വീട്ടുകാരേ വീട്ടിൽ ഇന്റർനെറ്റ് വേണേൽ ഇത് പിടിക്ക്! ഒരേ വിലയിൽ 2 കിടിലൻ പ്ലാനുകൾ നൽകി BSNL
ഇന്ത്യയിലെ ഇന്റർനെറ്റ് സർവീസ് സേവനദാതാക്കളിൽ (ISP) പ്രധാനിയാണ് സർക്കാർ ഉടമസ്ഥതയിലുള്ള ടെലിക്കോം കമ്പനിയായ ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് (BSNL). ഭാരത് ഫൈബർ നെറ്റ്വർക്കിലൂടെ രാജ്യമെങ്ങും ബിഎസ്എൻഎൽ ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് വാഗ്ദാനം ചെയ്യുന്നുണ്ട്. ജിയോ അടക്കമുള്ള വമ്പൻ കമ്പനികൾക്ക് കടുത്ത മത്സരം ഉയർത്തുന്ന മികച്ച പ്ലാനുകൾ ബ്രോഡ്ബാൻഡ് സേവന രംഗത്തും ബിഎസ്എൻഎൽ ലഭ്യമാക്കിയിരിക്കുന്നു. മൊബൈൽ ടെലിക്കോം സേവനങ്ങളുടെ കാര്യമെടുത്താൽ ജിയോ, എയർടെൽ, വിഐ എന്നിവയ്ക്ക് പിന്നിലാണ് ബിഎസ്എൻഎൽ. അതിന് കാരണം ഇനിയും രാജ്യവ്യാപകമായി 4ജി അവതരിപ്പിക്കാൻ ബിഎസ്എൻഎല്ലിന് കഴിഞ്ഞിട്ടില്ല എന്നതാണ്. എന്നാൽ ഫൈബർ ബ്രോഡ്ബാൻഡ് രംഗത്ത് കാര്യങ്ങൾ വ്യത്യസ്തമാണ്.
പ്ലാനിൽ പറയുന്ന സ്പീഡിൽ തന്നെ ഇന്റർനെറ്റ് ലഭ്യമാക്കാൻ ബിഎസ്എൻഎല്ലിന്റെ ബ്രോഡ്ബാൻഡ് കണക്ഷനുകൾക്ക് കഴിയാറുണ്ട്. വേഗതക്കുറവ് പോലുള്ള പ്രശ്നങ്ങൾ ഇവിടെ ഇല്ല. മാത്രമല്ല, ന്യായമായ വിലയിൽ മികച്ച ആനുകൂല്യങ്ങൾ ലഭ്യമാകുകയും ചെയ്യും. അതിനാൽ നിരവധി ഉപയോക്താക്കൾ വീട്ടിലെയും ഓഫീസിലെയും ഇന്റർനെറ്റ് ആവശ്യങ്ങൾക്കായി ബിഎസ്എൻഎൽ ബ്രോഡ്ബാൻഡ് കണക്ഷനുകൾ ഉപയോഗപ്പെടുത്തുന്നു.

കേരള സർക്കിളിലെ ബിഎസ്എൻഎൽ ബ്രോഡ്ബാൻഡ് പ്ലാനുകൾ 25Mbps വേഗതയുള്ള 249 രൂപയുടെ പ്ലാൻ മുതൽ ആരംഭിക്കുന്നു. വേഗത കൂടുന്നതിന് അനുസരിച്ച് പ്ലാനുകളുടെ നിരക്ക് ഉയരും. 300Mbps വേഗതയുള്ള ബ്രോഡ്ബാൻഡ് പ്ലാനുകൾ വരെ ബിഎസ്എൻഎൽ നൽകുന്നുണ്ട്. വിവിധ വിലകളിൽ വിവിധ വേഗതകളിലെത്തുന്ന ബിഎസ്എൻഎൽ ബ്രോഡ്ബാൻഡ് പ്ലാനുകൾക്കിടയിൽ രണ്ട് ബിഎസ്എൻഎൽ പ്ലാനുകൾ വേറിട്ട് നിൽക്കുന്നു.
599 രൂപ വിലയിൽ ലഭ്യമാകുന്ന രണ്ട് ബിഎസ്എൻഎൽ പ്ലാനുകളാണ് വരിക്കാരെ ആശയക്കുഴപ്പത്തിലാക്കുന്ന വിധം ബിഎസ്എൻഎൽ ബ്രോഡ്ബാൻഡ് പ്ലാനുകളുടെ പട്ടികയിൽ ഇടം പിടിച്ചിരിക്കുന്നത്. ഒരേ വിലയിൽ എത്തുന്നു എങ്കിലും വ്യത്യസ്തമായ ആനുകൂല്യങ്ങൾ ഈ 599 രൂപയുടെ ബിഎസ്എൻഎൽ ബ്രോഡ്ബാൻഡ് പ്ലാനുകൾ വാഗ്ദാനം ചെയ്യുന്നു.

ഒരേ വിലയിൽ ആണ് എത്തുന്നത് എങ്കിലും 599 രൂപയുടെ പ്ലാനുകൾക്ക് പ്രത്യേകം പ്രത്യേകം പേരുകൾ ബിഎസ്എൻഎൽ നൽകിയിട്ടുണ്ട്. ഇതിൽ ആദ്യത്തെ 599 രൂപയുടെ പ്ലാൻ ഫൈബർ ബേസിക് പ്ലാൻ എന്ന് അറിയപ്പെടുന്നു. 599 രൂപയുടെ രണ്ടാമത്തെ ബിഎസ്എൻഎൽ ബ്രോഡ്ബാൻഡ് പ്ലാൻ ഫൈബർ ബേസിക് ഒടിടി എന്ന പേരിൽ എത്തുന്നു.
599 രൂപയുടെ ബിഎസ്എൻഎൽ ഫൈബർ ബേസിക് പ്ലാനിൽ ലഭ്യമാകുന്ന ആനുകൂല്യങ്ങൾ: 100 Mbps വരെ ഇൻ്റർനെറ്റ് വേഗതയാണ് ഈ ബിഎസ്എൻഎൽ ബ്രോഡ്ബാൻഡ് പ്ലാനിന്റെ മുഖ്യ ആകർഷണം. പ്രതിമാസം 4,000GB ഡാറ്റയാണ് ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നത്. നിശ്ചിത ഡാറ്റയുടെ ഉപയോഗശേഷം ഇന്റർനെറ്റ് വേഗത 4 Mbps ആയി കുറയും. അൺലിമിറ്റഡ് കോളിങ് ഉൾപ്പെടെയുള്ള ആനുകൂല്യങ്ങളും ഇതിലുണ്ട്.
599 രൂപയുടെ ബിഎസ്എൻഎൽ ഫൈബർ ബേസിക് ഒടിടി ബ്രോഡ്ബാൻഡ് പ്ലാനിൽ ലഭ്യമാകുന്ന ആനുകൂല്യങ്ങൾ: പേര് സൂചിപ്പിക്കുന്നത് പോലെ ഒടിടി സബ്സ്ക്രിപ്ഷനാണ് ഈ പ്ലാനിന്റെ പ്രത്യേകത. 75 Mbps വരെ ഇൻ്റർനെറ്റ് വേഗതയും പ്രതിമാസം 4,000GB ഡാറ്റയും ഈ പ്ലാനിൽ ബിഎസ്എൻഎൽ നൽകുന്നു. ഇന്ത്യയിലെ ഏത് നെറ്റ്‌വർക്കിലേക്കും അൺലിമിറ്റഡ് കോളിങ്ങും ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നു.

ഡിസ്നി+ ഹോട്ട്സ്റ്റാർ സൂപ്പർ പ്ലാൻ (ഇപ്പോൾ ജിയോഹോട്ട്സ്റ്റാർ) സബ്‌സ്‌ക്രിപ്‌ഷനാണ് ഈ ബിഎസ്എൻഎൽ ഫൈബർ ബേസിക് ഒടിടി ബ്രോഡ്ബാൻഡ് പ്ലാനിൽ ഉൾപ്പെടുന്ന ഒടിടി ആനുകൂല്യം. ഇവിടെ ഉപയോക്താവ് വേഗതയ്ക്കാണ് പ്രാധാന്യം നൽകുന്നത് എങ്കിൽ 599ന്റെ ഫൈബർ ബേസിക് പ്ലാനാണ് അനുയോജ്യം. അതേസമയം ഒടിടിയും വേണമെങ്കിൽ ഫൈബർ ബേസിക് ഒടിടി സബ്സ്ക്രിപ്ഷൻ പ്ലാനാണ് നല്ലത്. മികച്ച രണ്ട് ഓപ്ഷനുകളാണ് ഇവയിലൂടെ ബിഎസ്എൻഎൽ മുന്നോട്ട് വച്ചിട്ടുള്ളത്, അതിൽ തീരുമാനമെടുക്കേണ്ടത് ഉപയോക്താവാണ്.


Click it and Unblock the Notifications







