വീട്ടിലേക്ക് ഇന്റർനെറ്റിന് മാസം 230 രൂപയേ ചെലവ് വരൂ; പുതിയ കണക്ഷനെടുക്കുന്നവർക്കുള്ള BSNL പ്ലാൻ
ബിഎസ്എൻഎൽ വീണ്ടും ജനങ്ങളുടെ പ്രിയപ്പെട്ട ടെലിക്കോം കമ്പനിയായി മാറുന്നതിന്റെ ചില ലക്ഷണങ്ങളൊക്കെ കണ്ടുതുടങ്ങുന്നുണ്ട്. മൊബൈൽ വയർലെസ് കണക്ഷനുകളുടെ കാര്യമെടുത്താൽ ട്രായിയുടെ ഓഗസ്റ്റിലെ പ്രതിമാസ റിപ്പോർട്ട് പ്രകാരം പുതിയതായി 13 ലക്ഷത്തിലധികം പുതിയ വരിക്കാരാണ് ബിഎസ്എൻഎല്ലിലേക്ക് എത്തിയത്. ഇതിൽ പ്രധാന പങ്ക് വഹിച്ചത് ബിഎസ്എൻഎൽ വെറും 1 രൂപ നിരക്കിൽ പ്രഖ്യാപിച്ച സൗജന്യ സിം കാർഡും അതിലെ ആനുകൂല്യങ്ങളുമാണ്. എങ്കിലും ബിഎസ്എൻഎൽ ഏതാണ്ട് ഒരുലക്ഷത്തിനടുത്ത് പുതിയ 4ജി ടവറുകൾ ഇതുവരെ സ്ഥാപിച്ചുകഴിഞ്ഞു. ഇത് വരിക്കാരിൽ വിശ്വാസം വർധിപ്പിക്കാൻ സഹായിക്കും എന്ന് കരുതപ്പെടുന്നു.
മൊബൈൽ ടെലിക്കോം സേവന രംഗത്ത് ബിഎസ്എൻഎൽ പുരോഗതി പ്രകടിപ്പിക്കാൻ തുടങ്ങിയത് അടുത്തകാലത്ത് ആണെങ്കിലും ബ്രോഡ്ബാൻഡ് സേവനങ്ങളുടെ കാര്യത്തിൽ ബിഎസ്എൻഎൽ വളരെ മുൻപ് തന്നെ മികവ് തെളിയിച്ചിട്ടുണ്ട്. ജിയോ, എയർടെൽ എന്നിവ പോലെ തന്നെ ഇന്ത്യയിലെ പ്രധാന ഇന്റർനെറ്റ് സേവന ദാതാവാണ് (ISP) ബിഎസ്എൻഎൽ.

മികച്ച വേഗതയിലും മാന്യമായ നിരക്കിലും ബിഎസ്എൻഎല്ലിന്റെ ഭാരത് ഫൈബർ നെറ്റ് ഇന്ത്യയിൽ ഫൈബർ ബ്രോഡ്ബാൻഡ് സേവനങ്ങൾ നൽകിവരുന്നു. വീടുകളുടെ കാര്യമെടുത്താൽ ഇന്റർനെറ്റിന്റെ പ്രസക്തി ദിവസവും വർധിച്ചുവരികയാണ്. മുതിർന്നവരുടെ വർക്ക്, എൻർടെയ്ൻമെന്റ് ആവശ്യങ്ങൾക്കും വിദ്യാർഥികളുടെ പഠനത്തിനും ഉൾപ്പെടെ ഇന്റർനെറ്റ് വീടുകളിലെ ഒരു അവശ്യ ഘടകമായി മാറിയിരിക്കുന്നു.
പുതിയതായി ബിഎസ്എൻഎൽ ബ്രോഡ്ബാൻഡ് വരിക്കാർ ആകാൻ താൽപര്യപ്പെടുന്നവർക്കായി ആകർഷകമായ ചില ഓഫറുകളും ബിഎസ്എൻഎൽ മുന്നോട്ടുവച്ചിട്ടുണ്ട്. കുറഞ്ഞ ചെലവിൽ ഇന്റർനെറ്റ് കണക്ഷൻ ആഗ്രഹിക്കുന്നവർക്കായി പ്രതിമാസം 230 രൂപയിൽ താഴെ ചെലവിൽ ഇന്റർനെറ്റ് കണക്ഷൻ ലഭ്യമാക്കുന്ന പ്ലാൻ പോലും ബിഎസ്എൻഎല്ലിന് ഉണ്ട്. എന്നാൽ ഇത് ഒരു പ്രതിമാസ പ്ലാൻ അല്ല, വാർഷിക പ്ലാനാണ് എന്നുമാത്രം.

ഗ്രാമീണ മേഖലയെ ഡിജിറ്റൽ സേവനങ്ങളുമായി ബന്ധിപ്പിക്കാൻ പൊതുമേഖലാ സ്ഥാപനമായ ബിഎസ്എൻഎൽ ചില പ്രത്യേക പ്ലാനുകൾ അവതരിപ്പിച്ചിട്ടുണ്ട്. അത്തരത്തിൽ ഒരു പ്ലാൻ ആണ് 2988 രൂപയുടെ ബിഎസ്എൻഎൽ ബ്രോഡ്ബാൻഡ് പ്ലാൻ. ഇത് 12 മാസത്തേക്കുള്ള ഒരു പ്ലാനാണ്. പുതിയ കണക്ഷൻ എടുക്കുന്ന ഗ്രാമപ്രദേശങ്ങളിലുള്ളവർക്കായിട്ടാണ് ഈ പ്ലാൻ അവതരിപ്പിച്ചിരിക്കുന്നത്.
12 മാസത്തെ പ്ലാൻ തുകയാണ് 2988 രൂപ എന്നത്. ബിഎസ്എൻഎൽ റൂറൽ FTTH വോയ്‌സ് അൺലിമിറ്റഡ് പ്ലാൻ എന്നാണ് ഈ പ്ലാനിന്റെ പേര്. ഇത് തെരഞ്ഞെടുക്കുമ്പോൾ ഉപയോക്താക്കൾക്ക് ഒരു മാസത്തെ വാലിഡിറ്റി സൗജന്യമായി ലഭിക്കും. അതിനർഥം 2988 രൂപ മുടക്കിയാൽ പുതിയ ബിഎസ്എൻഎൽ ഫൈബർ ബ്രോഡ്ബാൻഡ് വരിക്കാർക്ക് 13 മാസത്തേക്ക് ആനുകൂല്യങ്ങൾ ആസ്വദിക്കാൻ സാധിക്കും.
2988 രൂപയുടെ ബിഎസ്എൻഎൽ ഫൈബർ ബ്രോഡ്ബാൻഡ് പ്ലാനിൽ 25Mbps വരെ വേഗതയിൽ പ്രതിമാസം 10GB ഡാറ്റ വീതമാണ് ലഭ്യമാകുക. നിശ്ചിത പരിധി കഴിഞ്ഞാൽ ഡാറ്റ വേഗത കുറയും. കുറഞ്ഞ അളവിൽ ഡാറ്റ ഉപയോഗമുള്ള വീടുകൾക്കാണ് ഈ പ്ലാൻ അനുയോജ്യം. ഏത് നെറ്റ്‌വർക്കിലേക്കും അൺലിമിറ്റഡ് കോളുകളും ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നു.

2988 രൂപയുടെ പ്ലാൻ 13 മാസ വാലിഡിറ്റിയിൽ എത്തുന്നു എന്നതിനാൽ ഇതിന് പ്രതിമാസം 230 രൂപയോളമേ ചെലവ് വരുന്നുള്ളൂ. കൂടിയ വേഗതയിൽ ഡാറ്റ വേണ്ടവർക്കായി മികച്ച നിരവധി വാർഷിക പ്ലാനുകളും ബിഎസ്എൻഎല്ലിന്റെ പക്കലുണ്ട്. അത് നിലവിലുള്ള വരിക്കാർക്കും ഉപയോഗിക്കാവുന്നവയാണ്. 4788 രൂപ, 5388 രൂപ എന്നിങ്ങനെ വില കൂടും തോറും പ്ലാനുകളുടെ വേഗതയും കൂടും.


Click it and Unblock the Notifications







