ഇങ്ങനെ പോയാൽ നാട്ടുകാർ ഉടനേ പൂട്ടിക്കും! BSNL വരിക്കാർക്ക് വീണ്ടും തിരിച്ചടി, 147 രൂപ പ്ലാൻ വാലിഡിറ്റി വെട്ടി
ബിഎസ്എൻഎല്ലും (BSNL) എംടിഎൻഎല്ലും പൂട്ടില്ലെന്നും സർക്കാർ ഈ പൊതുമേഖലാ സ്ഥാപനങ്ങൾക്ക് എല്ലാ പിന്തുണയും നൽകും എന്നും കേന്ദ്ര കമ്യൂണിക്കേഷൻ സഹമന്ത്രി ചന്ദ്രശേഖർ പെമ്മസാനി കഴിഞ്ഞ ദിവസം രാജ്യസഭയിൽ പറഞ്ഞിരുന്നു. എന്നാൽ കേന്ദ്രം പൂട്ടിയില്ലെങ്കിലും നാട്ടുകാർ ഉടൻ തന്നെ ബിഎസ്എൻഎൽ പൂട്ടിക്കുന്ന നിലയിലേക്ക് കാര്യങ്ങൾ മാറുന്നുണ്ടോ എന്നാണ് ഇപ്പോൾ ബിഎസ്എൻഎൽ നടത്തുന്ന പ്ലാൻ പരിഷ്കരണങ്ങൾ കാണുന്ന പലരും ചോദിച്ചുപോകുക. കാരണം ബിഎസ്എൻഎൽ തുടർച്ചയായി തങ്ങളുടെ വിവിധ പ്ലാനുകളുടെ വാലിഡിറ്റി ഇപ്പോൾ കുറച്ചുകൊണ്ടിരിക്കുന്നു. അതിലൂടെ ഈ പ്ലാനുകളുടെ നിരക്ക് പരോക്ഷമായി ഉയരുകയാണ് ചെയ്യുന്നത്.
നേരത്തെ 107 രൂപ, 197 രൂപ എന്നീ പ്ലാനുകളുടെ വാലിഡിറ്റി ബിഎസ്എൻഎൽ കുറച്ചിരുന്നു. അതിന് പിന്നാലെ കഴിഞ്ഞ ദിവസം 99 രൂപയുടെ പ്ലാനിന്റെ വാലിഡിറ്റിയും കുറച്ചു. ഇതിന് പിന്നാലെയാണ് ഇപ്പോൾ 147 രൂപയുടെ പ്ലാനിന്റെ വാലിഡിറ്റിയും കുറച്ചിരിക്കുന്നു എന്ന വാർത്ത എത്തിയിരിക്കുന്നത്.

പ്ലാനുകളുടെ വാലിഡിറ്റി കുറയ്ക്കുന്നതിലൂടെ ഈ പ്ലാനുകളുടെ പ്രതിദിന ചെലവ് യഥാർഥത്തിൽ ഉയരുകയാണ് ചെയ്യുന്നത്. എന്നാൽ വിലയിൽ മാറ്റമില്ലാത്തതിനാൽ ആളുകൾ പലരും ഈ നിരക്ക് വർധന അറിയാതെ പോകുന്നു. സ്വകാര്യ കമ്പനികൾ നടത്തിയതുപോലെ പ്രത്യക്ഷമായ ഒരു നിരക്ക് വർധന നടത്താതെ ചെറിയ അളവിൽ പരോക്ഷമായി നിരക്ക് ഉയർത്തുന്ന തന്ത്രമാണ് ബിഎസ്എൻഎൽ സ്വീകരിച്ചിരിക്കുന്നത്.
ബിഎസ്എൻഎൽ 147 രൂപ പ്രീപെയ്ഡ് പ്ലാനിൽ വന്ന മാറ്റങ്ങൾ: മുൻപ് ഈ ബിഎസ്എൻഎൽ പ്ലാൻ 30 ദിവസ വാലിഡിറ്റിയിലാണ് ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്തിരുന്നത്. എന്നാലിപ്പോൾ 5 ദിവസ വാലിഡിറ്റി കട്ട് ചെയ്തശേഷം വെറും 25 ദിവസ വാലിഡിറ്റിയിലാണ് 147 രൂപയുടെ പ്ലാനിലെ ആനുകൂല്യങ്ങൾ ഇപ്പോൾ ലഭ്യമാകുക.

പുതിയ പ്ലാൻ പരിഷ്കരണത്തിന് ശേഷം 147 രൂപയുടെ ബിഎസ്എൻഎൽ പ്ലാനിൽ അൺലിമിറ്റഡ് കോളിങ്, 10ജിബി ഡാറ്റ എന്നീ ആനുകൂല്യങ്ങൾ 25 ദിവസ വാലിഡിറ്റിയിൽ ലഭ്യമാകുന്നു. എസ്എംഎസ് ആനുകൂല്യം ഇതിൽ ഇല്ല എന്നത് പ്രത്യേകം ശ്രദ്ധിക്കുക. പ്ലാൻ പരിഷ്കരണത്തിന് ശേഷം ഈ പ്ലാനിന്റെ പ്രതിദിന ചെലവിൽ ഏകദേശം 1 രൂപയുടെ വർധനവ് ഉണ്ടായിരിക്കുന്നു.
മുൻപ് ഈ പ്ലാൻ ഉപയോഗിക്കുമ്പോൾ പ്രതിദിന ചെലവ് 4.9 രൂപയായിരുന്നു. എന്നാൽ ഇപ്പോൾ അത് 5.88 രൂപയായി വർദ്ധിച്ചിരിക്കുന്നു. ബിഎസ്എൻഎൽ വരിക്കാരെ സംബന്ധിച്ചിടത്തോളം ഇത് നിരാശപ്പെടുത്തുന്നതാണ്. എന്നാൽ ഇതിന്റെ മറുവശം എന്തെന്നാൽ ബിഎസ്എൻഎല്ലിന്റെ പ്രവർത്തനങ്ങൾ മുന്നോട്ട് പോകാൻ വരുമാനം കണ്ടെത്തേണ്ടതുണ്ട് എന്നതാണ്. മറ്റ കമ്പനികളെപ്പോലെ വരിക്കാരെ രൂക്ഷമായി പിഴിയുന്ന നിരക്കുകൾ ഇപ്പോഴും ബിഎസ്എൻഎൽ നടപ്പിലാക്കിയിട്ടില്ല.
വരിക്കാർക്ക് കാര്യമായ ബാധ്യത വരാതെയുള്ള, കരുതലോടെയുള്ള ഒരു പ്ലാൻ പരിഷ്കരണവും പരോക്ഷ നിരക്ക് വർധനയുമാണ് ബിഎസ്എൻഎൽ നടത്തുന്നത് എന്ന് പറയാം. ഈ വാലിഡിറ്റി വെട്ടിക്കുറയ്ക്കലുകൾക്ക് ശേഷം പോലും ഈ ബിഎസ്എൻഎൽ പ്ലാനുകളെ എതിരിടാൻ കഴിയുന്ന ഒരു പ്ലാൻ മറ്റ് ടെലിക്കോം കമ്പനികളുടെ പക്കൽ അധികം കാണാനാകില്ല എന്നതാണ് ശ്രദ്ധിക്കേണ്ടത്.

അതായത്, ബിഎസ്‌എൻഎല്ലിന്റെ താരിഫുകൾ ഇപ്പോഴും ഇന്ത്യയിലെ ഏറ്റവും വില കുറഞ്ഞ ടെലിക്കോം നിരക്കുകൾ തന്നെയാണ്. സ്വകാര്യ കമ്പനികൾ നൽകുന്നത്ര ശക്തവും വ്യാപകവുമായ സേവന നിലവാരത്തിലേക്ക് എത്താൻ ഇനിയും ബിഎസ്എൻഎല്ലിന് കഴിഞ്ഞിട്ടില്ല. ഈ പോരായ്മ പരിഹരിക്കണെമങ്കിലും ഫണ്ടും ഒരു മുഖ്യ ഘടകമാണ്. ജനങ്ങളെ അധികം പിഴിയാതെ, കേന്ദ്ര സർക്കാർ നൽകുന്ന ധനസഹായത്തിന്റെ ബലത്തിലാണ് ഇപ്പോൾ ബിഎസ്എൻഎൽ 4ജി വ്യാപനങ്ങൾ പ്രധാനമായും നടന്നുകൊണ്ടിരിക്കുന്നത് എന്നത് വേറെ കാര്യം.


Click it and Unblock the Notifications








