കഴിഞ്ഞ റീച്ചാർജിന്റെ ഓർമ്മയിൽ വീണ്ടും ചെയ്യാൻ വരട്ടെ; 99 രൂപ പ്ലാനിന്റെ വാലിഡിറ്റി വീണ്ടും BSNL കുറച്ചു
ബിഎസ്എൻഎൽ വരിക്കാരെ ഞെട്ടിച്ചുകൊണ്ട് മറ്റൊരു പ്രീപെയ്ഡ് പ്ലാനിന്റെ വാലിഡിറ്റി കൂടി കുറയ്ക്കപ്പെട്ടിരിക്കുന്നു. 100 രൂപയിൽ താഴെ വിലയിൽ ലഭ്യമാകുന്ന റീച്ചാർജ് പ്ലാൻ എന്ന നിലയിൽ പ്രശസ്തമായ 99 രൂപ പ്ലാനിന്റെ വാലിഡിറ്റിയാണ് ഇപ്പോൾ വീണ്ടും കുറയ്ക്കപ്പെട്ടിരിക്കുന്നത്. നാല് മാസം മുമ്പ് വരെ 17 ദിവസ വാലിഡിറ്റി 99 രൂപയുടെ ബിഎസ്എൻഎൽ പ്ലാനിൽ ലഭിച്ചിരുന്നു. എന്നാൽ ജൂലൈയിൽ നടന്ന പ്ലാൻ പരിഷ്കരണത്തിന് ശേഷം ഇതിലെ വാലിഡിറ്റി 15 ദിവസമാക്കി കുറച്ചു. ഇപ്പോൾ നാല് മാസത്തിനിപ്പുറം വീണ്ടും 99 രൂപ പ്ലാനിലെ വാലിഡിറ്റി കുറയ്ക്കപ്പെട്ടിരിക്കുന്നു.
ബിഎസ്എൻഎൽ വരിക്കാർക്ക് സർവീസ് വാലിഡിറ്റി ഉറപ്പാക്കാൻ ഏറ്റവും കുറഞ്ഞ വിലയിൽ ലഭ്യമായിട്ടുള്ള റീച്ചാർജ് പ്ലാനായിരുന്നു 99 രൂപയുടേത്. 99 രൂപ മുടക്കിയാൽ 15 ദിവസ വാലിഡിറ്റി ലഭ്യമായിരുന്നത് ഇപ്പോൾ 14 ദിവസമായിട്ടാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ ഉപയോക്താക്കളുടെ ഈ പ്ലാനിനായുള്ള പ്രതിദിന ചെലവ് നേരിയ തോതിൽ വർധിച്ചിരിക്കുന്നു.

പ്ലാനുകളുടെ വാലിഡിറ്റി കുറയ്ക്കുന്നതിലൂടെ വിലയിൽ മാറ്റം വരുത്താതെ തന്നെ വരുമാനം വർധിപ്പിക്കാൻ ബിഎസ്എൻഎൽ കണക്കുകൂട്ടുന്നു. ഈ കുറുക്കുവഴിയിലൂടെ പരോക്ഷ നിരക്ക് വർധനയാണ് നടപ്പായിക്കൊണ്ടിരിക്കുന്നത്. സ്വകാര്യ കമ്പനികളും ഇതേ രീതയിൽ പ്ലാൻ വിലയിൽ മാറ്റം വരുത്താതെ ചില പ്ലാനുകളിലെ ആനുകൂല്യങ്ങളിൽ മാറ്റം വരുത്താറുണ്ട്.
99 രൂപയുടെ ബിഎസ്എൻഎൽ പ്ലാനിൽ ഇപ്പോൾ ലഭ്യമാകുന്ന ആനുകൂല്യങ്ങൾ
14 ദിവസ വാലിഡിറ്റിയിൽ അൺലിമിറ്റഡ് വോയ്‌സ് കോളിങ്, 50എംബി ഡാറ്റ എന്നിവ ഈ പ്രീപെയ്ഡ് പ്ലാൻ വാഗ്ദാനം ചെയ്യുന്നു. എസ്എംഎസ് ആനുകൂല്യം ഇതിൽ ലഭ്യമാകില്ല. നിശ്ചിത 50എംബി ഡാറ്റ ഉപയോഗിച്ചതിന് ശേഷം ഡാറ്റയുടെ വേഗത 40 കെബിപിഎസായി കുറയുന്നു. ഈ പ്ലാൻ ഉപയോഗിക്കാൻ ഉപയോക്താവിന് പ്രതിദിനം ഏകദേശം 7.07 രൂപ ചെലവ് വരും.

ഏതാനും ദിവസം മുമ്പ് വരെ 15 ദിവസ വാലിഡിറ്റി ലഭ്യമായിരുന്ന പ്ലാനാണ് ഇപ്പോൾ 14 ദിവസ വാലിഡിറ്റി പ്ലാനായി മാറിയിരിക്കുന്നത്. ഈ മാറ്റം അറിയാതെ കഴിഞ്ഞ തവണത്തെ ഓർമ്മയിൽ 15 ദിവസ വാലിഡിറ്റി പ്രതീക്ഷിച്ച് 99 രൂപ പ്ലാൻ റീച്ചാർജ് ചെയ്താൽ നിരാശപ്പെടേണ്ടിവരും.
അടുത്തിടെ വാലിഡിറ്റി കുറച്ച മറ്റ് ചില പ്രീപെയ്ഡ് പ്ലാനുകളുടെ വാലിഡിറ്റിയും കഴിഞ്ഞ ദിവസങ്ങളിൽ ബിഎസ്എൻഎൽ വെട്ടിക്കുറച്ചിരുന്നു. അതിൽ 107 രൂപ, 147 രൂപ, 153 രൂപ, 197 രൂപ പ്ലാനുകൾ ഉൾപ്പെടുന്നു. ഇവയുടെയെല്ലാം വാലിഡിറ്റി അടുത്തിടെ കുറച്ചിരുന്നു. ഇതിന് പിന്നാലെയാണ് കഴിഞ്ഞ ദിവസം വീണ്ടും വാലിഡിറ്റി കുറയ്ക്കപ്പെട്ടത്.
ബിഎസ്എൻഎല്ലിന്റെ ഏറ്റവും ജനപ്രിയ റീച്ചാർജ് ഓപ്ഷനുകളിലൊന്നായിരുന്ന 107 രൂപ പ്ലാൻ കഴിഞ്ഞ ആഴ്ച വരെ 28 ദിവസ വാലിഡിറ്റി വാഗ്ദാനം ചെയ്തിരുന്നു. എന്നാലിപ്പോൾ 107 രൂപ പ്ലാൻ 22 ദിവസ വാലിഡിറ്റി പ്ലാനാണ്. അതേപോല 147 രൂപയുടെ പ്രീപെയ്ഡ് പ്ലാനിന്റെ വാലിഡിറ്റി കഴിഞ്ഞ ദിവസം 25 ൽ നിന്ന് 24 ദിവസമാക്കി കുറച്ചിരുന്നു.

153 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാൻ തൊട്ടുമുൻപ് നടന്ന പ്ലാൻ പരിഷ്കരണത്തിന് ശേഷം 26 ദിവസ വാലിഡിറ്റിയിലായിരുന്നു എത്തിയിരുന്നത്. എന്നാൽ കഴിഞ്ഞ ദിവസം നടന്ന പ്ലാൻ പരിഷ്കരണത്തിന് ശേഷം ഇത് 26-ൽ നിന്ന് 24 ദിവസമായി കുറച്ചു. മറ്റൊരു ജനപ്രിയ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനായ 197 രൂപ പ്ലാൻ 48 ദിവസ വാലിഡിറ്റിയിലാണ് എത്തിയിരുന്നത്. ഇത് കഴിഞ്ഞ ദിവസം 42 ദിവസമാക്കി കുറച്ചിട്ടുണ്ട്.


Click it and Unblock the Notifications








