എന്തൊക്കെയാ ഇവിടെ നടക്കണേ! പ്രോത്സാഹനമെന്ന് പറഞ്ഞാൽ BSNL അങ്ങേയറ്റത്തെ പ്രോത്സാഹനം...
ഇന്ത്യയിലെ ഐപിഎൽ ക്രിക്കറ്റ് ആവേശം അതിന്റെ മൂർധന്യത്തിലേക്ക് കടന്നുകൊണ്ടിരിക്കുകയാണ്. എന്തൊക്കെയാണ് ഇവിടെ നടക്കുന്നത് എന്ന് നോക്കിയാൽ ഏത് ക്രിക്കറ്റ് പ്രേമിയും അന്തിച്ചുപോകുന്ന കാഴ്ചകളാണ് കാണുക. 14 വയസുള്ള പയ്യൻ സിക്സുകളുടെ പെരുമഴ തീർത്ത് മൈതാനത്ത് വിലസുന്നു. മറുവശത്ത് സാക്ഷാൽ മഹേന്ദ്ര സിങ് ധോണിയുടെ ചെന്നൈ സൂപ്പർ കിങ്സ് ഐപിഎല്ലിന്റെ പടിക്ക് പുറത്തായിരിക്കുന്നു. ഇങ്ങനെ സംഭവ ബഹുലമായ ഒട്ടനവധി കാഴ്ചകളുമായി ഐപിഎൽ അതിന്റെ അന്തിമ ഘട്ടത്തിലേക്ക് അടുത്തുകൊണ്ടിരിക്കുന്നു. ഇനിയുള്ള കളികളും അപ്രതീക്ഷിത പുറത്താകലുകളുടേതാണ് എന്ന് ഉറപ്പ്. ഇത്ര ആവേശകരമായ മത്സരം ഇവിടെ നടക്കുമ്പോൾ അത് കാണാതിരിക്കുന്നത് എങ്ങനെ!
ഐപിഎല്ലിന്റെ ഈ ആവേശം തങ്ങളുടെ വരിക്കാരെ കാണിക്കാൻ ഇത്തവണ ബിഎസ്എൻഎൽ (BSNL) വല്ലാത്ത ശുഷ്കാന്തിയാണ് പുറത്തെടുത്തിരിക്കുന്നത്. ഐപിഎൽ കാണണമെങ്കിൽ മികച്ച ഡാറ്റ പിന്തുണ അനിവാര്യമാണ്. തങ്ങളുടെ വരിക്കാർക്ക് ചീപ് റേറ്റിൽ ഡാറ്റ ലഭ്യമാക്കാനായി ഐപിഎൽ 2025 നോട് അനുബന്ധിച്ച് ബിഎസ്എൻഎൽ ഒരു പുതിയ പ്ലാൻ അവതരിപ്പിക്കുകയുണ്ടായി. 251 രൂപയാണ് ഈ പ്ലാനിന്റെ വില.

പുതിയ പ്ലാൻ അവതരിപ്പിക്കുക മാത്രമല്ല, ഇത്തവണ പതിവില്ലാതെ ഈ പ്ലാനിനെപ്പറ്റി ഇടയ്ക്കിടയ്ക്ക് വരിക്കാരെ ഓർമിപ്പിക്കാനും ആ പ്ലാൻ ഉപയോഗിക്കാൻ അവരെ പ്രോത്സാഹിപ്പിക്കാനും ബിഎസ്എൻഎൽ ശ്രദ്ധിക്കുന്നുണ്ട് എന്നത് അതിശയകരമാണ്. തങ്ങളുടെ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് ബിഎസ്എൻഎൽ അധികൃതർ 251 രൂപയുടെ പ്ലാനിലെ ആനുകൂല്യങ്ങൾ നിരന്തരം വിവരിക്കുകയും അതുപയോഗിച്ച് റീച്ചാർജ് ചെയ്യാൻ ഇടയ്ക്കിടയ്ക്ക് ആളുകളെ പ്രേരിപ്പിക്കുകയും ചെയ്യുന്നത്.
തങ്ങളുടെ മികച്ച പ്ലാനുകൾ ആളുകളെ പരിചയപ്പെടുത്താൽ ഇടയ്ക്കിടയ്ക്ക് ചില പ്ലാനുകൾ ബിഎസ്എൻഎൽ ട്വിറ്ററിലൂടെ പരിചയപ്പെടുത്താറുണ്ട്. എന്നാൽ അടുത്തകാലത്ത് ബിഎസ്എൻഎൽ ഇത്രയും പരിചയപ്പെടുത്തിയ ഒരു പ്രീപെയ്ഡ് പ്ലാൻ വേറെ കാണില്ല. പുട്ടിന് പീരയിടുംപോലെ ഇടയ്ക്കിടയ്ക്ക് 251 രൂപയുടെ പ്ലാനും അതിലെ ആനുകൂല്യങ്ങളും ബിഎസ്എൻഎൽ തങ്ങളുടെ വരിക്കാരെ ഓർമിപ്പിച്ചുകൊണ്ടേയിരിക്കുന്നു.

ക്രിക്കറ്റ് സീസൺ കണക്കിലെടുത്താണ് അവതരിപ്പിച്ചത് എങ്കിലും 251 രൂപയുടെ ബിഎസ്എൻഎൽ പ്ലാൻ യഥാർഥത്തിൽ ഉപകാരപ്പെടുന്നത് ക്രിക്കറ്റ് ആരാധകർക്ക് മാത്രമല്ല എന്നതാണ് സത്യം. കുറഞ്ഞ വിലയിൽ ധാരാളം ഡാറ്റ വേണ്ട ഏതൊരു ബിഎസ്എൻഎൽ വരിക്കാരനും ഈ 251 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ ഉപകാരപ്പെടും. കാരണം ഇത് ഒരു മികച്ച ഡാറ്റ പ്ലാൻ ആണ്.
251 രൂപയുടെ ബിഎസ്എൻഎൽ പ്ലാനിന്റെ പ്രത്യേകത: വെറും 1 രൂപ വിലയിൽ 1ജിബി ഡാറ്റ ഉപയോഗിക്കാൻ കിട്ടും എന്നതാണ് 251 രൂപയുടെ ബിഎസ്എൻഎൽ പ്ലാനിന്റെ പ്രത്യേകത. അതായത് 251 രൂപ വിലയിൽ ബിഎസ്എൻഎൽ അവതരിപ്പിച്ച ഈ ഡാറ്റ പ്ലാനിൽ ഉപയോക്താവിന് ആകെ 251ജിബി ഡാറ്റയാണ് ലഭ്യമാകുക.
251 രൂപയുടെ ബിഎസ്എൻഎൽ ഡാറ്റ പ്ലാനിലെ 251ജിബി ഡാറ്റ ബൾക്ക് ഡാറ്റയാണ്. അതായത് പ്രതിദിന പരിധികളൊന്നും ഇല്ലാതെ ദിവസം എത്ര ജിബി ഡാറ്റ വേണമെങ്കിലും ഉപയോഗിക്കാം എന്നർഥം. ആകെ 60 ദിവസ വാലിഡിറ്റിയിലാണ് ഈ ഡാറ്റ ലഭ്യമാകുക. അടിസ്ഥാന വാലിഡിറ്റിയുള്ള ഒരു ബിഎസ്എൻഎൽ പ്ലാൻ ഉപയോഗിക്കുന്ന ആർക്കും ഈ പ്ലാൻ തെരഞ്ഞെടുക്കാം.

മേയ് 25ന് ആണ് ഐപിഎൽ ഫൈനൽ. മേയ് 25 വരെ മാത്രമേ ഈ 251 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ ലഭ്യമാകൂ എന്നാണ് ഈ പ്ലാൻ അവതരിപ്പിച്ച ഘട്ടത്തിൽ ബിഎസ്എൻഎൽ വ്യക്തമാക്കിയിട്ടുള്ളത്. അതിനാൽ ഡാറ്റ വളരെ ചീപ് റേറ്റിൽ ലഭ്യമാകുന്ന ഈ പ്ലാൻ നഷ്ടപ്പെടും മുമ്പ് പ്രയോജനപ്പെടുത്തേണ്ടത് ബിഎസ്എൻഎൽ വരിക്കാരുടെ ഉത്തരവാദിത്തമാണ്. പറയാനുള്ളത് ബിഎസ്എൻഎൽ പല തവണയായി പറഞ്ഞുകഴിഞ്ഞിട്ടുണ്ട്.
പിൻവലിക്കപ്പെടും മുമ്പ് 251 രൂപയുടെ പ്ലാൻ ഉപയോഗിച്ച് റീച്ചാർജ് ചെയ്താൽ, 1ജിബി ഡാറ്റയ്ക്ക് വെറും 1 രൂപ മാത്രം ചെലവ് വരുന്ന ഈ പ്ലാൻ ബിഎസ്എൻഎൽ വരിക്കാർക്ക് ഒരു മുതൽക്കൂട്ട് ആയിരിക്കും. ബിഎസ്എൻഎൽ സെൽഫ് കെയർ ആപ്പ് വഴി റീച്ചാർജ് ചെയ്താൽ ഈ പ്ലാനിന് 245 രൂപ 98 പൈസ നൽകിയാൽ മതി. ഈ പ്ലാനിന്റെ പ്രതിദിന ചെലവ് നോക്കിയാൽ വെറും 4 രൂപ 18 പൈസയേ വരുന്നുള്ളൂ.


Click it and Unblock the Notifications








