ബിഎസ്എൻഎൽ 4G ഇതുവരെ കിട്ടാൻ തുടങ്ങിയില്ലേ? എങ്കിൽ ഈ റീച്ചാർജ് പ്ലാൻ ചെയ്താൽ മതി, കോളിങ് നടക്കും
ബിഎസ്എൻഎൽ പ്രവർത്തനമാരംഭിച്ചതിന്റെ 25-ാം വാർഷികമാഘോഷിക്കുന്ന ഈ വേളയിൽ, ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച 4ജി ടെക്നോളജിയുമായി പുതിയ ബിഎസ്എൻഎൽ 4ജി ടവറുകൾ രാജ്യവ്യാപകമായി സ്ഥാപിക്കപ്പെട്ടതിന്റെ ഔദ്യോഗിക ലോഞ്ച് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിക്കുകയുണ്ടായി. എന്നാൽ ഇപ്പോൾ സ്ഥാപിക്കപ്പെട്ടിരിക്കുന്ന ബിഎസ്എൻഎൽ 4ജി ടവറുകൾ ഇന്ത്യയെമ്പാടുമുള്ള ബിഎസ്എൻഎൽ വരിക്കാരുടെ ടെലിക്കോം ആവശ്യങ്ങൾ നിറവേറ്റാൻ പര്യാപ്തമല്ല, ബിഎസ്എൻഎൽ 4ജി എത്താത്ത നിരവധി പ്രദേശങ്ങൾ ഇന്ത്യയിലുണ്ട്. അവിടങ്ങളിലുള്ള ബിഎസ്എൻഎൽ വരിക്കാരെ സംബന്ധിച്ചിടത്തോളം ഡാറ്റ ഉപയോഗം എന്നത് അൽപ്പം ദുഷ്കരമായിരിക്കും. അതേസമയം ഇതിനകം 4ജി ലഭ്യമായ പ്രദേശങ്ങളിലുള്ളവരെ സംബന്ധിച്ചിടത്തോളം മികച്ച വേഗതയിൽ ഡാറ്റ സേവനങ്ങൾ ഉൾപ്പെടെ ലഭ്യമാണ്.
ബിഎസ്എൻഎൽ 4ജി ലഭ്യമായ പ്രദേശങ്ങളിലെ വരിക്കാരെ സംബന്ധിച്ചിടത്തോളം അവർക്ക് ഒരു ബിഎസ്എൻഎൽ സിമ്മും ഒരു സ്വകാര്യ കമ്പനിയുടെ സിമ്മും ഉണ്ടെങ്കിൽ മികച്ച അളവിൽ പ്രതിദിന ഡാറ്റ അടങ്ങുന്ന ബിഎസ്എൻഎൽ പ്ലാൻ ഉപയോഗിച്ച് റീച്ചാർജ് ചെയ്യുന്നതാണ് ലാഭം കാരണം കുറഞ്ഞ നിരക്കിൽ ഡാറ്റ സേവനങ്ങൾ ആസ്വദിക്കാൻ സാധിക്കും.

4ജി എത്തിയില്ലേ, എങ്കിൽ ഇത് പിടി
അതേസമയം ഇനിയും 4ജി എത്തിയിട്ടില്ലാത്ത ബിഎസ്എൻഎൽ വരിക്കാരെ സംബന്ധിച്ചിടത്തോളം ഡാറ്റ അടങ്ങുന്ന പ്ലാനുകൾ തെരഞ്ഞെടുക്കുന്നത് നഷ്ടക്കളിയാണ്. അതിനാൽ അത്തരം പ്രദേശങ്ങളിലെ ബിഎസ്എൻഎൽ വരിക്കാർക്ക് ഏറ്റവും അനുയോജ്യമായ ഒരു പ്ലാൻ ഒരുപക്ഷേ 439 രൂപയുടെ ബിഎസ്എൻഎൽ പ്ലാനാണ്. ഇത് ഡാറ്റ ഇല്ലാതെ കോളിങ് ആനുകൂല്യവുമായി എത്തുന്ന ബിഎസ്എൻഎൽ പ്ലാനാണ്.
439 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാൻ
തികച്ചും സാധാരണക്കാരായ ബിഎസ്എൻഎൽ വരിക്കാരുടെ, പ്രത്യേകിച്ച് സ്മാർട്ട്ഫോൺ അല്ലാതെ, ഫീച്ചർ ഫോണുകൾ ഉപയോഗിക്കുന്ന ബിഎസ്എൻഎൽ വരിക്കാരുടെ കോളിങ് ആവശ്യങ്ങൾ നിറവേറ്റാൻ ഏറ്റവും അനുയോജ്യമായ ബിഎസ്എൻഎൽ പ്രീപെയ്ഡ് റീച്ചാർജ് പ്ലാനാണ് ഇത് എന്ന് പറയാം. ഏറെ നാളായി 439 രൂപയുടെ പ്ലാൻ ബിഎസ്എൻഎൽ നൽകിവരുന്നുണ്ട്.

കുറച്ചുകൂടി ആഴത്തിൽ പറഞ്ഞാൽ ടെലിക്കോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായി) വോയ്സ് ഒൺലി പ്ലാനുകൾ ഇന്ത്യയിൽ നിർബന്ധമാക്കുന്നതിനും വളരെ മുൻപേ ഈ 439 രൂപയുടെ വോയ്സ് ഒൺലി പ്ലാൻ ബിഎസ്എൻഎൽ തങ്ങളുടെ ഉപയോക്താക്കൾക്കായി ലഭ്യമാക്കിയിരുന്നു. അതേസമയം ട്രായിയുടെ കർശന ഉത്തരവ് വന്ന ശേഷമാണ് സ്വകാര്യ ടെലിക്കോം കമ്പനികൾ ഡാറ്റ ആനുകൂല്യം ഇല്ലാതെ ഇപ്പോൾ ലഭ്യമായിട്ടുള്ള വോയ്സ് ഒൺലി റീച്ചാർജ് പ്ലാനുകൾ അവതരിപ്പിച്ചത്.
439 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാൻ 90 ദിവസ വാലിഡിറ്റിയിൽ എത്തുന്നു. അൺലിമിറ്റഡ് കോളിങ്, ആകെ 300 എസ്എംഎസ് എന്നിവ മാത്രമാണ് ഈ ബിസ്എൻഎൽ വോയ്സ് ഒൺലി പ്ലാനിൽ ലഭ്യമാകുക. ഡാറ്റ ആനുകൂല്യം ഇതിൽ ഉൾപ്പെടുന്നില്ല. പ്രതിദിന അടിസ്ഥാനത്തിൽ നോക്കിയാൽ ഏകദേശം 4.87 രൂപയാണ് ഈ ബിഎസ്എൻഎൽ പ്ലാനിന്റെ പ്രതിദിന ചെലവ്.
ബിഎസ്എൻഎല്ലിന് ഒരു വോയ്സ് ഒൺലി പ്ലാൻ മാത്രമാണ് ഉള്ളത്. അതേസമയം ജിയോ, എയർടെൽ, വൊഡാഫോൺ ഐഡിയ (VI) എന്നീ ടെലിക്കോം കമ്പനികൾ രണ്ട് വോയ്സ് ഒൺലി പ്ലാനുകൾ വീതം അവതരിപ്പിച്ചിട്ടുണ്ട്. അവയിൽ ഒന്ന് മൂന്ന് മാസത്തിനടുത്ത് വാലിഡിറ്റിയിലും മറ്റൊന്ന് ഒരു വർഷത്തിനടുത്ത് വാലിഡിറ്റിയിലും എത്തുന്നു.

വോയ്സ് പ്ലാനിന് പുറമേ കുറഞ്ഞ അളവിൽ ഡാറ്റയും അൺലിമിറ്റഡ് കോളിങ്ങും ആവശ്യമുള്ള വരിക്കാർക്കായി ഒന്നിലധികം മികച്ച പ്ലാനുകളും ബിഎസ്എൻഎൽ നൽകുന്നുണ്ട്. അതിന് ഉദാഹരണമാണ് 147 രൂപയുടെ ബിഎസ്എൻഎൽ പ്ലാൻ, ഇത് 25 ദിവസ വാലിഡിറ്റിയിൽ അൺലിമിറ്റഡ് കോളിങ്, ആകെ 10ജിബി ഡാറ്റ എന്നിവ സഹിതം എത്തുന്നു.


Click it and Unblock the Notifications








