നോക്കണേ എന്തൊരു ലാഭമെന്ന്; ബിഎസ്എൻഎല്ലിൽ എങ്ങാനും ആളുകൂടിയാൽ ജിയോയുടെ അടുപ്പ് കെടും!
ഇന്ത്യയിലെ ഒന്നാം സ്ഥാനത്തുള്ള ടെലിക്കോം കമ്പനിയായ റിലയൻസ് ജിയോയെ നാലാം സ്ഥാനത്തുള്ള ടെലിക്കോം കമ്പനിയായ ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് (BSNL) തോൽപ്പിക്കുന്ന കാഴ്ച നേരിട്ട് കാണണമെങ്കിൽ ഒരു കാര്യം മാത്രം ചെയ്താൽ മതി. ഇരു കമ്പനികളുടെയും റീച്ചാർജ് പ്ലാനുകൾ തമ്മിൽ താരതമ്യം ചെയ്യുക എന്നതാണ് അക്കാര്യം. അങ്ങനെ താരതമ്യം ചെയ്താൽ ഞെട്ടിക്കുന്ന പല സത്യങ്ങളും ആർക്കും സ്വയം മനസിലാക്കാൻ കഴിയും. അതിൽ ഏറ്റവും പ്രധാനകാര്യം എത്ര വിലക്കുറവിലാണ് ബിഎസ്എൻഎൽ ടെലിക്കോം ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നത് എന്നത് നാട്ടുകാർക്ക് മനസിലാകും എന്നതാണ്.
ബിഎസ്എൻഎൽ 4ജി അത്യാവശ്യം എല്ലായിടത്തും എത്തുകയും ബിഎസ്എൻഎല്ലിലേക്ക് ആള് കൂടുകയും ചെയ്താൽ അത് ഏറ്റവുമധികം ദോഷം ചെയ്യുക ജിയോയ്ക്ക് കൂടിയാണ്. നിലവിൽ ഇന്ത്യയിൽ ഏറ്റവുമധികം വരിക്കാരുള്ള ടെലിക്കോം കമ്പനിയാണ് ജിയോ എങ്കിലും അതിൽ നല്ലൊരു വിഭാഗം ആളുകളെയും ആകർഷിക്കാൻ കഴിയുന്ന ഒരു മികവ് ബിഎസ്എൻഎല്ലിന് ഉണ്ട്.

കുറഞ്ഞ വിലയിൽ മികച്ച ആനുകൂല്യങ്ങൾ ലഭ്യമാകുന്ന പ്രീപെയ്ഡ് പ്ലാനുകളാണ് ബിഎസ്എൻഎല്ലിന്റെ ശക്തി. എന്നാൽ ഈ ശക്തി പൂർണ്ണ തോതിൽ പുറത്തെടുക്കുകയും എതിരാളികൾക്ക് കനത്ത തിരിച്ചടി നൽകുകയും ചെയ്യണമെങ്കിൽ ബിഎസ്എൻഎല്ലിന് അടിസ്ഥാനപരമായി മികച്ച നെറ്റ്വർക്ക് ശേഷി വേണ്ടതുണ്ട്. അത് കൈവരിക്കാനുള്ള ശ്രമങ്ങൾ ഇപ്പോഴും ബിഎസ്എൻഎൽ നടത്തിക്കൊണ്ടിരിക്കുന്നു.
ജിയോ പ്ലാനുകളെക്കാൾ എത്രമാത്രം ലാഭത്തിലാണ് ബിഎസ്എൻഎൽ റീച്ചാർജ് പ്ലാനുകൾ എത്തുന്നത് എന്നറിയാൻ ചെറിയൊരു താരതമ്യം മാത്രം മതിയാകും. ഇതിനകം വിവിധ ജിയോ, ബിഎസ്എൻഎൽ പ്ലാനുകളിലെ ആനുകൂല്യങ്ങൾ നമ്മൾ താരതമ്യം ചെയ്തിട്ടുണ്ട്. ഇന്ന് 799 രൂപ വിലയുള്ള ജിയോ പ്ലാനും 599 രൂപ വിലയുള്ള ബിഎസ്എൻഎൽ പ്ലാനും തമ്മിൽ താരതമ്യം ചെയ്യാം.

താരതമ്യം എപ്പോഴും തുല്യ ശക്തികൾ തമ്മിലാകണം എന്നതാണ് പൊതുവെയുള്ള ന്യായവാദം. ഇവിടെ ജിയോയുടെ 799 രൂപയുടെ പ്ലാനും ബിഎസ്എൻഎൽ 599 രൂപ പ്ലാനും തമ്മിൽ നല്ല തുക വ്യത്യാസം ഉണ്ട്. എന്നാൽ നിരക്ക് കുറഞ്ഞ പ്ലാൻ ആണ് എന്ന് കരുതി ബിഎസ്എൻഎൽ പ്ലാൻ ഒട്ടും മോശമാകുന്നില്ല, എന്നുമാത്രമല്ല, ജിയോയുടെ 799 രൂപ പ്ലാനിനെ നിസാരമാക്കാൻ ഈ കുറഞ്ഞ വിലയുടെ ബിഎസ്എൻഎൽ പ്ലാൻ ധാരാളമാണ് എന്ന് മനസിലാക്കുകയും ചെയ്യാം.
799 രൂപയുടെ ജിയോ പ്ലാനിലെ ആനുകൂല്യങ്ങൾ
ജിയോയുടെ 1.5ജിബി പ്രതിദിന ഡാറ്റ സഹിതം എത്തുന്ന റീച്ചാർജ് പ്ലാൻ ആണെങ്കിലും ജിയോയുടെ വാല്യൂ പ്ലാനുകളുടെ നിരയിൽ വരുന്ന അഫോഡബിൾ പ്രീപെയ്ഡ് പ്ലാനുകളുടെ വിഭാഗത്തിലാണ് 799 രൂപയുടെ പ്ലാൻ ലിസ്റ്റ് ചെയ്തിരിക്കുന്നത്. 84 ദിവസ വാലിഡിറ്റി, അൺലിമിറ്റഡ് കോളിങ്, ദിവസം 1.5ജിബി പ്രതിദിന ഡാറ്റ, ദിവസം 100 എസ്എംഎസ്, ജിയോടിവി, ജിയോക്ലൗഡ് എന്നിവയാണ് ഇതിലെ പ്രധാന ആനുകൂല്യങ്ങൾ.
599 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാൻ
ബിഎസ്എൻഎല്ലിന് 3ജിബി പ്രതിദിന ഡാറ്റയുള്ള രണ്ട് പ്രീപെയ്ഡ് പ്ലാനുകളാണ് ഉള്ളത്. അതിൽ കൂടുതൽ വാലിഡിറ്റിയിൽ എത്തുന്ന പ്ലാനാണ് 599 രൂപയുടെ പ്ലാൻ, 84 ദിവസ വാലിഡിറ്റിയിൽ ഈ പ്ലാൻ ആനുകൂല്യം നൽകുന്നു. 3ജിബി പ്രതിദിന ഡാറ്റയ്ക്ക് പുറമേ അൺലിമിറ്റഡ് കോളിങ്, ദിവസം 100 എസ്എംഎസ് എന്നീ ആനുകൂല്യങ്ങളും ഈ പ്ലാനിൽ ലഭ്യമാകും.

84 ദിവസ വാലിഡിറ്റിയിൽ റീച്ചാർജ് ചെയ്യാൻ ഉദ്ദേശിക്കുന്ന ഒരു ഉപയോക്താവ് ഇതിൽ ഏത് പ്ലാൻ മികച്ച റീച്ചാർജ് ഓപ്ഷനായി തെരഞ്ഞെടുക്കും എന്ന് ചോദിച്ചാൽ ഉത്തരം പകൽ പോലെ വ്യക്തമാണ്. 599 രൂപയുടെ ബിഎസ്എൻഎൽ പ്ലാൻ തന്നെയാണ് ഇവിടെ മുന്നിട്ട് നിൽക്കുന്നത്. വിലയുടെ കാര്യം തന്നെ നോക്കൂ, ജിയോ പ്ലാനിനെക്കാൾ ഏതാണ്ട് 200 രൂപ വിലക്കുറവിലാണ് ഈ ബിഎസ്എൻഎൽ പ്ലാൻ എത്തുന്നത്.
വിലയിൽ കുറവുണ്ട് എന്നത് ഈ ബിഎസ്എൻഎൽ പ്ലാനിലെ ആനുകൂല്യങ്ങളെ ഒരുതരത്തിലും ബാധിക്കുന്നില്ല, എന്നുമാത്രമല്ല, ജിയോ പ്ലാനിൽ ലഭിക്കുന്നതിന്റെ ഇരട്ടി ഡാറ്റ പ്രതിദിനം ബിഎസ്എൻഎൽ നൽകുന്നുമുണ്ട്. ബിഎസ്എൻഎല്ലിനെ അപേക്ഷിച്ച് ജിയോയ്ക്ക് ഉള്ള ഒരു മെച്ചം 5ജി ഉണ്ട് എന്നതാണ്. എന്നാൽ അതിന്റെ ആനുകൂല്യവും ഇവിടെ ഈ ജിയോ പ്ലാനിൽ ലഭ്യമാകില്ല.
കാരണം 2ജിബിയോ അതിന് മുകളിലോ പ്രതിദിന ഡാറ്റയുള്ള പ്ലാനുകളിൽ മാത്രമാണ് ജിയോ അൺലിമിറ്റഡ് 5ജി ഡാറ്റ ഓഫർ നൽകുന്നത്. ഇവിടെ 1.5ജിബി പ്രതിദിന ഡാറ്റയേ ഉള്ളൂ എന്നതിനാൽ 799 രൂപയുടെ ജിയോ പ്ലാൻ ഉപയോക്താക്കൾക്ക് 5ജി ഡാറ്റ ഓഫറിന്റെ ഗുണവും ലഭിക്കുന്നില്ല. ഇങ്ങനെ മൊത്തത്തിൽ നോക്കിയാൽ ഈ ബിഎസ്എൻഎൽ പ്ലാൻ വളരെ ലാഭമാണ് എന്ന് ആർക്കും മനസിലാകും. എന്നാൽ ഇത് പലരും അറിയാതെ പോകുന്നു എന്നതാണ് ബിഎസ്എൻഎല്ലിന്റെ നഷ്ടം.


Click it and Unblock the Notifications








