ഹോളി ഓഫർ കഴിഞ്ഞു, ഇപ്പോൾ ഇവനാണ് ട്രെൻഡ്! ഡാറ്റ വാരിക്കോരി നൽകുന്ന ബിഎസ്എൻഎൽ പ്ലാൻ
ഇത്തവണ ഹോളിക്ക് മികച്ച ഓഫറുകൾ വാഗ്ദാനം ചെയ്ത ഏക ടെലിക്കോം കമ്പനി ബിഎസ്എൻഎൽ ആണ്. തങ്ങളുടെ 1499 രൂപ, 2399 രൂപ പ്രീപെയ്ഡ് പ്ലാനുകളിൽ ഹോളി ധമാക്ക ഓഫറിന്റെ ഭാഗമായി ബിഎസ്എൻഎൽ എക്സ്ട്രാ വാലിഡിറ്റി പ്രഖ്യാപിക്കുകയും ഈ ദിവസങ്ങളിൽ സൗജന്യമായി ഡാറ്റയും കോളിങ്ങും അടക്കം ലഭ്യമാക്കുകയും ചെയ്തിരുന്നു. എന്നാൽ മുൻപ് അറിയിച്ചിരുന്നതുപോലെ തന്നെ മാർച്ച് 31ന് ബിഎസ്എൻഎല്ലിന്റെ ഹോളി ഓഫർ അവസാനിച്ചു. എന്നാൽ ഒന്ന് അവസാനിപ്പിക്കും മുമ്പ് മറ്റൊന്നിന് തുടക്കമിടാനും ബിഎസ്എൻഎൽ മറന്നില്ല. മാർച്ച് 30 മുതൽ തന്നെ ബിഎസ്എൻഎൽ ഒരു പുതിയ പ്രീപെയ്ഡ് പ്ലാൻ അവതരിപ്പിച്ചിട്ടുണ്ട്.
പുതിയ ബിഎസ്എൻഎൽ പ്ലാൻ യഥാർഥത്തിൽ ഒരു ഡാറ്റ പ്ലാൻ ആണ്. ഹോളി ഓഫർ അവസാനിച്ചതിന് പിന്നാലെ ബിഎസ്എൻഎൽ ഇപ്പോൾ കൂടുതൽ പ്രാധാന്യം നൽകി പരിചയപ്പെടുത്തിക്കൊണ്ടിരിക്കുന്നത് ഈ പുതിയ പ്ലാനിനെയാണ്. ആവശ്യത്തിന് ഡാറ്റ, ചീപ് റേറ്റിൽ ലഭ്യമാകും എന്നതാണ് ഈ പുതിയ ബിഎസ്എൻഎൽ പ്ലാനിന്റെ പ്രത്യേകത.

251 രൂപയാണ് പുതിയ ബിഎസ്എൻഎൽ ഡാറ്റ പ്ലാനിന്റെ വില. ഇതേ വിലയിൽ മുൻപ് ബിഎസ്എൻഎല്ലിന് ഒരു പ്ലാൻ ഉണ്ടായിരുന്നു. എന്നാൽ അത് 2024 ഡിസംബറോടുകൂടി നിർത്തലാക്കി. ഇപ്പോൾ മാസങ്ങൾക്കിപ്പുറം അതേ വിലയിൽ ഒരു പുതിയ പ്ലാൻ അവതരിപ്പിച്ചപ്പോൾ പഴയ പ്ലാനിനെക്കാൾ കുറഞ്ഞ ആനുകൂല്യങ്ങളല്ല, അതിനെ കവച്ചുവയ്ക്കുന്ന തരത്തിലുള്ള ആനുകൂല്യങ്ങളാണ് പുതിയ 251 രൂപ പ്ലാനിലുള്ളത്.
251 രൂപയുടെ പുതിയ പ്രീപെയ്ഡ് പ്ലാനിനെ പരിചയപ്പെടും മുമ്പ് ഹോളി ഓഫർ അവസാനിച്ച ശേഷം 2399 രൂപ, 1499 രൂപ പ്രീപെയ്ഡ് പ്ലാനുകളിൽ ലഭ്യമാകുന്ന ആനുകൂല്യങ്ങൾ എന്താണ് എന്ന് കൂടി പരിചയപ്പെടാം. ഹോളി ഓഫറിന്റെ ഭാഗമായി നൽകിയിരുന്ന എക്സ്ട്രാ വാലിഡിറ്റി ഇപ്പോൾ ഈ പ്ലാനുകളിൽ ലഭ്യമല്ല.

ഹോളി ഓഫർ അവസാനിച്ച ശേഷം 2399 രൂപയുടെ ബിഎസ്എൻഎൽ പ്ലാനിൽ ലഭ്യമാകുന്ന ആനുകൂല്യങ്ങൾ: പ്രതിദിനം 2GB ഡാറ്റ, അൺലിമിറ്റഡ് വോയ്‌സ് കോളിങ്, ദിവസം 100 എസ്എംഎസ് തുടങ്ങിയ ആനുകൂല്യങ്ങൾ പഴയതുപോലെ 395 ദിവസ വാലിഡിറ്റിയിൽ ഈ പ്ലാനിൽ ലഭ്യമാകുന്നു. ഓഫർ ഉണ്ടായിരുന്ന സമയത്ത് ഇതിന്റെ വാലിഡിറ്റി 425 ദിവസമായിരുന്നു, എന്നാലിപ്പോൾ പഴയപടിയായി.
ഹോളി ധമാക്ക ഓഫറിന് ശേഷം 1499 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനിൽ ലഭ്യമാകുന്ന ആനുകൂല്യങ്ങൾ: 336 ദിവസ വാലിഡിറ്റിയിൽ അൺലിമിറ്റഡ് വോയിസ് കോളിങ്, 24ജിബി ബൾക്ക് ഡാറ്റ, ദിവസം 100 എസ്എംഎസ് എന്നിവയാണ് ഈ പ്ലാനിൽ ഇപ്പോൾ ലഭിക്കുന്ന പ്രധാന ആനുകൂല്യങ്ങൾ. ബൾക്ക് ഡാറ്റ ആയതിനാൽ വാലിഡിറ്റി കാലയളവിൽ എപ്പോൾ വേണമെങ്കിലും പ്രതിദിന പരിധിയില്ലാതെ ഉപയോഗിക്കാം.
251 രൂപയുടെ പുതിയ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനിൽ ലഭ്യമാകുന്ന ആനുകൂല്യങ്ങൾ: ചീപ് റേറ്റിൽ ഇഷ്ടം പോലെ ഡാറ്റയുമായി എത്തുന്ന ഒരു ഡാറ്റ പ്ലാൻ ആണ് ഇത്. 60 ദിവസ വാലിഡിറ്റിയിലാണ് ഈ പ്ലാനിലെ ഡാറ്റ ലഭ്യമാകുക. ആകെ 251ജിബി ഹൈസ്പീഡ് ഡാറ്റയാണ് ഈ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാൻ 60 ദിവസ വാലിഡിറ്റിയിൽ വാഗ്ദാനം ചെയ്യുന്നത്.

അടിസ്ഥാന വാലിഡിറ്റിയുള്ള ഒരു ബിഎസ്എൻഎൽ പ്ലാൻ ഉപയോഗിക്കുന്ന ആർക്കും ഈ പ്ലാൻ തെരഞ്ഞെടുക്കാം. ഡാറ്റ ആനുകൂല്യം മാത്രമാണ് ഇതിൽ ലഭ്യമാകുക. ഐപിഎൽ സീസൺ കണക്കിലെടുത്ത് ക്രിക്കറ്റ് ബൊണാൻസ എന്ന പേരിൽ ആണ് ബിഎസ്എൻഎൽ ഈ പ്ലാൻ അവതരിപ്പിച്ചിരിക്കുന്നത്. എന്നാൽ ക്രിക്കറ്റ് പ്രേമികൾക്ക് മാത്രമല്ല, ഡാറ്റ കൂടുതൽ ആവശ്യമുള്ള എല്ലാത്തരം ആളുകൾക്കും ഈ പ്ലാൻ അനുയോജ്യമാണ്.


Click it and Unblock the Notifications








