സെപ്റ്റംബറിൽ BSNL റീച്ചാർജ് പ്ലാനുകളിൽ മാറ്റം! 5 പ്രധാന പ്ലാനുകളുടെ വാലിഡിറ്റി കുറച്ചു
ഇന്ത്യയിലെ ഏക പൊതുമേഖലാ ടെലിക്കോം കമ്പനിയായ ബിഎസ്എൻഎൽ (BSNL) തങ്ങളുടെ 5 പ്രധാന പ്രീപെയ്ഡ് റീച്ചാർജ് പ്ലാനുകളുടെ വാലിഡിറ്റി പരിഷ്കരിച്ചിരിക്കുന്നു. ഇപ്പോൾ മുൻപ് ലഭിച്ചിരുന്നതിനെക്കാൾ കുറവ് വാലിഡിറ്റിയിലാണ് ഈ പ്ലാൻ എത്തുന്നത്. ഓഗസ്റ്റ് 31 വരെ വാലിഡിറ്റിയിൽ മാറ്റമില്ലായിരുന്നു, എന്നാൽ ഇപ്പോൾ സെപ് റ്റംബറിൽ പുതിയ വാലിഡിറ്റിയിൽ ആണ് ചില പ്ലാനുകൾ ലിസ്റ്റ് ചെയ്തിരിക്കുന്നത്. അതിനർഥം ഈ പ്ലാനുകൾ ഉപയോഗിക്കുന്നതിനുള്ള ചെലവ് നേരിയ തോതിൽ ഉയർന്നിരിക്കുന്നു എന്നാണ്. വരിക്കാരെ അധികം ബുദ്ധിമുട്ടിക്കാതെ വരുമാനം വർധിപ്പിക്കാനാണ് ബിഎസ്എൻഎൽ ശ്രമിക്കുന്നത്. അതിന്റെ ഭാഗമായാണ് ചെറിയ രീതിയിൽ വാലിഡിറ്റി കുറച്ചുകൊണ്ടുള്ള ഈ പ്ലാൻ പരിഷ്കരണം.
വാലിഡിറ്റി കുറഞ്ഞത് ഏതൊക്കെ പ്ലാനിൽ
എത്ര പ്ലാനുകളുടെ വാലിഡിറ്റി ബിഎസ്എൻഎൽ പുതിയതായി കുറച്ചു എന്ന് കൃത്യമായി പറയാറായിട്ടില്ല. എങ്കിലും ഓഗസ്റ്റ് 31 വരെ മാറ്റമില്ലാതിരുന്ന പ്രധാനപ്പെട്ട 5 പ്ലാനുകളുടെ വാലിഡിറ്റി ഇപ്പോൾ കുറഞ്ഞിട്ടുണ്ട്. 199 രൂപ, 347 രൂപ, 485 രൂപ, 1999 രൂപ, 2399 രൂപ എന്നീ പ്ലാനുകളാണ് ഇപ്പോൾ വാലിഡിറ്റി കുറഞ്ഞിരിക്കുന്ന പ്രധാന പ്ലാനുകൾ. ഇതിൽ വാർഷിക പ്ലാനുകളിൽ വലിയ തോതിൽ വാലിഡിറ്റി കുറഞ്ഞിട്ടുണ്ട്.

199 രൂപയുടെ ബിഎസ്എൻഎൽ പ്ലാനിലെ പുതിയ വാലിഡിറ്റി
മുൻപ് 30 ദിവസ വാലിഡിറ്റിയിൽ ആണ് ഈ പ്ലാനിലെ ആനുകൂല്യങ്ങൾ ലഭിച്ചിരുന്നത്. എന്നാലിപ്പോൾ 28 ദിവസ വാലിഡിറ്റിയിൽ ആണ് ഇത് എത്തുന്നത്. മറ്റ് ആനുകൂല്യങ്ങളിൽ മാറ്റമില്ല. ദിവസം 2ജിബി പ്രതിദിന ഡാറ്റ, അൺലിമിറ്റഡ് കോളിങ്, പ്രതിദിനം 100 എസ്എംഎസ് എന്നിവയാണ് ഇതിലെ പ്രധാന ആനുകൂല്യങ്ങൾ.
347 രൂപയുടെ ബിഎസ്എൻഎൽ പ്ലാനിലെ പുതിയ ആനുകൂല്യങ്ങൾ
മുൻപ് 54 ദിവസ വാലിഡിറ്റിയിൽ ആണ് ഈ ബിഎസ്എൻഎൽ പ്ലാൻ എത്തിയിരുന്നത്. എന്നാലിപ്പോൾ 50 ദിവസ വാലിഡിറ്റിയാണ് ഇതിൽ ലഭ്യമാകുക. അതായത് 4 ദിവസത്തെ വാലിഡിറ്റി കുറച്ചിരിക്കുന്നു. അൺലിമിറ്റഡ് കോളിങ്, ദിവസം 2ജിബി ഡാറ്റ, പ്രതിദിനം 100 എസ്എംഎസ് എന്നിവയാണ് ഇതിലെ പ്രധാന ആനുകൂല്യങ്ങൾ.

485 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനിലെ പ്രധാന ആനുകൂല്യങ്ങൾ
മുൻപ് ഇതിൽ 80 ദിവസ വാലിഡിറ്റിയിൽ ആനുകൂല്യങ്ങൾ ലഭിക്കുമായിരുന്നു. എന്നാലിപ്പോൾ 72 ദിവസമാണ് ഈ പ്ലാനിന്റെ വാലിഡിറ്റി. അതായത് 8 ദിവസത്തെ വാലിഡിറ്റി കുറഞ്ഞിരിക്കുന്നു. ദിവസം 2ജിബി ഡാറ്റ, അൺലിമിറ്റഡ് കോളിങ്, ദിവസം 100 എസ്എംഎസ് എന്നിവയാണ് ഇതിലെ പ്രധാന ആനുകൂല്യങ്ങൾ.
1999 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനിലെ പുതിയ ആനുകൂല്യങ്ങൾ
മുൻപ് ഇത് ഒരു മികച്ച വാർഷിക റീച്ചാർജ് പ്ലാനായിരുന്നു. അതായത് 365 ദിവസ വാലിഡിറ്റിയിൽ ഈ ബിഎസ്എൻഎൽ പ്ലാൻ ആനുകൂല്യങ്ങൾ നൽകിയിരുന്നു. എന്നാലിപ്പോൾ 330 ദിവസമാണ് ഇതിന്റെ വാലിഡിറ്റി. അതായത് 35 ദിവസത്തെ വാലിഡിറ്റി വെട്ടിക്കുറച്ചിരിക്കുന്നു. കൂടാതെ ഡാറ്റയുടെ അളവിലും മാറ്റമുണ്ട്.
മുൻപ് 600ജിബി ബൾക്ക് ഡാറ്റയായിരുന്നു 1999 രൂപയുടെ പ്ലാനിൽ ഉണ്ടായിരുന്നത്. ഇപ്പോൾ 1.5ജിബി പ്രതിദിന ഡാറ്റ എന്ന നിലയിലേക്ക് ഡാറ്റയുടെ അളവ് മാറ്റിയിരിക്കുന്നു. അൺലിമിറ്റഡ് കോളിങ്, ദിവസം 100 എസ്എംഎസ് എന്നിവയും ഈ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനിന്റെ നിലവിലെ ആനുകൂല്യങ്ങളിൽ ഉൾപ്പെടുന്നു.

2399 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനിലെ പുതിയ വാലിഡിറ്റി
ഇന്ത്യയിൽ ഏറ്റവുമധികം വാലിഡിറ്റി വാഗ്ദാനം ചെയ്തിരുന്ന വാർഷിക പ്രീപെയ്ഡ് പ്ലാനായിരുന്നു ഇത്. അതായത് 395 ദിവസ വാലിഡിറ്റിയിലാണ് ഇതിലെ ആനുകൂല്യങ്ങൾ ലഭ്യമായിരുന്നത്. എന്നാലിപ്പോൾ പുതിയ പ്ലാൻ പരിഷ്കരണത്തിന് ശേഷം 365 ദിവസമാണ് ഈ പ്ലാനിന്റെ വാലിഡിറ്റി. അതായത് 30 ദിവസ വാലിഡിറ്റി കുറച്ചിരിക്കുന്നു.
വാലിഡിറ്റി കുറച്ചു എന്നതിനപ്പുറം 2399 രൂപയുടെ പ്ലാനിലെ മറ്റ് ആനുകൂല്യങ്ങളിൽ ബിഎസ്എൻഎൽ മാറ്റം വരുത്തിയിട്ടില്ല. അൺലിമിറ്റഡ് വോയ്‌സ് കോളിങ്, 2GB പ്രതിദിന ഡാറ്റ, ദിവസം 100 എസ്എംഎസ് എന്നിവയാണ് ഇതിലെ പ്രധാന ആനുകൂല്യങ്ങൾ. വാലിഡിറ്റി വെട്ടിക്കുറച്ചതിലൂടെ ഈ പറഞ്ഞ ബിഎസ്എൻഎൽ പ്ലാനുകളുടെയെല്ലാം പ്രതിദിന ചെലവ് കൂടിയിട്ടുണ്ട്. എന്നാൽ മറ്റ് ടെലിക്കോം കമ്പനികളുടെ പ്ലാനുകളുമായി താരതമ്യം ചെയ്യുമ്പോൾ ഇപ്പോഴും ഈ ബിഎസ്എൻഎൽ പ്ലാനുകൾ തന്നെയാണ് മികച്ചത്.


Click it and Unblock the Notifications








