ഇന്ത്യക്ക് വെളിയിലും ബിഎസ്എൻഎൽ രക്ഷയ്ക്ക് എത്തും; പുതിയ പ്ലാൻ എത്തി
ഇന്ത്യയിലെ ടെലിക്കോം വരിക്കാർ ഭാഗ്യവാന്മാരാണ് എന്ന് പൊതുവെ പറയാറുണ്ട്, കാരണം അവർക്ക് താൽപര്യമുണ്ടെങ്കിൽ കുറഞ്ഞ വിലയിൽ ടെലിക്കോം ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്ന ബിഎസ്എൻഎല്ലിന്റെ (BSNL) പ്ലാനുകൾ ഉപയോഗപ്പെടുത്താനാകും. മറ്റ് കമ്പനികൾ നൽകുന്നതിനെക്കാൾ വിലകുറഞ്ഞ പ്ലാനുകൾ ബിഎസ്എൻഎൽ ലഭ്യമാക്കിയിരിക്കുന്നു. എന്നാൽ ബിഎസ്എൻഎല്ലിന്റെ ഈ വിലക്കുറവ് കളി ഇങ്ങ് ഇന്ത്യയിൽ മാത്രമല്ലേ നടക്കൂ എന്ന് ചിലർ ചോദിച്ചേക്കാം, എന്നാൽ അങ്ങനെയല്ല, വിദേശത്തും ബിഎസ്എൻഎൽ താങ്ങാനാകുന്ന വിലയിൽ കണക്ടിവിറ്റി ലഭ്യമാക്കുന്നുണ്ട്, തങ്ങളുടെ ഇന്റർനാഷണൽ റോമിങ് പ്ലാൻ (international roaming plan) വഴിയാണ് അത്.
കഴിഞ്ഞ ആഴ്ച ബിഎസ്എൻഎൽ തങ്ങളുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെ ഒരു റോമിങ് പ്ലാൻ വരിക്കാർക്കായി പരിചയപ്പെടുത്തിയിട്ടുണ്ട്. 1799 രൂപയാണ് ഈ പ്ലാനിന്റെ വില. ചെറിയ കാലയളവിലേക്കുള്ള വിദേശയാത്രയ്ക്ക് തയാറെടുക്കുന്ന ഇന്ത്യക്കാർക്ക് ആവശ്യമായ അടിസ്ഥാന ആനുകൂല്യങ്ങൾ ഈ ഇന്റർനാഷണൽ റോമിങ് പ്ലാൻ വാഗദാനം ചെയ്യുന്നുണ്ട്.

ബിഎസ്എൻഎൽ 1799 രൂപയുടെ ഇന്റർനാഷണൽ റോമിംഗ് പ്ലാനിൽ വാഗ്ദാനം ചെയ്യുന്ന ആനുകൂല്യങ്ങൾ: 1ജിബി ഡാറ്റ, 10 മിനിറ്റ് (ഔട്ട്‌ഗോയിംഗ്) ടോക്ക് ടൈം, ആകെ 5 എസ്എംഎസ്, 7 ദിവസം വാലിഡിറ്റി എന്നിവയാണ് ഈ പ്ലാനിൽ ലഭ്യമാകുക. 18 രാജ്യങ്ങളിൽ ഈ ബിഎസ്എൻഎൽ പ്ലാൻ ഉപയോഗിക്കാനാകും.
എൻടിടി ഡോകോമോ (ജപ്പാൻ), വിൻഡ് (ഗ്രീസ്), ടെലിഫോണിക്ക (ജർമ്മനി), വിയറ്റ്‌നെൽ (വിയറ്റ്നാം), ഡയലോഗ് (ശ്രീലങ്ക), ഹച്ചിസൺ (ഓസ്ട്രിയ), തുടങ്ങിയ നെറ്റ്വർക്ക് കമ്പനികളുമായി സഹകരിച്ചുകൊണ്ടാണ് ബിഎസ്എൻഎൽ 1799 രൂപയുടെ ബിഎസ്എൻഎൽ IR പ്ലാൻ അവതരിപ്പിച്ചിരിക്കുന്നത്. ഇന്ത്യക്കാർ സന്ദർശിക്കാൻ ഏറെ ഇഷ്ടപ്പെടുന്ന ടൂറിസം കേന്ദ്രങ്ങളുള്ള രാജ്യങ്ങളിൽ ഈ പ്ലാൻ ആനുകൂല്യങ്ങൾ ലഭ്യമാകും എന്നതാണ് ഏറെ ശ്രദ്ധേയം.

ഇന്ത്യക്ക് ഉള്ളിൽ മാത്രമല്ല, പുറത്തും വിശ്വസനീയമായി ഉപയോഗിക്കാൻ സാധിക്കുന്ന സേവനം എന്ന നിലയിൽ വരിക്കാരുടെ വിശ്വാസ്യത പിടിച്ചുപറ്റാൻ ഇത്തരം ഐആർ പ്ലാനുകളിലൂടെ ബിഎസ്എൻഎൽ ലക്ഷ്യമിടുന്നു. ചെറിയ കാലയളവിലേക്കായി വിദേശ സന്ദർശനം നടത്തുന്നവർക്ക് അവിടുത്തെ സിം കാർഡ് വാങ്ങി ഉപയോഗിക്കുക എന്നത് അത്ര പ്രായോഗികമായ കാര്യമല്ല.
എന്നാൽ ഇത്തരം ബിഎസ്എൻഎൽ പ്ലാനുകൾ ഉപയോഗിക്കുകവഴി വിദേശത്തും കണ്ക്ടിവിറ്റി ഉറപ്പാക്കാനാകും. 1799 രൂപ എന്നത് ഒരു വലിയ തുകയായി തോന്നുമെങ്കിലും മറ്റ് ടെലിക്കോം കമ്പനികളുടെ ഐആർ പ്ലാനുകളുടെ റേറ്റും വിദേശത്ത് ടെലിക്കോം സേവനങ്ങൾ ലഭ്യമാകണമെങ്കിൽ മുടക്കേണ്ട റേറ്റുമായി താരതമ്യം ചെയ്യുമ്പോൾ ഇത് വളരെ കുറവാണ് എന്ന് മനസിലാകും.
പുതിയ ഐആർ പ്ലാനുകൾ ബിഎസ്എൻഎല്ലിന്റെ വളർച്ചയെയും സൂചിപ്പിക്കുന്നു. ഇതുവരെ നടന്ന പഴഞ്ചൻ രീതികളിൽ നിന്ന് മാറി ജനപ്രീതി പിടിച്ചുപറ്റാനുള്ള എല്ലാ അവസരങ്ങളും പ്രയോജനപ്പെടുത്താൻ ബിഎസ്എൻഎൽ തുനിഞ്ഞിറങ്ങിയിരിക്കുന്നതായി ഇത്തരം ഐആർ പ്ലാനുകൾ കാണുമ്പോൾ മനസിലാകും. സ്വകാര്യ കമ്പനികളുടെ ഐആർ പ്ലാനുകൾക്ക് വൻ വിലയാണ്, ഇവിടെ തങ്ങൾക്ക് സാധ്യതകൾ ഉണ്ട് എന്ന തിരിച്ചറിവ് കൂടിയാണ് ബിഎസ്എൻഎല്ലിന്റെ ഐആർ പ്ലാനുകൾ.

ബിഎസ്എൻഎല്ലിന്റെ ഏറ്റവും വില കൂടി ഐആർ പ്ലാൻ എത്തുന്നത് 5399 രൂപ വിലയിലാണ്. ഇതിൽ 30 മിനിറ്റ് കോളിങ്, 15 എസ്എംഎസ്, ആകെ 3ജിബി ഡാറ്റ എന്നിവയാണ് ലഭിക്കുക. 30 ദിവസമാണ് ഈ പ്ലാനിന്റെ വാലിഡിറ്റി. ആകെ 18 രാജ്യങ്ങളിൽ ഈ പ്ലാൻ ഉപയോഗിക്കാനാകും.
ഭൂട്ടാൻ- ബി മൊബൈൽ, ഗ്രീസ്- വിൻഡ്, മലേഷ്യ- യു മൊബൈൽ, ഓസ്ട്രിയ- ഹച്ച്, ചൈന- ചൈന ടെലികോം, വിയറ്റ്നാം- വിയറ്റ്നാം, നേപ്പാൾ- എൻടിസി, ശ്രീലങ്ക- ഡയലോഗ്, ജർമ്മനി- ടെലിഫോണിക്ക, ഇസ്രായേൽ- ഹോട്ട് മൊബൈൽ, ബംഗ്ലാദേശ്- ഗ്രാമീൺഫോൺ, മ്യാൻമർ- എംപിടി, കുവൈറ്റ്- സൈൻ, തായ്‌ലൻഡ്- ട്രിനെറ്റ്, ഡെൻമാർക്ക്- ഹായ് 3എഎസ്, ഉസ്ബെക്കിസ്ഥാൻ- യുസെൽ, ഫ്രാൻസ്- ബോയ്‌ഗസ്, ജപ്പാൻ- എൻടിടി ഡോകോമോ എന്നിവയാണ് ഈ പ്ലാനുകൾ ഉപയോഗിക്കാവുന്ന രാജ്യങ്ങളും കറസ്പോണ്ടിങ് ഓപ്പറേറ്റർമാരും.


Click it and Unblock the Notifications








