ബിഎസ്എൻഎല്ലിന്റെ ബെസ്റ്റ് വോയിസ് പ്ലാൻ ഇനി എത്തുക 80 ദിവസ വാലിഡിറ്റിയിൽ
പൊതുമേഖലാ ടെലിക്കോം കമ്പനിയായ ബിഎസ്എൻഎല്ലിന്റെ വരിക്കാർക്ക് മുൻപ് ലഭ്യമായിരുന്നതിൽ നിന്ന് വ്യത്യസ്തമായ ആനുകൂല്യങ്ങളാണ് ഇപ്പോൾ പല റീച്ചാർജ് പ്ലാനുകളിലും ലഭിക്കുക. കാരണം കഴിഞ്ഞ ദിവസം ബിഎസ്എൻഎൽ നിരവധി പ്ലാനുകളുടെ ആനുകൂല്യങ്ങൾ പരിഷ്കരിച്ചു. ഇതിന് ശേഷം പല പ്ലാനുകളുടെയും വാലിഡിറ്റി കുറഞ്ഞു. ഇതിൽ ബിഎസ്എൻഎല്ലിന്റെ ഏറ്റവും മികച്ച വോയിസ് ഒൺലി പ്ലാനിന്റെ ആനുകൂല്യത്തിലും മാറ്റങ്ങൾ വന്നിരിക്കുന്നു. ഈ സാഹചര്യത്തിൽ ബിഎസ്എൻഎൽ വരിക്കാർക്കായി ബിഎസ്എൻഎല്ലിന്റെ വോയ്സ് പ്ലാനുകളെക്കുറിച്ചും ഏറ്റവും മികച്ച വോയിസ് പ്ലാൻ ഏതെന്നും അതിൽ ഇപ്പോൾ ലഭ്യമാകുന്ന ആനുകൂല്യങ്ങൾ എന്തൊക്കെയെന്നും ഇവിടെ പരിചയപ്പെടാം.
ബിഎസ്എൻഎല്ലിന്റെ സെൽഫ് കെയർ ആപ്പിൽ വോയിസ് എന്ന വിഭാഗത്തിൽ ആകെ 6 പ്ലാനുകളാണ് ഉള്ളത്. അതിൽ ഏറ്റവും വില കുറഞ്ഞ പ്ലാൻ 99 രൂപ വിലയിലും ഏറ്റവും വില കൂടിയ പ്ലാൻ 1499 രൂപ വിലയിലും ലിസ്റ്റ് ചെയ്തിരിക്കുന്നു. എന്നാൽ ഇക്കൂട്ടത്തിൽ യഥാർഥ വോയിസ് ഒൺലി പ്ലാൻ 439 രൂപ വിലയിൽ എത്തുന്നു.

439 രൂപയുടെ പ്ലാനിനെ യഥാർഥ വോയിസ് ഒൺലി പ്ലാൻ എന്ന് വിളിക്കാൻ കാരണം ഇതിൽ ഡാറ്റ ആനുകൂല്യങ്ങൾ ഇല്ല എന്നതാണ്. വോയിസ് വിഭാഗത്തിൽ ലിസ്റ്റ് ചെയ്തിരിക്കുന്ന മറ്റ് പ്ലാനുകൾ അൺലിമിറ്റഡ് കോളിങ് ആനുകൂല്യത്തിന് പ്രാധാന്യം നൽകുന്നതോടൊപ്പം തന്നെ ചെറിയ അളവിൽ ഡാറ്റയും അടങ്ങുന്നവയാണ്. എന്നാൽ 439 രൂപ പ്ലാൻ മാത്രം ഡാറ്റ ആനുകൂല്യങ്ങൾ ഒന്നുമില്ലാതെ കോളിങ്, എസ്എംഎസ് ആനുകൂല്യങ്ങൾ മാത്രം വാഗ്ദാനം ചെയ്യുന്നു.
439 രൂപയുടെ ബിഎസ്എൻഎൽ പ്ലാനിൽ വന്ന മാറ്റം
മുൻപ് 90 ദിവസ വാലിഡിറ്റിയിൽ ആണ് ഈ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാൻ എത്തിയിരുന്നത്. ഇപ്പോൾ അതിന്റെ വാലിഡിറ്റി 10 ദിവസം കുറച്ച് 80 ദിവസമാക്കിയിരിക്കുന്നു. 80 ദിവസ വാലിഡിറ്റിയിൽ അൺലിമിറ്റഡ് കോളിങ്, ആകെ 300 എസ്എംഎസ് എന്നിവയാണ് ഈ ബിഎസ്എൻഎൽ പ്ലാനിൽ ഇപ്പോൾ ലഭ്യമാകുക.

ബിഎസ്എൻഎൽ ലിസ്റ്റ് ചെയ്തിരിക്കുന്ന 6 വോയ്സ് പ്ലാനുകളിൽ ഏറ്റവും കുറഞ്ഞ പ്രതിദിന ചെലവ് ഉള്ള പ്ലാൻ 1499 രൂപയുടെ പ്ലാനാണ്. 439 രൂപയുടെ വോയിസ് ഒൺലി പ്ലാനിന്റെ പ്രതിദിന ചെലവ് ഏകദേശം 5.48 രൂപ വരും. അതേസമയം 1499 രൂപയുടെ പ്ലാനിന്റെ ഒരു ദിവസത്തെ ചെലവ് 4.99 രൂപയാണ്.
1499 രൂപയുടെ പ്ലാനിൽ ബിഎസ്എൻഎൽ അൺലിമിറ്റഡ് കോളിങ്, ആകെ 32ജിബി ഡാറ്റ, 300 ദിവസ വാലിഡിറ്റി എന്നിവയാണ് ഇപ്പോൾ നൽകുന്നത്. മുൻപ് ഈ പ്ലാൻ 336 ദിവസ വാലിഡിറ്റിയിൽ ആനുകൂല്യങ്ങൾ നൽകിയിരുന്നു. ദീർഘകാല വാലിഡിറ്റിയിൽ അൺലിമിറ്റഡ് കോളിങ് ആനുകൂല്യം സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന വരിക്കാർക്ക് അനുയോജ്യം ഈ പ്ലാനാണ്.
പ്രതിദിന ചെലവിന്റെ കാര്യമെടുത്താലും 439 രൂപയുടെ വോയിസ് പ്ലാനിനെക്കാൾ ലാഭം 1499 രൂപയുടെ പ്ലാനാണ്. എന്നാൽ റീച്ചാർജിനായി വലിയൊരു തുക ഒന്നിച്ച് മുടക്കേണ്ടിവരുമെന്ന് മാത്രം. ബിഎസ്എൻഎല്ലിന്റെ വോയിസ് വിഭാഗത്തിൽ ലിസ്റ്റ് ചെയ്തിരിക്കുന്ന റീച്ചാർജ് പ്ലാനുകളിൽ ഏറ്റവുമധികം പ്രതിദിന ചെലവ് ഉള്ളത് ഏറ്റവും കുറഞ്ഞ വിലയിൽ എത്തുന്ന 99 രൂപയുടെ പ്ലാനിനാണ്.

99 രൂപയുടെ ബിഎസ്എൻഎൽ പ്ലാനിന്റെ പ്രതിദിന ചെലവ് 6.6 രൂപയാണ്. 147 രൂപയുടെ പ്ലാനിന്റെ പ്രതിദിന ചെലവ് 5.88 രൂപയും 319 രൂപയുടെ പ്ലാനിന്റെ പ്രതിദിന ചെലവ് 5.31 രൂപയും 897 രൂപയുടെ പ്ലാനിന്റെ പ്രതിദിന ചെലവ് 5.43 രൂപയുമാണ്. ഇവയെല്ലാം ഇപ്പോൾ പുതുക്കിയ വാലിഡിറ്റിയാണ് വാഗ്ദാനം ചെയ്യുന്നത്.


Click it and Unblock the Notifications








