മാസങ്ങളോളം സംസാരിച്ചിരിക്കാൻ ഇത് മതി! ചീപ് റേറ്റിൽ അൺലിമിറ്റഡ് കോളിങ് സഹിതം BSNL പ്ലാൻ
സ്മാർട്ട്ഫോണുകൾ വർധിച്ചുവരുന്ന ഇക്കാലത്തും ഡാറ്റ ഉപയോഗം ഇല്ലാതെ കോളിങ്, എസ്എംസ് ആനുകൂല്യങ്ങൾ മാത്രം വേണ്ട ടെലിക്കോം ഉപയോക്താക്കൾ ധാരാളമുണ്ട്. അവർക്കായി ബിഎസ്എൻഎൽ വർഷങ്ങളായി മികച്ച ചില പ്ലാനുകൾ കരുതി വയ്ക്കുകയും നൽകുകയും ചെയ്യുന്നുണ്ട്. അതിൽ ഏറ്റവും ശ്രദ്ധേയമായ പ്ലാനാണ് 439 രൂപയുടെ ബിഎസ്എൻഎൽ പ്ലാൻ. ജിയോ, എയർടെൽ, വൊഡാഫോൺ ഐഡിയ എന്നീ ടെലിക്കോം കമ്പനികൾ അടുത്തിടെ മാത്രമാണ് ഡാറ്റയില്ലാതെ, കോളിങ്, എസ്എംഎസ് ആനുകൂല്യങ്ങൾ മാത്രം അടങ്ങുന്ന പ്ലാൻ വരിക്കാർക്ക് ലഭ്യമാക്കിത്തുടങ്ങിയത്. അതും ട്രായിയുടെ കർശന നിർദേശത്തെ തുടർന്ന് വേറെ വഴിയില്ലാതെയാണ് ആ പ്ലാനുകൾ അവതരിപ്പിച്ചത്.
എന്നാൽ ട്രായി വോയ്സ്-എസ്എംഎസ് ഒൺലി പ്ലാനുകൾ എന്ന് മനസിൽ ചിന്തിക്കുന്നതിനും വർഷങ്ങൾക്ക് മുൻപേ ബിഎസ്എൻഎല്ലിന്റെ ഈ 439 രൂപയുടെ വോയ്സ് ഒൺലി പ്ലാൻ ഇവിടെയുണ്ടായിരുന്നു എന്നത് ഏറെ ശ്രദ്ധേയമാണ്. വോയ്സ്- എസ്എംഎസ് എന്നിവ മികച്ച വാലിഡിറ്റിയിൽ ഈ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാൻ വാഗ്ദാനം ചെയ്യുന്നുണ്ട്.

439 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനിലെ ആനുകൂല്യങ്ങൾ: 90 ദിവസത്തെ വാലിഡിറ്റിയിൽ അൺലിമിറ്റഡ് വോയിസ് കോളുകൾ ഈ പ്ലാനിൽ ലഭ്യമാകും. ഇതോടൊപ്പം ആകെ 300 എസ്എംഎസും ലഭിക്കും. ഡാറ്റ ആനുകൂല്യങ്ങൾ ഇതിൽ ഇല്ല. പ്രതിദിനം 4 രൂപ 87 പൈസയാണ് ഈ പ്ലാനിന്റെ ചെലവ്.
ബിഎസ്എൻഎൽ സെൽഫ് കെയർ ആപ്പ് ഉപയോഗിച്ച് റീച്ചാർജ് ചെയ്താൽ 2 ശതമാനം ഡിസ്കൗണ്ട് ലഭിക്കും. അതിനാൽ വെറും 430 രൂപ 22 പൈസ ചെലവിൽ ഈ പ്ലാൻ തെരഞ്ഞെടുക്കാൻ സാധിക്കും. 2022 ഒക്ടോബറിൽ ദീപാവലി സമയത്ത് ബിഎസ്എൻഎൽ അവതരിപ്പിച്ച പ്ലാനാണ് ഇത്. വർഷങ്ങൾ കഴിഞ്ഞിട്ടും ഈ പ്ലാനിൽ ബിഎസ്എൻഎൽ കാര്യമായ ഒരു മാറ്റവും വരുത്തിയിട്ടില്ല.

ഇതിനെക്കാൾ കുറഞ്ഞ വിലയിൽ വോയ്സ് ഒൺലി ആനുകൂല്യം വേണമെങ്കിൽ ബിഎസ്എൻഎൽ വരിക്കാർക്ക് 99 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ പരിഗണിക്കാവുന്നതാണ്. 99 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനിൽ 17 ദിവസത്തെ വാലിഡിറ്റിയിൽ അൺലിമിറ്റഡ് വോയ്‌സ് കോളിങ് ലഭ്യമാകുന്നു. മറ്റാനുകൂല്യങ്ങളൊന്നും ഈ പ്ലാനിൽ ലഭ്യമല്ല. ഇന്ത്യയിലെ എല്ലാ ടെലിക്കോം സർക്കിളുകളിലും ഈ റീച്ചാർജ് പ്ലാൻ ലഭ്യമാണ്.
കുറഞ്ഞ വിലയിൽ വോയ്സ് ഒൺലി സൗകര്യം സ്വകാര്യ ടെലിക്കോം കമ്പനികൾ വാഗ്ദാനം ചെയ്യുന്നില്ല. സ്വകാര്യ ടെലിക്കോം കമ്പനികളുടെ വോയ്സ് ഒൺലി പ്ലാനുകൾ 84 ദിവസം, 336 ദിവസം, 365 ദിവസം എന്നീ വാലിഡിറ്റികളിലാണ് എത്തുന്നത്. അതിന് ചെലവ് കൂടും. ഇന്ത്യയിലെ നാല് ടെലിക്കോം കമ്പനികളിൽ വച്ച് ഏറ്റവും കുറഞ്ഞ വിലയിൽ വോയ്സ് ഒൺലി പ്ലാൻ അവതരിപ്പിച്ചിരിക്കുന്നത് ബിഎസ്എൻഎൽ ആണ്.
ജിയോ 448 രൂപ വോയ്സ് ഒൺലി പ്രീപെയ്ഡ് പ്ലാൻ അൺലിമിറ്റഡ് വോയ്‌സ് കോളിങ്, 1000 എസ്എംഎസ്, 84 ദിവസത്തെ വാലിഡിറ്റി, ജിയോ ആപ്പുകളിലേക്കുള്ള ആക്സസ് എന്നിവയാണ് വാഗ്ദാനം ചെയ്യുന്നത്. ജിയോ 1748 രൂപ വോയ്സ് ഒൺലി പ്രീപെയ്ഡ് പ്ലാൻ 336 ദിവസത്തെ വാലിഡിറ്റിയിൽ അൺലിമിറ്റഡ് വോയ്‌സ് കോളിംഗും 3600 എസ്എംഎസും നൽകുന്നു.

എയർടെൽ 469 രൂപ വോയ്സ് ഒൺലി പ്രീപെയ്ഡ് പ്ലാൻ 84 ദിവസത്തെ വാലിഡിറ്റിയിൽ അൺലിമിറ്റഡ് വോയ്‌സ് കോളുകൾ, 900 എസ്എംഎസ് എന്നിവ ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നു. എയർടെൽ 1849 രൂപ വോയ്സ് ഒൺലി പ്രീപെയ്ഡ് പ്ലാൻ 365 ദിവസത്തെ വാലിഡിറ്റിയിൽ അൺലിമിറ്റഡ് വോയ്‌സ് കോളുകളും 3,600 എസ്എംഎസുകളും വാഗ്ദാനം ചെയ്യുന്നു.
വിഐ 470 രൂപ വോയ്സ് ഒൺലി പ്രീപെയ്ഡ് പ്ലാൻ അൺലിമിറ്റഡ് വോയ്‌സ് കോളിംഗ്, 900 എസ്എംഎസ് എന്നിവ 84 ദിവസ വാലിഡിറ്റിയിൽ നൽകുന്നു. വിഐയുടെ 1849 രൂപ പ്രീപെയ്ഡ് പ്ലാനിൽ 365 ദിവസ വാലിഡിറ്റിയിൽ അൺലിമിറ്റഡ് വോയ്‌സ് കോളിംഗ്, 3600 എസ്എംഎസ് എന്നിവ ലഭ്യമാകുന്നു.


Click it and Unblock the Notifications








