അമ്പേ ലോക തോൽവി! നല്ല പ്ലാൻ വന്നിട്ട് എന്ത് കാര്യം, നാട്ടുകാർ അറിയണ്ടേ... മിണ്ടാട്ടം മുട്ടി BSNL
ഇന്ത്യയിൽ ഏറ്റവും കുറവ് വരിക്കാരുള്ള ടെലിക്കോം കമ്പനിയായി ബിഎസ്എൻഎൽ തുടരുന്നതിൽ അതിന്റെ മുൻഗാമികളുടെ പിഴവുകളും പരാജയങ്ങളും മുഖ്യ പങ്ക് വഹിക്കുന്നു എന്ന് ബിഎസ്എൻഎല്ലിനെ സ്നേഹിക്കുന്ന നിരവധി പേർ ചൂണ്ടിക്കാട്ടാറുണ്ട്. വർഷങ്ങൾക്ക് മുൻപ് തന്നെ ബിഎസ്എൻഎൽ 4ജി അവതരിപ്പിക്കുകയും വരിക്കാരെ നിലനിർത്തി മുന്നേറുകയും ചെയ്യേണ്ടതായിരുന്നു. എന്നാൽ കാലോചിതമായ മാർക്കറ്റ് തന്ത്രങ്ങൾ ആവിഷ്കരിക്കുന്നതിലും കമ്പനിയെ വിജയകരമായി മുന്നോട്ട് നയിക്കുന്നതിനും വേണ്ട കാര്യങ്ങൾ ചെയ്യാൻ അതിന്റെ മുൻ ഭരണാധികാരികൾക്ക് കഴിഞ്ഞില്ല. അതിന്റെ ഫലമോ? ഇപ്പോൾ ഇന്ത്യയിലെ ടെലിക്കോം കമ്പനികളിൽ ഏറ്റവും അവസാന സ്ഥാനത്തുതന്നെ ബിഎസ്എൻഎൽ തുടരുന്നു.
കേന്ദ്ര സർക്കാർ അനുവദിച്ച രക്ഷാപാക്കേജിന്റെ ബലത്തിൽ ബിഎസ്എൻഎല്ലിൽ നിലവിൽ 4ജി വ്യാപനം നടന്നുകൊണ്ടിരിക്കുകയാണ്. ഏതാനും മാസത്തിനുള്ളിൽ ഇത് പൂർത്തിയാകും എന്ന് പ്രതീക്ഷിക്കപ്പെടുന്നു. മികച്ച പ്രീപെയ്ഡ് പ്ലാനുകളാണ് ബിഎസ്എൻഎല്ലിനെ വരിക്കാരുമായി അടുപ്പിച്ചു നിർത്തുന്ന ഒരു പ്രധാന ഘടകം. മറ്റ് കമ്പനികൾക്ക് മേൽ ആധിപത്യം സ്ഥാപിക്കാനും സ്വന്തം സ്ഥാനം മെച്ചപ്പെടുത്താനും ബിഎസ്എൻഎല്ലിനെ സഹായിക്കാൻ ഈ പ്ലാനുകൾക്ക് ശേഷിയുണ്ട്.

എന്നാൽ മികച്ച പ്രീപെയ്ഡ് പ്ലാനുകൾ ഉണ്ടായിട്ടും അത് വേണ്ടവിധം ജനങ്ങൾക്കിടയിലേക്ക് എത്തിക്കുന്നതിൽ ബിഎസ്എൻഎൽ മാനേജ്മെന്റ് തികഞ്ഞ പരാജയമാണ്. അതിന്റെ ഏറ്റവും പുതിയ ഇരയാണ് കഴിഞ്ഞ ദിവസം ബിഎസ്എൻഎൽ പ്രഖ്യാപിച്ച ഓഫറുകൾ. ഏത് ടെലിക്കോം വരിക്കാരനും കൊതിക്കുന്ന രണ്ട് കിടിലൻ പ്ലാനുകൾ ബിഎസ്എൻഎൽ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു.
എത്ര മികച്ച പ്ലാൻ ആണെങ്കിലും ജനങ്ങൾ അതേപ്പറ്റി അറിയുമ്പോഴാണ് ആ പ്ലാനിന് പ്രസക്തിയുണ്ടാകുന്നത്. മറ്റ് ടെലിക്കോം കമ്പനികളുടെ വരിക്കാർ ഉൾപ്പെടെ കൊതിക്കുന്ന ഒരു പ്ലാൻ പുറത്തിറക്കിയിട്ടും അതിന്റെ നേട്ടങ്ങൾ തങ്ങളുടെ വരിക്കാരിലേക്ക് ഫലപ്രദമായി എത്തിക്കാൻ ബിഎസ്എൻഎൽ തയാറായിട്ടില്ല. ഫെബ്രുവരി 28ന് തന്നെ പുതിയ ഓഫറുകൾ സംബന്ധിച്ച വിവരം ബിഎസ്എൻഎൽ സെൽഫ് കെയർ ആപ്പിൽ പ്രത്യക്ഷപ്പെട്ടു.

എന്നാൽ പുതിയതായി അവതരിപ്പിച്ച ഓഫറുകളെ വരിക്കാരിലേക്ക് എത്തിക്കാനും അവരെ ആകർഷിക്കാനും ബിഎസ്എൻഎൽ ഇതുവരെ അനങ്ങിയിട്ടില്ല. ബിഎസ്എൻഎല്ലിന്റെ ട്വിറ്റർ അക്കൗണ്ട് മാധ്യമങ്ങളും നിരവധി ജനങ്ങളും പിന്തുടരുന്നുണ്ട്. ഈ അക്കൗണ്ടിലൂടെ ബിഎസ്എൻഎൽ ഇടയ്ക്കിടെ ചില പ്ലാനുകൾ പരിചയപ്പെടുത്താറുണ്ട്. അത് മാധ്യമങ്ങൾ വാർത്തയാക്കുകയും കൂടുതൽ ജനങ്ങളിലേക്ക് എത്തുകയും ചർച്ചയാകുകയും ചെയ്യാറുണ്ട്.
എന്നാൽ പുതിയ ഓഫറുകൾ പ്രഖ്യാപിച്ച് മൂന്ന്- നാല് ദിവസമായിട്ടും ഈ ഓഫറുകളെക്കുറിച്ച് ജനങ്ങളോട് പറയാൻ ബിഎസ്എൻഎൽ സംവിധാനങ്ങൾക്ക് കഴിഞ്ഞിട്ടില്ല. ഇന്റർനെറ്റിന്റെയും സാമൂഹിക മാധ്യമങ്ങളുടെയും സാധ്യതകളെ ഫലപ്രദമായി ഉപയോഗിക്കാൻ ബിഎസ്എൻഎൽ മുന്നോട്ട് വരുന്നില്ല എന്നത് ഇക്കാലഘട്ടത്തിൽ ഒരു പരാജയമാണ്. ഇപ്പോൾ രണ്ട് പ്ലാനുകളിൽ ബിഎസ്എൻഎൽ പ്രഖ്യാപിച്ചിരിക്കുന്ന പ്രത്യേക ഓഫറുകൾ മാർച്ച് 31 വരെ മാത്രമാണ് ലഭ്യമാകുക. അതിനുള്ളിലെങ്കിലും ഇത് ജനങ്ങളെ അറിയിക്കാൻ ബിഎസ്എൻഎൽ അനങ്ങുമോയെന്ന് കണ്ടറിയണം.
ബിഎസ്എൻഎല്ലിന്റെ പുതിയ ഓഫർ രണ്ട് പ്ലാനുകളിലാണ് ലഭ്യമായിരിക്കുന്നത് എന്നാണ് സെൽഫ്കെയർ ആപ്പിൽ നിന്ന് മനസിലാക്കാൻ സാധിക്കുന്നത്. 2399 രൂപയുടെ ബിഎസ്എൻഎൽ വാർഷിക പ്ലാൻ, 1499 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ എന്നിവയാണ് അവ. മുൻപ് ലഭിച്ചിരുന്നതിനെക്കാൾ വാലിഡിറ്റിയിൽ ഈ പ്ലാനുകൾ ഇപ്പോൾ ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നു.

2399 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാൻ: പ്രതിദിനം 2GB ഡാറ്റ, അൺലിമിറ്റഡ് വോയ്‌സ് കോളിങ്, ദിവസം 100 എസ്എംഎസ് എന്നിവയാണ് ഇതിലെ പ്രധാന ആനുകൂല്യങ്ങൾ. മുൻപ് 395 ദിവസ വാലിഡിറ്റിയിലാണ് ഈ പ്ലാൻ എത്തിയിരുന്നത്. എന്നാലിപ്പോൾ ഓഫറിന്റെ ഭാഗമായി 425 ദിവസ വാലിഡിറ്റിയിൽ ഈ ആനുകൂല്യങ്ങൾ ആസ്വദിക്കാൻ സാധിക്കും. അതായത് 30 ദിവസത്തെ വാലിഡിറ്റിയും ആനുകൂല്യങ്ങളും സൗജന്യമായി ലഭിക്കുന്നു.
1499 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാൻ: മുൻപ് 336 ദിവസ വാലിഡിറ്റിയിൽ ലഭ്യമായിരുന്ന ആനുകൂല്യങ്ങൾ ഇപ്പോൾ പ്രത്യേക ഓഫറിന്റെ ഭാഗമായി 365 ദിവസ വാലിഡിറ്റിയിൽ ലഭ്യമാകും. അൺലിമിറ്റഡ് വോയിസ് കോളിങ്, 24ജിബി ബൾക്ക് ഡാറ്റ, ദിവസം 100 എസ്എംഎസ് എന്നിവയാണ് ഇതിലെ പ്രധാന ആനുകൂല്യങ്ങൾ.
2399 രൂപ, 1499 രൂപ വിലകളുടെ പ്രീപെയ്ഡ് പ്ലാനുകൾ ബിഎസ്എൻഎൽ സെൽഫ് കെയർ ആപ്പ് ഉപയോഗിച്ചാണ് റീച്ചാർജ് ചെയ്യുന്നത് എങ്കിൽ 2 ശതമാനം ഡിസ്കൗണ്ടും ലഭ്യമാണ്. മാർച്ച് 1 മുതൽ മാർച്ച് 31 വരെയുള്ള കാലയളവിനുള്ളിൽ ഈ രണ്ട് പ്ലാനുകൾ ഉപയോഗിച്ച് റീച്ചാർജ് ചെയ്യുന്നവർക്ക് മാത്രമാണ് ഈ ബോണസ് ഡേയ്സ് ആനുകൂല്യങ്ങൾ ലഭ്യമാകുക.


Click it and Unblock the Notifications