90 ദിവസം വരെ നാട്ടിലെ BSNL സിം UAE യിൽ ഉപയോഗിക്കാം; ഈ 2 റീച്ചാർജ് പ്ലാനുകൾ സഹായിക്കും!
കേരളത്തിന് ഏറെ പ്രിയപ്പെട്ട രാജ്യമാണ് യുണൈറ്റഡ് അറബ് എമിറേറ്റ്സ് എന്ന യുഎഇ. നിരവധി മലയാളികൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ജോലിചെയ്യുന്നുണ്ടെങ്കിലും ഗൾഫ് രാജ്യങ്ങളുമായി കേരളത്തിനുള്ള ബന്ധം ഒന്ന് വേറെ തന്നെയാണ്. നിരവധി പേർ ജോലിക്കായി ആശ്രയിക്കുന്ന സ്ഥലം എന്നതിന് പുറമേ, ഇന്ന് നിരവധി മലയാളികൾ യുഎഇയിൽ കുടുംബത്തോടൊപ്പം താമസിക്കുന്നുണ്ട്. അവരെ സന്ദർശിക്കാനും മറ്റുമായി നാട്ടിൽ നിന്നുള്ള ബന്ധുക്കൾ അങ്ങോട്ട് പോകാറുമുണ്ട്. ഇത് കൂടാതെ പലവിധ ആവശ്യങ്ങളുടെ ഭാഗമായി ഇടയ്ക്കിടയ്ക്ക് യുഎഇ സന്ദർശനം നടത്തുന്ന ആളുകളും ഏറെയുണ്ട്. ഇത്തരം ആളുകൾക്കെല്ലാമായി ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് (BSNL) ചില റോമിങ് പ്ലാനുകൾ അവതരിപ്പിച്ചിട്ടുണ്ട്.
യുഎഇയിലേക്ക് യാത്രചെയ്യുന്ന പ്രവാസികൾക്കും മറ്റും നാട്ടിലെ ബിഎസ്എൻഎൽ സിം നമ്പർ യുഎഇയിലും ഉപയോഗിക്കാൻ സാധിക്കുന്ന ചില ചെലവ് കുറഞ്ഞ ഇന്റർനാഷണൽ റോമിങ് പ്ലാനുകൾ ബിഎസ്എൻഎൽ ലഭ്യമാക്കിയിട്ടുണ്ട്. ഇതുപയോഗിച്ച് ഇൻകമിങ് കോളുകളും മറ്റും സ്വീകരിക്കാനും സിം കട്ട് ആകാതെ വാലിഡിറ്റി നിലനിർത്താനും സാധിക്കും.

ബിഎസ്എൻഎൽ സെൽഫ് കെയർ ആപ്പ് പരിശോധിച്ചാൽ അതിൽ ഇന്റർനാഷണൽ റോമിങ് വിഭാഗത്തിൽ ഏറ്റവും താഴെയായി 57 രൂപ, 167 രൂപ പ്രീപെയ്ഡ് ഐആർ പ്ലാനുകൾ കാണാൻ കഴിയും. ഈ പ്ലാനുകൾ ഉപയോഗിച്ച് ബിഎസ്എൻഎൽ ഉപയോക്താക്കൾക്ക് നാട്ടിലെ ബിഎസ്എൻഎൽ സിം യുഎയിലും ഉപയോഗിക്കാനാകും. കേരളത്തിന് മാത്രമായിട്ടാണ് ബിഎസ്എൻഎൽ ഈ ഐആർ പ്ലാനുകൾ ലഭ്യമാക്കിയിട്ടുള്ളത്.
യുഎഇ ആസ്ഥാനമായുള്ള ടെലിക്കോം കമ്പനിയായ എത്തിസലാത്തുമായി സഹകരിച്ചുകൊണ്ടാണ് ബിഎസ്എൻഎൽ നാട്ടിലെ സിം യുഎഇയിലും ഉപയോഗിക്കാനുള്ള സൗകര്യം ലഭ്യമാക്കിയിട്ടുള്ളത്. വളരെ നാളുകളായി ഈ സൗകര്യവും ഈ പ്ലാനുകളും ലഭ്യമാണ്. കേരളത്തിന് പുറത്തുള്ള ലൈസൻസ്ഡ് സർവീസ് ഏരിയകളിലെ (എൽഎസ്എ) ബിഎസ്എൻഎൽ ഉപഭോക്താക്കളുടെ സിം യുഎഇയിൽ പ്രവർത്തിക്കില്ല എന്നകാര്യം പ്രത്യേകം അറിയുക.

57 രൂപയുടെ ബിഎസ്എൻഎൽ ഐആർ സ്പെഷൽ താരിഫ് വൗച്ചർ: ബിഎസ്എൻഎൽ സിം യുഎഇയിൽ ഉപയോഗിക്കുന്നതിന് ഉപയോക്താക്കൾക്ക് റീചാർജ് ചെയ്യാൻ കഴിയുന്ന രണ്ട് അന്താരാഷ്ട്ര റോമിംഗ് (ഐആർ) പ്ലാനുകളിൽ ഏറ്റവും കുറഞ്ഞ വിലയുടെ പ്ലാൻ ഇതാണ്. ഇതിൽ കോളിങ്, ഡാറ്റ, എസ്എംഎസ് ആനുകൂല്യങ്ങളൊന്നും ലഭ്യമാകില്ല. എന്നാൽ 30 ദിവസ വാലിഡിറ്റി ലഭ്യമാകും. സിം യുഎഇയിലും ആക്ടീവായിരിക്കും എന്നതാണ് ഇതിന്റെ നേട്ടം.
167 രൂപയുടെ ബിഎസ്എൻഎൽ ഐആർ സ്പെഷൽ താരിഫ് വൗച്ചർ: യുഎഇക്കായുള്ള ഈ ബിഎസ്എൻഎൽ റോമിങ് പ്ലാനിന് 90 ദിവസത്തെ സേവന വാലിഡിറ്റിയുണ്ട്. ബിഎസ്എൻഎൽ പ്രീപെയ്ഡ് മൊബൈൽ ആക്ടീവായിരിക്കും എന്നതാണ് ഈ പ്ലാനിന്റെയും നേട്ടം. ഡാറ്റ, കോളിങ്, എസ്എംഎസ് പോലുള്ള ആനുകൂല്യങ്ങൾ ഇതിലും ലഭ്യമാകില്ല.
നാട്ടിൽ ഉപയോഗിക്കുന്ന ബിഎസ്എൻഎൽ പ്രീപെയ്ഡ്/ പോസ്റ്റ്പെയ്ഡ് സിം കാർഡുകൾ മാറ്റാതെ യുഎഇയിൽ ഇൻ്റർനാഷണൽ റോമിംഗ് ആസ്വദിക്കാം എന്നതാണ് ഈ പ്ലാനുകൾ കൊണ്ടുള്ള നേട്ടം. കേരളത്തിൽ ബിഎസ്എൻഎല്ലിനുള്ള സ്വാധീനം തെളിയിക്കുന്നതുകൂടിയാണ് ഈ പ്ലാനുകൾ. യുഎയിൽ എങ്ങനെയാണ് ബിഎസ്എൻഎൽ സിം ഉപയോഗിക്കാനാകുക എന്നത് സംബന്ധിച്ച് എന്തെങ്കിലും സംശയമോ ആശങ്കയോ ഉണ്ടെങ്കിൽ ഉപയോക്താക്കൾക്ക് ബിഎസ്എൻഎല്ലിന്റെ ഐആർ ഹെൽപ്പ്‌ഡെസ്‌കിൽ ബന്ധപ്പെടാവുന്നതാണ്.

ഇന്റർനാഷണൽ റോമിംഗ് ഹെൽപ്പ്‌ഡെസ്‌കിൽ ബന്ധപ്പെടുന്നതിനായി - 9495024365 എന്ന നമ്പർ ബിഎസ്എൻഎൽ ഉപയോക്താക്കൾക്ക് ഉപയോഗിക്കാവുന്നതാണ്. അധികൃതരുമായി ബന്ധപ്പെടാൻ മറ്റൊരു ഓപ്ഷൻ കൂടി ബിഎസ്എൻഎൽ ഒരുക്കിയിട്ടുണ്ട്. [email protected] എന്ന മെയിൽ ഐഡി ആണ് അത്. ഈ ഐഡിയിലേക്ക് മെയിലായി സംശയങ്ങൾ അറിയിക്കുകയും പരിഹരിക്കുകയും ചെയ്യാനാകും.


Click it and Unblock the Notifications








