ഒരാൾ പിശുക്കുന്നു, മറ്റൊരാൾ വാരിക്കോരി നൽകുന്നു; ഈ VI, BSNL റീച്ചാർജ് പ്ലാനുകളുടേത് വല്ലാത്തൊരു കഥ തന്നെ!
ഒന്നിലധികം സിം കാർഡുകൾ ഉപയോഗിക്കുന്ന ആളുകൾ ഒരുകാലത്ത് വളരെയധികം ഉണ്ടായിരുന്നു. എന്നാൽ കഴിഞ്ഞ വർഷം ജൂലൈയിൽ സ്വകാര്യ കമ്പനികളുടെ റീച്ചാർജ് നിരക്കുകൾ വർധിപ്പിച്ചതോടെ വളരെയധികം പേർ രണ്ട് സിം കാർഡും റീച്ചാർജ് ചെയ്ത് മുന്നോട്ട് പോയിരുന്ന ശീലം ഉപേക്ഷിക്കാൻ നിർബന്ധിതരായി. അതോടെ ഏറ്റവും കൂടുതൽ പണികിട്ടിയ കമ്പനി ഒരുപക്ഷേ വിഐ (VI) ആയിരിക്കണം, രണ്ടാമത് ബിഎസ്എൻഎല്ലും (BSNL). കാരണം ഡാറ്റയുടെ പ്രതിമാസ കണക്കുകൾ വരുമ്പോൾ ഏറ്റവുമധികം വരിക്കാരെ നഷ്ടമാകാറുള്ളത് ഈ രണ്ട് കമ്പനികൾക്കുമാണ്. അതിൽത്തന്നെ വിഐക്ക് ആണ് നഷ്ടക്കണക്ക് കൂടുതൽ പറയാനുള്ളത്.
എന്നാൽ ഡാറ്റ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ ഉദാരമായി വാഗ്ദാനം ചെയ്യുന്ന ചില പ്ലാനുകൾ അവതരിപ്പിച്ചുകൊണ്ട് വിഐ വരിക്കാരെ ഒപ്പം നിർത്താൻ ശ്രമിച്ചുവരുന്നു. നിലവിൽ വിഐ പ്രധാനമായും വെല്ലുവിളി നേരിടുന്നത് ബിഎസ്എൻഎല്ലിൽ നിന്നുകൂടിയാണ്. കാരണം ബിഎസ്എൻഎല്ലിന്റെ വില കുറഞ്ഞ റീച്ചാർജ് പ്ലാനുകൾ വിഐക്ക് തലവേദനയാകാറുണ്ട്. വിഐ നൽകുന്ന ആനുകൂല്യങ്ങൾ അതേ വിലയിൽ അതിന്റെ രണ്ടിരട്ടി അളവിൽ വാഗ്ദാനം ചെയ്യുന്ന പ്ലാനുകൾ പോലും ബിഎസ്എൻഎല്ലിന് ഉണ്ട്.

അതായത് ഒരു കമ്പനി തങ്ങളുടെ വരുമാന ലക്ഷ്യങ്ങൾ മുൻനിർത്തി അൽപ്പം പിശുക്കി ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുമ്പോൾ മറുവശത്ത്, എതിരാളി കൈമെയ് മറന്ന് ആനുകൂല്യങ്ങൾ വാരിക്കോരി നൽകുന്ന കാഴ്ചയാണ് കാണുന്നത്. അതിന്റെ ഉത്തമ ഉദാഹരണമാണ് 299 രൂപയുടെ വിഐ, ബിഎസ്എൻഎൽ പ്രീപെയ്ഡ് റീച്ചാർജ് പ്ലാനുകൾ.
299 രൂപയുടെ വിഐ പ്രീപെയ്ഡ് പ്ലാൻ വാഗ്ദാനം ചെയ്യുന്ന ആനുകൂല്യങ്ങൾ: വിഐ പല പ്രതിദിന അളവുകളിൽ ഡാറ്റ വാഗ്ദാനം ചെയ്യുന്നുണ്ട്. അതിൽ 1ജിബി പ്രതിദിന ഡാറ്റ സഹിതം 28 ദിവസ വാലിഡിറ്റിയിൽ ലഭ്യമാകുന്ന പ്ലാനാണ് ഇത്. അൺലിമിറ്റഡ് കോളിങ്, ദിവസം 100 എസ്എംഎസ് എന്നീ ആനുകൂല്യങ്ങളും ഇതിൽ ഉൾപ്പെടുന്നു.

ബിഎസ്എൻഎൽ 299 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ: 30 ദിവസ വാലിഡിറ്റിയിൽ ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്ന ബിഎസ്എൻഎല്ലിന്റെ പ്രതിമാസ പ്ലാനുകളിൽ ഒന്നാണിത്. ദിവസം 3ജിബി ഡാറ്റ, അൺലിമിറ്റഡ് കോളിങ്, ദിവസം 100 എസ്എംഎസ് എന്നിവയാണ് ഇതിലെ പ്രധാന ആനുകൂല്യങ്ങൾ. ഇവയ്ക്ക് പുറമേ 3ജിബി എക്സ്ട്രാ ഡാറ്റയും ലഭിക്കും.
ഇവിടെ വിഐയുടെയും ബിഎസ്എൻഎല്ലിന്റെയും ഒരേ വിലയിലുള്ള റീച്ചാർജ് പ്ലാനുകൾ പരിശോധിച്ചാൽ വിഐയുടെ പ്ലാനിൽ വാലിഡിറ്റി 2 ദിവസം കുറവാണ്. എന്നാൽ ബിഎസ്എൻഎൽ 30 ദിവസം തികച്ച് വാലിഡിറ്റി വാഗ്ദാനം ചെയ്യുന്നുണ്ട്. അതേപോലെ ആകെ 28ജിബി ഡാറ്റയാണ് വിഐ പ്രീപെയ്ഡ് പ്ലാനിൽ ലഭിക്കുക.
അതേസമയം ബിഎസ്എൻഎൽ പ്ലാൻ 90ജിബി പ്രതിദിന ഡാറ്റ + 3ജിബി എക്സ്ട്രാ ഡാറ്റ സഹിതം ആകെ 93ജിബി ഡാറ്റ വാഗ്ദാനം ചെയ്യുന്നു. അതായത് വിഐ പ്ലാനിൽ ലഭിക്കുന്നതിന്റെ രണ്ടിരട്ടി ഡാറ്റ ബിഎസ്എൻഎൽ വാഗ്ദാനം ചെയ്യുന്നുണ്ട്. അതിനാൽ ലാഭം കൂടുതൽ ഏത് പ്ലാനിലാണ് എന്ന് പ്രത്യേകം പറയേണ്ട ആവശ്യമില്ല.

ഈ രണ്ട് പ്ലാനുകളുടെയും പ്രതിദിന ചെലവുകൾ പരിശോധിച്ചാൽ വലിയ വ്യത്യാസം തോന്നുകയില്ല, വിഐ പ്ലാനിന് 10.67 രൂപയും ബിഎസ്എൻഎൽ പ്ലാനിന് 9.96 രൂപയുമാണ് ചെലവ് വരിക. എന്നാൽ ലഭ്യമാകുന്ന ആനുകൂല്യങ്ങളുടെ മൂല്യം വിലയിരുത്തുമ്പോൾ ബിഎസ്എൻഎൽ വരിക്കാർക്ക് ഉണ്ടാകുന്ന നേട്ടം വളരെ വലുതാണ് എന്ന് മനസിലാക്കാനാകും. മുൻപ് 4ജിയുടെ അഭാവത്താൽ പലയിടത്തും ബിഎസ്എൻഎൽ ഡാറ്റ ശരിയായി ഉപയോഗിക്കാനാകുമായിരുന്നില്ല, എന്നാൽ ഇന്ന് നിരവധി ഇടങ്ങളിൽ നില മെച്ചപ്പെട്ടിട്ടുണ്ട് എന്നതും ശ്രദ്ധേയമാണ്.


Click it and Unblock the Notifications








