അതിനെക്കാൾ നല്ലത് ഇതാണ്, പക്ഷേ ഉപയോഗമില്ലെങ്കിൽ പറഞ്ഞിട്ട് കാര്യമില്ല! രണ്ട് ബിഎസ്എൻഎൽ പ്ലാനുകൾ
ഇന്ത്യയിലെ ഏറ്റവും ഭാഗ്യവാന്മാരായ ടെലിക്കോം വരിക്കാരും ഏറ്റവും നിർഭാഗ്യവാന്മാരായ ടെലിക്കോം കമ്പനി വരിക്കാരും ഒരു ടെലിക്കോം കമ്പനിയുടെ തന്നെ ഉപയോക്താക്കളാണ് എന്നത് ഏറെ കൗതുകരമായ ഒന്നാണ്. സർക്കാർ ഉടമസ്ഥതയിലുള്ള ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് എന്ന ബിഎസ്എൻഎൽ (BSNL) തന്നെയാണ് ആ ടെലിക്കോം കമ്പനി. ഒരേ സമയം ഭാഗ്യവാന്മാരും നിർഭാഗ്യവാന്മാരുമായ ആ ടെലിക്കോം കമ്പനി വരിക്കാർ ബിഎസ്എൻഎൽ വരിക്കാരും. ഇന്ത്യയിൽ ഏറ്റവും കുറഞ്ഞ നിരക്കിൽ ടെലിക്കോം ആനുകൂല്യങ്ങൾ ലഭ്യമാകുന്നു എന്നതാണ് ബിഎസ്എൻഎൽ വരിക്കാർ ഭാഗ്യവാന്മാരാണ് എന്ന് പറയാൻ കാരണം.
ഇനി ടെലിക്കോം രംഗത്തെ നിർഭാഗ്യവാന്മാരും ബിഎസ്എൻഎൽ വരിക്കാർ തന്നെയാണ് എന്ന് പറയാൻ കാരണം മികച്ച പ്ലാനുകൾ ഉണ്ടെങ്കിലും രാജ്യവ്യാപകമായി ബിഎസ്എൻഎൽ 4ജി, 5ജി സേവനങ്ങൾ അവതരിപ്പിച്ചിട്ടില്ല എന്നതിനാൽ ഈ വരിക്കാർക്ക് ഡാറ്റ സേവനങ്ങൾ പലയിടത്തും കാര്യക്ഷമമായി ലഭ്യമാകുന്നില്ല എന്നതിനാലാണ്. പക്ഷേ ഈ നിർഭാഗ്യം അധികം വൈകാതെ തന്നെ അവസാനിക്കും എന്ന് പ്രതീക്ഷയുണ്ട്.

അതായത്, നിലവിൽ രാജ്യവ്യാപകമായി ഒരുലക്ഷം സൈറ്റുകളിൽ 4ജി അവതരിപ്പിക്കാൻ ബിഎസ്എൻഎൽ കരാർ നൽകിയിട്ടുണ്ട്. ഇത് പ്രകാരമുള്ള നിർമാണങ്ങൾ ഏതാണ്ട് 80 ശതമാനത്തിലധികം പിന്നിട്ടു. അവശേഷിക്കുന്നത് അടുത്ത മാസത്തോടുകൂടി, അതായത് ജൂൺ മാസത്തോടുകൂടി പൂർത്തിയാക്കപ്പെടും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അതിന് ശേഷം ജൂലൈയോടുകൂടി 5ജി സേവനങ്ങൾക്ക് തുടക്കം കുറിക്കാനും ബിഎസ്എൻഎൽ നടപടികൾ സ്വീകരിച്ചിട്ടുണ്ട് എന്നാണ് അധികൃതർ പറയുന്നത്.
ടെലിക്കോം പ്ലാനുകളുടെ കാര്യമെടുത്താൽ ബിഎസ്എൻഎൽ പ്ലാനുകളോട് മത്സരിക്കുന്നത് ബിഎസ്എൻഎല്ലിന്റെ തന്നെ മറ്റ് പ്ലാനുകളാണ്. ഒന്നിനൊന്ന് മെച്ചമാണ് ഓരോ പ്ലാനും. ഇവയുടെ ഏഴയലത്ത് വരുന്ന പ്ലാനുകൾ സ്വകാര്യ കമ്പനികൾക്ക് ഇല്ല എന്നാണ് നിരക്കുകൾ കണ്ടാൽ തോന്നുക. എന്നാൽ ഒടിടി ആനുകൂല്യങ്ങൾ അടങ്ങുന്ന പ്ലാനുകൾ അവതരിപ്പിക്കുന്നതിൽ ഇപ്പോഴും ബിഎസ്എൻഎൽ ലോക പരാജയമാണ് എന്നത് വേറെ കാര്യം.

ബിഎസ്എൻഎല്ലിന്റെ ഓരോ പ്ലാനും എത്തിയിരിക്കുന്നത് വിവിധ താൽപര്യങ്ങളുള്ള വരിക്കാരെ ലക്ഷ്യമിട്ടാണ്. ഉദാഹരണത്തിന് 439 രൂപയുടെ പ്ലാൻ വന്നിരിക്കുന്നത് ഡാറ്റ ആവശ്യമില്ലാത്തതും എന്നാൽ കോളിങ് ആവശ്യമുള്ളതുമായ വരിക്കാരെ ലക്ഷ്യമിട്ടാണ്. അതേസമയം മറ്റൊരു മികച്ച പ്ലാനായ 347 രൂപ പ്ലാൻ എത്തുന്നത് മികച്ച അളവിൽ ഡാറ്റയും അൺലിമിറ്റഡ് കോളിങ്ങും ഒരുപോലെ വാഗ്ദാനം ചെയ്തുകൊണ്ടാണ്.
ഈ രണ്ട് പ്ലാനുകളും അവ ആഗ്രഹിക്കുന്ന ആളുകൾക്ക് മാത്രമാണ് മികച്ചതായി തോന്നുക. മറ്റ് പ്ലാനുകളുടെ കാര്യവും അങ്ങനെ തന്നെ. അതായത് ധാരാളം ഡാറ്റയും കോളിങ്ങും ഉണ്ടെങ്കിലും ഫീച്ചർ ഫോണുകൾ ഉപയോഗിക്കുന്നവർ, അല്ലെങ്കിൽ ഡാറ്റ ഉപയോഗിക്കാത്തവരെ സംബന്ധിച്ച് 439 രൂപയുടെ പ്ലാനാണ് നല്ലത്. അതേപോലെ ഡാറ്റ വേണ്ടവരുടെ കാഴ്ചപ്പാടിൽ 439 രൂപയുടെ പ്ലാൻ അത്ര പോര എന്നായിരിക്കും.
എങ്കിലും ഈ പ്ലാനുകൾ രണ്ടും അവ ആരെ ലക്ഷ്യമിട്ട് അവതരിപ്പിച്ചോ അവർക്ക് പ്രിയപ്പെട്ടവയാണ്. രണ്ടും കിടിലൻ പ്ലാനുകൾ ആണെങ്കിലും, ഇനി ഈ രണ്ട് പ്ലാനുകളിലൊന്ന് തെരഞ്ഞെടുക്കണമെങ്കിൽ മൊത്തത്തിൽ നോക്കിയാൽ 347 രൂപയുടെ പ്ലാൻ ആണ് കൂടുതൽ ലാഭകരം എന്ന് പറയാം. ഇവയിലെ ആനുകൂല്യങ്ങൾ കൂടി വിശദമായി പരിചയപ്പെടാം.

347 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനിലെ പ്രധാന ആനുകൂല്യങ്ങൾ: പ്രതിദിനം 2ജിബി ഡാറ്റ, അൺലിമിറ്റഡ് കോളിംഗ്, ദിവസം 100 എസ്എംഎസ് എന്നിവയാണ് ഈ പ്ലാനിലെ പ്രധാന ആനുകൂല്യങ്ങൾ. 54 ദിവസ വാലിഡിറ്റിയിൽ ആണ് ഈ ആനുകൂല്യങ്ങൾ ലഭ്യമാകുക. സ്വകാര്യ കമ്പനികളുടെ വരിക്കാർ ഇതേ ആനുകൂല്യങ്ങൾക്കായി ഒരു മാസം റീച്ചാർജിനായി ചെലവഴിക്കുന്ന തുക ഉണ്ടെങ്കിൽ ബിഎസ്എൻഎൽ വരിക്കാർക്ക് രണ്ട് മാസം സുഖ സുന്ദരമായി കഴിഞ്ഞുകൂടാം എന്ന് തെളിയിക്കുന്ന ഒരു പ്ലാനാണിത്.
439 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാൻ: അൺലിമിറ്റഡ് വോയിസ് കോളുകളും ആകെ 300 എസ്എംഎസും ആണ് ഈ ബിഎസ്എൻഎൽ പ്ലാനിലെ പ്രധാന ആനുകൂല്യങ്ങൾ. ഡാറ്റ ആനുകൂല്യങ്ങൾ ഇതിൽ ഇല്ല. 90 ദിവസത്തെ വാലിഡിറ്റിയിൽ ആണ് ഈ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാൻ എത്തുന്നത്.


Click it and Unblock the Notifications







