ഈ BSNL പ്ലാൻ 40 ദിവസത്തേക്ക് 80GB ഡാറ്റ തരും, പക്ഷേ ഈ കാര്യം അറിയില്ലേൽ കാശ് പോകും
ബിഎസ്എൻഎൽ തങ്ങളുടെ മികച്ച പ്രീപെയ്ഡ് പ്ലാനുകൾ ഔദ്യോഗിക ട്വിറ്റർ (ഇപ്പോൾ x) അക്കൗണ്ട് വഴി ആളുകളെ പരിചയപ്പെടുത്താറുണ്ട്. ഇങ്ങനെ പരിചയപ്പെടുത്തുന്ന പ്ലാനുകൾ പുതിയത് തന്നെ ആകണം എന്നില്ല. ഇതിനകം ഉപയോഗത്തിലുള്ള പ്ലാനുകൾ അറിയാത്തവർക്ക് ഒരു പരിചയപ്പെടുത്തൽ എന്ന നിലയിലും അറിയാവുന്നവർക്ക് ഒരു ഓർമപ്പെടുത്തൽ എന്ന നിലയിലും ബിഎസ്എൻഎൽ പങ്കുവച്ചുവരുന്നു. ഇത്തരത്തിൽ കഴിഞ്ഞ ദിവസം 1999 രൂപയുടെ പ്ലാനിന്റെ നേട്ടങ്ങൾ ബിഎസ്എൻഎൽ പരിചയപ്പെടുത്തുകയുണ്ടായി. എന്നാൽ ഇത് ഒരു പുതിയ പ്ലാൻ ബിഎസ്എൻഎൽ അവതരിപ്പിച്ചിരിക്കുന്നു എന്ന നിലയിൽ ചില വാർത്തകൾ വരുകയുണ്ടായി.
ബിഎസ്എൻഎൽ വരിക്കാരായിട്ടുള്ള ആളുകൾക്കിടയിൽ ഈ പ്ലാൻ സംബന്ധിച്ച വാർത്ത കാര്യമായ പുതുമയൊന്നും സൃഷ്ടിച്ചില്ല. കാരണം പലർക്കും സുപരിചിതമായിട്ടുള്ള പ്ലാനാണിത്. എന്നാൽ ബിഎസ്എൻഎൽ വരിക്കാർ അല്ലാത്ത നിരവധി പേർ തങ്ങളുടെ പഴയകാല ദുരനുഭവത്തിന്റെയോ കേട്ടറിവിന്റെയോ അടിസ്ഥാനത്തിലാകാം കടുത്ത ആക്ഷേപങ്ങളുമായാണ് ഈ പ്ലാൻ വാർത്തയെ നേരിട്ടത്.

ബിഎസ്എൻഎൽ ഏതെങ്കിലും മികച്ച പ്ലാനുകളോ ഓഫറുകളോ അവതരിപ്പിച്ചാൽ സ്ഥിരമായി കാണുന്ന ആക്ഷേപങ്ങൾ തന്നയാണ് ഈ 1999 രൂപ പ്ലാൻ സംബന്ധിച്ച പല വാർത്തകളുടെയും കമന്റ് ബോക്സുകളിൽ കാണാൻ കഴിയുക. എന്നാൽ ബിഎസ്എൻഎൽ വരിക്കാരായിട്ടുള്ളവർക്ക് ഇത്തരം ആക്ഷേപങ്ങൾ ഇപ്പോൾ വളരെ കുറവാണ് എന്നതാണ് സത്യം. കാരണം ബിഎസ്എൻഎൽ മുൻ അവസ്ഥയിൽ നിന്ന ഏറെ മെച്ചപ്പെട്ടിട്ടുണ്ട്.
മുൻപ് ബിഎസ്എൻഎൽ ഡാറ്റ സേവനങ്ങൾ അത്ര സുഖകരമായിരുന്നില്ല. എന്നാലിപ്പോൾ കൂടുതൽ 4ജി ടവറുകൾ എത്തിയതോടുകൂടി പലയിടങ്ങളിലും സേവനങ്ങൾ മെച്ചപ്പെട്ടിട്ടുണ്ട്. ബിഎസ്എൻഎൽ ഡാറ്റ ഉപയോഗിച്ച് ഇന്റർനെറ്റ് ആവശ്യങ്ങൾ നിറവേറ്റുന്ന ആളുകളുടെ എണ്ണം കൂടിയിട്ടുമുണ്ട്. 4ജി ടവറുകൾ വർധിച്ചതിനോടനുബന്ധിച്ച് ബിഎസ്എൻഎൽ അടുത്തിടെ സ്വാതന്ത്ര്യദിന ഓഫറിന്റെ ഭാഗമായി ഒരു രൂപയുടെ സിം കാർഡും ആനുകൂല്യങ്ങളും അവതരിപ്പിച്ചിരുന്നു.

ബിഎസ്എൻഎൽ സേവനങ്ങളെക്കുറിച്ച് സംശയുമള്ളവർക്ക് ആ സംശയം മാറ്റാൻ ഈ ഒരു രൂപ ഓഫർ പ്രയോജനപ്പെടുത്താവുന്നതാണ്. ഈ ഒരു രൂപ വിലയിൽ ലഭിക്കുന്ന സിം കാർഡിൽ അൺലിമിറ്റഡ് കോളിങ്, ദിവസം 2ജിബി ഡാറ്റ, ദിവസം 100 എസ്എംഎസ് എന്നീ ആനുകൂല്യങ്ങൾ 30 ദിവസ വാലിഡിറ്റിയിൽ ലഭിക്കുന്നുണ്ട്. ബിഎസ്എൻഎൽ 4ജി ലഭ്യമായ പ്രദേശങ്ങളിലെ ആളുകൾക്ക് ഇത് പരീക്ഷിക്കാവുന്നതാണ്.
4ജി ടവറുകൾ വർധിച്ചതിന്റെ ബലത്തിൽ ബിഎസ്എൻഎൽ തങ്ങളുടെ ഡാറ്റ അടങ്ങുന്ന പ്ലാനുകളുടെ പ്രചാരണവും ശക്തമാക്കിയിട്ടുണ്ട്. ആളുകളെ കൂടുതൽ ഡാറ്റ ഉപയോഗത്തിലേക്ക് നയിക്കാൻ ബിഎസ്എൻഎൽ ശ്രമിക്കുന്നു. കഴിഞ്ഞ ദിവസങ്ങളിൽ 600ജിബി ബൾക്ക് ഡാറ്റ ഉൾപ്പെടെ ലഭ്യമാകുന്ന 1999 രൂപയുടെ പ്ലാൻ പരിചയപ്പെടുത്തിയതിന് പിന്നാലെ ഇപ്പോൾ ബിഎസ്എൻഎൽ മറ്റൊരു പ്ലാൻ കൂടി പരിചയപ്പെടുത്തിയിട്ടുണ്ട്.
198 രൂപ വിലയിൽ ലഭ്യമായിട്ടുള്ള പ്രീപെയ്ഡ് പ്ലാനിലെ ആനുകൂല്യങ്ങളാണ് ബിഎസ്എൻഎൽ ഇപ്പോൾ പരിചയപ്പെടുത്തിയിരിക്കുന്നത്. ഇത് ഏറെ നാളായി ബിഎസ്എൻഎൽ വരിക്കാർക്ക് ലഭ്യമായിട്ടുള്ള പ്ലാനാണ്. 40 ദിവസ വാലിഡിറ്റിയിൽ ആകെ 80ജിബി ഡാറ്റ ഈ പ്ലാനിൽ ലഭ്യമാകും. അതായത് പ്രതിദിനം 2ജിബി ഡാറ്റ ഇത് വാഗ്ദാനം ചെയ്യുന്നു.

ഉപയോക്താക്കളുടെ പ്രതിദിന ഡാറ്റ ആവശ്യങ്ങൾ നിറവേറ്റാൻ ഈ 198 രൂപ പ്ലാൻ അനുയോജ്യമാണ്. ഇത് ഒരു മികച്ച പ്ലാൻ ആണ് എന്നതിൽ തർക്കമില്ല. കാരണം മറ്റ് ടെലിക്കോം കമ്പനികൾ ഇത്ര ചീപ് നിരക്കിൽ ഇത്ര വാലിഡിറ്റിയിൽ ഇത്രയധികം ഡാറ്റ നൽകുന്ന ഒരു പ്ലാൻ നൽകുന്നില്ല. എന്നാൽ ഇവിടെ ബിഎസ്എൻഎൽ ഉപയോക്താക്കൾ ശ്രദ്ധിക്കേണ്ട ഒരുകാര്യമുണ്ട്.
198 രൂപയുടെ പ്ലാൻ ഒരു ഡാറ്റ പ്ലാൻ ആണ്. ഡാറ്റ കൂടുതലായി ആവശ്യമുള്ളവർക്കാണ് ഇത് അനുയോജ്യം. കോളിങ്, എസ്എംഎസ് പോലുള്ള ആനുകൂല്യങ്ങൾ ഇതിൽ ലഭ്യമാകില്ല. അതിനാൽ സാധാരണ റീച്ചാർജ് പ്ലാൻ എന്നുകരുതി ഉപയോക്താക്കൾ അബദ്ധത്തിൽ ഈ പ്ലാൻ തെരഞ്ഞെടുക്കാതിരിക്കാൻ ശ്രദ്ധിക്കണം. ഡാറ്റയും കോളിങ്ങും എസ്എംഎസും സഹിതം പ്രതിമാസ അടിസ്ഥാനത്തിൽ ലഭ്യമാകുന്ന പ്ലാൻ വെറും 199 രൂപ വിലയിൽ തന്നെ ബിഎസ്എൻഎൽ നൽകുന്നുമുണ്ട്. പ്രതിമാസ റീച്ചാർജിന് അതാണ് അനുയോജ്യം.


Click it and Unblock the Notifications








