365 ദിവസവും 2GB ഡാറ്റ വീതം ലഭ്യമായിരുന്ന പ്ലാൻ BSNL പിൻവലിച്ചു; ഇപ്പോൾ ഉള്ളത് 5 ഡാറ്റ പ്ലാനുകൾ മാത്രം
ബിഎസ്എൻഎൽ തങ്ങളുടെ പ്രീപെയ്ഡ് പ്ലാനുകളിൽ ഇപ്പോൾ വൻ മാറ്റങ്ങൾ വരുത്തിക്കൊണ്ടിരിക്കുകയാണ്. ഈ മാസത്തിന്റെ തുടക്കത്തിൽ തന്നെ പ്രധാനപ്പെട്ട 5 പ്രീപെയ്ഡ് പ്ലാനുകളുടെ വാലിഡിറ്റി ചെറിയ തോതിൽ ബിഎസ്എൻഎൽ കട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെ ഇപ്പോൾ മറ്റൊരു വിവരം കൂടി അറിവായിരിക്കുന്നു. 365 ദിവസവും ഡാറ്റ ലഭ്യമായിരുന്ന ഒരു ഡാറ്റ പ്ലാൻ ബിഎസ്എൻഎൽ നിർത്തലാക്കിയിരിക്കുന്നു എന്നതാണ് അത്. മുൻപ് 6 പ്ലാനുകൾ ബിഎസ്എൻഎൽ ഡാറ്റ പ്ലാനുകളുടെ പട്ടികയിൽ ഉണ്ടായിരുന്നു. ഇപ്പോഴത് 5 ആയി കുറഞ്ഞിരിക്കുന്നു. 1515 രൂപയുടെ ഡാറ്റ പ്ലാൻ ആണ് ബിഎസ്എൻഎൽ വളരെ നിശബ്ദമായി പിൻവലിച്ചിരിക്കുന്നത്.
1515 രൂപയുടെ ഡാറ്റ പ്ലാൻ
ബിഎസ്എൻഎൽ ഡാറ്റ പ്ലാനുകളുടെ പട്ടികയിലെ ഏറ്റവും ഉയർന്ന വിലയുടെ പ്ലാനായിരുന്നു ഇത്. 365 ദിവസ വാലിഡിറ്റിയിൽ പ്രതിദിനം 2ജിബി ഡാറ്റയാണ് 1515 രൂപയുടെ പ്ലാനിൽ ലഭ്യമായിരുന്നത്. ഇതിന്റെ പ്രതിദിനം ചെലവ് നോക്കിയാൽ 2ജിബി ഡാറ്റയ്ക്ക് ദിവസം 4.15 രൂപ മാത്രമാണ് വേണ്ടി വന്നിരുന്നത്.

ബിഎസ്എൻഎൽ ഉപയോക്താക്കൾക്ക് മികച്ച ഡാറ്റ പിന്തുണ വർഷം മുഴുവൻ ഉറപ്പാക്കാൻ 1515 രൂപയുടെ ഡാറ്റ പ്ലാൻ സഹായകരമായിരുന്നു. ഇപ്പോൾ പിൻവലിക്കപ്പെട്ട 1515 രൂപയുടെ പ്ലാനിന് പകരമായി ബിഎസ്എൻഎൽ പുതിയ പ്ലാൻ അവതരിപ്പിക്കുമോ എന്ന് ഇപ്പോൾ വ്യക്തമല്ല. നിലവിൽ 5 ഡാറ്റ പ്ലാനുകളാണ് ഇനി ബിഎസ്എൻഎല്ലിന്റെ പക്കൽ അവശേഷിക്കുന്നത്.
ലഭ്യമായിട്ടുള്ള ബിഎസ്എൻഎൽ ഡാറ്റ പ്ലാനുകൾ
1515 രൂപയുടെ ഡാറ്റ പ്ലാൻ പിൻവലിക്കപ്പെട്ടതോടെ ഇപ്പോൾ ഏറ്റവും ഉയർന്ന വിലയിലും ഏറ്റവും കൂടുതൽ വാലിഡിറ്റിയിലും ലഭ്യമാകുന്ന ബിഎസ്എൻഎൽ ഡാറ്റ പ്ലാൻ 411 രൂപയുടേത് ആണ്. ഇതിൽ 60 ദിവസ വാലിഡിറ്റിയിൽ 100ജിബി ഡാറ്റ ഉപയോക്താക്കൾക്ക് ലഭ്യമാകുന്നു. ഇത് ബൾക്ക് ഡാറ്റയാണ്. അതായത് പ്രതിദിന പരിധിയില്ലാതെ ഉപയോഗിക്കാൻ സാധിക്കും.

411 രൂപയുടെ പ്ലാൻ കഴിഞ്ഞാൽ ഏറ്റവുമധികം വാലിഡിറ്റി ലഭിക്കുക 198 രൂപയുടെ ബിഎസ്എൻഎൽ ഡാറ്റ പ്ലാനിൽ ആണ്. 30 ദിവസ വാലിഡിറ്റിയിൽ 40GB ഡാറ്റയാണ് ഈ ബിഎസ്എൻഎൽ പ്ലാൻ വാഗ്ദാനം ചെയ്യുന്നത്. തൊട്ടടുത്ത വില കുറഞ്ഞ ഓപ്ഷൻ 105 രൂപയുടെ പ്ലാനാണ്. അതിൽ 7 ദിവസ വാലിഡിറ്റിയിൽ 20ജിബി ഹൈസ്പീഡ് ഡാറ്റ ബിഎസ്എൻഎൽ വാഗ്ദാനം ചെയ്യുന്നു.
ഇനി അവശേഷിക്കുന്ന രണ്ട് ബിഎസ്എൻഎൽ ഡാറ്റ പ്ലാനുകൾ 58 രൂപ, 16 രൂപ വിലകളിൽ ലഭ്യമായവയാണ്. ഇതിൽ 58 രൂപയുടെ ഡാറ്റ പ്ലാൻ 7 ദിവസ വാലിഡിറ്റിയിൽ 8ജിബി ഹൈസ്പീഡ് ഡാറ്റ വാഗ്ദാനം ചെയ്യുന്നു. 16 രൂപയുടെ ബിഎസ്എൻഎൽ ഡാറ്റ പ്ലാൻ അത്യാവശ്യക്കാർക്കായി ഒരു ദിവസ വാലിഡിറ്റിയിൽ കുറഞ്ഞ വിലയിൽ ലഭ്യമാക്കിയിരിക്കുന്ന പ്ലാനാണ്. ഇതിൽ 1 ദിവസ വാലിഡിറ്റിയിൽ 2ജിബി ഡാറ്റയാണ് ലഭിക്കുക.
കുറഞ്ഞ അളവിൽ ഡാറ്റയുള്ള പ്രീപെയ്ഡ് പ്ലാനുകൾ ഉപയോഗിക്കുന്നവർക്ക് അത്യാവശ്യ സന്ദർഭങ്ങളിൽ ഡാറ്റ പിന്തുണ ഉറപ്പാക്കാൻ ഈ ഡാറ്റ പ്ലാനുകൾ സഹായിക്കുന്നു. മറ്റ് ടെലിക്കോം കമ്പനികളുടെ ഡാറ്റ പ്ലാനുകളെ അപേക്ഷിച്ച് നോക്കുമ്പോൾ ബിഎസ്എൻഎല്ലിന്റെ ഡാറ്റ പ്ലാനുകളും ഏറെ ലാഭകരമാണ്. ഉദാഹരണത്തിന് ജിയോയുടെ 1 ദിവസ വാലിഡിറ്റിയുള്ള ഡാറ്റ പ്ലാനിന് 19 രൂപയാണ് വില. 1ജിബി മാത്രമാണ് ഇതിൽ ലഭ്യമാകുക.

മറ്റ് ടെലിക്കോം കമ്പനികളുടെ ഡാറ്റ പ്ലാനുകളെ അപേക്ഷിച്ച് ബിഎസ്എൻഎല്ലിന്റെ ഡാറ്റ പ്ലാനുകൾ ഏറെ ലാഭകരം തന്നെയാണ്. എന്നാൽ ബിഎസ്എൻഎൽ 4ജി വ്യാപനം ഇനിയും നിരവധി ഏരിയകളിലേക്ക് എത്താനുണ്ട്. 4ജി വ്യാപനം കൂടുതൽ ശക്തിപ്പെടുത്തി മികച്ച ഡാറ്റ സേവനങ്ങൾ വാഗ്ദാനം ചെയ്ത് വിശ്വാസം നേടിയെടുത്താൽ മാത്രമേ കൂടുതൽ ആളുകൾ ബിഎസ്എൻഎൽ ഡാറ്റ പ്ലാനുകൾ ഉപയോഗപ്പെടുത്താൻ മുന്നോട്ട് വരൂ.


Click it and Unblock the Notifications








