180 ദിവസ വാലിഡിറ്റിക്ക് 900 രൂപ പോലും തികച്ച് വേണ്ട! പ്രൈവറ്റ് കമ്പനികളിൽ ഇങ്ങനെയൊന്ന് കിട്ടുമോ...
രാജ്യത്തെ ഏറ്റവും മികച്ച റീച്ചാർജ് പ്ലാനുകൾ വാഗ്ദാനം ചെയ്യുന്നത് ആര് എന്ന് ചോദിച്ചാൽ ഉയർന്ന സാമ്പത്തിക ശേഷിയുള്ളവരെ സംബന്ധിച്ചിടത്തോളം പല ഉത്തരങ്ങൾ കാണും. എന്നാൽ സാധാരണക്കാരെ സംബന്ധിച്ചിടത്തോളം ഏറ്റവും മികച്ച റീച്ചാർജ് പ്ലാനുകൾ ലഭ്യമാക്കിയിരിക്കുന്നത് പൊതുമേഖലാ ടെലിക്കോം കമ്പനിയായ ബിഎസ്എൻഎൽ ആണ്. പണക്കാരനെന്നോ പാവപ്പെട്ടവനെന്നോ വ്യത്യാസമില്ലാതെ എല്ലാവർക്കും താങ്ങാനാകുന്ന നിരയിൽ ബിഎസ്എൻഎൽ ടെലിക്കോം ആനുകൂല്യങ്ങൾ ലഭ്യമാക്കിയിരിക്കുന്നു. ലാഭം നേടുക എന്നതോടൊപ്പം തന്നെ സാധാരണക്കാരെ ഡിജിറ്റൽ ലോകവുമായി ബന്ധിപ്പിക്കുക എന്ന സാമൂഹിക ദൗത്യവും കൂടിയാണ് ബിഎസ്എൻഎല്ലിന് ടെലിക്കോം സേവനം.
ഒരു സ്വകാര്യ ടെലിക്കോം കമ്പനിയുടെ വരിക്കാരനെ സംബന്ധിച്ചിടത്തോളം ഒരു വർഷ വാലിഡിറ്റിയിൽ ടെലിക്കോം ആനുകൂല്യങ്ങൾ ലഭ്യമാകുന്നതിന് ഇപ്പോൾ ചുരുങ്ങിയത് 3000 രൂപയ്ക്കടുത്തോ അതിന് മുകളിലോ ചെലവാകും. എന്നാൽ ബിഎസ്എൻഎല്ലിന്റെ വാർഷിക പ്ലാനുകൾ ഇന്ത്യയിൽ ലഭ്യമായ ഏറ്റവും മികച്ച പ്ലാനുകളാണ്. അവ ഏറ്റവും കുറഞ്ഞ നിരക്കിൽ വാർഷിക അടിസ്ഥാനത്തിൽ ആനുകൂല്യങ്ങൾ ലഭ്യമാക്കുന്നു.

നിലവിൽ ബിഎസ്എൻഎല്ലിന്റെ വാർഷിക പ്ലാൻ 2399 രൂപ വിലയിലാണ് എത്തുന്നത്. എന്നാൽ ഇത്രയും തുക ഒന്നിച്ച് മുടക്കാൻ കഴിയാത്തവർക്കായി ബിഎസ്എൻഎൽ മൂന്ന് മാസത്തിലധികം വാലിഡിറ്റിയുള്ള പ്ലാനുകൾ, ആറ് മാസം വാലിഡിറ്റിയുള്ള പ്ലാനുകൾ, പത്ത് മാസത്തിന് മുകളിൽ വാലിഡിറ്റിയുള്ള പ്ലാനുകൾ എന്നിങ്ങനെ വിവിധ ദീർഘകാല വാലിഡിറ്റി പ്ലാനുകളും വരിക്കാർക്കായി ലഭ്യമാക്കിയിരിക്കുന്നു.
ഇവിടെ ബിഎസ്എൻഎല്ലിന്റെ വാർഷിക പ്രീപെയ്ഡ് പ്ലാനുകളെക്കുറിച്ചല്ല, വാർഷിക പ്ലാൻ തെരഞ്ഞെടുക്കാൻ കഴിയാതെ പോകുന്ന ബിഎസ്എൻഎൽ വരിക്കാർക്ക് പരിഗണിക്കാൻ പാകത്തിൽ ലഭ്യമായിരിക്കുന്ന ഇന്ത്യയിലെ ഏറ്റവും മികച്ച 180 ദിവസ വാലിഡിറ്റി പ്ലാനിനെക്കുറിച്ച് ആണ് വിവരിക്കാൻ പോകുന്നത്. ഇതിന്റെ പ്രത്യേകത എന്തെന്നാൽ ഈ പ്ലാനിനായി 900 രൂപ പോലും ഉപയോക്താവിന് തികച്ച് ചെലവാക്കേണ്ടിവരുന്നില്ല എന്നതാണ്.

897 രൂപയുടെ ബിഎസ്എൻഎൽ പ്ലാൻ
180 ദിവസ വാലിഡിറ്റിയിൽ ആനുകൂല്യങ്ങൾ നൽകുന്ന ബിഎസ്എൻഎൽ പ്ലാൻ 897 രൂപ വിലയിലാണ് എത്തുന്നത്. അതായത് രാജ്യത്തെ ഏറ്റവും താങ്ങാനാകുന്ന വിലയിലുള്ള 180 ദിവസ വാലിഡിറ്റി പ്ലാനുകളിൽ ഒന്നാണിത്. കുറഞ്ഞ ചെലവിൽ സിം ആക്ടീവായി നിലനിർത്താൻ ആഗ്രഹിക്കുന്ന ബിഎസ്എൻഎൽ ഉപഭോക്താക്കൾക്കുള്ള ഒരു ദീർഘകാല വാലിഡിറ്റി പ്ലാനാണിത്.
897 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനിൽ ലഭിക്കുന്ന ആനുകൂല്യങ്ങൾ
ഒരുപാട് ഡാറ്റ ആവശ്യങ്ങൾ ഉള്ളവർക്ക് അനുയോജ്യമായ ഒരു റീച്ചാർജ് പ്ലാൻ അല്ല ഇത് എന്ന് ആദ്യമേ തന്നെ പറയാം. എന്നാൽ ദീർഘകാല വാലിഡിറ്റിയോടൊപ്പം അൺലിമിറ്റഡ് കോളിങ് ആഗ്രഹിക്കുന്നവർക്ക് അനുയോജ്യമായതാണ് എന്നതും ഇതോടൊപ്പം തന്നെ പറയേണ്ടിയിരിക്കുന്നു. അൺലിമിറ്റഡ് കോളിങ്, ആകെ 90ജിബി ബൾക്ക് ഡാറ്റ, ദിവസം 100 എസ്എംഎസ് എന്നിവയാണ് ഇതിലെ പ്രധാന ആനുകൂല്യങ്ങൾ.
ഇത്രയും കുറഞ്ഞ ചെലവിൽ ആറ് മാസത്തെ സേവന വാലിഡിറ്റി വാഗ്ദാനം ചെയ്യുന്ന മറ്റൊരു പ്ലാനും ഇന്ത്യൻ ടെലിക്കോം രംഗത്ത് തന്നെ ഇല്ല എന്നതാണ് 897 രൂപയുടെ ബിഎസ്എൻഎൽ പ്ലാനിന്റെ പ്രത്യേകത. ഒരു തവണ റീച്ചാർജ് ചെയ്താൽ ഏതാണ്ട് 6 മാസം വാലിഡിറ്റി ലഭിക്കുന്ന ഈ പ്ലാനിന്റെ പ്രതിദിന ചെലവ് 4 രൂപ 98 പൈസയാണ്.

പ്രതിമാസ ചെലവ് കണക്കാക്കിയാൽ 897 രൂപ പ്ലാനിന് മാസം ഏതാണ്ട് 149.5 രൂപ ചെലവ് വരും. അൺലിമിറ്റഡ് കോളിങ്ങിന് ഒപ്പം അത്യാവശ്യം ഡാറ്റ ഉപയോഗവും ഈ പ്ലാനിൽ നടക്കും. നിശ്ചിത ഡാറ്റ പരിധി തീർന്നാൽ വേണമെങ്കിൽ ബിഎസ്എൻഎൽ ഡാറ്റ പ്ലാനുകൾ ഉപയോഗിക്കുകയും ചെയ്യാം.


Click it and Unblock the Notifications








