അടുത്ത റൗണ്ടിന് സമയമായോ! 3GB പ്രതിദിന ഡാറ്റയുള്ള ആ പ്ലാൻ ആവർത്തിച്ച് ഓർമ്മിപ്പിച്ച് BSNL
പൊതുമേഖലാ ടെലിക്കോം സ്ഥാപനമായ ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് ജനഹൃദയങ്ങളിൽ ഇടം പിടിക്കാനുള്ള ഒരു പ്രധാന കാരണം അത് ഒരു പൊതുമേഖലാ സ്ഥാപനമാണ് എന്നതുതന്നെയാണ്. സ്വകാര്യ കമ്പനികൾ ലാഭം മാത്രം ലക്ഷ്യമിട്ട് പ്രവർത്തിക്കുമ്പോൾ ബിഎസ്എൻഎൽ പ്രവർത്തിക്കുന്നത് പൗരന്മാർക്ക് ടെലിക്കോം സൗകര്യങ്ങൾ മാന്യമായ നിരക്കിൽ ലഭ്യമാക്കുക എന്ന ലക്ഷ്യം കൂടി ഉൾക്കൊണ്ടുകൊണ്ടാണ്. ഇപ്പോൾ ബിഎസ്എൻഎൽ 4ജി വ്യാപനം നടക്കുന്ന ഈ ഘട്ടത്തിൽ ബിഎസ്എൻഎല്ലിന്റെ രാജ്യസ്നേഹത്തിന്റെ ഏറ്റവും വലിയ അടയാളങ്ങൾ നമ്മുടെ പല ഗ്രാമങ്ങളിലും തല ഉയർത്തി നിൽക്കുന്നുണ്ട്. അടുത്തിടെ സ്ഥാപിച്ച ബിഎസ്എൻഎൽ 4ജി ടവറുകളാണ് അവ.
ഇതുവരെ 4ജി ലഭ്യമാകാതിരുന്ന ഗ്രാമങ്ങളിലല്ല, മറിച്ച് ഇതുവരെ യാതൊരുവിധ ടെലിക്കോം സേവനങ്ങളോ ടവറുകളോ എത്തിപ്പെടാത്ത ഗ്രാമങ്ങളിലായി മാത്രം ബിഎസ്എൻഎൽ ഇതുവരെ 12000ൽ അധികം 4ജി ടവറുകൾ സ്ഥാപിച്ചുകഴിഞ്ഞു. അതായത് 12000ൽ ഏറെ ഗ്രാമങ്ങൾ ഇപ്പോൾ ടെലിക്കോം സേവനങ്ങളുടെ ലോകത്തേക്ക് എത്തിപ്പെട്ടിരിക്കുന്നു എന്നർഥം.

ഇനിയും ടെലിക്കോം സേവനങ്ങൾ എത്താത്ത നിരവധി ഗ്രാമങ്ങൾ ഇന്ത്യയിലുണ്ട്. സ്വകാര്യ ടെലിക്കോം കമ്പനികൾ പലപ്പോഴും ഒരു ടവർ സ്ഥാപിക്കുന്നത് അവിടെ നിന്ന് ലഭിക്കാനുള്ള വരുമാനം കൂടി വിലയിരുത്തിക്കൊണ്ടാണ്. അല്ലെങ്കിൽ ടവറിനായി അവിടെ മുടക്കുന്ന തുക പാഴ്ച്ചെലവാകും എന്ന് അവർ കരുതുന്നുണ്ടാകാം. എന്നാൽ 4ജി വ്യാപനത്തിൽ ഗ്രാമങ്ങൾക്ക് പ്രത്യേക പരിഗണന നൽകണം എന്ന് കേന്ദ്ര സർക്കാർ തന്നെ ബിഎസ്എൻഎല്ലിനോട് നിർദേശിച്ചിട്ടുണ്ട്.
അതിന്റെ അടിസ്ഥാനത്തിലാകാം ഗ്രാമങ്ങൾക്കായി ബിഎസ്എൻഎൽ 4ജി ടവറുകൾ പുതിയതായി സ്ഥാപിച്ചുവരുന്നത്. ടവറുകൾ മാത്രമല്ല, ഗ്രാമീണർ മുതൽ മെട്രോ നിവാസികൾ വരെയുള്ള തങ്ങളുടെ വരിക്കാർക്കായി യാതൊരു വലിപ്പച്ചെറുപ്പവുമില്ലാതെ കുറഞ്ഞ വിലയിൽ മികച്ച പ്ലാനുകൾ ബിഎസ്എൻഎൽ വാഗ്ദാനം ചെയ്യുന്നുണ്ട്. അത്തരം പ്ലാനുകൾ തങ്ങളുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെ ബിഎസ്എൻഎൽ പൊതുജനങ്ങളിലേക്ക് ഇപ്പോൾ എത്തിക്കുന്നുമുണ്ട്.

കഴിഞ്ഞ ദിവസം ബിഎസ്എൻഎൽ 599 രൂപയുടെ പ്രീപെയ്ഡ് പ്ലാനാണ് ഇത്തരത്തിൽ പരിചയപ്പെടുത്തിയിരിക്കുന്നത്. ഇതിനകം പല തവണ ബിഎസ്എൻഎൽ ഈ പ്ലാൻ ഉപയോക്താക്കളെ പരിചയപ്പെടുത്തിയിട്ടുണ്ട്. ആവർത്തിച്ചുള്ള ഈ പരിചയപ്പെടുത്തലിലൂടെ മികച്ച പ്ലാനുകൾക്ക് ജനഹൃദയങ്ങളിൽ സ്ഥാനം ഉണ്ടാക്കിയെടുക്കാനും ഈ പ്ലാനുകളിലേക്ക് ആളുകളുടെ ശ്രദ്ധ എത്തിക്കാനുമാകാം ബിഎസ്എൻഎൽ നീക്കം.
മുൻപ് ചെയ്ത റീച്ചാർജിന്റെ കാലാവധി പിന്നിട്ട ശേഷം അടുത്ത വട്ട റീച്ചാർജിനായി തയാറെടുക്കുന്നവർക്ക് 84 ദിവസ വാലിഡിറ്റിയിൽ മികച്ച ആനുകൂല്യങ്ങൾ സഹിതം ലഭ്യമാകുന്ന ഒരു പ്ലാനാണ് 599 രൂപയുടേത്. ഈ പ്രീപെയ്ഡ് പ്ലാൻ ആവശ്യത്തിന് ഡാറ്റയും കോളിങ്, എസ്എംഎസ് ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യുന്നുണ്ട്.
599 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാൻ: 3ജിബി പ്രതിദിന ഡാറ്റ, അൺലിമിറ്റഡ് വോയ്‌സ് കോളിങ്, ദിവസം 100 എസ്എംഎസ് എന്നിവയാണ് ഇതിലെ പ്രധാന ആനുകൂല്യങ്ങൾ. 84 ദിവസം വാലിഡിറ്റിയിൽ ഈ പ്രീപെയ്ഡ് പ്ലാൻ ഈ ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നു. 3ജിബി എക്സ്ട്രാ ഡാറ്റയും ഈ പ്ലാനിൽ ലഭിക്കും.

3ജിബി പ്രതിദിന ഡാറ്റയുള്ള രണ്ട് പ്ലാനുകളാണ് ബിഎസ്എൻഎല്ലിന് ഉള്ളത്. ഈ രണ്ട് പ്ലാനുകളിൽ മാത്രമാണ് ബിഎസ്എൻഎൽ 3ജിബി എക്സ്ട്രാ ഡാറ്റ ലഭ്യമാകുക. 599 രൂപയുടെ പ്ലാനിന് പുറമേ 299 രൂപയുടെ പ്ലാനാണ് 3ജിബി പ്രതിദിന ഡാറ്റയോടെ ലഭ്യമായിട്ടുള്ളത്. 599 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനിന്റെ പ്രതിദിന ചെലവ് 7 രൂപ 13 പൈസയാണ്.


Click it and Unblock the Notifications








