ഇപ്പോൾത്തന്നെ ഈ പ്ലാനിൽ ഒരു മാസം ലാഭം 150 രൂപ! 5G ഒന്ന് വന്നോട്ടെ ജിയോ വിറയ്ക്കും, ബിഎസ്എൻഎൽ വിറപ്പിക്കും
ബിഎസ്എൻഎൽ, ജിയോ എന്നിവയുടെ റീച്ചാർജ് പ്ലാനുകളിൽ ഏതാണ് മികച്ചത് എന്ന് ചോദിച്ചാൽ ഇവയുടെ പ്ലാനുകളെപ്പറ്റി ധാരണയുള്ള സാധാരണക്കാർ പറയും ബിഎസ്എൻഎൽ ആണ് മികച്ചത് എന്ന്. എന്നാൽ ജിയോ ആരാധകർ പറയും, 5ജി സേവനങ്ങൾ ലഭ്യമാക്കുന്ന ജിയോ ആണ് മികച്ചത് എന്ന്. സത്യത്തിൽ മികച്ച ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നത് ബിഎസ്എൻഎൽ പ്ലാനുകൾ തന്നെയാണ്. എന്നാൽ 5ജിയുടെ അഭാവം എതിരാളിക്ക് ചെറിയ മേൽക്കൈ നൽകുന്നുണ്ട്. അതായത് 5ജി സേവനങ്ങളുടെ അഭാവം ബിഎസ്എൻഎല്ലിന് ഒരു തിരിച്ചടി തന്നെയാണ്. എന്നാൽ ബിഎസ്എൻഎൽ 5ജി അവതരിപ്പിക്കുന്നതോടെ കളിയാകെ മാറും, ജിയോയ്ക്ക് പണിയാകും.
ഇന്ത്യയിലെ മൊത്തത്തിലുള്ള ടെലിക്കോം ഉപയോക്താക്കളുടെ കണക്കെടുത്താൽ റിലയൻസ് ജിയോയാണ് വമ്പൻ. ഏറ്റവും പിന്നിൽ പൊതുമേഖലാ ടെലിക്കോം കമ്പനി ബിഎസ്എൻഎല്ലും. ബിഎസ്എൻഎല്ലിന് ഉള്ളളതിന്റെ അഞ്ചിരട്ടിയോളം വരിക്കാർ ജിയോയ്ക്ക് ഉണ്ട്. എന്നാൽ ഈ ഭീകര അന്തരമൊന്നും കേരളത്തിൽ ഈ രണ്ട് കമ്പനികളും തമ്മിലില്ല എന്നത് വേറെ കാര്യം.

കുറച്ചുകൂടി വ്യക്തമായി പറഞ്ഞാൽ കേരളത്തിൽ നാല് പ്രധാന ടെലിക്കോം കമ്പനികൾക്കും അത്യാവശ്യം മികച്ച അടിത്തറ തന്നെയുണ്ട്. നിലവിൽ കേരളത്തിലെ രണ്ടാമത്തെ വലിയ ടെലിക്കോം കമ്പനി മാത്രമാണ് റിലയൻസ് ജിയോ. ഒന്നാം സ്ഥാനം വൊഡാഫോൺ ഐഡിയയ്ക്ക് ആണ്. എയർടെൽ മൂന്നാമതും ബിഎസ്എൻഎൽ നാലാമതും നിൽക്കുന്നു.
മികച്ച 5ജി സേവനം ലഭ്യമാക്കാൻ കഴിഞ്ഞാൽ കേരളത്തിൽ ജിയോയ്ക്ക് ശക്തമായ വെല്ലുവിളി ഉയർത്താനും എല്ലാ സ്വകാര്യ ടെലിക്കോം കമ്പനികളെയും മറികടന്ന് മുന്നിലെത്താനും ബിഎസ്എൻഎല്ലിന് കഴിയും. അത് ഉറപ്പിച്ച് പറയാൻ ശക്തി നൽകുന്നത് ബിഎസ്എൻഎല്ലിന്റെ റീച്ചാർജ് പ്ലാനുകളാണ്. മറ്റ് കമ്പനികൾ നൽകുന്നതിനെക്കാൾ വളരെയധികം ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും 5ജി ഇല്ലാത്തതിനാൽ പലരും ബിഎസ്എൻഎൽ സേവനങ്ങളോട് താൽപര്യം കാണിക്കുന്നില്ല.

സത്യത്തിൽ ബിഎസ്എൻഎല്ലിന് 5ജി ഉണ്ടായിരുന്നു എങ്കിൽ ജിയോ ഉൾപ്പെടെയുള്ള കമ്പനികൾ ഒരുപക്ഷേ വിറയ്ക്കുമായിരുന്നു. കാരണം ഒരു റീച്ചാർജ് പ്ലാൻ ഉദാഹരണമായി എടുത്തുകൊണ്ട് പറയാം. ഒരു മാസം 2ജിബി ഡാറ്റയും അൺലിമിറ്റഡ് കോളിങ്ങും 30 ദിവസ വാലിഡിറ്റിയും പ്രതിമാസ റീച്ചാർജ് പ്ലാൻ ചെയ്യുന്ന ഒരു സ്മാർട്ട്ഫോൺ ഉപയോക്താവ് അർഹിക്കുന്നുണ്ട്.
ഈ പറഞ്ഞ ആനുകൂല്യങ്ങൾ എല്ലാം അടങ്ങുന്ന പ്ലാൻ ബിഎസ്എൻഎൽ വെറും 199 രൂപ വിലയിൽ നൽകുന്നുണ്ട്. അതായത് 199 രൂപയുടെ പ്ലാനിൽ ബിഎസ്എൻഎൽ ഉപയോക്താക്കൾക്ക് അൺലിമിറ്റഡ് കോളിങ്, ദിവസം 2ജിബി ഡാറ്റ, പ്രതിദിനം 100 എസ്എംഎസ് എന്നിവ 30 ദിവസ വാലിഡിറ്റിയിൽ നൽകുന്നു.
എന്നാൽ ഇതേ ആനുകൂല്യങ്ങൾക്ക് സ്വകാര്യ കമ്പനികൾ കുറഞ്ഞത് 350 രൂപയ്ക്കടുത്ത് വില ഈടാക്കുന്നുണ്ട്. കൃത്യമായി പറഞ്ഞാൽ ഒരു മാസത്തെ വാലിഡിറ്റിയിൽ 2ജിബി പ്രതിദിന ഡാറ്റയുള്ള പ്ലാൻ തെരയുന്ന ജിയോ വരിക്കാരന് അതിനായി 349 രൂപ നൽകണം. അൺലിമിറ്റഡ് കോളിങ്, 2ജിബി ഡാറ്റ, എസ്എംഎസ് എന്നീ ആനുകൂല്യങ്ങൾ ഈ ഇരു പ്ലാനുകളിലും സമാനമാണ്.

വാലിഡിറ്റിയുടെ കാര്യത്തിൽ ബിഎസ്എൻഎൽ ആണ് മെച്ചം, ജിയോ 28 ദിവസം മാത്രം വാലിഡിറ്റി വാഗ്ദാനം ചെയ്യുമ്പോൾ ബിഎസ്എൻഎൽ 30 ദിവസം തികച്ച് വാലിഡിറ്റി നൽകുന്നുണ്ട്. എന്നാൽ ഡാറ്റയുടെ കാര്യത്തിൽ ജിയോ ആണ് മെച്ചം. ജിയോ 5ജി സേവനം ലഭ്യമാക്കിയിട്ടുള്ളതിനാൽ അൺലിമിറ്റഡ് 5ജി ഡാറ്റ ഉപയോക്താക്കൾക്ക് വാഗ്ദാനം ചെയ്യുന്നുണ്ട്. ആ ഡാറ്റയ്ക്ക് അർഹതയുള്ള പ്രതിമാസ ജിയോ റീച്ചാർജ് പ്ലാനാണ് 349 രൂപയുടേത്.
അതായത് 349 രൂപയുടെ ജിയോ പ്ലാൻ അൺലിമിറ്റഡ് 5ജി ഡാറ്റ വാഗ്ദാനം ചെയ്ത് ആളുകളെ ആകർഷിക്കുന്നു. ഈ അൺലിമിറ്റഡ് 5ജി ഡാറ്റ ഇല്ലെങ്കിൽ ബിഎസ്എൻഎൽ പ്ലാനാണ് ഈ മത്സരത്തിൽ വിജയിക്കുക. കാരണം ഈ ഒരു ബിഎസ്എൻഎൽ പ്ലാനിൽ മാത്രം ഒരു ഉപയോക്താവിന് 150 രൂപ ലാഭിക്കാൻ കഴിയും.
ഒരു മാസം 150 രൂപ ലാഭിക്കാൻ കഴിയുന്ന പ്ലാൻ ബിഎസ്എൻഎൽ നൽകിയിട്ടും സ്വകാര്യ കമ്പനികളുടെ വരിക്കാർ ബിഎസ്എൻഎല്ലിലേക്ക് എത്താതിരിക്കാൻ കാരണം 5ജി സേവനങ്ങളുടെ അഭാവം കൂടിയാണ്. എന്നാൽ സെപ്റ്റംബറോടെ ഇന്ത്യയിൽ 5ജി വ്യാപനം ആരംഭിക്കുമെന്നാണ് ബിഎസ്എൻഎൽ അറിയിച്ചിട്ടുള്ളത്. നിലവിലെ പ്ലാനുകൾക്കൊപ്പം 5ജി സേവനങ്ങൾക്കൂടി നൽകാൻ കഴിഞ്ഞാൽ ഒന്നാം സ്ഥാനത്തേക്ക് ഇടിച്ച് കയറാൻ ബിഎസ്എൻഎല്ലന് മുന്നിൽ വൻ സാധ്യതകളുണ്ട്.


Click it and Unblock the Notifications








