എതിരാളികൾ കണ്ണുവച്ചതോ! 99 രൂപയുടെ റീച്ചാർജ് പ്ലാനിന്റെ വാലിഡിറ്റി BSNL 'ചെറുതായി' വെട്ടിക്കുറച്ചു
സർക്കാർ ഉടമസ്ഥതയിലുള്ള ടെലിക്കോം കമ്പനിയായ ബിഎസ്എൻഎൽ തങ്ങളുടെ 99 രൂപയുടെ റീച്ചാർജ് പ്ലാൻ ആനുകൂല്യം പരിഷ്കരിച്ചിരിക്കുന്നു. കഴിഞ്ഞ വർഷം ഈ പ്ലാൻ 18 ദിവസ വാലിഡിറ്റിയിൽ ആണ് ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്തിരുന്നത്. പിന്നീട് ഇത് 17 ആക്കി കുറച്ചിരുന്നു. എന്നാലിപ്പോൾ ഇതിന്റെ വാലിഡിറ്റി ചെറുതായി ബിഎസ്എൻഎൽ വീണ്ടും കുറച്ചിരിക്കുന്നു. ഇതോടെ ഈ പ്ലാനിന്റെ പ്രതിദിന ചെലവിൽ നേരിയ വർധന ഉണ്ടായിട്ടുണ്ട്. അടുത്തിടെയായി ബിഎസ്എൻഎൽ തങ്ങളുടെ വിവിധ പ്രീപെയ്ഡ് പ്ലാനുകൾ പരിഷ്കരിച്ച് വരികയാണ്. അതിലെ ഏറ്റവും ഒടുവിലത്തെ പരിഷ്കരണമാണ് 99 രൂപയുടെ പ്ലാൻ വാലിഡിറ്റിയിൽ കത്തി വച്ചതിലൂടെ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.
99 രൂപയുടെ ബിഎസ്എൻഎൽ റീച്ചാർജ് പ്ലാൻ കഴിഞ്ഞ ദിവസം വരെ 17 ദിവസ വാലിഡിറ്റിയാണ് വാഗ്ദാനം ചെയ്തിരുന്നത്. എന്നാലിപ്പോൾ വെറും 15 ദിവസമാണ് ഈ പ്ലാനിന്റെ വാലിഡിറ്റി. അതായത് രണ്ട് ദിവസ വാലിഡിറ്റി കുറച്ചിരിക്കുന്നു. പ്ലാൻ പരിഷ്കരണത്തിന് പിന്നാലെ 99 രൂപയുടെ പ്ലാനിലെ ആനുകൂല്യങ്ങൾ ഇപ്പോൾ 15 ദിവസ വാലിഡിറ്റിയിലാണ് ലഭ്യമാകുക.

പ്ലാൻ പരിഷ്കരണത്തിന് ശേഷം 99 രൂപയുടെ ബിഎസ്എൻഎൽ റീച്ചാർജ് പ്ലാനിൽ ലഭ്യമാകുന്ന ആനുകൂല്യങ്ങൾ: അൺലിമിറ്റഡ് വോയിസ് കോൾ, 50MB ഹൈസ്പീഡ് ഡാറ്റ എന്നിവയാണ് ഈ പ്ലാനിൽ 15 ദിവസ വാലിഡിറ്റിയിൽ ഇപ്പോൾ ലഭ്യമാകുക. വാലിഡിറ്റി കുറച്ചതോടെ ഇതിന്റെ പ്രതിദിന ചെലവ് ഉയർന്നിട്ടുണ്ട്.
ഇതുവരെ 99 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനിന്റെ പ്രതിദിന ചെലവ് 5.82 രൂപയായിരുന്നു. എന്നാൽ പ്ലാൻ പരിഷ്കരണത്തിന് ശേഷം ഇത് 6.6 രൂപയായി വർധിച്ചിട്ടുണ്ട്. ബിഎസ്എൻഎൽ വരിക്കാരെ സംബന്ധിച്ചിടത്തോളം ഉയർന്ന റീച്ചാർജുകൾ ചെയ്യാൻ പണം തികയാത്ത ഘട്ടങ്ങളിൽ ഉപയോഗിക്കാൻ അനുയോജ്യമായ ഒരു പ്ലാനായിട്ടാണ് 99 രൂപയുടെ പ്ലാൻ വിലയിരുത്തപ്പെട്ടിരുന്നത്.

നിലവിൽ വിഐ ഒഴികെയുള്ള ടെലിക്കോം കമ്പനികളൊന്നും 100 രൂപയിൽ താഴെ ഇത്തരമൊരു റീച്ചാർജ് പ്ലാൻ നൽകുന്നില്ല. വിഐയും ബിഎസ്എൻഎല്ലും തമ്മിലുള്ള 99 രൂപ പ്ലാൻ മത്സരത്തിൽ ബിഎസ്എൻഎല്ലിന് മേൽക്കൈ ലഭിച്ചത് കൂടുതൽ വാലിഡിറ്റി നൽകുന്നതുകൊണ്ടായിരുന്നു. എന്നാൽ പുതിയ പ്ലാൻ പരിഷ്കരണത്തിന് ശേഷം ബിഎസ്എൻഎല്ലും വിഐയും 99 രൂപയ്ക്ക് ഒരേ വാലിഡിറ്റി തന്നെ വാഗ്ദാനം ചെയ്യുന്ന നിലയിലേക്ക് കാര്യങ്ങളെത്തി.
ബിഎസ്എൻഎൽ പ്ലാനുകൾ പൊതുവെ കുറഞ്ഞ നിരക്കിൽ മികച്ച ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്തുവരുന്നു. ബിഎസ്എൻഎൽ നൽകുന്ന ആനുകൂല്യങ്ങൾ മറ്റ് ടെലിക്കോം കമ്പനികൾ പലപ്പോഴും ഇരട്ടി വിലയിൽ വരെയാണ് നൽകുന്നത്. അതിനാൽത്തന്നെ മറ്റ് ടെലിക്കോം കമ്പനികളുടെ വരിക്കാർ ബിഎസ്എൻഎൽ പ്ലാനുകളെ അസൂയയോടെയാണ് നോക്കിയിരുന്നത് എന്ന് പറയാം, പ്ലാനുകൾ മികച്ചതാണ് എങ്കിലും ശക്തമായ നെറ്റ്വർക്ക് ശേഷിയുടെ അഭാവമാണ് പലരെയും ബിഎസ്എൻഎല്ലിൽ നിന്ന് അകറ്റുന്നത്.
ബിഎസ്എൻഎൽ അടുത്തിടെയായി തങ്ങളുടെ പല റീച്ചാർജ് പ്ലാനുകളിലും കാര്യമായ മാറ്റങ്ങൾ കൊണ്ടുവരുന്നുണ്ട്. 197 രൂപയുടെ പ്രീപെയ്ഡ് പ്ലാനിന്റെ വാലിഡിറ്റി ഏതാനും ദിവസങ്ങൾക്ക് മുമ്പ് ബിഎസ്എൻഎൽ വെട്ടിക്കുറച്ചു. മുൻപ് 197 രൂപയുടെ പ്ലാൻ 70 ദിവസ വാലിഡിറ്റി വാഗ്ദാനം ചെയ്തിരുന്നു. എന്നാലിത് ഇപ്പോൾ വെറും 54 ദിവസമായി കുറച്ചിരിക്കുന്നു.

ഈ ജൂലൈയുടെ തുടക്കത്തിൽ തന്നെ ബിഎസ്എൻഎല്ലിന്റെ ഏറെ പ്രശസ്തമായ 107 രൂപയുടെ പ്ലാനിന്റെ വാലിഡിറ്റിയും കുറയ്ക്കപ്പെട്ടിരുന്നു. മുൻപ് 35 ദിവസ വാലഡിറ്റിയാണ് 107 രൂപയുടെ പ്ലാനിൽ ലഭിച്ചിരുന്നത്. എന്നാലിപ്പോൾ വെറും 28 ദിവസ വാലിഡിറ്റിയാണ് 107 രൂപയ്ക്ക് ബിഎസ്എൻഎൽ നൽകുന്നത്. വാലിഡിറ്റി വെട്ടിക്കുറയ്ക്കുന്നതിലൂടെ ഈ പ്ലാനുകളുടെയെല്ലാം പ്രതിദിന ചെലവ് വർധിക്കുന്നു.
അതായത് പ്ലാനുകൾ പരിഷ്കരിച്ച് വാലിഡിറ്റി കുറയ്ക്കുന്നതിലൂടെ ബിഎസ്എൻഎൽ സൈലന്റായി പരോക്ഷ നിരക്ക് വർധന നടപ്പാക്കുകയാണ് എന്ന് പറയാം. എന്നാൽ വളരെ തുച്ഛമായ നിലയിൽ മാത്രമാണ് നിരക്ക് വർധന ഉണ്ടായത് എന്നകാര്യം പ്രത്യേകം ശ്രദ്ധിക്കണം. ചെലവ് ചെറുതായി വർധിക്കപ്പെട്ടു എങ്കിലും പരിഷ്കരിക്കപ്പെട്ട ഈ പ്ലാനുകൾ ഉൾപ്പെടെ എല്ലാ ബിഎസ്എൻഎൽ പ്ലാനുകളും ഇപ്പോഴും സ്വകാര്യ കമ്പനികളുടെ പ്ലാനുകളെക്കാൾ വളരെ കുറഞ്ഞ വിലയിൽ തന്നെയാണ് ലഭ്യമാകുന്നത് എന്നതാണ് ശ്രദ്ധേയം.


Click it and Unblock the Notifications








