപയോക്താവിന് ചെലവാകുന്നത്. ഇത് 58 രൂപയുടെ പ്ലാനിനെ അപേക്ഷിച്ച് കൂടുതൽ ലാഭകരമാണ്.
198 രൂപയുടെ ബിഎസ്എൻഎൽ ഡാറ്റ പ്ലാൻ
ഒരു മാസ വാലിഡിറ്റിയിൽ ഡാറ്റ പിന്തുണ വേണ്ടവർക്കായി ലഭ്യമാക്കിയിരിക്കുന്ന ബിഎസ്എൻഎൽ ഡാറ്റ പ്ലാനാണ് ഇത്. 30 ദിവസ വാലിഡിറ്റിയിൽ ആകെ 40ജിബി ഡാറ്റയാണ് ഇതിൽ ലഭ്യമാകുക. ഏകദേശം 4 രൂപ 95 പൈസയാണ് ഒരു ജിബി ഡാറ്റയ്ക്ക് ഈ പ്ലാനിൽ ഉപയോക്താവിന് ചെലവാകുക.
411 രൂപയുടെ ബിഎസ്എൻഎൽ ഡാറ്റ പ്ലാൻ
ബിഎസ്എൻഎല്ലിൽ നിന്ന് ലഭ്യമായിട്ടുള്ള ഏറ്റവും ഉയർന്ന വിലയുള്ള ഡാറ്റ പ്ലാനാണ് ഇത്. 60 ദിവസ വാലിഡിറ്റിയിൽ 100ജിബി ഡാറ്റ ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നു. ഇതിൽ ഉപയോക്താവിന് ഒരു ജിബി ഡാറ്റയ്ക്കായി ഏകദേശം 4.11 രൂപയാണ് ചെലവാകുക. അതായത് ഏറ്റവും വില കൂടിയ പ്ലാൻ ആണെങ്കിലും ഡാറ്റയ്ക്ക് ഏറ്റവും ചെലവ് കുറവുള്ളത് ഈ പ്ലാനിലാണ്.

അടിയന്തര ഘട്ടങ്ങളിൽ ഡാറ്റ ആവശ്യമായി വരുന്ന ബിഎസ്എൻഎൽ വരിക്കാർക്ക് ഈ ബിഎസ്എൻഎൽ ഡാറ്റ പ്ലാനുകളിൽ അനുയോജ്യമായത് തെരഞ്ഞെടുക്കാവുന്നതാണ്. ബിഎസ്എൻഎൽ സെൽഫ് കെയർ ആപ്പിൽ ഈ പ്ലാനുകൾ ലഭ്യമാണ്, കൂടാതെ ഔദ്യോഗിക വെബ്സൈറ്റ് വഴിയും ഇവ ലഭ്യമാണ്. ഇന്ത്യയിൽ ഏറ്റവും കുറഞ്ഞ വിലയിൽ ഡാറ്റ ലഭ്യമാകുന്ന പ്ലാനുകളാണ് ഇവ.


Click it and Unblock the Notifications