മാസത്തിൽ ഒന്ന് വീതം 12 തവണ ചെയ്താൽ സംഭവം ഓക്കെ! ഏറ്റവും മികച്ച BSNL പ്രതിമാസ പ്ലാനുകളിലൊന്ന്
ബിഎസ്എൻഎൽ (BSNL) തങ്ങളുടെ വരിക്കാർക്കായി നിരവധി പ്രീപെയ്ഡ് പ്ലാനുകൾ ലഭ്യമാക്കിയിട്ടുണ്ട്. അതിൽ പ്രതിമാസ പ്ലാനുകൾ തേടുന്നതും എന്നാൽ ഡാറ്റ അധികം വേണ്ടാത്തവരുമായ ബിഎസ്എൻഎൽ വരിക്കാർക്ക് അനുയോജ്യമായ ഒരു റീച്ചാർജ് പ്ലാനാണ് 147 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ. ബിഎസ്എൻഎല്ലിന്റെ എല്ലാ പ്ലാനുകളും മാന്യമായ നിരക്കിൽ മികച്ച ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നുണ്ട് എന്നതിൽ തർക്കമില്ല. എന്നാൽ പല ഉപയോക്താക്കളുടെയും ആവശ്യങ്ങളും മുടക്കാൻ കഴിയുന്ന തുകയുമൊക്കെ വ്യത്യസ്തമായിരിക്കും. ഇതിൽ ചെറിയ അളവിൽ ഡാറ്റ ഉപയോഗവും അൺലിമിറ്റഡ് കോളിങ്ങും ലഭിക്കുകയും ഏറ്റവും കുറഞ്ഞ വിലയിൽ ഒരു മാസത്തെ വാലിഡിറ്റി ലഭ്യമാകുകയും ചെയ്യണമെന്ന് ആഗ്രഹിക്കുന്നവർക്ക് അനുയോജ്യമായ പ്ലാനാണ് ഇത്.
നേരത്തെ കുറഞ്ഞ വിലയിൽ മികച്ച വാലിഡിറ്റിക്കായി ബിഎസ്എൻഎൽ വരിക്കാർക്ക് ആശ്രയിക്കാൻ 107 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ ഉണ്ടായിരുന്നു. എന്നാൽ കഴിഞ്ഞ ആഴ്ചയിൽ ബിഎസ്എൻഎൽ 107 രൂപയുടെ പ്ലാനിന്റെ 35 ദിവസം എന്ന വാലിഡിറ്റി വെട്ടിക്കുറയ്ക്കുകയും അത് 28 ദിവസമാക്കി ചുരുക്കുകയും ചെയ്തു.

അതോടെ കുറഞ്ഞ വിലയിൽ വാലിഡിറ്റി നിലനിർത്താൻ ലഭ്യമായിരുന്ന 107 രൂപയുടെ പ്ലാനിന്റെ പ്രതിദിന ചെലവ് കൂടി. വാലിഡിറ്റി 28 ദിവസമാക്കി കുറച്ചെങ്കിലും 107 രൂപയുടെ പ്ലാനിലെ ആനുകൂല്യങ്ങൾക്കൊന്നും മാറ്റം വരുത്തിയിട്ടില്ല. ആകെ 200 മിനിറ്റ് കോളിങ്ങും 3ജിബി ഡാറ്റയും 107 രൂപയുടെ പ്ലാനിൽ 28 ദിവസ വാലിഡിറ്റിയിൽ ഇപ്പോൾ ലഭ്യമാകും.
107 രൂപയുടെ പ്ലാൻ സാധാരണക്കാർക്ക് വാലിഡിറ്റി നിലനിർത്താൻ ഒരു മികച്ച ഓപ്ഷനായിരുന്നു. എന്നാൽ അൺലിമിറ്റഡ് കോളിങ് സഹിതം ഒരു മാസത്തെ വാലിഡിറ്റി ചെറിയ തുകയിൽ ലഭ്യമാകണം എന്ന് ആഗ്രഹിക്കുന്ന ബിഎസ്എൻഎൽ വരിക്കാർക്ക് വേണ്ടി അവതരിപ്പിക്കപ്പെട്ടിട്ടുള്ള പ്ലാനാണ് 147 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ.

147 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനിലെ ആനുകൂല്യങ്ങൾ: 30 ദിവസമാണ് ഈ പ്ലാനിന്റെ വാലിഡിറ്റി. ഇക്കാലയളവിൽ അൺലിമിറ്റഡ് കോളിങ് സാധ്യമാകും. കൂടാതെ ചെറിയ അളവിലുള്ള ഡാറ്റ ആവശ്യങ്ങൾ ഉള്ളവർക്ക് പ്രയോജനപ്പെടും വിധത്തിൽ 10ജിബി ഡാറ്റയും ഇതിൽ ഉണ്ട്. എന്നാൽ എസ്എംഎസ് ആനുകൂല്യങ്ങൾ ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നില്ല.
മാസം ഒരു തവണ വീതം വർഷത്തിൽ 12 തവണ ചെയ്താൽ 360 ദിവസ വാലിഡിറ്റിക്കായി 1764 രൂപയാണ് ചെലവാകുക. ഒറ്റത്തവണത്തെ റീച്ചാർജിൽ ദീർഘകാല വാലിഡിറ്റിയിൽ അൺലിമിറ്റഡ് കോളിങ് വാഗ്ദാനം ചെയ്യുന്ന പ്ലാനുകൾ ബിഎസ്എൻഎല്ലിന് ഉണ്ട്. എന്നാൽ പ്രതിമാസം കുറഞ്ഞ തുക മുടക്കിയാൽ മതി എന്നതാണ് 147 രൂപയുടെ പ്ലാനിന്റെ പ്രസക്തി.
പ്രതിദിനം 4 രൂപ 9 പൈസ മാത്രമാണ് 147 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനിന്റെ പ്രതിദിന ചെലവ്. ഇതിൽ ലഭ്യമാകുന്ന ഡാറ്റ പോര എന്നുള്ളവർക്ക് അടിയന്തര ആവശ്യങ്ങളിൽ ഉപയോഗിക്കുന്നതിനായി ഡാറ്റ പ്ലാനുകളുടെ സഹായം തേടാം. ഒരു ദിവസ വാലിഡിറ്റിയിൽ 2ജിബി ഡാറ്റ വാഗ്ദാനം ചെയ്യുന്ന 16 രൂപയുടെ ഡാറ്റ പ്ലാൻ ഉൾപ്പെടെ ബിഎസ്എൻഎൽ വാഗ്ദാനം ചെയ്യുന്നുണ്ട്.

ഇനി ഡാറ്റ പ്ലാനുകളെ ആശ്രയിക്കാൻ താൽപര്യമില്ലെങ്കിൽ 199 രൂപയുടെ ബിഎസ്എൻഎൽ പ്ലാൻ തെരഞ്ഞെടുക്കാം. 30 ദിവസ വാലിഡിറ്റിയിൽ പ്രതിദിനം 2ജിബി ഡാറ്റ, അൺലിമിറ്റഡ് കോളിങ്, ദിവസം 100 എസ്എംഎസ് എന്നീ ആനുകൂല്യങ്ങൾ 199 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാൻ ഉപയോക്താക്കൾക്ക് ലഭ്യമാക്കിയിട്ടുണ്ട്. പ്രതിദിനം 6 രൂപ 60 പൈസ മാത്രമാണ് ഇതിന്റെ പ്രതിദിന ചെലവ്.


Click it and Unblock the Notifications








