നാഴികക്കല്ലുകൾ ഒന്നൊന്നായി മറികടക്കുകയാണ്; ഒപ്പം ഒരു കിടിലൻ പ്ലാനും പരിചയപ്പെടുത്തി BSNL
ഇന്ത്യയിലെ സാധാരണക്കാരുടെ ഇഷ്ട ടെലിക്കോം കമ്പനി ബിഎസ്എൻഎൽ (BSNL) ആയിരിക്കും. കാരണം താങ്ങാനാകുന്ന വിലയിൽ റീച്ചാർജ് ഓപ്ഷനുകൾ വാഗ്ദാനം ചെയ്യുന്നത് ബിഎസ്എൻഎൽ മാത്രമാണ്. എങ്കിലും 4ജി, 5ജി സേവനങ്ങൾ ലഭ്യമല്ല എന്നത് ബിഎസ്എൻഎല്ലിന്റെ പോരായ്മയായി ചൂണ്ടിക്കാണിക്കപ്പെട്ടുവരുന്നു. പക്ഷേ ഈ പരാതികൾക്ക് അധികം വൈകാതെ പരിഹാരമാകും. കാരണം ബിഎസ്എൻഎൽ 4ജി വ്യാപനം അതിവേഗം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഏതാണ്ട് നാല് മാസത്തിനകം ബിഎസ്എൻഎൽ 5ജി വ്യാപനം പൂർത്തിയാകും. അതിന് ശേഷം ജൂലൈയോടു കൂടി ബിഎസ്എൻഎൽ 5ജി വ്യാപനം ആരംഭിക്കും എന്നാണ് പറയപ്പെടുന്നത്.
ഒരുലക്ഷം ടവറുകളിൽ 4ജി സ്ഥാപിക്കുന്നതിനുള്ള ബിഎസ്എൻഎൽ നീക്കം അതിവേഗം പുരോഗമിക്കുന്നുണ്ട്. ഈ 4ജി വ്യാപനത്തിൽ ഗ്രാമപ്രദേശങ്ങൾക്ക് വളരെയധികം പ്രാധാന്യം ബിഎസ്എൻഎൽ നൽകുന്നുണ്ട്. മറ്റ് ടെലിക്കോം കമ്പനികൾ കടന്നുചെല്ലാൻ മടിക്കുന്ന ഗ്രാമപ്രദേശങ്ങളയും ഏറ്റവും കാര്യക്ഷമമായി പരിഗണിച്ചുകൊണ്ടാണ് ബിഎസ്എൻഎൽ 4ജി വ്യാപനം മുന്നേറുന്നത്. 4ജി വ്യാപനം സംബന്ധിച്ച നിർണായക മുന്നേറ്റങ്ങൾ ബിഎസ്എൻഎൽ വെളിപ്പെടുത്താറുണ്ട്.

കഴിഞ്ഞ ദിവസം ബിഎസ്എൻഎൽ തങ്ങളുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെ പങ്കുവച്ച വിവരങ്ങൾ പ്രകാരം ഇതിനകം 10,000 ഗ്രാമപ്രദേശങ്ങളിൽ ബിഎസ്എൻഎൽ 4ജി എത്തിയിരിക്കുന്നു. ഇതുവരെ 4ജി സേവനങ്ങൾ ലഭ്യമാകാത്ത ഗ്രാമങ്ങളാണ് ഇവ എന്നതാണ് ഏറ്റവും ശ്രദ്ധേയം. ഇന്ത്യയുടെ ഡിജിറ്റൽ ഭൂപടത്തിലേക്ക് ഗ്രാമങ്ങളെയും വരച്ച് ചേർക്കാൻ ബിഎസ്എൻഎല്ലിന് കഴിഞ്ഞു എന്നത് വളരെ ശ്രദ്ധേയമായ നീക്കമാണ്.
ഗ്രാമപ്രദേശങ്ങളിലെ പതിനായിരം 4ജി ടവറുകൾ ഇതുവരെ കമ്മിഷൻ ചെയ്തതായി ബിഎസ്എൻഎൽ പുറത്തുവിട്ട ഹൃസ്വ വീഡിയോയിൽ പറയുന്നു. തദ്ദേശീയമായി വികസിപ്പിച്ച 4ജി ടെക്നോളജി ഉപയോഗിച്ച് 4ജി വാഗ്ദാനം ചെയ്യുന്ന ഏക ഇന്ത്യൻ ടെലിക്കോം കമ്പനിയാണ് ബിഎസ്എൻഎൽ എന്ന പ്രത്യേകതയും ഉണ്ട്. ബിഎസ്എൻഎൽ 4ജി വ്യാപനത്തിലെ ഒരു നിർണായക നാഴികക്കല്ലാണ് ഇപ്പോൾ പിന്നിട്ടിരിക്കുന്നത് എന്ന് വിലയിരുത്തപ്പെടുന്നു.

ബിഎസ്എൻഎൽ 4ജി വ്യാപനത്തിന്റെ ആകെ ടവറുകളുടെ എണ്ണം 65000 പിന്നിട്ടതായി കഴിഞ്ഞ മാസം പുറത്തുവന്ന റിപ്പോർട്ട് വ്യക്തമാക്കിയിരുന്നു. ഇത് അധികം വൈകാതെ ലക്ഷ്യമിട്ട ഒരു ലക്ഷം 4ജി ടവറുകൾ എന്നതിലേക്ക് എത്തും. അതിന് ശേഷം 5ജി ആരംഭിക്കാനുള്ള നടപടികളും സമാന്തരമായി ബിഎസ്എൻഎൽ നടത്തിവരുന്നുണ്ട്.
4ജി വ്യാപനത്തിലെ ഗ്രാമീണ മുന്നേറ്റം പങ്ക് വച്ചത് കൂടാതെ സാധാരണക്കാർക്ക് ഏറെ ഉപകാരപ്പെടുന്ന ഒരു റീച്ചാർജ് പ്ലാനും ബിഎസ്എൻഎൽ ട്വിറ്റർ പേജിലൂടെ ഉപയോക്താക്കളെ പരിചയപ്പെടുത്തിയിട്ടുണ്ട്. 439 രൂപയുടെ പ്ലാനാണ് അത്. ഇത് യഥാർഥത്തിൽ ഒരു പുതിയ പ്ലാനല്ല. എങ്കിലും സമീപകാലത്ത് ഈ ബിഎസ്എൻഎൽ പ്ലാനിന്റെ പ്രസക്തി ഏറെ കൂടി.
439 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാൻ യഥാർഥത്തിൽ ഒരു വോയ്സ് ഒൺലി പ്ലാൻ ആണ്. വോയ്സ്, എസ്എംഎസ് ആനുകൂല്യങ്ങൾ മാത്രമാണ് ഈ പ്ലാനിൽ ലഭ്യമാകുക. ട്രായി അടുത്തിടെ വോയ്സ് ഒൺലി പ്ലാൻ നിർബന്ധമായും ലഭ്യമാക്കിയിരിക്കണമെന്ന് ഉത്തരവ് ഇട്ടിരുന്നു. എന്നാൽ ഈ ഉത്തരവ് വരുന്നതിനും മുൻപ് ഈ ബിഎസ്എൻഎൽ പ്ലാൻ ഉണ്ടായിരുന്നു എന്നതാണ് ഒരു പ്രത്യേകത.

അതായത് ജനങ്ങളുടെ ആവശ്യങ്ങൾക്കൊപ്പം നിൽക്കുന്ന പ്ലാനുകൾ നൽകാൻ ബിഎസ്എൻഎല്ലിനെ ആരും പഠിപ്പിക്കുകയോ നിർബന്ധിക്കുകയോ വേണ്ട എന്ന് വേണമെങ്കിൽ വ്യാഖ്യാനിക്കാം. എന്തായാലും മറ്റ് ടെലിക്കോം കമ്പനികൾ പുതിയതായി അവതരിപ്പിച്ച പ്ലാനുകളെക്കാൾ മികച്ചത് തന്നെയാണ് ഏറെ നാളായുള്ള 439 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാൻ.
439 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനിലെ ആനുകൂല്യങ്ങൾ: അൺലിമിറ്റഡ് വോയിസ് കോളുകൾ, ആകെ 300 എസ്എംഎസ് എന്നിവ 90 ദിവസത്തെ വാലിഡിറ്റിയിൽ ഈ പ്ലാനിൽ ലഭിക്കും. ഡാറ്റ ആനുകൂല്യങ്ങൾ ഇതിൽ ലഭ്യമാകില്ല. ഏകദേശം 2022 ഒക്ടോബർ മുതൽ ഈ പ്ലാൻ നിലവിലുണ്ട്. ഈ പ്ലാനിലെ ആനുകൂല്യങ്ങൾ ട്വിറ്ററിലൂടെ ഇപ്പോൾ വീണ്ടും ഓർമ്മിപ്പിക്കുകയാണ് ബിഎസ്എൻഎൽ ചെയ്തിരിക്കുന്നത്.


Click it and Unblock the Notifications







