കുറഞ്ഞ വിലയിൽ 180 ദിവസ വാലിഡിറ്റി തരും, പക്ഷേ നിങ്ങൾക്ക് അതുമാത്രം മതിയോ BSNL വരിക്കാരേ; ഈ പ്ലാൻ നോക്കൂ
പൊതുമേഖലാ ഉടമസ്ഥതയിലുള്ള ടെലിക്കോം കമ്പനിയായ ബിഎസ്എൻഎൽ (BSNL) അൺലിമിറ്റഡ് കോളിങ് സഹിതമുള്ള പ്ലാനുകൾ 17 ദിവസം മുതൽ 395 ദിവസം വരെ വാലിഡിറ്റികളിൽ വാഗ്ദാനം ചെയ്യുന്നുണ്ട്. എന്നാൽ ഈ അനവധി പ്ലാനുകളിൽ നിന്ന് അനുയോജ്യമായ പ്ലാൻ തെരഞ്ഞെടുക്കുക എന്നത് വരിക്കാരുടെ ഉത്തരവാദിത്തമാണ്. ഇടയ്ക്കിടെ റീച്ചാർജ് ചെയ്യുന്ന ബുദ്ധിമുട്ട് ഒഴിവാക്കാൻ ദീർഘകാല വാലിഡിറ്റിയുള്ള പ്ലാനുകളാണ് അനുയോജ്യം. മാത്രമല്ല, ബിഎസ്എൻഎൽ ഇടയ്ക്കിടയ്ക്ക് അവരുടെ പ്ലാനുകളുടെ വാലിഡിറ്റി പരിഷ്കരിക്കുകയും വെട്ടിക്കുറയ്ക്കുകയുമൊക്കെ ചെയ്യുന്നുണ്ട്. അതിനാൽ ഇഷ്ടപ്ലാനുകൾ ഉപയോഗിച്ച് റീച്ചാർജ് ചെയ്യുന്നതിൽ ഒട്ടും വൈകിക്കേണ്ട.
കഴിഞ്ഞ ആഴ്ച 107 രൂപയുടെ പ്ലാനിലെ 35 ദിവസ വാലിഡിറ്റി എന്നത് വെട്ടി 28 ദിവസ വാലിഡിറ്റിയാക്കി ബിഎസ്എൻഎൽ ചുരുക്കിയിരുന്നു. ബിഎസ്എൻഎല്ലിനെ സംബന്ധിച്ചിടത്തോളം പഴയ പ്ലാനുകൾ നിരവധിയുണ്ട്. അവയൊക്കെ പരിഷ്കരിക്കാൻ ബിഎസ്എൻഎൽ തീരുമാനിച്ചാൽ വരിക്കാരനെ സംബന്ധിച്ചിടത്തോളം അത് നഷ്ടമായിരിക്കും എന്നതിൽ സംശയമില്ല. അതിനാൽത്തന്നെ അനുയോജ്യമായ പ്ലാൻ കണ്ടെത്തി ഉടൻ റീച്ചാർജ് ചെയ്യാൻ ഉറപ്പിക്കുക.

പറ്റുമെങ്കിൽ വാർഷിക വാലിഡിറ്റിയിൽ മികച്ച ആനുകൂല്യങ്ങൾ സഹിതം ലഭ്യമായിട്ടുള്ള പ്ലാനുകൾ തന്നെ തെരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക. എന്നാൽ ഇതിനായി വലിയൊരു തുക ഒറ്റയടിക്ക് മുടക്കേണ്ടിവരും എന്നത് വേറെ കാര്യം. എന്നാൽ വാർഷിക പ്ലാനുകൾ തെരഞ്ഞെടുക്കാൻ കഴിയാത്തവർക്കായി മറ്റ് കമ്പനികൾ നൽകാത്ത ചില വാലിഡിറ്റികളിലുള്ള പ്ലാനുകളും ബിഎസ്എൻഎൽ നൽകുന്നുണ്ട്.
അതിന് ഉദാഹരണമാണ് 160 ദിവസം 180 ദിവസം എന്നിങ്ങനെ വിവിധ വാലിഡിറ്റികളിൽ ലഭ്യമായിട്ടുള്ള 997 രൂപ, 897 രൂപ പ്രീപെയ്ഡ് പ്ലാനുകൾ. ഇതിൽ ഏത് പ്ലാനാണ് മികച്ചത് എന്ന് ചോദിച്ചാൽ അവിടെ ഉപയോക്താവിന്റെ ആവശ്യങ്ങളാണ് പരിഗണിക്കേണ്ടത് എന്നേ പറയാനാകൂ. കറക്ടായ കൈകളിൽ എത്തുമ്പോഴാണ് ഈ പ്ലാനുകൾക്ക് യഥാർഥ മൂല്യം കൈവരുക.

897 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാൻ: 180 ദിവസ വാലിഡിറ്റി ആണ് ഈ പ്ലാനിന്റെ മുഖ്യ ആകർഷണം. അൺലിമിറ്റഡ് വോയ്സ് കോളിങ്, ആകെ 90ജിബി ഡാറ്റ, ദിവസം 100 എസ്എംഎസ് എന്നിവയാണ് 180 ദിവസ വാലിഡിറ്റിയിൽ ഈ പ്ലാനിൽ ബിഎസ്എൻഎൽ വാഗ്ദാനം ചെയ്യുന്നത്.
997 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാൻ: അൺലിമിറ്റഡ് വോയ്സ് കോളിങ്, ദിവസം 2ജിബി പ്രതിദിന ഡാറ്റ, ദിവസം 100 എസ്എംഎസ് എന്നിവയാണ് ഈ ബിഎസ്എൻഎൽ റീച്ചാർജ് പ്ലാനിൽ ലഭ്യമാകുന്ന പ്രധാന ആനുകൂല്യങ്ങൾ. 160 ദിവസ വാലിഡിറ്റിയിലാണ് ഈ ആനുകൂല്യങ്ങൾ എത്തുന്നത്. 2ജിബി പ്രതിദിന ഡാറ്റ പരിധി പിന്നിട്ടാൽ ഡാറ്റ വേഗത കുറയും.
ഈ രണ്ട് ബിഎസ്എൻഎൽ പ്ലാനുകൾ പരിശോധിച്ചാൽ കൂടുതൽ വാലിഡിറ്റിയും അൺലിമിറ്റഡ് കോളിങ് സൗകര്യവും കുറഞ്ഞ വിലയിൽ വേണ്ടവർക്ക് അനുയോജ്യം 897 രൂപയുടെ പ്രീപെയ്ഡ് പ്ലാനാണ്. അതേസമയം മികച്ച ഡാറ്റ പിന്തുണയും ദീർഘകാല വാലിഡിറ്റിയും അൺലിമിറ്റഡ് കോളിങ്ങും ഒരുപോലെ ആസ്വദിക്കണം എന്നുള്ളവർക്ക് അനുയോജ്യമായ ഒരു ഓപ്ഷനാണ് 997 രൂപയുടെ പ്ലാൻ.

ഈ രണ്ട് പ്ലാനുകളും തമ്മിലുള്ള തുക വ്യത്യാസം വെറും 100 രൂപയാണ്. പ്രതിദിന ചെലവിന്റെ കാര്യം നോക്കിയാൽ നിരക്ക് കുറവ് 897 രൂപയുടെ പ്ലാൻ തന്നെയാണ്. അതായത് 897 രൂപയുടെ പ്ലാനിന് 4.98 രൂപയാണ് പ്രതിദിന ചെലവ്. മറുഭാഗത്ത് 997 രൂപയുടെ പ്ലാനിന് 6.23 രൂപ പ്രതിദിന ചെലവ് വരും. എന്നാലിതിൽ ഡാറ്റയുടെ അളവ് കൂടുതലുണ്ട് എന്നത് ഓർക്കുക.


Click it and Unblock the Notifications