വിദേശത്ത് പോകാൻ പ്ലാനുണ്ടോ, എങ്കിൽ നിങ്ങൾക്ക് വേണ്ട പ്ലാൻ BSNL -ന്റെ പക്കലുണ്ട്! വാലിഡിറ്റി 30 ദിവസം
ഇന്ത്യൻ ടെലിക്കോം മേഖലയിലെ 'ഒറ്റയാൻ' ആയ ബിഎസ്എൻഎൽ തങ്ങളുടെ വരിക്കാർക്കായി ഇന്റർനാഷണൽ റോമിങ് പ്ലാനുകളും പുറത്തിറക്കിയിട്ടുണ്ട്. എന്നാൽ ഇക്കാര്യം ബിഎസ്എൻഎൽ ഉപയോക്താക്കൾക്ക് പോലും അത്ര പിടിയില്ല. നാട്ടിൽ ഉപയോഗിക്കാൻ ആവ്യമായ പ്ലാനുകൾ തന്നെ പലർക്കും പരിചയമില്ല, അപ്പോൾ റോമിങ് പ്ലാനുകൾ പരിചയമുണ്ടാകാനുള്ള സാധ്യത വളരേ കുറവാണ്. ഇതൊക്കെ കൂടി കണക്കിലെടുത്തുകൊണ്ടാകാം, ബിഎസ്എൻഎൽ തങ്ങളുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെ ഇപ്പോൾ ഒരു ഇന്റർനാഷണൽ റോമിങ് പ്ലാൻ പരിചയപ്പെടുത്തിയിരിക്കുന്നു. ബിഎസ്എൻഎല്ലിന്റെ ലഭ്യമായ മുഴുവൻ പ്ലാനുകളിൽ വച്ച് ഏറ്റവും വില കൂടിയ പ്ലാനാണ് ഇത്.
5399 രൂപ വിലയുള്ള ഇന്റർനാഷണൽ റോമിങ് പ്ലാൻ ആണ് ഇപ്പോൾ ട്വിറ്ററിലൂടെ ബിഎസ്എൻഎൽ തങ്ങളുടെ വരിക്കാരെ പരിചയപ്പെടുത്തിയിരിക്കുന്നത്. ''അതിരുകളില്ലാതെ യാത്ര ചെയ്യുക, ആഗോളതലത്തിൽ ബന്ധം നിലനിർത്തുക''. ''നിങ്ങളുടെ ബാഗുകളും BSNL കണക്ഷനും പായ്ക്ക് ചെയ്യുക'', BSNL-ന്റെ ഇന്റർനാഷണൽ റോമിംഗ് പായ്ക്ക് നിങ്ങളെ 18 രാജ്യങ്ങൾ എളുപ്പത്തിൽ ചുറ്റാൻ അനുവദിക്കുന്നു, ദിവസം വെറും 180 രൂപ ചെലവിൽ'' എന്നാണ് പ്ലാൻ പരിചയപ്പെടുത്തി ബിഎസ്എൻഎൽ പറഞ്ഞിരിക്കുന്നത്.

5399 രൂപയുടെ ബിഎസ്എൻഎൽ ഇന്റർനാഷണൽ റോമിങ് പ്ലാനിൽ ലഭ്യമാകുന്ന പ്രധാന ആനുകൂല്യങ്ങൾ: 30 മിനിറ്റ് കോളിങ്, 15 എസ്എംഎസ്, ആകെ 3ജിബി ഡാറ്റ എന്നിവയാണ് ഈ പ്ലാനിൽ ലഭ്യമാകുക. 30 ദിവസമാണ് ഈ പ്ലാനിന്റെ വാലിഡിറ്റി. ആകെ 18 രാജ്യങ്ങളിൽ ആണ് ഈ ബിഎസ്എൻഎൽ പ്ലാൻ ഉപയോഗിക്കാനാകുക.
ബിഎസ്എൻഎൽ 5399 രൂപ പ്ലാൻ ഉപയോഗിക്കാനാകുന്ന രാജ്യങ്ങളും കറസ്പോണ്ടിങ് ഓപ്പറേറ്ററും ഏതൊക്കെയെന്ന് ഇതാ: ഭൂട്ടാൻ - ബി മൊബൈൽ, ഗ്രീസ് - വിൻഡ്, മലേഷ്യ - യു മൊബൈൽ, ഓസ്ട്രിയ - ഹച്ച്, ചൈന - ചൈന ടെലികോം, വിയറ്റ്നാം - വിയറ്റ്നാം.

നേപ്പാൾ - എൻടിസി, ശ്രീലങ്ക - ഡയലോഗ്, ജർമ്മനി - ടെലിഫോണിക്ക, ഇസ്രായേൽ - ഹോട്ട് മൊബൈൽ, ബംഗ്ലാദേശ് - ഗ്രാമീൺഫോൺ, മ്യാൻമർ - എംപിടി, കുവൈറ്റ് - സൈൻ, തായ്‌ലൻഡ് - ട്രിനെറ്റ്, ഡെൻമാർക്ക് - ഹായ് 3എഎസ്, ഉസ്ബെക്കിസ്ഥാൻ - യുസെൽ, ഫ്രാൻസ് - ബോയ്‌ഗസ്, ജപ്പാൻ - എൻടിടി ഡോകോമോ.
53999 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് ഇന്റർനാഷണൽ റോമിങ് പ്ലാൻ ഉപയോഗപ്പെടുത്തിയാൽ ബിഎസ്എൻഎൽ ഉപയോക്താക്കൾക്ക് 18 വ്യത്യസ്ത രാജ്യങ്ങളിൽ പുതിയ സിം വാങ്ങാതെ തന്നെ അവരുടെ ബിഎസ്‌എൻഎൽ സിം കാർഡ് ഉപയോഗിക്കാം. അതായത് യാത്രയിലായിരിക്കുമ്പോഴും കോളിംഗും ഡാറ്റ ആനുകൂല്യങ്ങളും ആസ്വദിക്കാൻ കഴിയും. അതിനാൽ ഈ പ്ലാൻ ഒരു ലോക്കൽ സിം വാങ്ങുന്ന ബുദ്ധിമുട്ടില്ലാതെ 18 രാജ്യങ്ങളിൽ യാത്രക്കാർക്ക് സ്വതന്ത്രമായി ചുറ്റാൻ സഹായിക്കുന്നു.
ഇന്ത്യയിൽ മര്യാദയ്ക്ക് സേവനങ്ങൾ നൽകാൻ കഴിയാത്ത ബിഎസ്എൻഎൽ എങ്ങനെയാണ് ഈ വിദേശ രാജ്യങ്ങളിൽ ഡാറ്റ, കോളിങ് സേവനങ്ങളൊക്കെ ലഭ്യമാക്കുക എന്ന് ചിലരെങ്കിലും സംശയിച്ചേക്കാം. എന്നാൽ തങ്ങളുടെ ഉപയോക്താക്കൾക്ക് ഈ 18 രാജ്യങ്ങളിലും മികച്ച ടെലിക്കോം സേവനങ്ങൾ ലഭ്യമാക്കുന്നതിന് ബിഎസ്എൻഎൽ ഇവിടങ്ങളിലെ പ്രാദേശിക ടെലിക്കോം ഓപ്പറേറ്റർമാരുമായി പാർട്നർഷിപ്പിൽ ഏർപ്പെട്ടിട്ടുണ്ട്, അങ്ങനെയാണ് ഇത് സാധ്യമാകുന്നത്.

5399 രൂപയുടെ പ്ലാൻ കൂടാതെ വേറെയും ഇന്റർനാഷണൽ റോമിങ് പ്ലാനുകൾ ബിഎസ്എൻഎൽ ലഭ്യമാക്കിയിട്ടുണ്ട്. അവ, 4865 രൂപ, 3599 രൂപ, 1799 രൂപ, 1359 രൂപ, 989 രൂപ, 895 രൂപ, 705 രൂപ, 659 രൂപ, 511 രൂപ, 279 രൂപ, 167 രൂപ, 57 രൂപ എന്നീ വിലകളിൽ എത്തുന്നു. ഇവ ഏതൊക്കെ രാജ്യങ്ങൾക്ക് വേണ്ടിയാണ് എന്നുള്ളതും മറ്റ് വിവരങ്ങളും ബിഎസ്എൻഎൽ സെൽഫ് കെയർ ആപ്പിൽനിന്ന് വിശദമായി അറിയാനാകും.


Click it and Unblock the Notifications








