ഏഷ്യാ കപ്പ് പോരാട്ടം BSNL കാണിച്ച് തരും; 25+ ഒടിടി, 300+ ലൈവ് ചാനലുകൾ... കാഴ്ചകൾ ഒട്ടേറെയുണ്ട്
ഇന്ത്യൻ ടെലിക്കോം രംഗത്തെ പൊതുമേഖലാ സാന്നിധ്യമായ ബിഎസ്എൻഎൽ (BSNL) ഇപ്പോൾ നടക്കുന്ന ഏഷ്യാ കപ്പ് ക്രിക്കറ്റ് പോരാട്ടം കാണാൻ തങ്ങളുടെ വരിക്കാർക്ക് അവസരം ഒരുക്കിയിരിക്കുന്നു. ക്രിക്കറ്റ് കളി മാത്രമല്ല, മറ്റ് നിരവധി എന്റർടെയ്ൻമെന്റ് ആനുകൂല്യങ്ങളും ബിഎസ്എൻഎൽ ഇപ്പോൾ മൊബൈൽ ഉപയോക്താക്കൾക്കായി വാഗ്ദാനം ചെയ്യുന്നുണ്ട്. കഴിഞ്ഞ മാസം അവസാനത്തോടെ ബിഎസ്എൻഎൽ മൂന്ന് ഒടിടി സ്പെഷൽ പ്രീപെയ്ഡ് പ്ലാനുകൾ പുറത്തിറക്കിയിരുന്നു. അതിലെ ഏറ്റവും പ്രീമിയം പ്ലാൻ ഉപയോഗിച്ചുകൊണ്ടാണ് ഈ പറഞ്ഞ ആനുകൂല്യങ്ങളെല്ലാം ബിഎസ്എൻഎൽ വാഗ്ദാനം ചെയ്യുന്നത്. പ്രീമിയം പ്ലാൻ എന്ന് കേട്ട് ഞെട്ടേണ്ടതില്ല, വെറും 151 രൂപയാണ് ഈ പ്ലാനിന്റെ വില.
ഏഷ്യാ കപ്പ് മത്സരം ലൈവ് കാണാം
ഏഷാ കപ്പ് ക്രിക്കറ്റ് മത്സരത്തിലെ ആവേശകരമായ പോരാട്ടങ്ങൾ സോണിലിവ് ആണ് ലൈവായി സംപ്രേക്ഷണം ചെയ്യുന്നത്. ബിഎസ്എൻഎൽ കഴിഞ്ഞ മാസം പുറത്തിറക്കിയ 151 രൂപയുടെ ഒടിടി പ്ലാൻ സോണിലിവ് സബ്സ്ക്രിപ്ഷൻ സഹിതമാണ് എത്തുന്നത്. അതിനാൽ ഈ പ്ലാൻ ഉപയോഗിച്ചുകൊണ്ട് ബിഎസ്എൻഎൽ വരിക്കാർക്ക് ഈ ക്രിക്കറ്റ് മത്സരങ്ങൾ തത്സമയം ആസ്വദിക്കാൻ അവസരമുണ്ട്.

151 രൂപയുടെ ബിഎസ്എൻഎൽ ഒടിടി പ്ലാൻ
ബിഎസ്എൻഎല്ലിനെ സംബന്ധിച്ചിടത്തോളം ഒടിടി സബ്സ്ക്രിപ്ഷൻ അടങ്ങുന്ന റീച്ചാർജ് പ്ലാനുകൾ മുൻപ് അന്യമായിരുന്നു. എന്നാൽ ആ കുറവ് ഒരളവുവരെ പരിഹരിച്ചുകൊണ്ട് കഴിഞ്ഞ മാസം മൂന്ന് ഒടിടി പ്ലാനുകൾ കമ്പനി അവതരിപ്പിച്ചു. ഈ പ്ലാനുകൾ 28 രൂപ, 29 രൂപ, 151 രൂപ വിലകളിലാണ് എത്തിയത്.
കഴിഞ്ഞ ദിവസം ബിഎസ്എൻഎൽ ട്വിറ്റർ അക്കൗണ്ടിലൂടെ ബിഎസ്എൻഎൽ 151 രൂപ ഒടിടി പ്ലാനിന്റെ ആനുകൂല്യങ്ങൾ വരിക്കാരെ ഓർമിപ്പിച്ചിരിക്കുന്നു. ഇപ്പോൾ നടക്കുന്ന ഏഷ്യാ കപ്പ് പോരാട്ടം കാണാൻ ഈ പ്ലാൻ ഉപയോഗപ്പെടുത്താനാകുമെന്ന് ബിഎസ്എൻഎൽ പറയുന്നു. അതിനായി ബിഎസ്എൻഎൽ സെൽഫ് കെയർ ആപ്പ്, ഗൂഗിൾ പേ, ഫോൺ പേ തുടങ്ങിയ വിവിധ മാർഗങ്ങളിലൂടെ 151 രൂപയുടെ പ്ലാൻ ഉപയോഗിച്ച് റീച്ചാർജ് ചെയ്യാൻ ബിഎസ്എൻഎൽ ട്വീറ്റിൽ നിർദേശിച്ചിരിക്കുന്നു.

ക്രിക്കറ്റ് മത്സരം കാണാനാകുന്ന സോണിലിവ് മാത്രമല്ല, സൺനെക്സ്റ്റ്, ലയൺസ്‌ഗേറ്റ് പ്ലേ, ഡോളിവുഡ് പ്ലേ, ഇടിവി വിൻ, ആഹ, ആഹ തമിഴ്, ദംഗൽ പ്ലേ, ചൗപാൽ, ഷോർട്ട്സ്, ചൗപാൽ ഭോജ്പുരി, ഷെമറൂമി, വിആർഒടിടി, പ്രീമിയംഫ്ലിക്സ്, നമ്മഫ്ലിക്സ്, ഗുജാരി എന്നിവയുൾപ്പെടെ 17 ഒടിടികളുടെ സബ്സ്ക്രിപ്ഷനും ഈ 151 രൂപ പ്ലാനിൽ ലഭിക്കും.
ക്രിക്കറ്റ് മത്സരം മാത്രമല്ല, സിനിമകൾ ഉൾപ്പെടെയുള്ള മറ്റ് എന്റർടെയ്ൻമെന്റുകളും സോണിലിവും മറ്റ് ഒടിടി പ്ലാറ്റ്ഫോമുകളും വഴി ഈ പ്ലാനിൽ ആസ്വദിക്കാൻ സാധിക്കും. 30 ദിവസ വാലിഡിറ്റിയിൽ ആണ് ഈ ഒടിടി പ്ലാറ്റ്ഫോമുകളുടെ സബ്സ്ക്രിപ്ഷൻ ആസ്വദിക്കാൻ സാധിക്കുക. കോളിങ്, ഡാറ്റ, എസ്എംഎസ്, വാലിഡിറ്റി പോലുള്ള മറ്റ് ആനുകൂല്യങ്ങളൊന്നും ഈ പ്ലാനിൽ ലഭ്യമാകില്ല.
ബിഎസ്എൻഎല്ലിന്റെ മറ്റ് രണ്ട് ഒടിടി പ്ലാനുകൾ കൂടി കുറഞ്ഞ വിലയിൽ ഉണ്ടെങ്കിലും അവയിൽ സോണിലിവ് സബ്സ്ക്രിപ്ഷൻ ഉൾപ്പെടുന്നില്ല. 28 രൂപ പ്ലാൻ 30 ദിവസത്തെ വാലിഡിറ്റിയോടെയാണ് വരുന്നത്. ലയൺസ്ഗേറ്റ് പ്ലേ, ഇടിവി വിൻ, വിആർഒടിടി, പ്രീമിയംഫ്ലിക്സ്, നമ്മൾഫ്ലിക്സ്, ഗുജാരി, ഫ്രൈഡേ എന്നിവയുൾപ്പെടെയുള്ള സബ്സ്ക്രിപ്ഷനുകളാണ് വാഗ്ദാനം ചെയ്യുന്നത്.

അതേപോലെ ബിഎസ്എൻഎൽ 29 രൂപ പ്ലാൻ 30 ദിവസത്തേക്ക് ഷെമറൂമി, ലയൺസ്‌ഗേറ്റ് പ്ലേ, ദംഗൽ പ്ലേ, വിആർഒടിടി, പ്രീമിയംഫ്ലിക്സ്, ഗുജാരി, 9 കോംപ്ലിമെന്ററി ഒടിടി സബ്സ്ക്രിപ്ഷനുകളുമായി എത്തുന്നു. മറ്റൊരു കാര്യം, 25+ ഒടിടി പ്ലാറ്റ്ഫോമുകൾക്ക് പുറമേ, 300+ ലൈവ് ടിവി ചാനലുകളും 151 രൂപ പ്ലാനിൽ ലഭ്യമാകും എന്ന് ട്വീറ്റിൽ ബിഎസ്എൻഎൽ വ്യക്തമാക്കുന്നുണ്ട്.


Click it and Unblock the Notifications








