അണ്ണൻ ഈ സീൻ പണ്ടേ വിട്ടതാണ് മക്കളേ...! BSNL വരിക്കാരേ നിങ്ങൾക്കും ഉണ്ട് വോയ്സ് ഒൺലി പ്ലാൻ
ഇന്ത്യൻ ടെലിക്കോം രംഗത്ത് ഇപ്പോൾ പ്രധാന ചർച്ചാ വിഷയം വോയ്സ്- എസ്എംഎസ് ഒൺലി പ്രീപെയ്ഡ് പ്ലാനുകളാണ്. എല്ലാ ടെലിക്കോം കമ്പനികളും ഡാറ്റ ആനുകൂല്യം ഇല്ലാതെ വോയ്സ് കോൾ, എസ്എംഎസ് എന്നീ ആനുകൂല്യങ്ങൾ മാത്രം ഉൾപ്പെടുന്ന പ്രത്യേകം റീച്ചാർജ് പ്ലാനുകൾ അവതരിപ്പിക്കണം എന്ന് ട്രായി നേരത്തെ ഉത്തരവിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ആദ്യം എയർടെലും അതിന് പിന്നാലെ ജിയോയും തുടർന്ന് വൊഡാഫോൺ ഐഡിയയും തങ്ങളുടെ വോയ്സ്- എസ്എംഎസ് ഒൺലി പ്രീപെയ്ഡ് പ്ലാനുകൾ കഴിഞ്ഞ ദിവസം പ്രഖ്യാപിക്കുകയുണ്ടായി. അതിൽ എയർടെലിന്റെ ആദ്യം പ്രഖ്യാപിച്ച വോയ്സ് ഒൺലി പ്ലാൻ വലിയ രീതിയിൽ ചർച്ചയായിരുന്നു.
എയർടെൽ ആദ്യം പ്രഖ്യാപിച്ച പ്ലാൻ നിലവിലുണ്ടായിരുന്ന ഒരു പ്ലാനിൽ നിന്ന് ഡാറ്റ ഒഴിവാക്കി വിലയിൽ മാറ്റമില്ലാതെ വോയ്സ് ഒൺലി പ്ലാൻ എന്ന നിലയിൽ എത്തുന്നത് ആയിരുന്നു. ഇതാണ് ആളുകളുടെ പ്രതിഷേധത്തിനും വിമർശനത്തിനും ഇടയാക്കിയത്. എന്നാൽ പിന്നീട് എയർടെൽ ആ പ്ലാൻ മാറ്റുകയും മറ്റ് രണ്ട് പ്ലാനുകൾ അവതരിപ്പിക്കുകയും ചെയ്തു.

ഇന്ത്യയിലെ ടെലിക്കോം കമ്പനികളിൽ ജിയോയും എയർടെലും വിഐയും തങ്ങളുടെ വോയ്സ് -എസ്എംഎസ് ഒൺലി പ്രീപെയ്ഡ് പ്ലാനുകൾ അവതരിപ്പിച്ചുകഴിഞ്ഞു. ഇനി ഏവരും ഉറ്റുനോക്കുന്നത് ബിഎസ്എൻഎല്ലിലേക്ക് ആണ്. ട്രായിയുടെ നിർദേശപ്രകാരം ബിഎസ്എൻഎൽ വോയ്സ് ഒൺലി പ്ലാനുകൾ പുതിയതായി അവതരിപ്പിക്കുമോയെന്ന് ഇപ്പോൾ വ്യക്തമല്ല. കാരണം ട്രായിയുടെ നിർദേശം വരുന്നതിനും മുമ്പേ ഡാറ്റയില്ലാതെ വോയ്സ്- എസ്എംഎസ് ആനുകൂല്യം വാഗ്ദാനം ചെയ്യുന്ന പ്ലാൻ ബിഎസ്എൻഎൽ നൽകുന്നുണ്ട്.
ഇപ്പോൾ ജിയോയും മറ്റ് ടെലിക്കോം കമ്പനികളും അവതരിപ്പിച്ചതിനെക്കാൾ മികച്ചത് ബിഎസ്എൻഎൽ നേരത്തെ നൽകിവരുന്ന വോയ്സ്- എസ്എംഎസ് ഒൺലി പ്ലാനാണ്. 439 രൂപയാണ് ഈ ബിഎസ്എൻഎൽ പ്ലാനിന്റെ വില. വോയ്സ്- എസ്എംഎസ് എന്നിവ മികച്ച വാലിഡിറ്റിയിൽ ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നുണ്ട്. അതിനാൽ ബിഎസ്എൻഎൽ വരിക്കാർക്ക് വോയ്സ്- എസ്എംഎസ് ഒൺലി പ്രീപെയ്ഡ് പ്ലാൻ എന്ന നിലയിൽ 439 രൂപ പ്ലാൻ പ്രയോജനപ്പെടുത്താം.

ബിഎസ്എൻഎൽ 439 രൂപ പ്ലാനിലെ ആനുകൂല്യങ്ങൾ: 90 ദിവസത്തെ വാലിഡിറ്റിയിൽ അൺലിമിറ്റഡ് വോയിസ് കോളുകൾ ഈ പ്ലാനിൽ ലഭ്യമാകും. ഇതോടൊപ്പം ആകെ 300 എസ്എംഎസും ലഭിക്കും. ഡാറ്റ ആനുകൂല്യങ്ങൾ ഇതിൽ ലഭ്യമാകില്ല. 2022 ഒക്ടോബറിൽ ദീപാവലി സമയത്ത് ബിഎസ്എൻഎൽ അവതരിപ്പിച്ച പ്ലാനാണ് ഇത്. വർഷങ്ങൾ കഴിഞ്ഞിട്ടും ഈ പ്ലാനിൽ ബിഎസ്എൻഎൽ കാര്യമായ ഒരു മാറ്റവും വരുത്തിയിട്ടില്ല.
നിലവിൽ സ്വകാര്യ ടെലിക്കോം കമ്പനികൾ അവതരിപ്പിച്ച വോയ്സ്- എസ്എംഎസ് ഒൺലി പ്ലാനുകളിലേത് പോലുള്ള ആനുകൂല്യങ്ങൾ തന്നെ വർഷങ്ങൾക്ക് മുൻപ് അവതരിപ്പിക്കപ്പെട്ടെ ഈ ബിഎസ്എൻഎൽ പ്ലാൻ വാഗ്ദാനം ചെയ്യുന്നുണ്ട്. എങ്കിലും മറ്റ് കമ്പനികൾ പുതിയ പ്ലാനുകൾ അവതരിപ്പിച്ച സ്ഥിതിക്ക് ചിലപ്പോൾ ബിഎസ്എൻഎല്ലും പുതിയൊരു വോയ്സ്- എസ്എംഎസ് ഒൺലി പ്ലാൻ ഉടൻ പ്രഖ്യാപിച്ചേക്കാം.
ബിഎസ്എൻഎൽ പുതിയ വോയ്സ്-എസ്എംഎസ് ഒൺലി പ്ലാൻ പ്രഖ്യാപിച്ചാലും ഇല്ലെങ്കിലും അതിന്റെ വരിക്കാർക്ക് ആ ആനുകൂല്യങ്ങൾ ലഭ്യമാകുന്നുണ്ട് എന്നതാണ് ശ്രദ്ധേയം. ജിയോയും എയർടെലും രണ്ട് വീതവും വിഐ ഒരു വോയ്സ്-എസ്എംഎസ് ഒൺലി പ്രീപെയ്ഡ് പ്ലാനുമാണ് അവതരിപ്പിച്ചിരിക്കുന്നത്. ജിയോയുടെ 458 രൂപ വോയ്സ്-എസ്എംഎസ് ഒൺലി പ്ലാൻ 84 ദിവസ വാലിഡിറ്റിയിലും 1,958 രൂപ വോയ്സ്-എസ്എംഎസ് ഒൺലി പ്ലാൻ 365 ദിവസ വാലിഡിറ്റിയിലും ആനുകൂല്യങ്ങൾ നൽകുന്നു.

എയർടെൽ 499 രൂപ (84 ദിവസം വാലിഡിറ്റി), 1959 രൂപ (365 ദിവസം വാലിഡിറ്റി) വിലകളിൽ ആണ് തങ്ങളുടെ പുതിയ വോയ്സ്- എസ്എംഎസ് ഒൺലി പ്രീപെയ്ഡ് പ്ലാനുകൾ അവതരിപ്പിച്ചിരിക്കുന്നത്. വിഐയുടെ ഏക വോയ്സ്- എസ്എംഎസ് ഒൺലി പ്രീപെയ്ഡ് പ്ലാൻ 1460 രൂപ വിലയിൽ എത്തുന്നു. ഇത് 270 ദിവസത്തെ വാലിഡിറ്റിയിലാണ് വോയ്സ്- എസ്എംഎസ് ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നത്.


Click it and Unblock the Notifications








