ഇതൽപ്പം ഓവറല്ലേ... പക്ഷേ ആവശ്യക്കാർക്ക് ഇഷ്ടപ്പെടും! 50GB ബൾക്ക് ഡാറ്റയുള്ള ബിഎസ്എൻഎൽ പ്ലാൻ
സർക്കാർ ഉടമസ്ഥതയിലുള്ള ടെലിക്കോം കമ്പനി എന്ന നിലയിൽ കൊള്ള നിരക്ക് ഇല്ലാതെ ടെലിക്കോം സേവനങ്ങൾ വാഗ്ദാനം ചെയ്യുന്ന സ്ഥാപനമാണ് ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് (BSNL). ഇന്ത്യയിൽ ഏറ്റവും മികച്ച പ്രീപെയ്ഡ് പ്ലാനുകൾ വാഗ്ദാനം ചെയ്തിട്ടും ഏറ്റവും കുറവ് ടെലിക്കോം വരിക്കാരുള്ള ടെലിക്കോം കമ്പനി ബിഎസ്എൻഎൽ ആണ്. സംഗതി കേൾക്കുമ്പോൾ അൽപ്പം വിരോധാഭാസമാണ് എന്ന് തോന്നും, പക്ഷേ ബിഎസ്എൻഎല്ലിന്റെ നെറ്റ്വർക്ക് കവറേജ് ശേഷി സ്വകാര്യ കമ്പനികളുടേതിനെ അപേക്ഷിച്ച് വളരെ പിന്നിലായിരുന്നു. എന്നാൽ 4ജി വ്യാപനം ആരംഭിച്ചതോടെ ഈ നിലയിൽ മാറ്റം വന്നു.
മികച്ച നെറ്റ്വർക്ക് ശേഷിയില്ലാത്ത ടെലിക്കോം കമ്പനി എന്ന ചീത്തപ്പേരാണ് ബിഎസ്എൻഎല്ലിന് വരിക്കാർ കുറവായതിന്റെ മുഖ്യ കാരണം. എന്നാൽ ഈ നില അടുത്തുതന്നെ മാറും. ഒരു ലക്ഷം 4ജി ടവറുകൾ സ്ഥാപിക്കാൻ ടാറ്റ കൺസൾട്ടൻസി സർവീസസിന് (tcs) കരാർ നൽകിയ ബിഎസ്എൻഎല്ലിന് ഇപ്പോൾ ഇതിൽ 93450 4ജി ടവറുകൾ സ്വന്തമായിക്കഴിഞ്ഞു.

4ജി ടവറുകളുടെ എണ്ണം വർധിച്ചത് ബിഎസ്എൻഎല്ലിന്റെ നെറ്റ്വർക്ക് വേഗതയെയും വർധിപ്പിച്ചിട്ടുണ്ട്. ഓപ്പൺ സിഗ്നൽ ജൂണിൽ പുറത്തുവിട്ട ഇന്ത്യയിലെ മൊബൈൽ നെറ്റ്‌വർക്ക് എക്സ്പീരിയൻസ് റിപ്പോർട്ടിൽ ബിഎസ്എൻഎൽ ഡാറ്റയുടെ വേഗതയും മുൻകാലങ്ങളെ അപേക്ഷിച്ച് വർധിച്ചു എന്ന് രേഖപ്പെടുത്തിയിരിക്കുന്നു. എങ്കിലും മറ്റ് കമ്പനികളുടെ വേഗത വച്ച് നോക്കുമ്പോൾ ബിഎസ്എൻഎൽ ഇപ്പോഴും പുറകിലാണ്.
ജിയോ, എയർടെൽ എന്നിവ ഇതിനകം രാജ്യവ്യാപകമായി 5ജി സേവനം ആരംഭിച്ചുകഴിഞ്ഞു, വിഐ 5ജിയും ചില നഗരങ്ങളിൽ ലഭ്യമായിത്തുടങ്ങി. ഇനി ബിഎസ്എൻഎൽ മാത്രമാണ് 5ജി സേവനങ്ങൾ ആരംഭിക്കാൻ അവശേഷിക്കുന്നത്. ഈ മാസം തന്നെ 1 ലക്ഷം 4ജി ടവറുകൾ എന്ന ലക്ഷ്യം പിന്നിടാൻ കഴിഞ്ഞാൽ അതിന് പിന്നാലെ 5ജി വ്യാപനം തുടങ്ങിവയ്ക്കും എന്നാണ് ബിഎസ്എൻഎൽ നേരത്തെ അറിയിച്ചിട്ടുള്ളത്.

ബിഎസ്എൻഎൽ നെറ്റ്വർക്ക് വേഗതയും ലഭ്യതയും സംബന്ധിച്ച കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും നിരവധി ബിഎസ്എൻഎൽ വരിക്കാർ ഇപ്പോൾ ഡാറ്റയ്ക്കായി ബിഎസ്എൻഎല്ലിനെ ആശ്രയിക്കാറുണ്ട് എന്നത് വേറൊരു സത്യം. കാരണം 4ജി പലയിടങ്ങളിലും ലഭ്യമായി. ഇവിടങ്ങളിൽ മികച്ച വേഗതയിൽ ഡാറ്റ സേവനങ്ങൾ ആസ്വദിക്കാൻ ബിഎസ്എൻഎൽ വരിക്കാർക്ക് കഴിയുന്നുണ്ട്. അതിനാൽത്തന്നെ ഡാറ്റ അടങ്ങുന്ന പ്ലാനുകൾക്കും ആവശ്യക്കാർ ഏറെയാണ്.
ഡാറ്റയടക്കം ലഭ്യമാകുന്ന ബിഎസ്എൻഎൽ റീച്ചാർജ് പ്ലാനുകളിൽ 30 ദിവസ വാലിഡിറ്റിയിൽ ബൾക്ക് ഡാറ്റ വാഗ്ദാനം ചെയ്യുന്ന 247 രൂപയുടെ പ്ലാൻ വേറിട്ട് നിൽക്കുന്നു. കാരണം 199 രൂപ വിലയിൽ എത്തുന്ന ബിഎസ്എൻഎൽ 30 ദിവസ വാലിഡിറ്റി പ്ലാൻ 2ജിബി പ്രതിദിന ഡാറ്റ വാഗ്ദാനം ചെയ്യുന്നു.
199 രൂപയ്ക്ക് ദിവസം 2ജിബി പ്രതിദിന ഡാറ്റ വച്ച് 30 ദിവസം 60ജിബി ഡാറ്റ ലഭ്യമാകും. അതേസമയം 247 രൂപയുടെ പ്ലാൻ ആകെ 50ജിബി ബൾക്ക് ഡാറ്റയാണ് വാഗ്ദാനം ചെയ്യുന്നത്. ഇവിടെ കൂടുതൽ ഡാറ്റ ലഭിക്കുക വില കുറഞ്ഞ 199 രൂപയുടെ പ്ലാനിൽ ആണ്. എന്നിട്ടും ആളുകൾ ഉയർന്ന വില കൊടുത്ത് 50ജിബി ബൾക്ക് ഡാറ്റയുള്ള പ്ലാൻ തിരഞ്ഞെടുക്കുന്നു എന്നത് ചിലർക്ക് കൗതുകരമായി തോന്നാം.

247 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാൻ അൺലിമിറ്റഡ് കോളിങ്, പ്രതിദിനം 100 എസ്എംഎസ്, 10 രൂപയുടെ ടോക്ക് വാല്യൂ എന്നിവയും 50ജിബി ബൾക്ക് ഡാറ്റയും ആണ് 30 ദിവസ വാലിഡിറ്റിയിൽ വാഗ്ദാനം ചെയ്യുന്നത്. ബൾക്ക് ഡാറ്റ ആയതിനാൽ തന്നെ ഒരു ദിവസം ഉപയോഗിച്ചില്ലെങ്കിലും ഡാറ്റയുടെ അളവിൽ കുറവ് ഉണ്ടാകുകയോ നഷ്ടമാകുകയോ ഇല്ല.
അതേസമയം പ്രതിദിന ഡാറ്റയാണെങ്കിൽ ഒരു ദിവസം ഉപയോഗിക്കാത്ത ഡാറ്റ പിന്നീട് ലഭ്യമാകില്ല. എല്ലാദിവസവും എല്ലാവർക്കും 2ജിബി ഡാറ്റ മുഴുവനായി ഉപയോഗിക്കാൻ കഴിഞ്ഞേക്കില്ല. ഇങ്ങനെ ഓരോ ദിവസവും ഉപയോഗിക്കാതെ വിടുന്ന ഡാറ്റ പിന്നീട് ലഭ്യമാകില്ല. മാത്രമല്ല, ദിവസം 2ജിബി ഹൈസ്പീഡ് ഡാറ്റ മാത്രമേ ഉപയോഗിക്കാൻ കഴിയൂ എന്ന പരിമിതിയും ഉണ്ട്. ഇത്തരം പരിമിതികൾ ഇഷ്ടമില്ലാത്ത ആളുകളെ സംബന്ധിച്ചിടത്തോം 30 ദിവസത്തേക്ക് 247 രൂപയുടെ പ്ലാൻ മികച്ച ഓപ്ഷനായി മാറുന്നു.


Click it and Unblock the Notifications