BSNL: വാലിഡിറ്റി ഉണ്ടായിരുന്നത് പോവുകയും ചെയ്തു, ഡിസ്കൗണ്ട് വന്നത് കിട്ടിയുമില്ല; 2 പ്ലാനുകൾ നഷ്ടക്കളിയോ
എന്തൊക്കെയാണ് ഈ ബിഎസ്എൻഎല്ലിൽ നടക്കുന്നത് എന്ന് ആലോചിച്ച് തലപുകയ്ക്കുകയാകും ബിഎസ്എൻഎൽ വരിക്കാരിപ്പോൾ. കാരണം ഈ മാസത്തിന്റെ തുടക്കത്തിലാണ് 5 പ്രധാന പ്ലാനുകളുടെ വാലിഡിറ്റി കുറച്ചുകൊണ്ട് ബിഎസ്എൻഎൽ പ്ലാൻ പരിഷ്കരണം നടപ്പാക്കിയത്. പ്ലാനുകളുടെ വാലിഡിറ്റി കുറയ്ക്കുന്നതിലൂടെ സ്വകാര്യ കമ്പനികളുടെ മാതൃകയിൽ വരുമാനം വർധിപ്പിക്കാൻ ആണ് ബിഎസ്എൻഎൽ ശ്രമം നടത്തിയത് എന്നാണ് വിലയിരുത്തപ്പെട്ടത്. ഉപയോക്താക്കളിൽ അധികം ഭാരം അടിച്ചേൽപ്പിക്കാതെയുള്ള ഒരു പ്ലാൻ പരിഷ്കരണമാണ് ബിഎസ്എൻഎൽ നടത്തിയത്. വാലിഡിറ്റി കുറച്ചതിനെതിരേ ഉപയോക്താക്കളിൽ നിന്ന് പ്രത്യക്ഷത്തിൽ വലിയ എതിർപ്പുകളൊന്നും പ്രകടമായി കാണാനും കഴിഞ്ഞില്ല. വരിക്കാരും ഈ പരിഷ്കരണത്തിന് അനുകൂല നിലപാട് പ്രകടിപ്പിച്ചോ എന്ന് പോലും തോന്നിപ്പോകും.
എതിർപ്പുകൾ പ്രകടമല്ല
മറ്റ് കമ്പനികൾ ഈടാക്കുന്ന ടെലിക്കോം നിരക്കുകൾ വച്ച് നോക്കിയാൽ ബിഎസ്എൻഎൽ പ്രീപെയ്ഡ് നിരക്കുകൾ ഇപ്പോഴും വളരെ വളരെ ഭേദമാണ്. ഇപ്പോൾ വാലിഡിറ്റി കുറയ്ക്കപ്പെട്ട പ്ലാനുകൾ ഉൾപ്പെടെയുള്ളവ ഇപ്പോഴും ലാഭകരമായ റീച്ചാർജ് പ്ലാനുകൾ തന്നെയാണ്. അതിനാൽത്തന്നെയാകാം വരിക്കാരിൽ നിന്ന് പരസ്യമായി കാര്യമായ എതിർപ്പുകൾ ഉയർന്നില്ല.

എന്നാൽ പൊതുവിൽ കാണുന്നില്ലെങ്കിലും, ഉപയോക്താക്കളുടെ ഭാഗത്തുനിന്ന് പ്ലാൻ പരിഷ്കരണത്തിന് എതിരായി ഒരു വികാരം ഉണ്ടായോ എന്ന് സംശയിപ്പിക്കുന്ന തരത്തിലുള്ള ഒരു നീക്കം കഴിഞ്ഞ ദിവസം ബിഎസ്എൻഎല്ലിന്റെ ഭാഗത്തുനിന്ന് ഉണ്ടായി. അടുത്തിടെ വാലിഡിറ്റി കുറയ്ക്കപ്പെട്ട 5 പ്ലാനുകളിൽ മൂന്ന് പ്ലാനുകൾക്കൊപ്പം ഇപ്പോൾ ബിഎസ്എൻഎൽ 2 ശതമാനം ഡിസ്കൗണ്ട് പ്രഖ്യാപിച്ചു എന്നതാണ് ആ സംഭവം.
പ്ലാൻ പരിഷ്കരണത്തിനെതിരേ വരിക്കാർക്കിടയിൽ ഏതെങ്കിലും വിധത്തിലുള്ള എതിർപ്പ് ഉയർന്നതിനെ തണുപ്പിക്കാൻ വേണ്ടിയാണോ, അതോ തങ്ങളുടെ തീരുമാനം ഒന്ന് മയപ്പെടുത്താനുള്ള നീക്കത്തിന്റെ ഭാഗമായാണോ ബിഎസ്എൻഎൽ മൂന്ന് പ്രീപെയ്ഡ് പ്ലാനുകളിൽ മാത്രം ഇപ്പോൾ 2 ശതമാനം ഡിസ്കൗണ്ട് നൽകിയിരിക്കുന്നത് എന്ന ചോദ്യം ബാക്കിയാകുന്നു. ബിഎസ്എൻഎൽ അടുത്തിടെ വാലിഡിറ്റി ചെറിയ അളവിൽ കുറച്ച പ്ലാനുകൾ 199 രൂപ, 347 രൂപ, 485 രൂപ, 1999 രൂപ, 2399 രൂപ പ്ലാനുകളുടേത് ആയിരുന്നു.

ഇതിൽ 199 രൂപ, 485 രൂപ, 1999 രൂപ എന്നീ മൂന്ന് പ്ലാനുകൾക്കൊപ്പം ഇപ്പോൾ ബിഎസ്എൻഎൽ 2 ശതമാനം ഡിസ്കൗണ്ട് നൽകുന്നുണ്ട്. അതായത് 199 രൂപയുടെ പ്ലാനിന് ഇപ്പോൾ 19.02 രൂപയും 485 രൂപയുടെ പ്ലാനിന് 475.30 രൂപയും 1999 രൂപയുടെ പ്ലാനിന് 1959.02 രൂപയും നൽകിയാൽ മതി.
ഈ ഡിസ്കൗണ്ട് പ്രഖ്യാപനത്തിലൂടെ ഉപയോക്താക്കൾക്ക് 199 രൂപയുടെ പ്ലാനിൽ ഏതാണ്ട് 4 രൂപയ്ക്കടുത്തും 485 രൂപയുടെ പ്ലാനിൽ 10 രൂപയ്ക്കടുത്തും, 1999 രൂപയുടെ പ്ലാനിൽ 40 രൂപയ്ക്കടുത്തും ചെലവ് ലാഭിക്കാനാകും. എന്നാൽ 5 പ്ലാനുകളുടെ വാലിഡിറ്റി കുറച്ചപ്പോൾ അതിൽ മൂന്ന് പ്ലാനുകളിൽ മാത്രമാണ് ബിഎസ്എൻഎൽ ഡിസ്കൗണ്ട് പ്രഖ്യാപിച്ചിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.
എല്ലാ പ്ലാനുകളിലും ഡിസ്കൗണ്ട് നൽകിയാൽ അത് പ്ലാൻ പരിഷ്കരണത്തിന്റെ നേട്ടം ഇല്ലാതാക്കും എന്നതിനാലാകാം 347 രൂപ, 2399 രൂപ പ്ലാനുകളിൽ ഡിസ്കൗണ്ട് നൽകാതിരുന്നത്. അടുത്ത മാസം, അതായത് ഒക്ടോബർ 15 വരെയാണ് ഈ മൂന്ന് പ്ലാനുകളിൽ 2 ശതമാനം ഡിസ്കൗണ്ട് ലഭിക്കുക. അതിന് ശേഷം ഇവ നിലവിലെ യഥാർഥ വില നൽകി റീച്ചാർജ് ചെയ്യേണ്ടിവരും.

നിലവിൽ ഏതെങ്കിലും വിധത്തിലുള്ള പ്രതിഷേധം വരിക്കാർക്കിടയിൽ ഉണ്ടെങ്കിൽ അത് തണുപ്പിക്കാനുള്ള ഒരു താൽക്കാലിക നീക്കമായി വേണമെങ്കിൽ ഇപ്പോഴത്തെ ഡിസ്കൗണ്ട് പ്രഖ്യാപനത്തെ നോക്കിക്കാണാം. ഡിസ്കൗണ്ട് ലഭ്യമായതോടെ 199 രൂപ, 485 രൂപ, 1999 രൂപ പ്ലാനുകളോട് ആളുകൾക്ക് വീണ്ടും ഒരു താൽപര്യം തോന്നും.
അതേസമയം വാലിഡിറ്റി ഉണ്ടായിരുന്നത് പോവുകയും ചെയ്തു, ഡിസ്കൗണ്ട് വന്നത് ഒട്ട് കിട്ടിയുമില്ല എന്ന അവസ്ഥയാണ് 347 രൂപ, 2399 രൂപ വിലകളിലുള്ള ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനുകൾ നേരിടുന്നത്. എന്നാൽ ഡിസ്കൗണ്ട് ഇല്ലെങ്കിലും ഈ പ്ലാനുകളെത്തേടി ആളുകൾ എത്തും എന്നത് വേറെ കാര്യം. കാരണം നിലവിലുള്ള ബിഎസ്എൻഎല്ലിന്റെ ഏക വാർഷിക പ്രീപെയ്ഡ് പ്ലാനാണ് 2399 രൂപയുടേത്.
വാർഷിക വാലിഡിറ്റിയുള്ള പ്ലാൻ ഉപയോഗിച്ച് റീച്ചാർജ് ചെയ്യാൻ തീരുമാനിക്കുന്ന ബിഎസ്എൻഎൽ വരിക്കാരന് 2399 രൂപയുടെ പ്ലാനല്ലാതെ വേറെ ഓപ്ഷനില്ല. അതേപോലെ 347 രൂപയുടെ പ്ലാൻ 50 ദിവസ വാലിഡിറ്റിയിൽ മികച്ച ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നു. കണക്കുകൂട്ടി നോക്കിയാൽ 199 രൂപയുടെ പ്ലാനിനെക്കാളും പ്രതിദിന ചെലവ് കുറവ് 347 രൂപയുടെ പ്ലാനിനാണ് എന്ന് കാണാനാകും.


Click it and Unblock the Notifications








