ബിഎസ്എൻഎല്ലിന്റെ മനസ് മാറും മുമ്പ് ഈ റീച്ചാർജ് പ്ലാൻ ഉറപ്പിച്ചോ; പിന്നെ 165 ദിവസം സുഖം, സ്വസ്ഥം
ബിഎസ്എൻഎൽ വരിക്കാർ ഇപ്പോൾ വളരെ ആശയക്കുഴപ്പത്തിലായിരിക്കുന്നു എന്ന് കരുതേണ്ടിയിരിക്കുന്നു. കാരണം അടുത്തിടെ പരിഷ്കരിച്ച പ്ലാനുകളിൽ ചിലതിലെ ആനുകൂല്യങ്ങൾ ബിഎസ്എൻഎൽ വീണ്ടും വെട്ടിക്കുറച്ചിരിക്കുന്നു. ചെറിയ നിലയ്ക്കുള്ള മാറ്റങ്ങളാണ് വരുത്തിയിരിക്കുന്നത് എങ്കിൽപ്പോലും ബിഎസ്എൻഎല്ലും വരിക്കാരെ പിഴിയാൻ തുടങ്ങിയിരിക്കുന്നു എന്ന ധാരണ സൃഷ്ടിക്കാൻ ഏറ്റവും ഒടുവിൽ നടത്തിയ പ്ലാൻ പരിഷ്കരണം ഇടവരുത്തിയിട്ടുണ്ട് എന്നാണ് പൊതുജനങ്ങളുടെ പ്രതികരണങ്ങളിൽ നിന്ന് അറിയാൻ കഴിഞ്ഞിരിക്കുന്നത്. സിം അടക്കം സൗജന്യ ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്ത് പുതിയ വരിക്കാരെ ചേർത്ത ശേഷം ബിഎസ്എൻഎല്ലും സ്വകാര്യ കമ്പനികളുടെ പാതയിലേക്ക് മാറുന്നു എന്ന പരാതി ചില ഉപയോക്താക്കൾ ഉയർത്തിക്കഴിഞ്ഞു.
ബിഎസ്എൻഎല്ലിനെ വിമർശിച്ച് രംഗത്ത് വന്നിരിക്കുന്നവർ യഥാർഥത്തിൽ ബിഎസ്എൻഎൽ വരിക്കാരാണോ എന്ന് വ്യക്തമല്ലെങ്കിലും ജനങ്ങൾക്കിടയിൽ ഒരു നെഗറ്റീവ് ഇമേജ് ഉണ്ടായിരിക്കുന്നു എന്നാണ് പ്ലാൻ പരിഷ്കരണങ്ങളോടുള്ള പലരുടെയും പ്രതികരണങ്ങൾ വ്യക്തമാക്കുന്നത്. എന്തായാലും റീച്ചാർജിനൊരുങ്ങുന്ന ബിഎസ്എൻഎൽ വരിക്കാർ, പ്രതിമാസ പ്ലാനുകൾക്ക് പകരം ദീർഘകാല വാലിഡിറ്റിയുള്ള പ്ലാനുകൾ തെരഞ്ഞെടുക്കുന്നത് നന്നായിരിക്കും.

എപ്പോഴാണ് ബിഎസ്എൻഎല്ലിന്റെ മനസ് മാറി നിലവിലുള്ള വാലിഡിറ്റി കുറയ്ക്കപ്പെടുക എന്ന് പറയാൻ പറ്റില്ല എന്ന ഒരു തോന്നൽ ഇപ്പോൾ വരിക്കാർക്കിടയിൽ ഉണ്ടായാൽ അദ്ഭുതപ്പെടാനില്ല. വാർഷിക പ്ലാനുകൾ തെരഞ്ഞെടുക്കാൻ സാധിക്കാത്തവർക്ക് അർധ വാർഷിക വാലിഡിറ്റിയിൽ ലഭ്യമാകുന്ന പ്ലാനുകൾ പരിഗണിക്കാവുന്നതാണ്. അത്തരത്തിൽ ഒരു പ്ലാനാണ് 897 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ.
897 രൂപയുടെ ബിഎസ്എൻഎൽ പ്ലാൻ
രാജ്യത്തെ ഏറ്റവും താങ്ങാനാകുന്ന വിലയിലുള്ള 180 ദിവസ വാലിഡിറ്റി പ്ലാനുകളിൽ ഒന്നായിരുന്നു 897 രൂപയുടെ ബിഎസ്എൻഎൽ പ്ലാൻ. എന്നാൽ ഈ മാസത്തിന്റെ തുടക്കത്തിൽ ബിഎസ്എൻഎൽ ഈ പ്ലാനിന്റെ വാലിഡിറ്റി വെട്ടിക്കുറച്ചു. ഇപ്പോൾ 165 ദിവസ വാലിഡിറ്റിയിലാണ് 897 തൂപയുടെ പ്ലാൻ ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നത്.

കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് ഇപ്പോൾ വാലിഡിറ്റിയിൽ ചെറിയ കുറവ് വന്നിട്ടുണ്ടെങ്കിലും കുറഞ്ഞ വിലയിൽ ദീർഘകാല വാലിഡിറ്റി ആഗ്രഹിക്കുന്ന വരിക്കാർക്ക് അനുയോജ്യമായ റീച്ചാർജ് ഓപ്ഷനാണ് 897 രൂപ പ്രീപെയ്ഡ് പ്ലാൻ. എന്നാൽ ഡാറ്റ ഉപയോഗം ധാരാളമുള്ളവർക്ക് ഈ പ്ലാൻ ഒട്ടും അനുയോജ്യമല്ല. അതേസമയം വീട്ടിലും ഓഫീസിലും വൈഫൈ ഡാറ്റയെ ആശ്രയിക്കുന്നവർക്കും ഈ പ്ലാൻ അനുയോജ്യമാണ്.
അൺലിമിറ്റഡ് കോളിങ്, ആകെ 24ജിബി ഡാറ്റ, ദിവസം 100 എസ്എംഎസ് എന്നിവയാണ് 165 ദിവസ വാലിഡിറ്റിയിൽ ഇപ്പോൾ 897 രൂപയുടെ പ്ലാൻ വാഗ്ദാനം ചെയ്യുന്നത്. ഇവിടെ എടുത്തുപറയേണ്ട മറ്റൊരുകാര്യം കൂടിയുണ്ട്. അടുത്തിടെപ നടന്ന പ്ലാൻ പരിഷ്കരണത്തിന് മുൻപ് 90ജിബി ബൾക്ക് ഡാറ്റ ഈ പ്ലാനിൽ ലഭ്യമായിരുന്നു. വാലിഡിറ്റിയോടൊപ്പം ഇതിലെ ഡാറ്റയും വെട്ടിക്കുറച്ച് 24ജിബി ബൾക്ക് ഡാറ്റയിൽ ഒതുക്കുകയായിരുന്നു.
വാലിഡിറ്റി കുറഞ്ഞതോടെ മുൻപ് ലഭ്യമായിരുന്നതിനെ അപേക്ഷിച്ച് ഇതിന്റെ പ്രതിദിന ചെലവും കൂടി. ഇപ്പോൾ 5.43 രൂപയാണ് ഇതിന്റെ പ്രതിദിന ചെലവ്. ബിഎസ്എൻഎൽ സെൽഫ് കെയർ ആപ്പിൽ ഈ റീച്ചാർജ് പ്ലാൻ ലഭ്യമാണ്. കൂടാതെ ബിഎസ്എൻഎല്ലിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴിയും ഈ പ്ലാൻ റീച്ചാർജ് ചെയ്യാം.

അത്യാവശ്യം ന്യായമായ അളവിൽ പ്രതിദിന ഡാറ്റ സഹിതം ആറ് മാസ റീച്ചാർജ് പ്ലാൻ തേടുന്ന ബിഎസ്എൻഎൽ വരിക്കാർക്ക് 997 രൂപയുടെ പ്ലാൻ ലഭ്യമാണ്. 897 രൂപയുടെ പ്ലാനിന്റെ വിലയോടൊപ്പം 100 രൂപ കൂടിയേ ഈ പ്ലാനിന് അധികമായി ചെലവ് വരുന്നുള്ളൂ. എന്നാൽ ഇങ്ങനെ അധികം നൽകുന്ന തുകയ്ക്ക് ഇഷ്ടം പോലെ ഡാറ്റ പിന്തുണ ഉറപ്പിക്കാം.
കാരണം 997 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാൻ അൺലിമിറ്റഡ് കോളിങ്, ദിവസം 2ജിബി ഡാറ്റ, പ്രതിദിനം 100 എസ്എംഎസ് എന്നീ ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നു. എന്നാൽ 897 രൂപയുടെ പ്ലാനിനെ അപേക്ഷിച്ച് ഇതിന് വാലിഡിറ്റി കുറച്ച് കുറയും. കൃത്യമായി പറഞ്ഞാൽ 150 ദിവസ വാലിഡിറ്റിയിലാണ് 997 രൂപയുടെ പ്ലാൻ ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നത്. ഇതിന്റെ പ്രതിദിന ചെലവ് ഏകദേശം 6.64 രൂപയാണ്.


Click it and Unblock the Notifications








