3GB ഡാറ്റയ്ക്ക് BSNL 299 രൂപ വാങ്ങുന്നത് കൂടുതലാണെന്നോ, ദേ ഇത് കണ്ടാൽ ആ തെറ്റിദ്ധാരണ മാറും
ഇന്ത്യയിലെ ടെലിക്കോം കമ്പനികളിൽ ഏറ്റവും ന്യായമായ നിരക്കിൽ റീച്ചാർജ് പ്ലാനുകൾ ലഭ്യമാക്കിയിരിക്കുന്നത് പൊതുമേഖലാ ടെലിക്കോം കമ്പനിയായ ബിഎസ്എൻഎൽ ആണെന്നത് പലവട്ടം പറഞ്ഞിട്ടുള്ളതും ഏതാണ്ട് എല്ലാവർക്കും അറിയാവുന്നതുമായ കാര്യമാണ്. എന്നാൽ ചില ബിഎസ്എൻഎൽ പ്ലാനുകൾ കാണുമ്പോൾ ഇത് അൽപ്പം കൂടുതലല്ലേ എന്ന് ചില വരിക്കാർക്ക് ഒരു സംശയം ഉണ്ടാകാറുണ്ട്. എന്നാൽ അത്തരം സംശയം ആർക്കെങ്കിലും ഉണ്ടായാൽ അത് തീർക്കാൻ വളരെ എളുപ്പമാണ്. എങ്ങനെയെന്നാൽ, അതേ വിലയിൽ സ്വകാര്യ കമ്പനികൾ നൽകുന്ന റീച്ചാർജ് പ്ലാനിലെ ആനുകൂല്യങ്ങൾ ഒന്ന് പരിശോധിച്ചാൽ മതി.
അതല്ലെങ്കിൽ ബിഎസ്എൻഎൽ ഉയർന്ന വിലയിൽ നൽകുന്ന ആ ആനുകൂല്യങ്ങൾ മറ്റ് ടെലിക്കോം കമ്പനികൾ എന്ത് വിലയിലാണ് ലഭ്യമാക്കിയിരിക്കുന്നത് എന്ന് ഒന്ന് പരിശോധിച്ചാൽ മതി. അപ്പോൾ ബിഎസ്എൻഎൽ യഥാർഥത്തിൽ വില കൂടുതൽ വാങ്ങുന്നുണ്ടോ എന്ന് മനസിലാക്കാം. അത് മാത്രമല്ല, എത്രത്തോളം ഭാഗ്യവാന്മാരാണ് തങ്ങൾ എന്ന് ബിഎസ്എൻഎൽ വരിക്കാർക്ക് തിരിച്ചറിവ് ഉണ്ടാകാനും ഈ പരിശോധന നല്ലതാണ്.

ബിഎസ്എൻഎൽ പ്ലാനുകളിൽ ഉയർന്ന വിലയുള്ള പ്രതിമാസ പ്ലാൻ എന്ന നിലയിൽ വില അൽപ്പം കൂടുതലായി വരിക്കാർക്ക് തോന്നാൻ സാധ്യതയുള്ളത് 299 രൂപയുടെ പ്ലാനിനെയാണ്. ബിഎസ്എൻഎല്ലിന്റെ പ്രതിമാസ പ്ലാനുകളിൽ ഏറ്റവും വില കൂടിയ പ്ലാൻ ഇതാണ്. ഒരു മാസത്തെ റീച്ചാർജിന് 300 രൂപയ്ക്കടുത്ത് ചെലവാക്കേണ്ടതുണ്ടോ എന്ന് സംശയിക്കുന്നവർക്കായി ഇതിലെ ആനുകൂല്യങ്ങളും ഇതേ ആനുകൂല്യങ്ങൾക്ക് ഇന്ത്യയിലെ ഒന്നാം നമ്പർ ടെലിക്കോം കമ്പനിയായ ജിയോ ഈടാക്കുന്ന വിലയും പരിശോധിക്കാം.
299 രൂപയുടെ ബിഎസ്എൻഎൽ പ്ലാൻ
ബിഎസ്എൻഎല്ലിന്റെ ഈ പ്രതിമാസ പ്ലാൻ ഏറ്റവും വില കൂടിയ പ്രതിമാസ പ്ലാനായി മാറാനുള്ള പ്രധാന കാരണം ഇതിൽ അടങ്ങിയിരിക്കുന്ന ഡാറ്റയുടെ അളവാണ്. പ്രതിദിനം 3ജിബി ഡാറ്റ ഈ പ്രീപെയ്ഡ് പ്ലാൻ വാഗ്ദാനം ചെയ്യുന്നു. കൂടെ എക്സ്ട്രാ ഡാറ്റയും ഉണ്ട്. പ്രതിദിനം 3ജിബി ഡാറ്റ ലഭ്യമാകുന്ന ആകെ 2 പ്ലാനുകൾ മാത്രമാണ് ബിഎസ്എൻഎല്ലിന് ഉള്ളത്.

ബിഎസ്എൻഎല്ലിന്റെ രണ്ട് 3ജിബി പ്രതിദിന ഡാറ്റ പ്ലാനുകളിൽ ഏറ്റവും കുറഞ്ഞ വിലയിൽ ലഭ്യമാകുന്ന പ്ലാൻ ആണ് 299 രൂപയുടെ പ്രതിമാസ പ്ലാൻ, രണ്ടാമത്തെ 3ജിബി പ്രതിദിന ഡാറ്റ പ്ലാനിന് 599 രൂപയാണ് വില. അത് ഇപ്പോൾ 70 ദിവസ വാലിഡിറ്റിയിലാണ് ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നത്.
299 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനിൽ അൺലിമിറ്റഡ് കോളിങ്, ദിവസം 3ജിബി ഡാറ്റ, പ്രതിദിനം 3 എസ്എംഎസ് എന്നീ ആനുകൂല്യങ്ങളാണ് 40 ദിവസ വാലിഡിറ്റിയിൽ ലഭ്യമാകുക. അധിക ആനുകൂല്യമായി 3ജിബി സൗജന്യ ഡാറ്റയും ലഭ്യമാകും. 9.96 രൂപയാണ് ഈ പ്ലാനിന്റെ പ്രതിദിന ചെലവ്.
ജിയോ 449 രൂപ പ്ലാൻ
ഇന്ത്യയിലെ ഏറ്റവും വലിയ ടെലിക്കോം കമ്പനിയായ റിലയൻസ് ജിയോയ്ക്ക് 3ജിബി പ്രതിദിന ഡാറ്റയുള്ള മൂന്ന് പ്ലാനുകളാണ് ആകെയുള്ളത്. അതിൽ പ്രതിമാസ വാലിഡിറ്റിയിൽ എത്തുന്ന പ്ലാനിന് 449 രൂപയാണ് വില. ജിയോയുടെ 3ജിബി പ്രതിദിന ഡാറ്റ പ്ലാനുകളിൽ ഏറ്റവും കുറഞ്ഞ വിലയിൽ ലഭ്യമാകുന്ന പ്ലാനും ഇതുതന്നെ.

3ജിബി പ്രതിദിന ഡാറ്റ, അൺലിമിറ്റഡ് കോളിങ്, പ്രതിദിനം 100 എസ്എംഎസ്, 28 ദിവസ വാലിഡിറ്റി എന്നിവയാണ് 449 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാനിലെ പ്രധാന ആനുകൂല്യങ്ങൾ. അധിക ആനുകൂല്യമായി അൺലിമിറ്റഡ് ജിയോ 5ജി ഡാറ്റയും ജിയോടിവി, ജിയോ ക്ലൗഡ് സബ്സ്ക്രിപ്ഷനുകളും ലഭ്യമാകും. ഈ പ്ലാനിന്റെ പ്രതിദിന ചെലവ് ഏകദേശം 16.03 രൂപയാണ്.
ചുരുക്കിപ്പറഞ്ഞാൽ ബിഎസ്എൻഎൽ 299 രൂപയ്ക്ക് നൽകുന്ന ആനുകൂല്യങ്ങൾ ലഭിക്കണമെങ്കിൽ ഒരു ജിയോ വരിക്കാരൻ കൊടുക്കേണ്ടത് 449 രൂപയാണ്. അതായത്, ഒരേ പ്രധാന ആനുകൂല്യങ്ങൾ ലഭ്യമാകാൻ ജിയോ വരിക്കാർക്ക് ഒരു മാസം ഏകദേശം 150 രൂപ കൂടുതൽ നൽകേണ്ടിവരുന്നുണ്ട്. ഇത് പരിശോധിച്ചാൽ, 299 രൂപയുടെ ബിഎസ്എൻഎൽ പ്ലാനിന് വിലക്കുടുതൽ ഉണ്ട് എന്ന വരിക്കാരുടെ തോന്നൽ തീർന്നുകിട്ടും.


Click it and Unblock the Notifications







