പഴയ ഒരു ഗുമ്മില്ല, എങ്കിലും ഈ BSNL പ്ലാനിനോട്ട് മുട്ടാൻ ഒരു പ്ലാൻ ജിയോ, എയർടെൽ, VI എന്നിവയ്ക്ക് ഇല്ല!
ഇന്ത്യയിലെ ഏറ്റവും കുറവ് വരിക്കാരുള്ള ടെലിക്കോം കമ്പനി എന്ന ചീത്തപ്പേര് പൊതുമേഖലാ ഉടമസ്ഥതയിലുള്ള ടെലിക്കോം കമ്പനിയായ ബിഎസ്എൻഎല്ലിന്റെ തലയിലാണ്. എന്നാൽ വരിക്കാർ കുറവാണെങ്കിലും ഉള്ള വരിക്കാർക്ക് ഏറ്റവും ന്യായമായ നിരക്കിൽ ടെലിക്കോം സേവനങ്ങൾ ലഭ്യമാക്കുന്നതിൽ ഇന്ത്യയിൽ ഏറ്റവും മുന്നിലുള്ളത് ബിഎസ്എൻഎൽ ആണ്. ഒരേ ആനുകൂല്യം തന്നെ ബിഎസ്എൻഎൽ പ്ലാനുകൾ നൽകുന്നതിന്റെ പല മടങ്ങ് വിലയിലാണ് സ്വകാര്യ കമ്പനികളുടെ പ്ലാനുകൾ പലതും എത്തുന്നത്. ഇപ്പോൾ പുതുവർഷം വരാൻ പോവുകയാണ്, പലരും വാർഷിക പ്ലാനുകൾ അന്വേഷിച്ച് തുടങ്ങുന്ന സമയം കൂടിയാണിത്.
ബിഎസ്എൻഎല്ലിന് നിലവിൽ 365 ദിവസ വാലിഡിറ്റിയിൽ ഒരേയൊരു റീച്ചാർജ് പ്ലാൻ മാത്രമാണ് ഉള്ളത്, ഇതിന് 2399 രൂപയാണ് വില. എന്നാൽ ഈ പ്ലാൻ തെരഞ്ഞെടുക്കാൻ താൽപര്യമില്ലാത്ത ബിഎസ്എൻഎൽ വരിക്കാർക്ക് പരിഗണിക്കാവുന്ന മറ്റൊരു ഓപ്ഷൻ 1999 രൂപയുടെ പ്രീപെയ്ഡ് പ്ലാനാണ്. നേരത്തെ ഈ പ്ലാൻ 365 ദിവസ വാലിഡിറ്റിയിൽ കിടിലൻ ആനുകൂല്യങ്ങളൊക്കെ നൽകിയിരുന്നു.

എന്നാൽ അടുത്തിടെ നടന്ന പ്ലാൻ പരിഷ്കരണങ്ങളെ തുടർന്ന് 1999 രൂപയുടെ പ്ലാനിന്റെ വാലിഡിറ്റി ഇപ്പോൾ 330 ദിവസത്തിൽ എത്തി നിൽക്കുന്നു. പഴയ ഒരു ഗുമ്മ് ഈ പ്ലാനിന് ഇപ്പോൾ ഇല്ല എന്ന് ഒറ്റനോട്ടത്തിൽ തോന്നിയേക്കാം, എന്നാൽ സ്വകാര്യ കമ്പനികളുടെ സമാന ആനുകൂല്യങ്ങളുള്ള പ്ലാൻ ഒന്ന് പരിശോധിച്ചാൽ ഈ പ്ലാനിന്റെ മഹത്വം വ്യക്തമാകും.
ജിയോ, എയർടെൽ, വൊഡാഫോൺ ഐഡിയ എന്നിങ്ങനെ വരിക്കാരുടെ എണ്ണത്തിൽ മുന്നിൽ നിൽക്കുന്ന ടെലിക്കോം കമ്പനികളുടെ പ്രീപെയ്ഡ് പ്ലാനുകളുടെ പട്ടികയിലൊന്നും ബിഎസ്എൻഎല്ലിന്റെ 1999 രൂപയുടെ പ്രീപെയ്ഡ് പ്ലാനിനോട് ഏറ്റുമുട്ടാൻ ശേഷിയുള്ള ഒരു പ്ലാൻ കാണാൻ കഴിയില്ല. ആനുകൂല്യങ്ങൾ വലിയ തോതിൽ കുറയ്ക്കപ്പെട്ടിട്ടും ഇതിന്റെ ഏഴയലത്ത് ഇപ്പോഴും സ്വകാര്യ കമ്പനികളുടെ പ്ലാനുകൾക്ക് കഴിഞ്ഞിട്ടില്ല.

1999 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാൻ
330 ദിവസ വാലഡിറ്റിയിലാണ് ഈ ബിഎസ്എൻഎൽ പ്ലാൻ ഇപ്പോൾ ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നത്. അൺലിമിറ്റഡ് കോളിങ്, പ്രതിദിനം 1.5ജിബി ഡാറ്റ, ദിവസം 100 എസ്എംഎസ് എന്നിവയാണ് ഇതിലെ പ്രധാന ആനുകൂല്യങ്ങൾ. പ്രതിദിനം 6.05 രൂപയാണ് ഈ പ്ലാനിനായി ഉപയോക്താവിന് ചെലവാകുന്നത്. ബിഎസ്എൻഎൽ സെൽഫ് കെയർ ആപ്പിലും വെബ്സൈറ്റിലും ഈ പ്രീപെയ്ഡ് പ്ലാൻ ലഭ്യമാണ്.
ബിഎസ്എൻഎല്ലിന്റെ 1999 രൂപയുടെ പ്ലാനിനോട് കിടപിടിക്കുന്ന വിധത്തിൽ ഒരു പ്ലാൻ ജിയോയുടെ പക്കൽ കാണാൻ കഴിയില്ല. ജിയോയുടെ 1.5ജിബി പ്രതിദിന ഡാറ്റയുള്ള പ്ലാനുകളിൽ ഏറ്റവും കൂടുതൽ വാലിഡിറ്റിയുള്ളത് 889 രൂപയുടെ പ്ലാനിലാണ്. അൺലിമിറ്റഡ് കോളിങ്, 1.5ജിബി പ്രതിദിന ഡാറ്റ, ദിവസം 100 എസ്എംഎസ് എന്നിവ 84 ദിവസ വാലിഡിറ്റിയിൽ ഈ പ്ലാൻ നൽകുന്നു. 10.58 രൂപയാണ് ഈ ജിയോ പ്ലാനിന്റെ പ്രതിദിന ചെലവ്.
1.5ജിബി പ്രതിദിന ഡാറ്റയുള്ള എയർടെൽ പ്രീപെയ്ഡ് പ്ലാനുകളുടെ കാര്യമെടുത്താൽ ഏറ്റവും കൂടുതൽ വാലിഡിറ്റിയിൽ എത്തുന്നത് 929 രൂപയുടെ പ്ലാനാണ്. ഇത് 90 ദിവസ വാലിഡിറ്റിയിൽ അൺലിമിറ്റഡ് കോളിങ്, ദിവസം 1.5ജിബി ഡാറ്റ, പ്രതിദിനം 100 എസ്എംഎസ് എന്നീ ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നു. 10.32 രൂപയാണ് ഈ പ്ലാനിന്റെ പ്രതിദിന ചെലവ്.

വിഐക്ക് 1.5ജിബി പ്രതിദിന ഡാറ്റ സഹിതം 365 ദിവസ വാലിഡിറ്റിയിൽ ഒരു പ്ലാനുണ്ട്, അതിന് 3499 രൂപയാണ് വില. അതിൽക്കുറഞ്ഞ വാലിഡിറ്റിയിൽ 1.5ജിബി ഡാറ്റ വാഗ്ദാനം ചെയ്യുന്നത് 1749 രൂപയുടെ പ്ലാനാണ്. ഇതിൽ 180 ദിവസ വാലിഡിറ്റിയിൽ അൺലിമിറ്റഡ് കോളിങ്, ദിവസം 1.5ജിബി ഡാറ്റ, പ്രതിദിനം 100 എസ്എംഎസ് എന്നീ ആനുകൂല്യങ്ങൾ ലഭിക്കുന്നു. 9.71 രൂപയാണ് ഈ പ്ലാനിന്റെ പ്രതിദിന ചെലവ്.


Click it and Unblock the Notifications







